Input your search keywords and press Enter.

പാലക്കാട് ജില്ലാ അറിയിപ്പുകള്‍

കേരഗ്രാമം പദ്ധതി; കര്‍ഷകര്‍ക്ക് ആനുകൂല്യം വിതരണം ചെയ്തു

കേരഗ്രാമം പദ്ധതിയുടെ ഭാഗമായി തരൂര്‍ ഗ്രാമപഞ്ചായത്തില്‍ കര്‍ഷകര്‍ക്ക് ആനുകൂല്യം വിതരണം ചെയ്തു. 125 ഹെക്ടറില്‍ പഞ്ചായത്തിലെ 21875 തെങ്ങുകളാണ് കേരഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പുരയിടത്തില്‍ നാല് മുതല്‍ തെങ്ങുകളുള്ള കര്‍ഷകര്‍ക്ക് തെങ്ങ് ഒന്നിന് 35 രൂപ വീതം പരിപാലനത്തിന് ധനസഹായം നല്‍കി. ബാങ്ക് അക്കൗണ്ട് മുഖേനയാണ് ആനുകൂല്യം കൈമാറുന്നത്. പഞ്ചായത്തിലെ തിരഞ്ഞെടുത്ത 31 പേര്‍ക്ക് ക്ലൈംബിങ് മെഷീനുകളും വിതരണം ചെയ്തു. 2750 രൂപ വിലയുള്ള  മെഷീന് 2000 രൂപ സബ്സിഡിയോടെയാണ് കര്‍ഷകര്‍ക്ക് നല്‍കുന്നത്. ഇതോടനുബന്ധിച്ച് കര്‍ഷകര്‍ക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍  പരിശീലനവും നല്‍കി. കൂടാതെ നാല് കമ്പോസ്റ്റിങ് യൂണിറ്റുകളും സ്ഥാപിച്ചു. കര്‍ഷകര്‍ക്ക് സൗജന്യമായി ഫെര്‍ട്ടിലൈസര്‍, ഡോളമൈറ്റ്, മെഗ്നീഷ്യം സള്‍ഫേറ്റ്, ജൈവവളം, രാസവളം എന്നിവയും വിതരണം ചെയ്തു. തരൂര്‍, കാവശ്ശേരി ഗ്രാമപഞ്ചായത്തുകളിലായി ആകെ 250 ഹെക്ടര്‍ സ്ഥലത്താണ് കേരഗ്രാമം പദ്ധതി നടപ്പാക്കുന്നത്. കേരഗ്രാമം പദ്ധതിയുടെ ഭാഗമായി  കര്‍ഷകര്‍ക്കുള്ള ആനുകൂല്യങ്ങളുടെ  വിതരണോദ്ഘാടനം തരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ. രമണി ടീച്ചര്‍ നിര്‍വഹിച്ചു. കേരഗ്രാമം സൊസൈറ്റി കണ്‍വീനര്‍ എം.എ ബക്കര്‍ അധ്യക്ഷനായ പരിപാടിയില്‍ സ്റ്റാന്‍ന്റിംങ് കമ്മിറ്റി ചെയര്‍മാരായ പി രാജശ്രീ, ചെന്താമരാക്ഷന്‍, കൃഷി ഓഫീസര്‍ റാണി, വാര്‍ഡ് അംഗം ഉദയപ്രകാശ് എന്നിവര്‍ സംസാരിച്ചു.

ഫോട്ടോ: കേരഗ്രാമം പദ്ധതിയുടെ ഭാഗമായി നടന്ന ആനുകൂല്യ വിതരണം
ഫോട്ടോ: കേരഗ്രാമം പദ്ധതിയുടെ ഭാഗമായി കര്‍ഷകര്‍ക്ക് വളം വിതരണം ചെയ്യുന്നു

ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനം ആചരിച്ചു

ജില്ലാ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനം ആചരിച്ചു. പരിപാടിയുടെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി നിര്‍വഹിച്ചു. പദ്ധതി ആസൂത്രണം നയരൂപീകരണം സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന്റെയും പ്രാധാന്യത്തെക്കുറിച്ച് ജില്ലാ കലക്ടര്‍ സംസാരിച്ചു. തൃശ്ശൂര്‍ സെന്റ് തോമസ് കോളേജ് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. റാണി സെബാസ്റ്റ്യന്‍ ഡാറ്റാ ഫോര്‍ സസ്റ്റൈനബിള്‍ ഡവലപ്മെന്റില്‍  മുഖ്യപ്രഭാഷണം നടത്തി. സിവില്‍ സ്റ്റേഷനിലെ വിവിധ വകുപ്പ് ജീവനക്കാരെ പങ്കെടുപ്പിച്ച് പ്രശ്നോത്തരി സംഘടിപ്പിച്ചു. മത്സരത്തില്‍ അസിസ്റ്റന്റ് ഡെവലപ്മെന്റ് കമ്മീഷണറുടെ ഓഫീസ്, ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ ഓഫീസ്, ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പഞ്ചായത്ത് ഓഫീസ് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സിനി കാസിം അധ്യക്ഷയായി. ജില്ലാ ഓഫീസര്‍ വി. പ്രകാശ് ബാബു, നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് പാലക്കാട് മേഖല സീനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ എം. ശശികുമാര്‍, പാലക്കാട് ജില്ലാ പഞ്ചായത്ത് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ. ഗോപിനാഥ്, വകുപ്പ് റിസര്‍ച്ച് ഓഫീസര്‍ ഫെഡറിക് ജോസഫ് എന്നിവര്‍ സംസാരിച്ചു.

ഫോട്ടോ: ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനാചരണത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് ജില്ലാ കലക്ടര്‍ മൃണ്‍മയീ ജോഷി സംസാരിക്കുന്നു

ഗതാഗത നിയന്ത്രണം ഇന്ന് മുതല്‍

നാട്ടുകല്‍ പാലോട് – ചെത്തല്ലൂര്‍ – മുറിയന്‍കണ്ണി റോഡില്‍ കൂരിമുക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഇന്ന് (ജൂണ്‍ 30) മുതല്‍ പ്രവര്‍ത്തി കഴിയും വരെ വാഹനങ്ങള്‍ നാട്ടുകല്‍- പാലോട് – ചാമപറമ്പ് – മുറിയന്‍കണ്ണി വഴി പോകണമെന്ന് അസിസ്റ്റന്റ് എഞ്ചിജിനീയര്‍  അറിയിച്ചു.

ഗസ്റ്റ് അധ്യാപക ഒഴിവ്

തത്തമംഗലം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ഇ.ഡി, കൊമേഴ്സ്(സീനിയര്‍) തസ്തികകളില്‍ താത്കാലിക ഒഴിവ്. എം.കോം, ബി.എഡ്, സെറ്റ് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂലൈ ഒന്നിന് രാവിലെ 10.30 ന് കൂടിക്കാഴ്ചക്ക് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 9495888549

വ്യാവസായിക ട്രൈബ്യൂണല്‍ സിറ്റിങ് ജൂലൈ നാല് മുതല്‍

വ്യാവസായിക ട്രൈബ്യൂണല്‍, ഇന്‍ഷൂറന്‍സ് കോടതി ജഡ്ജിയും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കമ്മീഷണറുമായ സാബു സെബാസ്റ്റ്യന്‍ ജൂലൈ നാല്, അഞ്ച്, 11, 12, 18, 19, 25, 26 തീയതികളില്‍ പാലക്കാട് റവന്യൂ ഡിവിഷണല്‍ മജിസ്ട്രേറ്റ് കോടതി ഹാളില്‍ തൊഴില്‍ തര്‍ക്ക – ഇന്‍ഷുറന്‍സ് – എംപ്ലോയീസ് കോമ്പന്‍സേഷന്‍ കേസുകള്‍ വിചാരണ ചെയ്യുമെന്ന് വ്യാവസായിക ട്രൈബ്യൂണല്‍ സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0491 2556087

 
ചിറ്റൂര്‍ താലൂക്ക് വികസന സമിതി യോഗം ജൂലൈ രണ്ടിന്

ചിറ്റൂര്‍ താലൂക്ക് വികസന സമിതി യോഗം ജൂലൈ രണ്ടിന് രാവിലെ 10.30 ന് ചിറ്റൂര്‍ താലൂക്ക് മിനി സിവില്‍ സ്റ്റേഷന്‍ ഹാളില്‍ ചേരുമെന്ന്  താലൂക്ക് വികസന സമിതി കണ്‍വീനര്‍ അറിയിച്ചു. യോഗത്തില്‍ ബന്ധപ്പെട്ട ഓഫീസ് മേധാവികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കണം.

അനിമേറ്റര്‍ നിയമനം: അപേക്ഷ ക്ഷണിച്ചു

കുടുംബശ്രീ, പുതൂര്‍ ഗ്രാമപഞ്ചായത്ത് സമിതിക്ക് കീഴിലെ അട്ടപ്പാടി സമഗ്ര ആദിവാസി വികസന പദ്ധതിയില്‍ ഒഴിവുള്ള അനിമേറ്റര്‍ തസ്തികയിലേക്ക് 35 വയസ്സില്‍ താഴെ പ്രായമായ പത്താം ക്ലാസ് യോഗ്യതയുള്ള ഗോത്ര വിഭാഗക്കാരായ വനിതാ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പലകയ്യൂര്‍, ചാളയൂര്‍, മേലെ ചാവടിയൂര്‍, താഴെ അബ്ബണ്ണൂര്‍, പട്ടണക്കല്ല്, വല്ലവട്ടി ഊരുകളിലാണ് ഒഴിവുകള്‍. അപേക്ഷകര്‍ ഊരില്‍ സ്ഥിരതാമസമുള്ളവരായിരിക്കണം. അപേക്ഷകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം അസിസ്റ്റന്റ് പ്രൊജക്റ്റ് ഓഫീസര്‍, അട്ടപ്പാടി സമഗ്ര ആദിവാസി വികസന പദ്ധതി, കുടുംബശ്രീ മിഷന്‍, കില, അഗളി, പാലക്കാട് വിലാസത്തില്‍ ജൂലൈ ഏഴിനകം നല്‍കണമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു.

 
ലെവല്‍ ക്രോസ് അടക്കും

പറളി-മങ്കര റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലെ ലെവല്‍ ക്രോസിംങ് ഗേറ്റ്(നമ്പര്‍ 164) അറ്റകുറ്റപ്പണികള്‍ക്കായി ഇന്ന് (ജൂണ്‍ 30) രാവിലെ ആറ് മുതല്‍ ജൂലൈ ഒന്ന് വൈകിട്ട് എട്ട് വരെ അടച്ചിടുമെന്ന് സതേണ്‍ റെയില്‍വേ പാലക്കാട് അസിസ്റ്റന്റ് ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു. വാഹനങ്ങള്‍ മങ്കര – പറളി – ഓടന്നൂര്‍ – കോട്ടായി, മങ്കര- ലക്കിടി- പെരിങ്ങോട്ടുകുറിശ്ശി- കോട്ടായി വഴി പോകണം.

 
യു.ജി.സി നെറ്റ് കോച്ചിംഗ്

വടക്കഞ്ചേരി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ കമ്പ്യൂട്ടര്‍ സയന്‍സ് യു.ജി.സി നെറ്റ് കോച്ചിംഗ് ക്ലാസുകള്‍  ജൂലൈ ഒന്ന് മുതല്‍ ആരംഭിക്കുന്നു. പേപ്പര്‍ വണ്‍, പേപ്പര്‍ ടു വിഷയങ്ങളില്‍ ക്ലാസ്സുകള്‍ ഉണ്ടായിരിക്കും. താത്പര്യമുള്ളവര്‍ ജൂലൈ ഒന്നിനകം കോളേജ് ഓഫീസില്‍ ഫീസ് അടച്ച് രജിസ്റ്റര്‍ ചെയ്യണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 9495069307, 8547005042, 0491 255061

 
ലേലം

മണ്ണാര്‍ക്കാട് വെള്ളാരംകുന്ന് പാണക്കാടന്‍ വീട്ടില്‍ ജൂനൈസില്‍ നിന്നും പിടിച്ചെടുത്ത സ്ഥാവര വസ്തുക്കള്‍ ജൂലൈ ആറിന് രാവിലെ 11 ന് മണ്ണാര്‍ക്കാട് 2 വില്ലേജ് ഓഫീസില്‍ ലേലം ചെയ്യുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു. ഫോണ്‍: 04924 222397

 
ഐ.എച്ച്.ആര്‍.ഡി ഫലം പ്രസിദ്ധീകരിച്ചു

ഐ.എച്ച്.ആര്‍.ഡി 2022 മാര്‍ച്ചില്‍ നടത്തിയ ഒന്ന്, രണ്ട് സെമസ്റ്റര്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പി.ജി.ഡി.സി.എ), ഡിപ്ലോമ ഇന്‍ ഡാറ്റ എന്‍ട്രി ടെക്നിക്സ് ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍(ഡി.ഡി.റ്റി.ഒ.എ), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍സ്(ഡി.സി.എ), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്(ഡി.സി.എഫ്.എ) കോഴ്സുകളുടെ റഗുലര്‍/സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലവും മാര്‍ക്കിന്റെ വിശദാംശങ്ങളും അതത് പരീക്ഷാ കേന്ദ്രങ്ങളിലും www.ihrd.ac.in ലും ലഭിക്കും. പുനര്‍മൂല്യനിര്‍ണയത്തിനുള്ള അപേക്ഷകള്‍ ജൂലൈ 12 വരെ അതത് പരീക്ഷാ കേന്ദ്രങ്ങളില്‍ പിഴ കൂടാതെയും ജൂലൈ 14 വരെ 200 രൂപ ലേറ്റ് ഫീ സഹിതവും നല്‍കാം. ജൂലൈ 2022 ലെ 2018 സ്‌കീം സപ്ലിമെന്ററി പരീക്ഷക്കുള്ള പ്രത്യേകാനുമതി ആവശ്യമുള്ളവര്‍ അപേക്ഷകള്‍ ജൂലൈ 25 നകം 200 രൂപ ലേറ്റ് ഫീയോടുകൂടി ജൂലൈ 27 വരെയും അതത് സ്ഥാപനമേധാവികള്‍ മുഖേന നല്‍കണം. ഫോണ്‍: 0471 2322985, 0471 2322501

ക്വട്ടേഷന്‍ ക്ഷണിച്ചു

ഷൊര്‍ണൂര്‍ ഗവ. പോളിടെക്‌നിക് കോളജില്‍ ജീവനക്കാരുടെ താമസസ്ഥലത്തെ 11 മരങ്ങളും മരത്തിന്റെ ശിഖരങ്ങളും ജൂലൈ ആറിന് രാവിലെ 11 ന് ഓഫീസ് പരിസരത്ത് ലേലം ചെയ്യുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ക്വട്ടേഷനുകള്‍ ജൂലൈ അഞ്ചിന് വൈകിട്ട് നാല് വരെ സ്വീകരിക്കും. 1500 രൂപയാണ് നിരതദ്രവ്യം. ഫോണ്‍: 0466 2220450

ക്വട്ടേഷന്‍ ക്ഷണിച്ചു

ശ്രീകൃഷ്ണപുരം ഗവ. എന്‍ജിനീയറിങ് കോളേജിലെ സിവില്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ മെറ്റീരിയല്‍ ടെസ്റ്റിങ് ലാബ്-1 ലേക്ക് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. പൂരിപ്പിച്ച ക്വട്ടേഷനുകള്‍ പ്രിന്‍സിപ്പാള്‍, ഗവ. എഞ്ചിനീയറിംഗ് കോളേജ്, മണ്ണംപറ്റ പി.ഒ, ശ്രീകൃഷ്ണപുരം, പാലക്കാട് – 678633 വിലാസത്തില്‍ നല്‍കണം. ക്വട്ടേഷനുകള്‍ ജൂലൈ 13 ന് ഉച്ചക്ക് രണ്ട് വരെ സ്വീകരിക്കും. ജൂലൈ 14 ന് വൈകിട്ട് മൂന്നിന് ക്വട്ടേഷന്‍ തുറക്കും. ഫോണ്‍: 0466 2260350

 
ഫിറ്റ്നസ് ട്രെയ്നര്‍ കോഴ്സ്
അസാപ് നടത്തുന്ന ഫിറ്റ്നസ് ട്രെയിനര്‍ കോഴ്സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 150 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കോഴ്സ് ഞായര്‍, അവധി ദിവസങ്ങളില്‍ നടക്കും. പാലക്കാട് ഗ്രീന്‍ ടവര്‍ ജുവെന്റ്സ് ഫിറ്റ്‌നസിലാണ് ക്ലാസ് നടക്കുന്നത്. വിവരങ്ങള്‍ www.asapkerala.gov.in ല്‍ ലഭിക്കും. ഫോണ്‍: 8848415227

പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ

കൊഴിഞ്ഞാമ്പാറ ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മ ജൂലൈ എട്ടിന് രാവിലെ 11 ന് കോളേജ് ഓഡിറ്റോറിയത്തില്‍ ചേരുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 8344147637, 04923 272883

 
കോഴ്സ് പ്രവേശനം

പത്തനംതിട്ട കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റിന്റെ(സി.എഫ്.ആര്‍.ടി) കീഴില്‍  കോളേജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്നോളജി(സി.എഫ്.റ്റി.കെ) നടത്തുന്ന എം.എസ്.സി ഫുഡ് ടെക്നോളജി ആന്‍ഡ് ക്വാളിറ്റി അഷ്വറന്‍സ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം വിശദവിവരങ്ങളും www.supplycokerala.com ല്‍ ലഭിക്കും. ഫോണ്‍: 0468 2961144

error: Content is protected !!