Input your search keywords and press Enter.

ശബരിമല ഭാഗങ്ങളിലെ റോഡിന്‍റെ നിര്‍മ്മാണം വേഗത്തില്‍ പൂര്‍ത്തീകരിക്കണം: ജില്ലാ കളക്ടര്‍

 

ശബരിമല ഭാഗങ്ങളിലെ റോഡിന്റെ നിര്‍മ്മാണം ഓണത്തോടനുബന്ധിച്ച് നട തുറക്കുന്നതിന് മുമ്പായി പൂര്‍ത്തീകരിക്കണമെന്ന് ബന്ധപ്പെട്ട വകുപ്പുകളോട് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ.എസ്.അയ്യര്‍ നിര്‍ദ്ദേശിച്ചു. ജില്ലയിലെ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങളുടെ ഏകോപന സമിതി ഓണ്‍ലൈന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍.

ശബരിമല മേഖലകളിലെ റോഡിന്റെ നിര്‍മ്മാണം അതീവ പ്രാധാന്യത്തോടെ പൂര്‍ത്തിയാക്കണം. ജില്ലാ വികസന സമിതി യോഗത്തില്‍ ജനപ്രതിനിധികള്‍ നിര്‍ദ്ദേശിച്ച റോഡുകളുടെ നിര്‍മാണപ്രവൃത്തിയും അടിയന്തിര പ്രാധാന്യത്തോടെ ചെയ്യണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

കുടിവെളള പദ്ധതി നിര്‍വഹണവുമായി പല റോഡുകളിലും പ്രവര്‍ത്തി നടക്കുന്ന സാഹചര്യത്തില്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്നും റോഡുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതനായി ആവശ്യമെങ്കില്‍ റോഡു വകുപ്പ് ഉദ്യോഗസ്ഥരുമായി സംയുകത്മായ പരിശോധന നടത്തണമെന്നും യോഗത്തില്‍ തീരുമാനിച്ചു. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഉദ്യോഗസ്ഥര്‍ അതീവശ്രദ്ധ പുലര്‍ത്തണമെന്ന് പൊതുമരാമത്ത് ജോയിന്റ് സെക്രട്ടറി ശ്രീറാം സാംബശിവറാവു പറഞ്ഞു.

പദ്ധതികളുടെ നടത്തിപ്പില്‍ സര്‍ക്കാര്‍ തലത്തില്‍ ചെയ്യേണ്ട കാര്യങ്ങള്‍ ഉദ്യോഗസ്ഥര്‍ കൃത്യമായി അറിയിച്ചാല്‍ ബന്ധപ്പെട്ട വകുപ്പിന്റെ ഭാഗത്തു നിന്നുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമം ചെലുത്താമെന്നും അദ്ദേഹം പറഞ്ഞു.
റാന്നി ഇട്ടിയപ്പാറയില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്കായി വിശ്രമ കേന്ദ്രം നിര്‍മിക്കുന്നതിന് നിലവില്‍ കെഎസ്ആര്‍ടിസിയുടെ ഉടമസ്ഥതയിലുള്ള ഭൂമി തിരികെ പൊതുമരാമത്ത് വകുപ്പിന് നല്‍കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തലത്തില്‍ യോഗം ചേരുവാന്‍ തീരുമാനിച്ചു. ജില്ലയിലെ റോഡുകള്‍, പാലങ്ങള്‍, കെട്ടിടങ്ങള്‍ എന്നിവയുടെ നിര്‍മാണ പുരോഗതി യോഗം വിലയിരുത്തി.
പൊതുമരാമത്ത് (നിരത്ത്)വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ബി. വിനു, പൊതുമരാമത്ത് (കെട്ടിട്ടം) വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഷീനാ രാജന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു സി. മാത്യു, പൊതുമരാമത്ത്, കെഎസ്ഇബി, വാട്ടര്‍ അതോറിറ്റി, കെഎസ്ടിപി, കെആര്‍എഫ്ബി എന്‍ജിനിയര്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!