Input your search keywords and press Enter.

കൊല്ലം ജില്ലാ വാര്‍ത്തകള്‍

സ്വയംസംരംഭക രംഗത്ത് മാതൃകയായി കുടുംബശ്രീ വനിത
സ്വയംസംരംഭക മാതൃകകളിലെ പുതുമയായി സീമ എന്ന കുടുംബശ്രീ വനിത. ചിതറ ഗ്രാമപഞ്ചായത്തിലെ കാരറ വാര്‍ഡില്‍ സ്വന്തമായി ഒരു ഹാച്ചറി നടത്തുകയാണ് സീമ. ഒറ്റത്തവണ 15,000 കോഴിക്കുഞ്ഞുങ്ങളെ വരെ വിരിയിക്കാവുന്ന ഹാച്ചറിയാണ് ഇത്. സാസോ, റെയിന്‍ബോ, ഗ്രാമശ്രീ ഇനത്തില്‍പ്പെട്ട  കോഴിക്കുഞ്ഞുങ്ങളെയാണ് വിരിയിച്ചു വിപണനം നടത്തുന്നത്. 18 മുതല്‍ 21 ദിവസം വരെ മുട്ടകള്‍ ഇന്‍ക്യുബേറ്ററില്‍ നിശ്ചിത താപനിലയില്‍ വച്ചാണ് വിരിയിക്കുന്നത്. ഓട്ടോമാറ്റിക് റൊട്ടേഷന്‍ വഴി മുഴുവന്‍ മുട്ടകള്‍ക്കും മതിയായ ചൂട് ലഭിക്കും. വിരിഞ്ഞിറങ്ങി ഒരു ദിവസം പ്രായമായ കുഞ്ഞുങ്ങള്‍ക്ക് മുതല്‍ ആവശ്യക്കാരുണ്ട്. ഹാച്ചറിയുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് കുടുംബശ്രീ ജില്ലാ മിഷനില്‍ നിന്നും ഒരു ലക്ഷം രൂപ റിവോള്‍വിങ് ഫണ്ട് വിനിയോഗിച്ചു.
മൃഗസംരക്ഷണ  മേഖലയിലെ കുടുംബശ്രീ വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി ബ്ലോക്ക്തലത്തില്‍ നടത്തിയ സംരംഭകത്വ വികസന പരിപാടിയിലൂടെ പരിശീലനവും നേടിയിട്ടുണ്ട്. വ്യക്തിഗത സംരംഭങ്ങളില്‍ ഹാച്ചറി  ശ്രദ്ധേയമായതോടെ കുടുംബശ്രീ ജില്ലാ മിഷന്‍ സീമയ്ക്ക് പുരസ്‌കാരം നല്‍കി.
മെച്ചപ്പെട്ട വരുമാനമാര്‍ഗത്തിലൂടെ സ്ത്രീകളെ സ്വയംപര്യാപ്തരാക്കുന്നത് ലക്ഷ്യത്തോടടുക്കുകയാണെന്ന് ചിതറ ഗ്രാമപഞ്ചായത്ത് സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ആശാമോള്‍ പറഞ്ഞു.

റവന്യു അസംബ്ലി അവലോകന യോഗം

വിഷന്‍ ആന്റ് മിഷന്‍ 2021-2026 ന്റെ ഭാഗമായി റവന്യൂ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ റവന്യൂ അസംബ്ലിയുടെ ജില്ലാതല അവലോകന യോഗം ജില്ലയിലെ എം.എല്‍.എമാരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരത്ത് നടന്നു.
ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ വിഷയാവതരണം നടത്തി. എല്‍.എമാര്‍ ഉന്നയിച്ചിരുന്ന വിഷയങ്ങള്‍, സ്മാര്‍ട്ട് വില്ലേജ് ഓഫീസ് പദ്ധതിയുടെ പുരോഗതി, പട്ടയ വിതരണ-വനഭൂമി പട്ടയം, ആദിവാസി മേഖലകളിലെ പട്ടയം-വിഷയങ്ങള്‍, തണ്ണീര്‍തട നിയമവുമായി ബന്ധപ്പെട്ട ഭൂമി തരാംമാറ്റ അപേക്ഷകളുടെ അവലോകനം, വില്ലേജ്ഓഫീസുകളുള്‍പ്പെടെയുള്ള വിവിധ റവന്യൂ ഓഫീസുകളില്‍ കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങള്‍ ആവശ്യാനുസരണം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍, ജനകീയ സമിതികളുടെ പ്രവര്‍ത്തന അവലോകനം, റവന്യൂ ഇ-സാക്ഷരത നടപ്പിലാക്കുന്നത് സംബന്ധിച്ചും ഡിജിറ്റല്‍ സര്‍വ്വേ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, റവന്യൂ ജീവനക്കാര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കുന്നത് തുടങ്ങിയവയാണ് ചര്‍ച്ച ചെയ്തത്.
എല്‍.എമാര്‍ ഉന്നയിച്ച 76 പരാതികളില്‍ 58 എണ്ണം പരിഹരിക്കപ്പെട്ടു. 18 എണ്ണത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കും. ജില്ലയില്‍ ആകെ 58 സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളാണ് അനുവദിച്ചിട്ടുള്ളത്. അതില്‍ 23 എണ്ണം പൂര്‍ത്തീകരിച്ചു. 35 എണ്ണം നിര്‍മ്മാണ പുരോഗതിയിലുമാണ്.
കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 1169 പട്ടയങ്ങളാണ് വിതരണം ചെയ്തിട്ടുള്ളത്. 58 എണ്ണം സര്‍ക്കാരിന്റെ 100 ദിന പരിപാടിയുടെ ഭാഗമായാണ് വിതരണം ചെയ്തത്. 4000 ലധികം പട്ടയങ്ങള്‍ വിതരണം ചെയ്യുന്നതിന്റെ നടപടികളും സ്വീകരിക്കും.
ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട് വിവിധ താലൂക്കുകളില്‍ 15003 അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. 7222 അപേക്ഷകള്‍ ഇതിനകം തീര്‍പ്പാക്കിയിട്ടുണ്ട്. ഓണ്‍ലൈന്‍ അപേക്ഷകളി•േലുള്ള നടപടികള്‍ പുരോഗമിക്കുന്നു.
കടലാസ് രഹിത പദ്ധതിയായ ഇ-ഓഫീസ് സംവിധാനം വില്ലേജ് ഓഫീസുകളില്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി കംപ്യൂട്ടര്‍, പ്രിന്റര്‍, സ്‌കാനര്‍ എന്നിവയുടെ എണ്ണം കണക്കാക്കിയിട്ടുമുണ്ട്. വില്ലേജ് ജനകീയ സമിതിയിലെ അംഗങ്ങളുടെ പ്രാതിനിധ്യം യോഗം വിലയിരുത്തി.
ഇ-സാക്ഷരതാ പദ്ധതി ജില്ലയില്‍ നടപ്പിലാക്കാനാവശ്യമായ രൂപരേഖയും അവതരിപ്പിച്ചു. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് നടപ്പിലാക്കിവരുന്ന ഡിജിറ്റല്‍ സര്‍വ്വേ പദ്ധതി ആദ്യഘട്ടത്തില്‍ ജില്ലയിലെ 12 വില്ലേജുകളിലും രണ്ടാം ഘട്ടത്തില്‍ 18 വില്ലേജുകളിലുമാണ് നടപ്പിലാക്കുക. ഇതിനാവശ്യമായ നെറ്റ് വര്‍ക്ക് ടവര്‍ നീണ്ടകര ഹാര്‍ബറിലും കുളത്തൂപ്പുഴ ലൈവ് സ്റ്റോക്ക് ബുള്‍ സ്റ്റെഷനിലും സ്ഥാപിച്ചിട്ടുണ്ട്. ഫീല്‍ഡ് സര്‍വ്വെയ്ക്ക് ആവശ്യമായ വിവരങ്ങള്‍ ഭൂരേഖാ സംവിധാനത്തില്‍ നിന്നും ‘എന്റെ ഭൂമി’ പോര്‍ട്ടലിലേക്ക് അപ് ലോഡ് ചെയ്യുന്ന നടപടികളും ക്യാമ്പ് ഓഫീസ് സ്ഥാപിക്കുന്നതിനായുള്ള നടപടികളും പുരോഗമിക്കുന്നു.
ജില്ലയില്‍ ഒരു ട്രെയിനിംഗ് സെന്റര്‍ ആരംഭിക്കുന്നതിനായുള്ള നിര്‍ദ്ദേശം ജില്ലാ കലക്ടര്‍ മുന്നോട്ട് വച്ചു. റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി, ലാന്‍ഡ് റവന്യു കമ്മീഷണര്‍, സര്‍വ്വേ ഡയറക്ടര്‍, എ ഡി എം, സബ് കലക്ടര്‍, ആര്‍. ഡി. ഒ പുനലൂര്‍, ഡെപ്യൂട്ടി കലക്ടര്‍ (എല്‍.ആര്‍), ഡെപ്യൂട്ടി കലക്ടര്‍ (ആര്‍. ആര്‍), ഡെപ്യൂട്ടി കലക്ടര്‍ (എല്‍. എ), മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ജല്‍ജീവന്‍ മിഷന്‍ ശില്പശാല
ശാസ്താംകോട്ട ഗ്രാമപഞ്ചായത്തിന്റെയും ജല്‍ജീവന്‍ മിഷന്‍ നിര്‍വഹണ ഏജന്‍സിയായ കൊട്ടാരക്കര എ.കെ.വൈ.സിയുടെയും നേതൃത്വത്തില്‍ ശില്പശാല നടത്തി. ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് അന്‍സര്‍ ഷാഫി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. ഗീത അധ്യക്ഷയായി. ഐ.എസ്.എ ഡയറക്ടര്‍ കെ.ആര്‍.ഉല്ലാസ് വിഷയവും വാട്ടര്‍ അതോറിറ്റി അസി. എന്‍ജിനീയര്‍ ശ്രീരാജ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ അനില്‍ തുമ്പോടന്‍, എ. സജിത, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഐ. ഷാനവാസ്, ഗുരുകുലം രാജേഷ്, പ്രീതാകുമാരി, ആര്‍.രജനി, ആര്‍.കെ.പ്രസന്നകുമാരി, നെസിമാ ബീവി, പ്രകാശിനി, ശ്രീലത രഘു, ജി.മുരളീധരന്‍ പിള്ള, കുടുബശ്രീ ചെയര്‍പേഴ്സണ്‍ പി.ജയശ്രീ എന്നിവര്‍ സംസാരിച്ചു.

താലൂക്ക് വികസന സമിതി യോഗം ഇന്ന് (ജൂലൈ 2)
കൊല്ലം താലൂക്ക് വികസന സമിതി യോഗം ഇന്ന് (ജൂലൈ 2) രാവിലെ 10.30 ന് താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

വോക്ക്-ഇന്‍- ഇന്റര്‍വ്യൂ
പത്തനംതിട്ട കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റിന്റെ  ഉടമസ്ഥയിലുള്ള കോളേജ് ഓഫ്  ഇന്‍ഡിജനസ് ഫുഡ് ടെക്‌നോളജിയില്‍ ഇംഗ്ലീഷ് വിഷയത്തില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവിലേക്ക് വോക്ക്-ഇന്‍- ഇന്റര്‍വ്യൂ.
യോഗ്യത : ബന്ധപ്പെട്ട വിഷയത്തില്‍ 55% മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തര ബിരുദം. (നെറ്റ് അഭികാമ്യം) സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും തിരിച്ചറിയല്‍ രേഖയും സഹിതം ജൂലൈ 14ന് രാവിലെ 11:30ക്ക് ഹാജരാകണം. ഫോണ്‍- 0468 2961144.

വോക്ക്-ഇന്‍- ഇന്റര്‍വ്യൂ
സര്‍ക്കാര്‍ മഹിളാ മന്ദിരത്തിലേക്ക്  ഒരു വര്‍ഷത്തെ കരാര്‍ വ്യവസ്ഥയില്‍ മള്‍ട്ടിടാസ്‌ക് കെയര്‍ പ്രൊവൈഡറുടെ ഒഴിവിലേക്ക് വോക്ക്-ഇന്‍-ഇന്റര്‍വ്യൂ നടക്കും. ഏഴാം ക്ലാസ് പാസായ 45 വയസ്സിന് താഴെ പ്രായമുള്ള ശാരീരികക്ഷമതയുള്ള വനിതകള്‍ക്ക് പങ്കെടുക്കാം. അസല്‍ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍രേഖ, ബയോഡേറ്റ എന്നിവ സഹിതം ജൂലൈ ആറിന് രാവിലെ 10 മണിക്ക് ഹാജരാകണം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 04742714890.

താല്‍ക്കാലിക നിയമനം
സര്‍ക്കാര്‍ ആഫ്റ്റര്‍ കെയര്‍ ഹോം ഫോര്‍  അഡോളസെന്റ് ഗേള്‍സില്‍ ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തില്‍ നാല് മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍മാരെ നിയമിക്കുന്നു. യോഗ്യത: ഏഴാം ക്ലാസ്സ് പാസായവരും ശാരീരികക്ഷമതയുള്ളവരും ആയിരിക്കണം. പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി : 18നും  45 നും മദ്ധ്യേ.
യോഗ്യത, പ്രായം, പ്രവര്‍ത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ എന്നിവ സൂപ്രണ്ട്, ഗവണ്‍മെന്റ് ആഫ്റ്റര്‍ കെയര്‍ ഹോം ഫോര്‍ അഡോള്‍സെന്റ് ഗേള്‍സ്, ഇഞ്ചവിള (പി.ഒ), കൊല്ലം -691601 വിലാസത്തില്‍ ജൂലൈ ആറിന് വൈകിട്ട് അഞ്ച് മണിക്ക് മുന്‍പ് സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0474 2705546.

രജിസ്റ്റര്‍ ചെയ്യണം
ജില്ലയിലെ  അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ എല്‍.സി/എ.ഐ, ഒ.ബി.സി, ഇ.ഡബ്ല്യു.എസ്. വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്തിട്ടുള്ള ടാപ്പിംഗ്/ജനറല്‍ വര്‍ക്ക് സൂപ്പര്‍വൈസര്‍  തസ്തികയിലേക്ക് മൂന്ന് സ്ഥിരം ഒഴിവ്. എസ്.എസ്.എല്‍.സിയും റബ്ബര്‍ ബോര്‍ഡ് നല്‍കുന്ന ടാപ്പിംഗ് സര്‍ട്ടിഫിക്കറ്റും അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തിപരിചയവുമുള്ള  ഉദ്യോഗാര്‍ത്ഥികള്‍ അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ജൂലൈ 20ന് മുമ്പ് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍  : 0474 2746789

വനമഹോത്സവം ജില്ലാതല ഉദ്ഘാടനം
വനമഹോത്സവം പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കിളികൊല്ലൂര്‍ ഹരിജന്‍ എല്‍.പി സ്‌കൂളില്‍ എം.നൗഷാദ് എം.എല്‍.എ വൃക്ഷത്തൈ നട്ട് നിര്‍വഹിച്ചു. ചടങ്ങിനോട് അനുബന്ധിച്ച് വിദ്യാവനം പദ്ധതിയുടെ ഭാഗമായി സാമൂഹിക വനവല്‍ക്കരണ വിഭാഗം നിര്‍മ്മിച്ച സ്വാഭാവിക വനമങ്ങളുടെ സാദൃശ്യമുള്ള ചെറുവനം സ്‌കൂളിന് കൈമാറി.
വാര്‍ഡ് കൗണ്‍സിലര്‍ എ. നൗഷാദ് അദ്ധ്യക്ഷനായി അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ വി.ജി അനില്‍കുമാര്‍, റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ആര്‍.അജിത് കുമാര്‍, കിളികൊല്ലൂര്‍ ഹരിജന്‍ എല്‍.പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ആര്‍.ദിപു കുമാര്‍, മാനേജര്‍ വി.കെ, രാജീവ്, സെഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എം. സനൂജ് തുടങ്ങിയവര്‍ പങ്കെടുത്തു.

വോക്ക്-ഇന്‍- ഇന്റര്‍വ്യൂ
സി-ഡിറ്റ് ഒപ്റ്റിക്കല്‍ ഇമേജ് പ്രോസസ്സിംഗ് ആന്‍ഡ് സെക്യൂരിറ്റി പ്രോഡക്ടസ് ഡിവിഷനിലേക്ക് കാഷ്വല്‍ ലേബര്‍ നിയമനത്തിന് ജൂണ്‍ 28ന് നടന്ന വോക്ക്-ഇന്‍- ഇന്റര്‍വ്യൂവിന് ഹാജരായി രജിസ്റ്റര്‍ ചെയ്യുകയും അഭിമുഖം പൂര്‍ത്തീകരിക്കുവാന്‍ കഴിയാത്തവരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജൂലൈ ആറിന് രാവിലെ 10 മണിക്ക്  സി-ഡിറ്റ് മെയിന്‍ ക്യാമ്പസ്, തിരുവല്ലം, തിരുവനന്തപുരം ഓഫീസില്‍ അഭിമുഖം നടക്കും. പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0471-2380910, 2380912.

നടപടി സ്വീകരിച്ചു
കടലിലെ മത്സ്യസമ്പത്തിനെയും സംസ്ഥാനത്തിന്റെ മത്സ്യോത്പാദനത്തേയും ദോഷകരമായി ബാധിക്കുന്ന ചെറുമീന്‍ പിടുത്തത്തിനെതിരെ ഫിഷറീസ് വകുപ്പ് നടപടിയെടുത്തു. 10 വള്ളങ്ങള്‍ക്ക്  പിഴ ചുമത്തി. നിയലംഘനം ശ്രദ്ധയില്‍പ്പെടുത്താന്‍ – ഫോണ്‍: 0474 2792850,0476 2680036.

ഫയല്‍ തീര്‍പ്പാക്കല്‍; ജില്ലാതല ഉദ്ഘാടനം കലക്ടര്‍ നിര്‍വഹിച്ചു
സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളിലെ കുടിശ്ശിക ഫയലുകള്‍ തീര്‍പ്പാക്കുന്നതിന്റെ ഭാഗമായി ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയജ്ഞ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ കലക്ടര്‍ അഫ്‌സന പര്‍വീണ്‍ കൊല്ലം ഈസ്റ്റ് വില്ലേജില്‍ നിര്‍വഹിച്ചു. തീര്‍പ്പാക്കിയ ഫയലുകളുടെ പട്ടിക വില്ലേജ് ഓഫീസര്‍ ജില്ലാ കലക്ടര്‍ക്ക് കൈമാറി. എ.ഡി.എം ആര്‍.ബീനാറാണി അദ്ധ്യക്ഷയായി. സബ്കലക്ടര്‍ ചേതന്‍കുമാര്‍ മീണ, ഡെപ്യൂട്ടി കലക്ടര്‍മാര്‍, ഹുസൂര്‍ ശിരസ്തദാര്‍, തഹസില്‍ദാര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ലൈഫ് മിഷന്‍; രണ്ടാംഘട്ട അപ്പീലുകള്‍ ജൂലൈ എട്ട് വരെ സമര്‍പ്പിക്കാം  
ലൈഫ് മിഷന്റെ ഒന്നാംഘട്ട അപ്പീലുകള്‍ക്ക് ശേഷമുള്ള കരട് ഗുണഭോക്തൃ പട്ടിക തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രസിദ്ധീകരിച്ചു. രണ്ടാംഘട്ട അപ്പീലുകള്‍ ജൂലൈ എട്ടിന് മുമ്പ് ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിക്കാം. ജില്ലാ പഞ്ചായത്ത് ദാരിദ്ര്യ ലഘൂകരണ വിഭാഗം ഓഫീസിലെ ഹെല്‍പ്പ് ഡെസുകള്‍ വഴിയാണ് അപേക്ഷകളും അപ്പീലുകളും നല്‍കേണ്ടത്.
ആദ്യഘട്ട അപ്പീലുകള്‍ നല്‍കിയവര്‍ക്ക് മാത്രമാണ് രണ്ടാംഘട്ടിലേത് സമര്‍പ്പിക്കാനാകൂ. അപ്പീലുകള്‍ ഓണ്‍ലൈനായും അപേക്ഷകള്‍ നേരിട്ടും അപ്പീല്‍ അധികാരികള്‍ക്കും ഹെല്‍പ്പ് ഡസ്‌കുകളിലും സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിച്ച സമയത്ത് നല്‍കിയ മൊബൈലില്‍ നമ്പര്‍ ഉപയോഗിച്ച് ലൈഫ് 2020 സോഫ്റ്റ്വെയര്‍ വഴി അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്ക് ജില്ലാ പഞ്ചായത്തിലെ ഹെല്‍ത്ത് ഡെസ്‌കില്‍ ബന്ധപ്പെടാം.

error: Content is protected !!