സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളില്‍ ആര്‍ത്തവ സംബന്ധമായ അവബോധം വളര്‍ത്തുന്നതിനും ആര്‍ത്തവദിനങ്ങള്‍ സുരക്ഷിതമാക്കുന്നതിനുമായി വനിതാ വികസന കോര്‍പ്പറേഷന്റെ മേല്‍നോട്ടത്തില്‍ നടപ്പാക്കുന്ന പദ്ധതിയാണ് ഷീ പാഡ്. സ്‌കൂളുകളില്‍ 6 മുതല്‍ 12 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് ഗുണമേന്മയുള്ള സാനിറ്ററി നാപ്കിന്‍ ലഭ്യമാക്കുക, ഉപയോഗിച്ച നാപ്കിന്‍ നശിപ്പിക്കാന്‍ ഡിസ്‌ട്രോയര്‍, നാപ്കിന്‍ സൂക്ഷിക്കാനുള്ള അലമാരകള്‍ എന്നിവയാണ് പദ്ധതി വഴി ഉറപ്പാക്കുന്നത്.
2018 ലാണ് പദ്ധതി ആരംഭിച്ചത്. 402 തദ്ദേശ സ്ഥാപനങ്ങളിലായി 1902 സ്‌കൂളുകളില്‍ പദ്ധതി നടപ്പാക്കിയിട്ടുണ്ട്. നിലവില്‍ ഏകദേശം മൂന്നര ലക്ഷം വിദ്യാര്‍ഥിനികള്‍ക്കാണ് ഇതുവഴി ഗുണം ലഭിക്കുന്നത്. ദിവസം 200 നാപ്കിനുകള്‍ വരെ നശിപ്പിക്കാന്‍ സാധിക്കുന്ന ഇന്‍സിനറേറ്ററുകള്‍ 1500 ലധികം സ്‌കൂളുകളില്‍ ലഭ്യമാക്കിയിട്ടുണ്ട്.
ചുമതലയുള്ള അദ്ധ്യാപിക, സ്‌കൂള്‍ കൗണ്‍സിലര്‍ എന്നിവര്‍ക്കാണ് സ്‌കൂളുകളില്‍ പദ്ധതി നടത്തിപ്പ് ചുമതല.ഇതിനുപുറമെ ആര്‍ത്തവ ശുചിത്വ അവബോധ പരിപാടിയും വനിതാ വികസന കോര്‍പ്പറേഷന്‍ സ്‌കൂളുകളില്‍ നടപ്പാക്കുന്നുണ്ട്. ആരോഗ്യ വിദഗ്ധര്‍, മാനസികാരോഗ്യ വിദഗ്ധര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന സംഘമാണ് അവബോധം നല്‍കുന്നതിന് നേതൃത്വം നല്‍കുന്നത്. സംസ്ഥാന സര്‍ക്കാര്‍, തദ്ദേശ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെയാണ് ഇത് നടപ്പാക്കുന്നത്.