പത്തനംതിട്ട ജില്ലയിലെ പള്ളിക്കല്‍, കൊല്ലം ജില്ലയിലെ ശൂരനാട് നോര്‍ത്ത് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കാഞ്ഞിരങ്കടവ് പാലത്തിന്റെ സര്‍വേ കല്ല് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ സ്ഥാപിച്ചു. കാഞ്ഞിരങ്കടവ് പാലത്തിന്റെ നിര്‍മാണത്തിനായി ആറു കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. പാലത്തിന് പതിനൊന്ന് മീറ്റര്‍ നീളവും അപ്രോച്ച് റോഡിന് ഇരുപത്തി ഒന്ന് മീറ്റര്‍ വീതിയുമാണ് ഉണ്ടാവുക.
അപ്രോച്ച് റോഡിനൊപ്പം സര്‍വീസ് റോഡും നിര്‍മിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡിസൈന്‍ വിംഗില്‍ നിന്ന് അനുമതി ലഭിക്കുന്നത് അനുസരിച്ച് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തികരിക്കുമെന്ന് ഡെപ്യുട്ടി സ്പീക്കര്‍ പറഞ്ഞു. 2018 ല്‍ അടൂര്‍ എംഎല്‍എ ചിറ്റയം ഗോപകുമാറും കുന്നത്തൂര്‍ എം എല്‍എ കോവൂര്‍ കുഞ്ഞുമോനും പൊതുമരാമത്ത് മന്ത്രിക്ക് നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് രണ്ട് ജില്ലകളെ ബന്ധിപ്പിക്കുന്ന പാലത്തിന് ബജറ്റില്‍ പണം അനുവദിച്ചത്.
ചടങ്ങില്‍ കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ ശൂരനാട് വടക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ശ്രീകുമാര്‍, പള്ളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ്, ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ആര്‍. സുന്ദരേശന്‍, വാര്‍ഡ് മെമ്പര്‍ അഞ്ജലിനാഥ്, പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗം അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ ദീപ രാജേന്ദ്രന്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍ പ്രവീക്ഷ, വിവിധ പാര്‍ട്ടി നേതാക്കളായ ബി. ശിവന്‍കുട്ടി, ബിനു വെള്ളച്ചിറ, സി. സന്തോഷ് കുമാര്‍, തുളസീധരനുണ്ണിത്താന്‍, ബാബു, വാസുദേവന്‍ എന്നിവര്‍ പങ്കെടുത്തു.