Input your search keywords and press Enter.

കൊല്ലം ജില്ലാ അറിയിപ്പുകള്‍

തലമുറകള്‍ക്ക് വേണ്ടിയുള്ളതാകണം മാസ്റ്റര്‍പ്ലാനുകള്‍: മന്ത്രി കെ. എന്‍ ബാലഗോപാല്‍
ഭാവിതലമുറകളെ മുന്നില്‍ക്കണ്ടു വേണം തദ്ദേശസ്ഥാപനങ്ങളും നഗരസഭകളും പദ്ധതികളുടെ മാസ്റ്റര്‍പ്ലാന്‍ ദീര്‍ഘവീക്ഷണത്തോടെ തയ്യാറാക്കാനെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍ ബാലഗോപാല്‍. സി. കേശവന്‍ സ്മാരക ടൗണ്‍ ഹാളില്‍ മേയേഴ്സ് കൗണ്‍സിലിന്റെയും ചേംബര്‍ ഓഫ് മുന്‍സിപ്പല്‍ ചെയര്‍മെന്‍സിന്റെയും കിലയുടെയും കെ. എം. സി. എസ്. യുവിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ‘നവകേരളവും നവനഗരസഭകളും’ ഏകദിന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യുവജനങ്ങളുടെ സുരക്ഷിതത്വം കൂടി ഉറപ്പാക്കുന്ന തരത്തില്‍ പ്രായോഗികമായ പദ്ധതികള്‍ക്കാണ് രൂപം നല്‍കേണ്ടത്. പദ്ധതികള്‍ക്കായി  തുക വിനിയോഗിക്കുന്നതിനൊപ്പം കണ്ടെത്തുന്നതിനുള്ള സാധ്യതകളും തദ്ദേശസ്ഥാപനങ്ങള്‍ തേടണം. മെഡിസെപ് പോലെയുള്ള പദ്ധതികളിലൂടെ സാമൂഹ്യസുരക്ഷിതത്വമാണ് സര്‍ക്കാര്‍ ഉറപ്പാക്കുന്നത്. നികുതി വരുമാനം കൃത്യമാക്കുന്നതിനായി ‘എന്റെ നികുതി എന്റെ നാടിന്’ എന്ന ക്യാമ്പയിന്‍ തുടങ്ങിക്കഴിഞ്ഞു. നഗരസഭകളുടെയും കോര്‍പ്പറേഷന്റെയും പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്പരിശീലന പരിപാടികള്‍ അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.
മേയര്‍ പ്രസന്ന ഏണസ്റ്റ് അധ്യക്ഷയായി. സമ്പന്ന രാഷ്ട്രങ്ങളുടെ നിലവാരത്തിലേക്ക് കേരളത്തെ മാറ്റിയെടുക്കുകയാണ് നവകേരള സൃഷ്ടിയിലൂടെ സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മേയര്‍ പറഞ്ഞു.
‘നഗരസഭകളും വികസന കാഴ്ചപ്പാടുകളും’ വിഷയാവതരണം കെ.എം.സി.എസ്.യു ജനറല്‍ സെക്രട്ടറി പി. സുരേഷ് നടത്തി. കില പ്രതിനിധി കെ. വി. മുരളീധരന്‍ ചോദ്യാവലി പരിചയപ്പെടുത്തി. ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, കൊട്ടാരക്കര നഗരസഭ ചെയര്‍മാന്‍ എ. ഷാജു, കരുനാഗപ്പള്ളി നഗരസഭ വൈസ് ചെയര്‍പേഴ്‌സന്‍ സുനിമോള്‍, കോര്‍പറേഷന്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്‍ എസ്. ജയന്‍, പരവൂര്‍ നഗരസഭ വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ കല്ലുംകുന്ന് ഗീത, കെ.എം.സി.എസ്.യു ജില്ലാ സെക്രട്ടറി എസ്.പ്രദീപ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ. എം. രാജ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം. മനോജ്. ജി. വിനോദ്, എം. മുരുകന്‍, ജില്ലാ പ്രസിഡന്റ് ടി. ജി. രേഖ, വിവിധ നഗരസഭകളുടെ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 (ജൂലൈ 3) ഓഫീസുകള്‍ പ്രവര്‍ത്തിക്കും
ഫയലുകള്‍ അതിവേഗത്തില്‍ തീര്‍പ്പാക്കും -മന്ത്രിമാര്‍

ഫയലുകള്‍ തീര്‍പ്പാക്കുന്നതിനുള്ള മാതൃകാപ്രവര്‍ത്തനം ജില്ലയില്‍ നടത്തണമെന്ന് മന്ത്രിമാരായ കെ. എന്‍. ബാലഗോപാലും ജെ. ചിഞ്ചുറാണിയും. സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ച ഫയല്‍ തീര്‍പ്പാക്കല്‍ പരിപാടിയുടെ ഭാഗമായി (ജൂലൈ 3 ഞായര്‍) ഫയല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ഓഫീസുകളെല്ലാം ജില്ലയില്‍ പ്രവര്‍ത്തിപ്പിക്കാനും നിര്‍ദ്ദേശിച്ചു. പരാതികള്‍ ഉള്‍പ്പെടെ ഭരണപരമായ ഫയലുകളുടെ തീര്‍പ്പാക്കല്‍ പുരോഗതി വിലയിരുത്താന്‍ കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ചു ചേര്‍ത്ത ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രിമാര്‍.
മൂന്ന് മാസക്കാലത്തെ തീവ്രയജ്ഞത്തില്‍ എല്ലാ വകുപ്പുകളുടേയും സജീവ പങ്കാളിത്തം ഉറപ്പാക്കണം. എല്ലാ ഉദ്യോഗസ്ഥരും ഒരേ മനസ്സോടെ പ്രവര്‍ത്തിക്കണം. അവധി ദിവസങ്ങളില്‍ ആവശ്യമെങ്കില്‍ പ്രവര്‍ത്തിക്കാന്‍ സന്നദ്ധരാകരണം. ഭരണതലത്തിലെ ഘടനയില്‍ കാലാനുസൃത മാറ്റം വരുത്തുകയാണ് സര്‍ക്കാര്‍. ഇതിന് അനുസൃതമായി ഓരോ പ്രശ്‌നത്തിനും പരിഹാരം കാണാനാകും. ചെറിയ കാര്യങ്ങള്‍ക്ക് ഫയലുകള്‍ വൈകിപ്പിക്കുന്നത് അവസാനിപ്പിക്കണം – മന്ത്രി കെ. എന്‍. ബാലഗോപാല്‍ വ്യക്തമാക്കി.
പ്രത്യേക നടപടികള്‍ സ്വീകരിച്ച് എല്ലാ വകുപ്പുകളും ഒത്തൊരുമായോടെ പ്രവര്‍ത്തിക്കണം. എല്ലാ ഉദ്യോഗസ്ഥരും പങ്കാളികളാകണം. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ എത്രയും പെട്ടന്ന് തീര്‍പ്പാക്കുകയാണ് പ്രധാനം. ഫലുകള്‍ നീങ്ങുന്നതിനുള്ള എല്ലാ തടസ്സങ്ങളും പരിഹരിക്കണം എന്നും മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു.
ഫയല്‍ തീര്‍പ്പാക്കുന്നതിനുള്ള റവന്യു വകുപ്പിന്റെ കര്‍മ പദ്ധതി യോഗത്തില്‍ പ്രദര്‍ശിപ്പിച്ചു. എല്ലാ വകുപ്പുകളിലും നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ചാണ് പ്രവര്‍ത്തനം. പ്രവര്‍ത്തന പുരോഗതി കൃത്യമായി വിലയിരുത്തി നിശ്ചിത സമയത്തിനുള്ളില്‍ ഫയലുകള്‍ തീര്‍പ്പാക്കുമെന്ന് ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ വ്യക്തമാക്കി.
സിറ്റി പൊലിസ് കമ്മിഷണര്‍ ടി. നാരായണന്‍, സബ് കലക്ടര്‍ ചേതന്‍ കുമാര്‍ മീണ, എ. ഡി. എം. ആര്‍. ബീനാറാണി, റൂറല്‍ എസ്. പി. കെ. ബി. രവി, ഡെപ്യൂട്ടി കലക്ടര്‍മാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വന്‍കിട പ്രൊജക്ടുകള്‍ പൂര്‍ത്തീകരിക്കും – മന്ത്രി കെ. എന്‍. ബാലഗോപാല്‍
ജില്ലയില്‍ നടപ്പിലാക്കുന്ന വന്‍കിട പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍. പ്രവര്‍ത്തന പുരോഗതി വിലയിരുത്തുന്നതിന് കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
റോഡ് പദ്ധതികള്‍, കോടതി കെട്ടിട സമുച്ചയം, കുടിവെള്ള പദ്ധതികള്‍, തുടങ്ങിയവ നിര്‍മാണ പുരോഗതിയിലാണ്. അവയുടെ പൂര്‍ത്തീകരണം കൃത്യമായില്ലെങ്കില്‍ സാമ്പത്തിക ബാധ്യത നേരിടേണ്ടി വരും. ഭൂമി ഏറ്റെടുക്കുന്നതിലെ കാലതാമസം ഒഴിവാക്കിയാല്‍ നഷ്ടം കുറയ്ക്കാനാകും. തുടങ്ങിയ പദ്ധതികളുടെ പൂര്‍ത്തീകരണത്തോടെ പുതിയവയ്ക്ക് വേഗം തുടക്കമിടാം.
നിര്‍മാണ ഘട്ടത്തില്‍ നേരിടുന്ന തടസങ്ങള്‍ വേഗത്തില്‍ പരിഹരിക്കണം. സാങ്കേതിക പ്രശ്‌നങ്ങളില്‍ വിദഗ്ധരുടെ സേവനം ഉടനടി തേടണം. കോടതി സമുച്ചയ നിര്‍മാണത്തിന് സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള സാങ്കേതിക സഹായം ആവശ്യമെങ്കില്‍ വിനിയോഗിക്കാം.
പദ്ധതിപുരോഗതി വിലയിരുത്തല്‍ തുടര്‍പ്രക്രിയായി നടപ്പിലാക്കും. വ്യക്തമായ വിവരങ്ങള്‍ യോഗങ്ങളില്‍ സമര്‍പ്പിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെല്ലാം ബാധ്യസ്ഥരാണ്. പദ്ധതി നടത്തിപ്പിലെ കാലതാമസം ഗൗരവമായി കാണും. വകുപ്പുകളുടെ ഏകോപനം സുപ്രധാനമാണ്. സര്‍ക്കാരിന് സാമ്പത്തിക ബാധ്യത വരുത്താതെ പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിനാണ് മുന്‍ഗണന നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതികളുടെ പുരോഗതി സംബന്ധിച്ച് കൃത്യമായ വിവരം ശേഖരിച്ച് വരും യോഗങ്ങളില്‍ സമര്‍പിക്കാന്‍ ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ നിര്‍ദ്ദേശം നല്‍കി. സബ് കലക്ടര്‍ ചേതന്‍ കുമാര്‍ മീണ, ഡെപ്യൂട്ടി കലക്ടര്‍മാര്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പെയ്ഡ് അപ്രന്റീസ്: അപേക്ഷിക്കാം
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പെയ്ഡ് അപ്രന്റീസായി പ്രവര്‍ത്തിക്കാന്‍ അവസരം. ജേണലിസം, പബ്ലിക് റിലേഷന്‍സ് എന്നിവയില്‍ ഏതെങ്കിലും പ്രധാന വിഷയമായി അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദം, ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദവും അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് ജേണലിസം, പബ്ലിക് റിലേഷന്‍സ് എന്നീ വിഷയങ്ങളില്‍ ഏതിലെങ്കിലും പി.ജി. ഡിപ്ലോമയോ നേടിയവര്‍ക്ക് അപേക്ഷിക്കാം. 2020-21, 2021-22 അധ്യയന വര്‍ഷങ്ങളില്‍ കോഴ്‌സ് പാസായവരായിരിക്കണം.
യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, ബയോഡേറ്റ എന്നിവ സഹിതം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, രണ്ടാം നില, സിവില്‍ സ്റ്റേഷന്‍, കൊല്ലം വിലാസത്തിലോ  [email protected]     ഇ-മെയിലിലോ അപേക്ഷിക്കാം. അവസാന തീയതി-ജൂലൈ 11. സ്റ്റൈപന്‍ഡ്-8000 രൂപ. കാലാവധി- ആറു മാസം. ഫോണ്‍ – 0474 2794911.

ഇ-ലേലം
റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ പരിധിയിലുള്ള കൊല്ലം മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കാര്യാലയത്തില്‍ സൂക്ഷിച്ചിട്ടുള്ള സ്‌പെയര്‍പാര്‍ട്‌സുകള്‍, വേസ്റ്റ് ഓയില്‍, ട്യൂബുകള്‍, ടയറുകള്‍, ഫ്‌ളാപ്പ് എന്നിവയുടെ ലേലം ജൂലൈ എട്ടിന് രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് 3.30 വരെ ഓണ്‍ലൈനായി എം. എസ്. ടി. സി ലിമിറ്റഡിന്റെ   www.mstcecommerce.com     വെബ്‌സൈറ്റിലൂടെ ഇ- ലേലം ചെയ്യും. ഫോണ്‍ -0474 2450858.

ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു
ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്തിന്റെയും  വ്യവസായ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍  ‘എന്റെ സംരംഭം നാടിന്റെ അഭിമാനം’ പദ്ധതിയുടെ ഭാഗമായി സംരംഭകര്‍ക്കായി ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ദിജു  ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍  ഷൈനി ജോയി അദ്ധ്യക്ഷയായി.  വാര്‍ഡ് അംഗങ്ങളായ മീരാ ഉണ്ണി, രേണുക രാജേന്ദ്രന്‍, മഹേശ്വരി, ലീലാമ്മ ചാക്കോ, ഷീബ മധു, കെ.ഇന്ദിര, ബീന രാജന്‍, സെക്രട്ടറി കെ. സജിവ്, വ്യവസായവകുപ്പ് പ്രതിനിധി ധ്യാന്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ലൈല, തുടങ്ങിയവര്‍ പങ്കെടുത്തു.

സൗജന്യ പരിശീലനം
സംസ്ഥാന ഫിഷറീസ് വകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ഐ.ഐ.ടി/എന്‍.ഐ.ടി സൗജന്യ എന്‍ട്രന്‍സ് പരിശീലനം. റസിഡന്‍ഷ്യല്‍ എന്‍ട്രന്‍സ് കോച്ചിംഗിനാണ് സര്‍ക്കാര്‍ ധനസഹായം. ഹയര്‍സെക്കന്‍ഡറി/വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി തലത്തില്‍ ഫിസിക്‌സ്, കെമിസ്ട്രി, കണക്ക് വിഷയങ്ങള്‍ക്ക് 85 ശതമാനം മാര്‍ക്കോടെ വിജയിച്ച മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുടെ മക്കള്‍ക്ക് അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷാഫോം ജൂലൈ 19നകം ജില്ലാ ഫിഷറീസ് ഓഫീസില്‍ സമര്‍പ്പിക്കണം. ഒരു വിദ്യാര്‍ത്ഥിക്ക് ഒരു തവണ മാത്രമെ ആനുകൂല്യത്തിന് അര്‍ഹതയുള്ളു. അപേക്ഷാഫോമും വിശദവിവരങ്ങളും ജില്ലാ ഫിഷറീസ് ഓഫീസില്‍ ലഭിക്കും. ഫോണ്‍-0474 2792850.

സംരംഭങ്ങള്‍ക്കുള്ള അനുമതിക്കായി ബന്ധപ്പെടാം
വ്യവസായ മേഖലയിലെയും മറ്റു ചെറുകിട സംരംഭങ്ങള്‍ക്കുമുള്ള തദ്ദേശഭരണ സ്ഥാപനങ്ങള്‍ മുഖേന ലഭ്യമാകുന്ന പഞ്ചായത്ത് ലൈസന്‍സ്, മുനിസിപ്പല്‍/ കോര്‍പ്പറേഷന്‍ ലൈസന്‍സ് എന്നിവയ്ക്കും മറ്റു വകുപ്പുകളിലും ഏജന്‍സികളിലും നിന്ന് ലഭിക്കേണ്ട എന്‍.ഒ.സികള്‍/ അനുമതികള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിന് കൊട്ടാരക്കര താലൂക്ക് പരിധിയിലുള്ളവര്‍ കൊട്ടാരക്കര താലൂക്ക് വ്യവസായ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ -8281190462.

എ.ഡി.എസ് ഓഫീസ് ഉദ്ഘാടനം
പടിഞ്ഞാറെ കല്ലട നടുവിലക്കര ഏട്ടാം വാര്‍ഡില്‍ എ.ഡി.എസ് ഓഫീസ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഡോ.സി.ഉണ്ണികൃഷ്ണന്‍ നിര്‍വഹിച്ചു. ഉദ്ഘാടനത്തിന്റെ ഭാഗമായി വിവിധ പ്രതിഭകളെ ആദരിക്കലും ചികിത്സ സഹായ വിതരണവും നടത്തി. സി.ഡി.എസ് ചെയര്‍പേഴ്സണ്‍ വിജയനിര്‍മ്മല അധ്യക്ഷയായി. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് അംഗം വി.രതീഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സുധീര്‍, അംഗം ബി.തൃദീപ്കുമാര്‍ എന്നിവര്‍ സംസാരിച്ചു

ഹോട്ടലുകള്‍ക്കെതിരെ കര്‍ശന നടപടി വേണം :താലൂക്ക് വികസന സമിതി
ജില്ലയില്‍ വൃത്തിഹീനമായ സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. ആശ്രാമം ലിങ്ക് റോഡിലെ കുമാരനാശാന്‍ സ്മാരക പാര്‍ക്കിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തണമെന്ന് ഡി.ടി.പി.സിക്ക് നിര്‍ദേശം നല്‍കി. കൊറ്റങ്കര പഞ്ചായത്തിലെ മാലിന്യ പ്രശ്‌നം പരിഹരിക്കാന്‍ അടിയന്തര നടപടിക്കും ആവശ്യപ്പെട്ടു.
കിഴക്കേ കല്ലട പഞ്ചായത്തിലെ ജലക്ഷാമം പരിഹരിക്കണം. ആശ്രാമം മൈതാനത്ത് പ്രഭാതസവാരിക്ക് എത്തുന്നവര്‍ക്കുള്ള ശുചിമുറി സൗകര്യം ഉറപ്പാക്കണം.  കാവനാട്- ആല്‍ത്തറമൂട് റോഡ് വശങ്ങളിലെ കയ്യേറ്റവും ചെറുമത്സ്യങ്ങളെ അനധികൃതമായി പിടിക്കുന്ന വള്ളങ്ങള്‍ക്കെതിരെയും നടപടി വേണം.
പാതിവഴിയില്‍ ട്രിപ്പ് അവസാനിപ്പിക്കുന്ന സ്വകാര്യ ബസ്സുകള്‍ക്കെതിരെ നടപടിക്ക് മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദ്ദേശം നല്‍കി. മയക്കുമരുന്ന് വിപണനത്തിനെതിരെ എക്സൈസ് ഉദ്യോഗസ്ഥര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം.
ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സദാനന്ദന്‍ പിള്ള  അധ്യക്ഷനായി. സബ് കലക്ടര്‍ ചേതന്‍ കുമാര്‍ മീണ, വികസനസമിതി അംഗങ്ങള്‍, വകുപ്പ്തല  ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സ്‌കൂള്‍ വിക്കി അവാര്‍ഡുകള്‍ വിതരണം ചെയ്തു
സ്‌കൂളുകളെ കോര്‍ത്തിണക്കി കൈറ്റ് സജ്ജമാക്കിയിട്ടുള്ള സ്‌കൂള്‍ വിക്കി പോര്‍ട്ടലില്‍ മികച്ചവയ്ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്തു. നിയമസഭാ സമുച്ചയത്തിലെ ആര്‍. ശങ്കരനാരായണന്‍ തമ്പി ഹാളില്‍ സ്പീക്കര്‍ എം.ബി രാജേഷ് ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ പൊതുവിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി അവാര്‍ഡുകള്‍ വിതരണം ചെയ്തു. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു മുഖ്യാതിഥിയായി.
സര്‍ക്കാര്‍ എച്ച്. എസ്. എസ് അഞ്ചല്‍ വെസ്റ്റ്, സര്‍ക്കാര്‍ എച്ച്.എസ്.എസ് സദാനന്ദപുരം,വിമലഹൃദയ ഗേള്‍സ് എച്ച്.എസ്.എസ് കൊല്ലം വിദ്യാലയങ്ങള്‍ ജില്ലയില്‍ യഥാക്രമം ഒന്ന്,രണ്ട് മൂന്ന് സ്ഥാനങ്ങള്‍ നേടി.
കൈറ്റ് സി.ഇ.ഒ കെ.അന്‍വര്‍ സാദത്ത്, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.ജീവന്‍ ബാബു, എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ ഡോ.ആര്‍.കെ ജയപ്രകാശ് തുടങ്ങിയവര്‍ പങ്കെടുത്തു.

അപേക്ഷ ക്ഷണിച്ചു
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റിന്റെ (ഐ.എച്ച്.ആര്‍.ഡി) ആഭിമുഖ്യത്തില്‍ 2022 ജൂലൈ മാസത്തില്‍ ആരംഭിക്കുന്ന കോഴ്‌സുകളിലേക്ക് വിവിധ കേന്ദ്രങ്ങളില്‍ അപേക്ഷ ക്ഷണിച്ചു. പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പി. ജി. ഡി. സി. എ, യോഗ്യത -ഡിഗ്രി),ഡേറ്റ എന്‍ട്രി ടെക്‌നിക്‌സ് ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍(ഡി. ഡി. റ്റി. ഒ. എ, യോഗ്യത- എസ്.എസ്.എല്‍.സി), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡി. സി. എ, യോഗ്യത -പ്ലസ് ടു), സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്  (സി.സി.എല്‍. ഐ.എസ്, യോഗ്യത- എസ്.എസ്.എല്‍.സി), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് ( ഡി.സി. എഫ്.എ, യോഗ്യത- പ്ലസ് ടു), പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ഓഡിയോ എന്‍ജിനീയറിങ്  ( പി.ജി.ഡി.എ.ഇ, യോഗ്യത- ഡിഗ്രി), പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക് ആന്‍ഡ് സെക്യൂരിറ്റി(പി.ജി.ഡി.സി എഫ്, യോഗ്യത- എം.ടെക്/ ബി.ടെക്/ എം.സി. എ/ ബി. എസ്.സി/ എം.എസ്.സി/ ബി.സി.എ), അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ബയോമെഡിക്കല്‍ എന്‍ജിനീയറിങ് (എ.ഡി. ബി.എം.ഇ, യോഗ്യത- ഇലക്ട്രോണിക്‌സ്/ അനുബന്ധ വിഷയങ്ങളില്‍ ഡിഗ്രി/ ത്രിവല്‍സര ഡിപ്ലോമ), ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയ്ന്‍ മാനേജ്‌മെന്റ് ( ഡി.എല്‍.എസ്.എം, യോഗ്യത- ഡിഗ്രി/ ത്രിവത്സര ഡിപ്ലോമ), പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ എംബെഡഡ് സിസ്റ്റം ഡിസൈന്‍ ( പി.ജി.ഡി.ഇ.ഡി, യോഗ്യത എം.ടെക്/ ബി.ടെക്/ എം.എസ്.സി), സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ കമ്പ്യൂട്ടര്‍ നെറ്റ്വര്‍ക്ക് അഡ്മിനിസ്‌ട്രേഷന്‍(സി.സി.എന്‍.എ, യോഗ്യത- സി. ഒ ആന്‍ഡ് പി. എ പാസ്/ കമ്പ്യൂട്ടര്‍/ ഇലക്ട്രോണിക്‌സ്/ ഇലക്ട്രിക്കല്‍ വിഷയത്തില്‍ ബി.ടെക്/ ത്രിവത്സര ഡിപ്ലോമ) എന്നിവയാണ് കോഴ്‌സുകള്‍. ഈ കോഴ്‌സുകളില്‍ പഠിക്കുന്ന എസ്. സി /എസ്.ടി മറ്റ് പിന്നോക്ക വിദ്യാര്‍ത്ഥികള്‍ക്ക് പട്ടികജാതി വികസന വകുപ്പില്‍ നിന്ന് വിദ്യാഭ്യാസ ആനുകൂല്യത്തിനുള്ള അര്‍ഹതയുണ്ട്. അപേക്ഷാഫോമും വിശദവിവരവും ഐ.എച്ച്.ആര്‍.ഡി വെബ്‌സൈറ്റില്‍  (www.ihrd.ac.in)  ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഫോം, രജിസ്‌ട്രേഷന്‍ ഫീസ് 150 രൂപയുടെ (എസ്. സി/ എസ്. ടി വിഭാഗങ്ങള്‍ക്ക് 100 രൂപ) ഡി.ഡി സഹിതം ജൂലൈ 15ന് വൈകുന്നേരം നാല് മണിക്കകം അതാത് സ്ഥാപനമേധാവിക്ക് സമര്‍പ്പിക്കണം. ഫോണ്‍-0471 2322985, 0471 2322501.

അപേക്ഷ തീയതി നീട്ടി
സര്‍ക്കാര്‍/എയ്ഡഡ്/അംഗീകൃത അണ്‍ എയിഡഡ്/സി.ബി. എസ്. സി/ഐ. സി.എസ്.സി അഫിലിയേറ്റഡ് സ്‌കൂളുകളിലെ ഒന്നു മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാഭ്യാസ ആനുകൂല്യത്തിന് അര്‍ഹരായ ഒ.ഇ.സി വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ സ്‌കൂള്‍ അധികൃതര്‍  www.egrantz.kerala.gov.in  വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 15 വരെ നീട്ടി. കൂടുതല്‍ വിവരങ്ങള്‍ പിന്നാക്ക വിഭാഗ വികസന വകുപ്പ് കൊല്ലം മേഖല ഓഫീസിലും 04742914417 നമ്പരിലും ലഭിക്കും.

error: Content is protected !!