പട്ടയ പ്രശ്നങ്ങള്‍ പരിശോധിക്കുന്നതിന് സ്പെഷല്‍ ടീമിനെ നിയോഗിക്കും
റാന്നിയിലെ പട്ടയ പ്രശ്നങ്ങള്‍ പരിശോധിക്കുന്നതിന് സ്പെഷ്യല്‍ ടീമിനെ നിയോഗിക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍ ഉറപ്പുനല്‍കിയതായി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു. റാന്നിയിലെ പട്ടയ വിഷയങ്ങള്‍ സംബന്ധിച്ച് നിയമസഭയില്‍ എംഎല്‍എ അവതരിപ്പിച്ച അടിയന്തിര ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
പട്ടയപ്രശ്നം ഏറ്റവും രൂക്ഷമായി അനുഭവപ്പെടുന്ന ഒരു നിയോജക മണ്ഡലമാണ് റാന്നി. റാന്നിയുടെ വിവിധ ഭാഗങ്ങളിലായി ആറായിരത്തിലധികം പട്ടയങ്ങളാണ് ലഭിക്കാനുള്ളത്. ഗ്രോ മോര്‍ ഫുഡ് പദ്ധതി പ്രകാരം 1971നു മുമ്പ് ഭൂമിയില്‍ താമസിച്ച് കൃഷി ആരംഭിച്ചവര്‍, വലിയ തോട്ടങ്ങള്‍ ചില്ലറയായി വാങ്ങിയവര്‍, ആദിവാസികള്‍ക്ക് ലഭിച്ച ഭൂമികള്‍, വനമേഖലയോട് ചേര്‍ന്നുള്ള ഭൂമികള്‍ ഉള്‍പ്പെടെ ഇതില്‍ പെടും. ഇവയില്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതിക്ക് വിധേയമായി പട്ടയം അനുവദിക്കാവുന്നത്, ഇതര വകുപ്പുകളുടെ അനുമതിക്ക് വിധേയമായി പട്ടയം അനുവദിക്കാവുന്നത്, റവന്യൂ വകുപ്പിന്റെ അനുമതിക്ക് വിധേയമായി പട്ടയം അനുവദിക്കാവുന്നത്, ജില്ലയിലെ റവന്യൂ അധികാരികളുടെ പ്രവര്‍ത്തന ഫലമായി പട്ടയം അനുവദിക്കാവുന്നത് എന്നിങ്ങനെ പലതരത്തിലുണ്ട്.
പമ്പാവാലി, അറയാഞ്ഞിലിമണ്‍, കൊല്ലമുള, മണ്ണടിശാല, എക്സ് സര്‍വീസ്മെന്‍ കോളനി, അരയന്‍പാറ, ചണ്ണ, അടിച്ചിപുഴ, ചൊള്ളനാവയല്‍, കരികുളം, കണ്ണന്നുമണ്‍, പെരുനാട് തൊണ്ടിക്കയം, നെടുമണ്‍ ഉഴം, അത്തിക്കയം തെക്കേതൊട്ടി, വലിയ പതാല്‍, തോണിക്കടവ്, കുടമുരുട്ടി, പരുവ, കക്കുടുക്ക, കടുമീന്‍ ചിറ, അട്ടത്തോട്, കുരുമ്പന്‍ മൂഴി, മണക്കയം, പെരുമ്പെട്ടി – വലിയ കാവ്, വടശേരിക്കര, മുക്കുഴി, ഒളികല്ല് എന്നീ പ്രദേശങ്ങളിലാണ് പ്രധാനമായും പട്ടയം ലഭിക്കാനുള്ളത്. സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് സംയുക്ത സര്‍വേ ടീമിനെ ഉള്‍പ്പെടെ നിയോഗിക്കേണ്ടതായിട്ടുണ്ട്.
സംരംഭകത്വ പരിശീലനം സംഘടിപ്പിച്ചു
ഷെഡ്യൂള്‍ഡ് കാസ്റ്റ് വിഭാഗത്തില്‍പ്പെട്ട തൊഴില്‍ രഹിതരായ യുവതി യുവാക്കള്‍ക്ക് സംരംഭകത്വ പരിശീലനം സംഘടിപ്പിച്ചു. സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ടായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ്, നാഷണല്‍ ഫിഷറീസ് ഡെവലപ്‌മെന്റ് ബോര്‍ഡിന്റെയും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈക്രോ സ്‌മോള്‍ മീഡിയം എന്റര്‍പ്രൈസിന്റെയും ആഭിമുഖ്യത്തിലായിരുന്നു പരിശീലനം. ഫിഷറീസ് ആന്‍ഡ് അക്വാകള്‍ച്ചര്‍ എന്ന വിഷയത്തില്‍ തെരെഞ്ഞെടുത്ത 25 യുവതി യുവാക്കള്‍ക്ക് സ്‌റ്റൈപെന്റ്റോടെ ജൂണ്‍ 15 മുതല്‍ ജൂലൈ ഒന്ന് വരെ കളമശ്ശേരി കീഡ് ക്യാമ്പസിലയിരുന്നു പരിശീലനം. കീഡ് സിഇഒ & എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശരത് വി. രാജ് , കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല അസിസ്റ്റന്റ് പ്രൊഫ. ഡോ.എസ്.സാബു, സംരംഭകനും ഷെഡ്യൂള്‍ഡ് കാസ്റ്റ് സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറിയുമായ സുദീപ് എന്നിവര്‍ പരിശീനാര്‍ഥികള്‍ക്ക് ട്രെയിനിംഗ് കിറ്റ് വിതരണം ചെയ്തു.
ഫിഷറീസ്, അക്വാകള്‍ച്ചര്‍ എന്നിവയിലെ സംരംഭകത്വ അവസരങ്ങള്‍, മത്സ്യത്തിന്റെ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍, അലങ്കാര മത്സ്യകൃഷി മാര്‍ക്കറ്റ് സര്‍വേ, പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കല്‍, സ്റ്റേറ്റ് ഫിഷറീസ് വകുപ്പിന്റെ പദ്ധതികള്‍, വ്യവസായ വാണിജ്യ വകുപ്പിന്റെ പദ്ധതികള്‍, നാഷണല്‍ ഫിഷറീസ് ഡെവലപ്‌മെന്റ് ബോര്‍ഡിന്റെ പദ്ധതികള്‍, ഫിഷറീസ്, അക്വാകള്‍ച്ചര്‍ മേഖലയില്‍ ഹൈബ്രിഡ്, സോളാര്‍, വിന്‍ഡ് എനര്‍ജി ആപ്ലിക്കേഷനുകള്‍, സംരംഭകരുടെ അനുഭവം പങ്കിടല്‍ എന്നിവ ക്രമീകരിച്ചായിരുന്നു പരിശീലനം. ജൂലൈ 20 മുതല്‍ ആഗസ്റ്റ് ആറ് വരെ കീഡ് ക്യാമ്പസില്‍ സംഘടിപ്പിക്കുന്ന അടുത്ത ബാച്ച് പരിശീലനത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ www.kied.info സന്ദര്‍ശിക്കുക.
തെരുവ് വിളക്കുകള്‍ പ്രവര്‍ത്തനക്ഷമമാക്കണം: താലൂക്ക് വികസന സമിതി
വിവിധ ഭാഗങ്ങളിലെ തെരുവ് വിളക്കുകള്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിന് ആവശ്യമായ നടപടികള്‍ ഊര്‍ജിതമാക്കണമെന്ന് അടൂര്‍ താലൂക്ക് വികസന സമിതി യോഗം നിര്‍ദേശിച്ചു. പുറമ്പോക്ക് കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. അപകട മേഖലകളില്‍ സൂചന മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാനും താലൂക്ക് വികസന സമിതി യോഗം തീരുമാനിച്ചു.
പന്തളം നഗരസഭ സ്ഥിരം സമിതി ചെയര്‍മാന്‍ ബെന്നി മാത്യു അധ്യക്ഷത വഹിച്ചു. അടൂര്‍ റവന്യു ഡിവിഷണല്‍ ഓഫീസര്‍ എ. തുളസീധരന്‍ പിള്ള, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍, അടൂര്‍ തഹസീല്‍ദാര്‍ ജി.കെ പ്രദീപ് തുടങ്ങിയവര്‍ പങ്കെടുത്തു.
ഒറ്റത്തവണ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ക്ക് നിരോധനം
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ക്ക് ജുലൈ ഒന്ന് മുതല്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിരോധനം ഏര്‍പ്പെടുത്തിയതിനാല്‍ എഴുമറ്റൂര്‍ പഞ്ചായത്ത് അതിര്‍ത്തിയിലുള്ള ഹോട്ടലുകള്‍, തട്ടുകടകള്‍ മറ്റ് എല്ലാ വ്യപാര സ്ഥാപനങ്ങളിലും പ്ലാസ്റ്റിക് ക്യാരി ബാഗ്, പ്ലാസ്റ്റിക് ഗ്യാരേജ് ബാഗ്, മേശ വിരി, പ്ലേറ്റ്, കപ്പ്, തെര്‍മോക്കോള്‍ ഉല്‍പ്പന്നം, സ്‌ട്രോ, പിവിസി ഫ്‌ലക്‌സ്, പോളിസ്റ്റര്‍ നൈലോണ്‍, കൊറിയന്‍ തുണി ബാനര്‍, 500 എംഎല്ലില്‍ താഴെയുള്ള കുപ്പികൊണ്ടുള്ള ഉല്‍പ്പന്നം എന്നിവ നിരോധിച്ചതായും ഇത് സംബന്ധിച്ച് കര്‍ശന പരിശോധന ഉണ്ടായിരിക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
തെരുവ്നായ ശല്യം രൂക്ഷം; അടിയന്തിര നടപടി വേണം:
കോഴഞ്ചേരി താലൂക്ക് വികസന സമിതി
തെരുവുനായ ശല്യം അതിരൂക്ഷമാണെന്നും അടിയന്തിര നടപടി ഉണ്ടാകണമെന്നും കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. മഴക്കാലത്ത് പ്രകൃതി ദുരന്തം ഉണ്ടായാല്‍ അടിയന്തിരനടപടി സ്വീകരിക്കുന്നതിനാവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തണം. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ക്രിയാത്മകമാക്കണം. പത്തനംതിട്ട റിംഗ് റോഡ്, ഇടറോഡുകള്‍ എന്നിവിടങ്ങളിലെ ഇരുചക്രവാഹനങ്ങളുടെ മത്സര ഓട്ടം തടയുന്നതിന് പോലീസ് പട്രോളിംഗ് ശക്തമാക്കണം. സെന്റ് പീറ്റേഴ്സ് ജംഗ്ഷനിലെ സിഗ്‌നല്‍ അടിയന്തിരമായി പുനസ്ഥാപിക്കണം.
പത്തനംതിട്ട ജനറല്‍ ആശുപത്രിക്കു സമീപം റോഡിന്റെ ഇരുവശങ്ങളിലെയും ഓടകളുടെ സ്ലാബുകള്‍ പൊട്ടിക്കിടക്കുന്നത് മാറ്റിസ്ഥാപിക്കണം. റിംഗ്റോഡില്‍ ഉള്‍പ്പെടെ റോഡിലേക്ക് അപകടകരമാംവിധം ചരിഞ്ഞു നില്‍ക്കുന്ന മരങ്ങള്‍ അടിയന്തിരമായി മുറിച്ചു മാറ്റണം. മിനി സിവില്‍ സ്റ്റേഷനിലെ ടോയ്ലറ്റുകള്‍ ശുചീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
തൈക്കാവ് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ആറന്മുള പഞ്ചായത്ത് പ്രസിഡന്റ് ഷീജ റ്റി.റ്റോജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍, കേരള കോണ്‍ഗ്രസ് എം പ്രതിനിധി മാത്യു മരോട്ടിമൂട്ടില്‍, ഐയുഎംഎല്‍ പ്രതിനിധി എം. ബിസ്മില്ലാഖാന്‍, കേരള കോണ്‍ഗ്രസ് ബി പ്രതിനിധി ജോണ്‍പോള്‍ മാത്യു, തഹസീല്‍ദാര്‍ ആര്‍.കെ.സുനില്‍, ഡെപ്യുട്ടി തഹസീല്‍ദാര്‍ പി. സുനില, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
കെല്‍ട്രോണില്‍ പ്രൊഫഷണല്‍ ഡിപ്ലോമ കോഴ്‌സിന് അപേക്ഷിക്കാം
കെല്‍ട്രോണ്‍ കോഴിക്കോട് നോളജ് സെന്ററില്‍ ഒരുവര്‍ഷത്തെ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ സിവില്‍ ആര്‍ക്കിടെക്ചര്‍ ഡ്രാഫ്റ്റിംഗ് ആന്‍ഡ് ലാന്‍ഡ് സര്‍വേ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓട്ടോകാഡ്, ആര്‍ക്കിടെക്ച്ചര്‍ ഡ്രാഫ്റ്റിംഗ്, ക്വാണ്ടിറ്റി സര്‍വ്വേ, ലാന്‍ഡ് സര്‍വേ, ടോട്ടല്‍ സ്റ്റേഷന്‍ സര്‍വ്വേ, സിവില്‍ കണ്‍സ്ട്രക്ഷന്‍ മാനേജ്‌മെന്റ് എന്നീ മേഖലകള്‍ അടങ്ങിയ കോഴ്‌സിലേക്കുള്ള വിദ്യാഭ്യാസ യോഗ്യത എസ്എസ്എല്‍സിയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് കെല്‍ട്രോണ്‍ നോളജ് സെന്റര്‍, മൂന്നാം നില, അംബേദ്കര്‍ ബില്‍ഡിംഗ്, റെയില്‍വേ സ്റ്റേഷന്‍ ലിങ്ക് റോഡ്, കോഴിക്കോട് എന്ന വിലാസത്തിലോ 8136802304 എന്ന നമ്പറിലോ ബന്ധപ്പെടുക.
വാക്ക് ഇന്‍ ഇന്റര്‍വ്യൂ: ജൂലൈ ആറിന്
സിഡിറ്റിന്റെ ഒപ്റ്റിക്കല്‍ ഇമേജ് പ്രോസസിംഗ് സെക്യൂരിറ്റി പ്രോഡക്ട്‌സ് ഡിവിഷനിലേക്ക് ക്യാഷ്വല്‍ ലേബര്‍ നിയമനത്തിന് ജൂണ്‍ 28ന് നടന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകുകയും അഭിമുഖം പൂര്‍ത്തിയാക്കാന്‍ കഴിയാത്ത ഉദ്യോഗാര്‍ഥികളുടെ അഭിമുഖം ജൂലൈ മാസം ആറിന് രാവിലെ പത്തിന് സിഡിറ്റ് മെയിന്‍ ക്യാമ്പസ്, തിരുവല്ലം, തിരുവനന്തപുരം ഓഫീസില്‍ നടത്തപ്പെടും. രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ മാത്രം പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം.
ഹെൽപ്പ് ഡെസ്ക് തുടങ്ങി
അന്താരാഷ്ട്ര സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭക ദിനം ആചരിക്കുന്നത്തിന്റെ ഭാഗമായി പത്തനംതിട്ട മുനിസിപ്പാലിറ്റിയിൽ ആരംഭിച്ച ഹെൽപ്പ് ഡെസ്ക് മുനിസിപ്പൽ ചെയർമാൻ അഡ്വക്കേറ്റ് ടി സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു.
ഉൽപാദന സേവന മേഖലകളിൽ കൂടുതൽ സംരംഭകത്വം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹെൽപ്‌ഡെസ്‌ക്കിന്റെ പ്രവർത്തനം. പത്തനംതിട്ട നഗരത്തിലെ ഉൽപാദന സേവന മേഖലകളിലെ സ്വയംതൊഴിൽ വർധിപ്പിക്കുന്നതിനും സംരംഭകർക്ക് പുതിയ വ്യവസായങ്ങൾ തുടങ്ങുന്നതിന് വേണ്ട നടപടി ക്രമങ്ങളെ പറ്റിയും വിവിധ ലോൺ സബ്സിഡികളെ പറ്റിയും ലൈസൻസ് നടപടിക്രമങ്ങളെ പറ്റിയുമുള്ള വിവരങ്ങൾ ഹെൽപ്പ് ഡെസ്ക് മുഖേന ലഭ്യമാകും. കൂടാതെ പുതിയ സംരംഭക രജിസ്ട്രേഷനുകളുടെ പറ്റിയും അതിന്റെ പരിശീലന പരിപാടികളെ പറ്റിയുമുള്ള വിവരങ്ങളും ഹെൽപ്പ് ഡെസ്ക് വഴി സംരംഭകർക്ക് അറിയാൻ സാധിക്കും. നഗരസഭയിൽ തിങ്കൾ, ബുധൻ ദിവസങ്ങളിൽ വ്യവസായവകുപ്പ് ഇന്റേണ്സ് വഴി വിവരങ്ങൾ ലഭ്യമാകും. ചടങ്ങിൽ മുനിസിപ്പൽ സെക്രട്ടറി ഷെർളാ ബീഗം, വ്യവസായ വകുപ്പ് ഇന്റേൺസ് മോഹിത് എം നായർ, എസ് അൽത്താഫ് തുടങ്ങിയവർ പങ്കെടുത്തു.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍
പെയ്ഡ് അപ്രന്റീസ്ഷിപ്പിന് അപേക്ഷിക്കാം
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ആറുമാസത്തെ പെയ്ഡ് അപ്രന്റീസ്ഷിപ്പിന് അവസരം. ഒരാളെയാണ് തിരഞ്ഞെടുക്കുന്നത്. പ്രതിമാസം 8000 രൂപ സ്‌റ്റൈപ്പന്റ് നല്‍കും. ജേര്‍ണലിസം, പബ്ലിക് റിലേഷന്‍സ് എന്നിവയിലേതെങ്കിലും പ്രധാന വിഷയമായെടുത്ത് അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബിരുദം/ ബിരുദാനന്തര ബിരുദം നേടിയവര്‍ക്കും ഏതെങ്കിലും വിഷയത്തില്‍ ബിരുദവും അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ജേര്‍ണലിസം/ പബ്ലിക് റിലേഷന്‍സ് എന്നീ വിഷയങ്ങളിലേതിലെങ്കിലും പിജി ഡിപ്ലോമയോ നേടിയവര്‍ക്കും അപേക്ഷിക്കാം.
2020-2021, 2021-2022 അധ്യയന വര്‍ഷങ്ങളില്‍ കോഴ്സ് പാസായവരെയാണ് പദ്ധതിയിലേക്ക് തിരഞ്ഞെടുക്കുക.
വെള്ളക്കടലാസില്‍ തയാറാക്കിയ അപേക്ഷ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, ബയോഡാറ്റ എന്നിവ സഹിതം, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, കളക്ടറേറ്റ്, പത്തനംതിട്ട എന്ന വിലാസത്തില്‍ നല്‍കണം. റശീുമേ1@ഴാമശഹ.രീാ എന്ന ഇ-മെയിലിലേക്കും അപേക്ഷ നല്‍കാം. 2022 ജൂലൈ 15ന് വൈകിട്ട് അഞ്ച് മണി വരെ ലഭിക്കുന്ന അപേക്ഷകള്‍ മാത്രമേ സ്വീകരിക്കുകയുള്ളു. അപേക്ഷ നല്‍കുമ്പോള്‍ കവറിന്റെ പുറത്തും ഇ-മെയിലിലും അപ്രന്റീസ്ഷിപ്പ് 2022 എന്ന് വിഷയം രേഖപ്പെടുത്തണം.
യോഗ്യതയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ അക്കാര്യം അറിയിച്ചു കൊണ്ടുള്ള അറിയിപ്പില്‍ പറയുന്ന തീയതിയിലും സമയത്തും അപ്രന്റീസായി ചേരാന്‍ തയാറായി എത്തിച്ചേരണം. ജോലി കിട്ടിയോ, മറ്റ് കാരണങ്ങളാലോ അപ്രന്റീസ്ഷിപ്പ് ഇടയ്ക്കുവച്ച് മതിയാക്കുന്നവര്‍ 15 ദിവസത്തെ മുന്‍കൂര്‍ നോട്ടീസ് നല്‍കണം. ഏതെങ്കിലും ഘട്ടത്തില്‍ പ്രവര്‍ത്തനം തൃപ്തികരമല്ലെന്ന് കാണുകയോ, അപ്രന്റീസായി തുടരാന്‍ അനുവദിക്കാത്ത മറ്റെന്തെങ്കിലും കാരണം ഉണ്ടാകുകയോ ചെയ്താല്‍ അവരെ മുന്നറിയിപ്പില്ലാതെ അപ്രന്റീസ്ഷിപ്പില്‍ നിന്നും ഒഴിവാക്കുന്നതാണ്. തിരഞ്ഞെടുപ്പിലും മറ്റ് കാര്യങ്ങളിലും അന്തിമ തീരുമാനം വകുപ്പ് ഡയറക്ടറില്‍ നിക്ഷിപ്തമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് പത്തനംതിട്ട കളക്ടറേറ്റിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0468-2222657.
മെഡിക്കല്‍ ആഫീസര്‍ അഭിമുഖം ജൂലൈ ഏഴിന്
യൂണിക്ക് ഡിസബിലിറ്റി ഐ.ഡി. (യുഡിഐഡി) വേരിഫിക്കേഷനുവേണ്ടി ജില്ലാ മെഡിക്കല്‍ ആഫീസില്‍ (ആരോഗ്യം) ദിവസവേതന അടിസ്ഥാനത്തില്‍ മെഡിക്കല്‍ ആഫീസര്‍ തസ്തികയിലേയ്ക്ക് അഭിമുഖം നടത്തുന്നു. ജൂലൈ ഏഴിന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12 വരെ. യോഗ്യത : എം.ബി.ബി.എസ്, ടി.സി.എം.സി. രജിസ്‌ട്രേഷന്‍, കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യമാണ്. താത്പര്യമുളളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, പകര്‍പ്പും, ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുമായി പത്തനംതിട്ട സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിപ്പിക്കുന്ന ആരോഗ്യവകുപ്പ് ജില്ലാ മെഡിക്കല്‍ ആഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ ഹാജരാകണമെന്ന് ജില്ലാ മെഡിക്കല്‍ ആഫീസര്‍ (ആരോഗ്യം) അറിയിച്ചു.
കൃഷിയും കാലാവസ്ഥ വ്യതിയാനവും;
ശില്പശാല കേന്ദ്ര കൃഷി സഹമന്ത്രി ഉദ്ഘാടനം ചെയ്യും
കൃഷിയും കാലാവസ്ഥ വ്യതിയാനവും എന്ന വിഷയത്തില്‍ തെള്ളിയൂര്‍ ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ശില്പശാല ജൂലൈ ഏഴിന് രാവിലെ ഒന്‍പത് മുതല്‍ ഒരു മണി വരെ നടത്തും. ശില്പശാല കേന്ദ്ര കൃഷി സഹമന്ത്രി ശോഭ കരണ്‍ലജെ ഉദ്ഘാടനം ചെയ്യും. കാലാവസ്ഥാ പ്രതിസന്ധികള്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, നെല്ല്, പച്ചക്കറി, വാഴ മുതലായ വിളകളുടെ കൃഷിയില്‍, കാലാവസ്ഥ വ്യതിയാനത്തെ അതിജീവിക്കുവാന്‍ സഹായിക്കുന്ന സാങ്കേതിക വിദ്യകളുടെയും, കീട രോഗ നിയന്ത്രണ മാര്‍ഗങ്ങളുടെയും കാലിക പ്രാധാന്യമുള്ള കാലാവസ്ഥാ നിര്‍ദേശങ്ങളുടെയും പരിശീലനവും നടത്തും. പരിശീലനത്തിന് കോട്ടയം, കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം, പത്തനംതിട്ട കൃഷി വിജ്ഞാന കേന്ദ്രങ്ങളിലെ വിദഗ്ധര്‍ നേതൃത്വം നല്‍കും. കേന്ദ്ര കൃഷി സഹമന്ത്രി ശ്രീമതി പരിപാടി ഉദ്ഘാടനം ചെയ്യും. പരിപാടിയില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ള കര്‍ഷകര്‍ ആറാം തീയതി മൂന്നിന് മുന്‍പ് 8078572094 എന്ന നമ്പറില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.
എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് ഡിപ്ലോമ
അപേക്ഷ ക്ഷണിച്ചു
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ എയര്‍പോര്‍ട്ട് മാനേജ്‌മെന്റെ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ അംഗീകാരമുള്ള പ്രോഗ്രാമിന് ബിരുദമോ തത്തുല്യ യോഗ്യതയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അംഗീകൃത പഠനകേന്ദ്രങ്ങളുടെ സഹായത്തോടെ നടത്തപ്പെടുന്ന പ്രോഗ്രാമിന്റെ കാലാവധി ഒരുവര്‍ഷമാണ്. അപേക്ഷയും വിശദവിവരങ്ങളും അടങ്ങിയ പ്രോസ്‌പെക്ടസ് എസ്.ആര്‍.സി ഓഫീസില്‍ നിന്നും അംഗീകൃത പഠന കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കും. കോഴ്‌സ് സംബന്ധിച്ച വിശദാംശങ്ങള്‍ www.srccc.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 31. ബന്ധപ്പെടേണ്ട വിലാസം: ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍, നന്ദാവനം, വികാസ്ഭവന്‍. പി.ഒ, തിരുവനന്തപുരം-695033 ഫോണ്‍: 0471 2325101, ഇ-മെയില്‍ :[email protected], അംഗീകൃത പഠനകേന്ദ്രം: തിരുവനന്തപുരം-9846033001.
തീറ്റപുല്‍ കൃഷിക്കാര്‍ക്ക് ധനസഹായം
ഇലന്തൂര്‍ ക്ഷീര വികസന യൂണിറ്റിന്റെ പരിധിയില്‍ 2022-23 വര്‍ഷത്തില്‍ 20 സെന്റും അതിനു മുകളിലും തീറ്റപുല്‍ കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് ധനസഹായം നല്‍കുന്നു. കര്‍ഷകര്‍ ksheerasree.kerala.gov.in എന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ : 8075370015.
വായിച്ചു വളരുക ക്വിസ് മത്സരം: ജൂലൈ ഒന്‍പതിന്
ദേശീയ വായനാദിന മഹോത്സവത്തോട് അനുബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ്, പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, കാന്‍ഫെഡ്, പഞ്ചായത്ത് വകുപ്പ് എന്നിവയുടെ നേതൃത്വത്തില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിവരുന്ന വായിച്ചു വളരുക ക്വിസ് മത്സരം ജൂലൈ ഒന്‍പതിന് രാവിലെ 10ന് പത്തനംതിട്ട മാര്‍ത്തോമാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. ജില്ലയിലെ എല്ലാ ഹൈസ്‌കൂളുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം ലഭിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. സ്‌കൂള്‍ അധികാരിയില്‍ നിന്നും സര്‍ട്ടിഫിക്കറ്റുമായി ഒന്‍പതിന് രാവിലെ 10ന് മുമ്പായി സ്‌കൂളില്‍ എത്തിചേരണം. മത്സരങ്ങളില്‍ വിജയിക്കുന്നവര്‍ക്ക് സമ്മാനമായി പുസ്തകങ്ങളും സര്‍ട്ടിഫിക്കറ്റും ലഭിക്കും. തിരുവനന്തപുരത്ത് ജൂലൈ 16ന് രാവിലെ നടക്കുന്ന സംസ്ഥാനതല ക്വിസ് മത്സരത്തില്‍ ജില്ലയില്‍ നിന്ന് ഒന്നും രണ്ടും സ്ഥാനങ്ങള്‍ ലഭിക്കുന്നവര്‍ക്ക് പങ്കെടുക്കാന്‍ അര്‍ഹത ഉണ്ടായിരിക്കുമെന്ന് പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ സെക്രട്ടറി സി.കെ നസീര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്; ഫോണ്‍ : 9446443964, 9544392785, 9847366228, 9446067025.
മസ്റ്റര്‍ ചെയ്യണം
കേരള കളള് വ്യവസായ തൊഴിലാളി ക്ഷേമനിധിയില്‍ നിന്നും പിരിഞ്ഞ സേവന സോഫ്ട് വെയറില്‍ ഉള്‍പ്പെട്ട 2019 ഡിസംബര്‍ വരെയുളള ഗുണഭോക്താക്കള്‍ക്ക് 2020 ജനുവരി മുതലുള്ള പെന്‍ഷന്‍ ലഭിക്കുന്നതിന് വില്ലേജ് ഓഫീസര്‍/ഗസറ്റഡ് ഓഫീസര്‍/ ജില്ല വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍/ അംഗീകൃത ട്രേഡ് യൂണിയന്‍ സെക്രട്ടറി/ യൂണിയന്‍ പ്രസിഡന്റ് എന്നിവര്‍ നല്‍കുന്ന ലൈഫ് സര്‍ട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്ത് മസ്റ്റര്‍ ചെയ്യുന്നതിനുള്ള അവസരം ജൂലൈ ഒന്നു മുതല്‍ 11 വരെ ഉണ്ടായിരിക്കുമെന്ന് പത്തനംതിട്ട കളള് വ്യവസായ തൊഴിലാളി ക്ഷേമനിധി വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ അറിയിച്ചു. ഫോണ്‍ : 04692 603074.