Input your search keywords and press Enter.

പാലക്കാട് ജില്ലാ അറിയിപ്പുകള്‍

 

ജില്ലാ പഞ്ചായത്ത് സ്പെഷ്യല്‍ ക്യാമ്പയിന്‍


കുടില്‍ വ്യവസായം സംരക്ഷിക്കും; ബന്ധപ്പെട്ട സഹകരണ സംഘങ്ങള്‍ പരിപോഷിപ്പിക്കും

കുട്ട, മുറം, ചൂരല്‍ ഉപകരണങ്ങള്‍ ഉള്‍പ്പെട്ട പ്രാദേശിക കുടില്‍ വ്യവസായങ്ങള്‍ ചെയ്യുന്നവരെ സഹായിക്കാന്‍ ജില്ലാ പഞ്ചായത്തിന്റെ ഭാഗത്ത് നിന്ന് എല്ലാവിധ ഇടപെടലുകളുമുണ്ടാകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍. ഇതുമായി ബന്ധപ്പെട്ട സഹകരണ സംഘങ്ങളേയും പരിപോഷിപ്പിക്കും. കുടില്‍ വ്യവസായങ്ങള്‍ക്ക് ജില്ലാ പഞ്ചായത്ത് എല്ലാ കാലങ്ങളിലും നല്ല പ്രാധാന്യമാണ് നല്‍കിയിട്ടുള്ളത്. നിലവിലുള്ള കുടില്‍ വ്യവസായ സംരംഭങ്ങളെ മികച്ചതാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

 
കരിമ്പുഴക്ക് ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്തിന്റെ ആദരം

തൊഴിലുറപ്പ് പദ്ധതി വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ തുക ചിലവഴിച്ചതിനും ഏറ്റവും കൂടുതല്‍ തൊഴിലാളികള്‍ക്ക് 100 തൊഴില്‍ ദിനങ്ങള്‍ നല്‍കിയതിനും കരിമ്പുഴ ഗ്രാമ പഞ്ചായത്തിന് ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്തിന്റെ ആദരം. 2021 – 22 സാമ്പത്തിക വര്‍ഷത്തില്‍ തൊഴിലുറപ്പ് പദ്ധതി വിഭാഗത്തില്‍ 8.6 കോടി രൂപയാണ് പഞ്ചായത്ത് ചെലവഴിച്ചത്. 696 കുടുംബങ്ങള്‍ക്ക് 100 തൊഴില്‍ദിനങ്ങള്‍ നല്‍കി. കൂടാതെ വ്യക്തിഗത ആനുകൂല്യങ്ങള്‍ നല്‍കുന്നതിലും പഞ്ചായത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബ്ലോക്ക് പരിധിയില്‍ ഏറ്റവും കൂടുതല്‍ പദ്ധതി വിഹിതം ചിലവഴിച്ച പഞ്ചായത്ത് എന്ന നേട്ടം കരിമ്പുഴക്കാണ്. ജില്ലയില്‍ പത്താം സ്ഥാനം നേടാനും പഞ്ചായത്തിന് കഴിഞ്ഞു.

ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് സ്വരാജ് ട്രോഫി, മഹാത്മാ പുരസ്‌കാരങ്ങള്‍ നേടിയ പഞ്ചായത്തുകളെയും 2021 – 22 സാമ്പത്തിക വര്‍ഷത്തില്‍ തൊഴിലുറപ്പ് പദ്ധതിയുടെ വിവിധ മേഖലകളില്‍  മികവ് തെളിയിച്ച പഞ്ചായത്തുകളെയും ആദരിക്കുന്നതിനായി സംഘടിപ്പിച്ച ആദരായനം പരിപാടിയുടെ ഭാഗമായാണ് കരിമ്പുഴ പഞ്ചായത്തിന് പുരസ്‌കാരം ലഭിച്ചത്. അനുമോദന യോഗം മുന്‍തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി പാലോളി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത ജോസഫ് അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാരായ ഉമ്മര്‍ കുന്നത്ത്, സി.രാജിക, പി.ജയശ്രീ, കെ. ജയലക്ഷ്മി, പി ശാസ്തകുമാര്‍, പ്രേമലത, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. സെയ്താലി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ വി.കെ.രാധിക, സുമിത, പി.സുബ്രഹ്മണ്യന്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജി. വരുണ്‍ എന്നിവര്‍ സംസാരിച്ചു.

 
മഞ്ഞപ്പിത്തം: ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

മഴക്കാലം പരിഗണിച്ച് മഞ്ഞപിത്ത രോഗത്തിനെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഹെപ്പറ്റൈറ്റീസ് – എ അഥവാ മഞ്ഞപ്പിത്തം കരളിനെ ബാധിക്കുന്ന ഒരു രോഗമാണ്. രോഗം പെട്ടന്ന് തന്നെ മറ്റുളളവരിലേക്ക് പകരുന്നു. ഹെപ്പറ്റൈറ്റീസ് – എ വൈറസ് കാരണമാണ് മഞ്ഞപ്പിത്തം ഉണ്ടാകുന്നത്. ശരീരത്തില്‍ വൈറസ് പ്രവര്‍ത്തിക്കുന്നത് മൂലം കരളിലെ കോശങ്ങള്‍ നശിക്കുകയും കരളിന്റെ പ്രവര്‍ത്തനം തകരാറിലാവുകയും ചെയ്യും. മഞ്ഞ നിറത്തിലുളള ബിലിറൂബിന്റെ അംശം രക്തത്തില്‍ കൂടുകയും മഞ്ഞപ്പിത്തത്തിലേയ്ക്ക് നയിക്കുകയും ചെയ്യുന്നു. പനി, ക്ഷീണം, വിശപ്പില്ലായ്മ, വയറിളക്കം, മഞ്ഞ നിറത്തിലുളള മൂത്രം, ചര്‍മ്മത്തിലും കണ്ണിലും മഞ്ഞനിറം, ഇരുണ്ട നിറത്തിലുളള മലം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. രോഗബാധിതനായ ഒരാളുടെ മലം മലിനമായ ജലത്തിലൂടെയും ആഹാരത്തിലൂടെയും രോഗിയുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നതിലൂടെയും രോഗം പകരുന്നത്. ലക്ഷണങ്ങള്‍ നോക്കിയും ലാബ് പരിശോധനയിലൂടെയും മഞ്ഞപ്പിത്തരോഗം സ്ഥിരീകരിക്കാം. സാധാരണഗതിയില്‍ ഒരാഴ്ചകൊണ്ട് രോഗം മാറും. വളരെ കുറച്ച് വ്യക്തികള്‍ക്ക് മാത്രമെ ആശുപത്രിയില്‍ പ്രവേശിച്ചുളള ചികിത്സ ആവശ്യമായി വരികയുള്ളൂ.

പ്രതിരോധമാര്‍ഗ്ഗങ്ങള്‍

പൊതുസ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജ്ജനം നടത്താതിരിക്കുക.

കുട്ടികളുടെ മലം തുറസ്സായ സ്ഥലം, കുളിമുറി, വാഷ് ബെയിസിന്‍ എന്നിവിടങ്ങളില്‍  ഉപേക്ഷിക്കാതെ കക്കൂസില്‍ മാത്രം സംസ്‌ക്കരിക്കുക.

ഛര്‍ദ്ദി ഉണ്ടെങ്കില്‍ കക്കൂസില്‍ തന്നെ നിര്‍മ്മാര്‍ജ്ജനം ചെയ്യുക.

കുടിവെള്ള സ്രോതസ്സുകള്‍ സൂപ്പര്‍ ക്ലോറിനേറ്റ് ചെയ്യുക.(1000 ലിറ്റര്‍ വെള്ളത്തിന് (ഒരു റിംഗ്) 5 ഗ്രാം ബ്ലീച്ചിംഗ് പൗഡര്‍ എന്ന അനുപാതത്തില്‍)

ഭക്ഷണം പാകം ചെയ്യുന്നതിനും കഴിക്കുതിനും മുമ്പും മലമൂത്ര വിസര്‍ജ്ജനത്തിന് ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് 20 സെക്കന്റ് കഴുകി അണുവിമുക്തമാക്കുക.

ഭക്ഷണ പദാര്‍ത്ഥങ്ങള്‍ മൂടിവെയ്ക്കുക.

തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാനും ഭക്ഷണം പാകം ചെയ്യാനും ഉപയോഗിക്കുക.

തിളപ്പിച്ചാറിയ വെള്ളത്തില്‍ പച്ചവെളളം കലര്‍ത്തി ഉപയോഗിക്കാതിരിക്കുക.

രോഗബാധിതരായവര്‍ ഭക്ഷണം പാകം ചെയ്യാതിരിക്കുക

രോഗ ലക്ഷണങ്ങളുള്ളവര്‍ മറ്റുള്ളവരുമായി ഇടപഴകാതിരിക്കുക, ഭക്ഷണം പങ്കു വയ്ക്കാതിരിക്കുക.

രോഗി ഉപയോഗിച്ച  പാത്രങ്ങള്‍, തുണി എന്നിവ മറ്റുളളവര്‍ ഉപയോഗിക്കാതിരിക്കുക.

രോഗി ഉപയോഗിച്ച വസ്തുക്കള്‍ ശാസ്ത്രീയമായി സംസ്‌ക്കരിക്കുകയും പുനഃരുപയോഗമുളള തുണി, പാത്രങ്ങള്‍ എന്നിവ അണുനശീകരണം നടത്തിയതിന് ശേഷം  ഉപയോഗിക്കുകയും ചെയ്യുക.

മഞ്ഞപിത്തത്താല്‍ ഉണ്ടാവുന്ന പനി മാറുതിന് ഡോക്ടറുടെ നിര്‍ദ്ദേശമില്ലാതെ പാരസെറ്റമോള്‍ ഗുളിക കഴിക്കാതിരിക്കുക.

സര്‍ക്കാര്‍ അംഗീകാരമില്ലാത്ത ഒറ്റമൂലി ചികിത്സാ കേന്ദ്രങ്ങളില്‍ നിന്നും ചികിത്സ സ്വീകരിക്കാതിരിക്കുക.

ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ ചികിത്സ തേടുക. സ്വയം ചികിത്സ പാടില്ല. പരിശോധനയും ചികിത്സയും സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യമാണ്.

 
പാലക്കാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പെയ്ഡ് അപ്രന്റീസ്ഷിപ്പ് ഒഴിവ്; അപേക്ഷ ജൂലൈ 15 വരെ

പാലക്കാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ആറുമാസത്തെ പെയ്ഡ് അപ്രന്റീസ്ഷിപ്പ് ഒഴിവിലേക്ക് അപേക്ഷിക്കാം. ജേണലിസം, പബ്ലിക് റിലേഷന്‍സ് എന്നിവയില്‍ ഏതിലെങ്കിലും പ്രധാന വിഷയമായി എടുത്ത് അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദം, ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദവും അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് ജേണലിസം, പബ്ലിക് റിലേഷന്‍സ് എന്നീ വിഷയങ്ങളില്‍ ഏതിലെങ്കിലും പി.ജി ഡിപ്ലോമയോ നേടിയവര്‍ക്ക് അപേക്ഷിക്കാം. 2020 – 21, 2022 – 23 വര്‍ഷങ്ങളില്‍ കോഴ്സ് പാസായവരായിരിക്കണം. പ്രതിമാസ സ്‌റ്റൈപെന്‍ഡ് 8000 രൂപ ലഭിക്കും. അപേക്ഷകര്‍ അപേക്ഷ, യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, ബയോഡാറ്റ എന്നിവ സഹിതം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, പാലക്കാട്, 679 001 വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ ജൂലൈ 15 ന് വൈകിട്ട് അഞ്ചിനകം അപേക്ഷ നല്‍കണം. തപാലില്‍ അയക്കുമ്പോള്‍ കവറിന് പുറത്ത് അപ്രന്റീസ്ഷിപ്പ് 2022 എന്ന് എഴുതണം. യോഗ്യരായവരില്‍ നിന്നും തിരഞ്ഞെടുപ്പ് നടത്തി അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം. ഫോണ്‍: 0491 2505329

സ്മോള്‍ ഹൈഡ്രോ കമ്പനിയില്‍ ഡ്രൈവര്‍ നിയമനം

ജില്ലാ പഞ്ചായത്തിന് കീഴിലെ പാലക്കാട് സ്മോള്‍ ഹൈഡ്രോ കമ്പനിയില്‍ ഡ്രൈവര്‍ തസ്തികയിലേക്ക് ഏഴാം ക്ലാസ് പഠിച്ച ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായം 30 നും 50 നും മദ്ധ്യേ. അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം അഭികാമ്യം. അപേക്ഷകള്‍ ബയോഡാറ്റ സഹിതം ജൂലൈ 11 നകം കമ്പനി സെക്രട്ടറി, പാലക്കാട് സ്മോള്‍ ഹൈഡ്രോ കമ്പനി ലിമിറ്റഡ്, ജില്ലാ പഞ്ചായത്ത് ബില്‍ഡിംഗ്, പാലക്കാട് വിലാസത്തില്‍ നല്‍കണം. ജില്ലയിലുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കുമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0491 2505504

അപേക്ഷ ക്ഷണിച്ചു

മലമ്പുഴ ഗവ. ആശ്രമം മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പ്ലസ് വണ്‍ ഹ്യൂമാനിറ്റീസ് കോഴ്സില്‍ പ്രവേശനം നേടുന്നതിന് കാടാര്‍, കുറുമ്പര്‍, കാട്ടുനായ്ക്കര്‍ വിഭാഗക്കാരായ വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രവേശനത്തിനുള്ള അപേക്ഷകള്‍ പാലക്കാട് ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസ്, മലമ്പുഴ ആശ്രമം സ്‌കൂള്‍, അട്ടപ്പാടി ഐ.റ്റി.ഡി.പി ഓഫീസ്, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളില്‍ സൗജന്യമായി ലഭിക്കും. പ്രവേശനത്തിന് വെയിറ്റേജ് ലഭിക്കാന്‍ അര്‍ഹതയുള്ള ഇനങ്ങളില്‍ ലഭിച്ച സര്‍ട്ടിഫിക്കറ്റ്, എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ അപേക്ഷയോടൊപ്പം നല്‍കണം. യോഗ്യതാ- ജാതി സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പും പ്രവേശന സമയത്ത് നല്‍കണമെന്ന് സീനിയര്‍ സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0491 2815894

 
സീറ്റൊഴിവ്

തോലനൂര്‍ ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ രണ്ടാം വര്‍ഷം ബി.എ ഇംഗ്ലീഷ്(ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍ മൂന്നാം സെമസ്റ്റര്‍) ഓപ്പണ്‍ വിഭാഗത്തില്‍ (2021  22 അഡ്മിഷന്‍) ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ ബന്ധപ്പെട്ട രേഖകളുമായി ജൂലൈ എട്ടിനകം കോളേജ് ഓഫീസില്‍ അപേക്ഷ നല്‍കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

മത്സ്യ തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യ പി.എസ്.സി പരിശീലനം

സംസ്ഥാന ഫിഷറീസ് വകുപ്പ് മുഖേന മത്സ്യ തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യ പി.എസ്.സി പരീക്ഷാ പരിശീലനം നല്‍കുന്നു. അപേക്ഷകള്‍ ജൂലൈ 16 നകം ജില്ലാ ഫിഷറീസ് ഓഫീസില്‍ നല്‍കണം. ബിരുദതലത്തില്‍ 50 ശതമാനം മാര്‍ക്കോടെ വിജയിച്ച മത്സ്യ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത അംഗങ്ങളുടെ മക്കള്‍ക്ക് അപേക്ഷിക്കാം. പരിശീലന ചെലവ് സര്‍ക്കാര്‍ വഹിക്കും. ഒരു വിദ്യാര്‍ഥിക്ക് ഒരു തവണ മാത്രമേ ആനുകൂല്യത്തിന് അര്‍ഹതയുണ്ടാകൂ. അപേക്ഷാഫോറവും വിശദവിവരങ്ങളും ജില്ലാ ഫിഷറീസ് ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0491 2815245

മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യ ഐ.ടി.ഐ/എന്‍.ഐ.ടി എന്‍ട്രന്‍സ് പരിശീലനം

സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യമായി ഐ.ടി.ഐ/എന്‍.ഐ.ടി എന്‍ട്രന്‍സ് പരിശീലനം നല്‍കുന്നു. ഒരു വര്‍ഷത്തേക്കാണ് പരിശീലനം. ഹയര്‍സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി തലത്തില്‍ ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങള്‍ക്ക് 85 ശതമാനം മാര്‍ക്കോടെ വിജയിച്ചതോ മുന്‍വര്‍ഷം നടത്തിയ നീറ്റ് പരീക്ഷയില്‍ 40 ശതമാനം മാര്‍ക്ക് ലഭിച്ചവരോ ആയ മത്സ്യതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് അപേക്ഷിക്കാം. ഒരു വിദ്യാര്‍ത്ഥിക്ക് ഒരു തവണ മാത്രമേ അപേക്ഷിക്കാനാവൂ. അപേക്ഷാ ഫോറവും വിശദ വിവരങ്ങളും ജില്ലാ ഫിഷറീസ് ഓഫീസില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ജൂലൈ 16 നകം ജില്ലാ ഫിഷറീസ് ഓഫീസില്‍ നല്‍കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0491 2815245

 
എന്‍.പി.സി.സി.എച്ച്.എച്ച് ജില്ലാതല യോഗം ഇന്ന്

നാഷണല്‍ പ്രോഗ്രാം ഓണ്‍ ക്ലൈമറ്റ് ചേഞ്ച് ആന്‍ഡ് ഹ്യൂമന്‍ ഹെല്‍ത്തിന്റെ(എന്‍.പി.സി.സി.എച്ച്.എച്ച്) ജില്ലാതല യോഗം ഇന്ന്(ജൂലൈ ആറ്) വൈകിട്ട് 3.30 ന് ഓണ്‍ലൈനായി ചേരുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

തൊഴിലധിഷ്ഠിത കോഴ്സ് പ്രവേശനം

വഴുതക്കാട് കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഡ്വാന്‍സ് ഡിപ്ലോമ ഇന്‍ മീഡിയ ഡിസൈനിങ് ആന്‍ഡ് ഡിജിറ്റല്‍ ഫിലിം മേക്കിംഗ്, ഡിപ്ലോമ ഇന്‍ ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ – ഗാഡ്ജറ്റ് ടെക്നോളജി, ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്, വെബ്ബ് ഡിസൈന്‍ ആന്‍ഡ് ഡെവലപ്മെന്റ്സ്, ഡിപ്ലോമ ഇന്‍ ഇന്ത്യന്‍ ആന്‍ഡ് ഫോറിന്‍ അക്കൗണ്ടിംഗ്, സോഫ്‌റ്റ്വെയര്‍ ടെസ്റ്റിംഗ്, മൊബൈല്‍ ഫോണ്‍ ടെക്നോളജി, എ.സി ആന്‍ഡ് റഫ്രിജറേഷന്‍, സൈബര്‍ സെക്യൂരിറ്റി, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എന്നിവയാണ് കോഴ്സുകള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്  കെല്‍ട്രോണ്‍ നോളജ് സെന്റര്‍, രണ്ടാം നില, ചെമ്പിക്കലം ബില്‍ഡിംഗ്, ബേക്കറി-വിമന്‍സ് കോളേജ് റോഡ്, വഴുതക്കാട് പി.ഒ, തിരുവനന്തപുരം വിലാസത്തിലോ 8590605260, 0471 2325154 ലോ ബന്ധപ്പെടണം.

കെല്‍ട്രോണില്‍ മാധ്യമ പഠനം; അപേക്ഷ ക്ഷണിച്ചു

കെല്‍ട്രോണ്‍ ഡിജിറ്റല്‍ മീഡിയ ജേണലിസം, ടെലിവിഷന്‍ ജേണലിസം, മൊബൈല്‍ ജേണലിസം കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത ബിരുദം. അവസാന വര്‍ഷ പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. പ്രായപരിധി 30 വയസ്സ്. തിരുവനന്തപുരം, കോഴിക്കോട് നോളജ് സെന്ററുകളിലാണ് പരിശീലനം. ജൂലൈ 15 വരെ അപേക്ഷിക്കാം. പഠനസമയത്ത് പരിശീലനം, പ്ലേസ്മെന്റ്, ഇന്റേണ്‍ഷിപ്പ് എന്നിവ ലഭിക്കും. അപേക്ഷാ ഫോമിനും വിശദ വിവരങ്ങള്‍ക്കും ഫോണ്‍: 9544958182

സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റണം

2019 ഏപ്രിലില്‍ മേഴ്സി ചാന്‍സ് ഡിപ്ലോമ പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികളുടെ അസല്‍ ഡിപ്ലോമ സര്‍ട്ടിഫിക്കറ്റുകള്‍, അസല്‍ ഡിപ്ലോമ മാര്‍ക്ക് ലിസ്റ്റുകള്‍ പാലക്കാട് ഗവ. പോളിടെക്നിക് കോളേജില്‍ ലഭ്യമാണ്. വിദ്യാര്‍ത്ഥികള്‍ കോളേജിലെ ഭരണനിര്‍വഹണ വിഭാഗം ഡി 2 സെക്ഷനില്‍(പരീക്ഷ സെക്ഷന്‍) പരീക്ഷാ ഹാള്‍ ടിക്കറ്റ് സഹിതം എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0491 2572640

അധ്യാപക നിയമനം

ബെമ്മണ്ണൂര്‍ ഗവ. ഹൈസ്‌കൂളില്‍ എച്ച്.എസ്.ടി(ഇംഗ്ലീഷ്, ഹിന്ദി), യു.പി.എസ്.ടി തസ്തികകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഇന്ന്(ജൂലൈ ആറ്) രാവിലെ 10.30 ന് കൂടിക്കാഴ്ചക്ക് എത്തണമെന്ന് പ്രധാനാധ്യാപിക അറിയിച്ചു. ഫോണ്‍: 04922 217160

 
തൊഴില്‍ മേള എട്ടിന്

എംപ്ലോയബിലിറ്റി സെന്റര്‍, ജില്ലാ എംപ്ലോയ്മെന്റ് എക്ചേഞ്ച് എന്നിവയുടെ ആഭിമുഖ്യത്തില്‍ സ്വകാര്യമേഖലാ സ്ഥാപനങ്ങളിലെ ഒഴിവുകള്‍ നികത്തുന്നതിന് ജൂലൈ എട്ടിന് തൊഴില്‍മേള നടത്തുന്നു. എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമാണ് മേളയില്‍ പ്രവേശനം. ജൂലൈ ആറ്, ഏഴ് തീയതികളിലായി എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്യുന്നതിന് ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും വണ്‍ടൈം രജിസ്ട്രേഷന്‍ ഫീസായി 250 രൂപയും ബയോഡാറ്റയും സഹിതം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ട് എത്തണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. മുമ്പ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ രശീതി, ബയോഡാറ്റയുടെ മൂന്ന് പകര്‍പ്പുകള്‍ നല്‍കിയാല്‍ മതിയാകും. ഫോണ്‍: 0491 2505204

error: Content is protected !!