Input your search keywords and press Enter.

ഇലന്തൂര്‍ പഞ്ചായത്തിലെ റോഡുകള്‍ നവീകരിച്ചു

ഇലന്തൂര്‍ പഞ്ചായത്തിലെ റോഡുകള്‍ നവീകരിച്ചു (പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി മാത്യു)

ഇലന്തൂര്‍ ഗ്രാമ പഞ്ചായത്തിലെ റോഡുകളുടെ റീടാറിംഗ്, കോണ്‍ക്രീറ്റ്, കലുങ്ക് കെട്ട് തുടങ്ങിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി. ഇലന്തൂര്‍ ചന്ത നവീകരിക്കും. ചന്തയില്‍ കെട്ടിടം പുതുക്കി പണിത ശേഷം കച്ചവടത്തിനായി തുറന്നു നല്‍കും. ഇലന്തൂരിലെ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി മാത്യു സംസാരിക്കുന്നു:

ശുചിത്വം
പഞ്ചായത്തിന് ഒരു മിനി എംസിഎഫ് ഉണ്ട്. ഇവിടെ നിന്നുമുള്ള മാലിന്യങ്ങള്‍ ശേഖരിക്കുന്ന വലിയ എംസിഎഫിന്റെ വിപുലീകരണം നടത്തും. മാലിന്യ നിക്ഷേപത്തിന് സ്ഥലം ഉണ്ടെങ്കിലും ചില ആളുകള്‍ എംസിഎഫിന്റെ സമീപങ്ങളില്‍ നിക്ഷേപിച്ച് പോകുന്നുണ്ട്. ഇവരില്‍ നിന്ന് പിഴ ഈടക്കും. അതുപോലെ ജൈവ, അജൈവ മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്‌കരിക്കുന്നതിനുള്ള തുമ്പൂര്‍മുഴി പദ്ധതി വിപുലമാക്കും.

കുന്നത്തുചിറ കുളം നവീകരണം
പഞ്ചായത്തിലെ ജനങ്ങള്‍ക്ക് ഒഴിവു സമയം വിനിയോഗിക്കാന്‍ കഴിയുന്ന കുന്നത്തുചിറ കുളം നവീകരിക്കുന്നത് പരിഗണനയിലുണ്ട്. കുളത്തിനു ചുറ്റും ബഞ്ചുകളും വഴി വിളക്കുകളും സ്ഥാപിക്കും.

കൃഷി
പഞ്ചായത്ത് പ്രദേശം മലയോര മേഖലയാണെങ്കിലും പലതരം കൃഷികള്‍ ചെയ്യുന്നുണ്ട്. ഇവിടുത്തെ പ്രധാന പ്രശ്നം പന്നി ശല്യമാണ്. അത് വനം വകുപ്പിനെ അറിയിച്ചിട്ടുണ്ട്. കൃഷി ഓഫീസ് വഴി പന്നി ശല്യം തടയുന്നതിനുള്ള വേലി നിര്‍മിക്കുന്നതിനു വേണ്ട കാര്യങ്ങള്‍ ചെയ്യാനുള്ള പദ്ധതി പരിഗണനയിലുണ്ട്.

കുടിവെള്ളപ്രശ്നം
പഞ്ചായത്ത് നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് ശുദ്ധജലത്തിന്റെ ദൗര്‍ലഭ്യം. വേനല്‍ക്കാലത്ത് പഞ്ചായത്ത് മുഖേന കുടിവെള്ളം വിതരണം ചെയ്തു. ജലജീവന്‍ മിഷന്‍ വഴി പൈപ്പ് സ്ഥാപിക്കുന്ന പ്രവര്‍ത്തനം നടന്നു വരുന്നു.

കോവിഡ് കാലത്തെ പ്രവര്‍ത്തനങ്ങള്‍
പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കോവിഡ് മഹാമാരിയുടെ കാലത്ത് ആശാ വര്‍ക്കര്‍മാര്‍ കോവിഡ് രോഗികള്‍ക്ക് വേണ്ടതായ എല്ലാ സഹായങ്ങളും സൗകര്യങ്ങളും ചെയ്തു നല്‍കി. കോവിഡ് സമയത്ത് വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനായി ഫോണുകള്‍ നല്‍കാന്‍ പഞ്ചായത്ത് മുന്‍കൈ എടുത്തിരുന്നു.

error: Content is protected !!