ഭരണഘടനയെ അപമാനിച്ച് മന്ത്രി സജി ചെറിയാന്‍.ഇന്ത്യന്‍ ഭരണഘടനയ്‌ക്കെതിരെ വിവാദ പരാമര്‍ശവുമായി മന്ത്രി സജി ചെറിയാന്‍. ജനങ്ങളെ കൊളളയടിക്കാന്‍ പറ്റിയതാണ് ഇന്ത്യന്‍ ഭരണഘടനയെന്ന് മന്ത്രി പറഞ്ഞു. തൊഴിലാളികളെ ചൂഷണം ചെയ്യാന്‍ ഭരണഘടന സഹായിക്കുന്നു. തൊഴിലാളികള്‍ക്ക് ഭരണഘടന സംരക്ഷണം നല്‍കുന്നില്ലെന്നും സജി ചെറിയാന്‍ പറഞ്ഞു. സിപിഐ(എം) മല്ലപ്പള്ളി ഏരിയാ കമ്മറ്റിയുടെ ഫേസ്ബുക്ക് പേജിലൂടെ നടത്തിവരുന്ന പ്രതിവാര രാഷ്ട്രീയ നിരീക്ഷണം 100 വാരം പൂർത്തിയാക്കിയതിന്റെ അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ടാണ് 2 ദിവസം മുന്നേ സജി ചെറിയാന്‍ ഇങ്ങനെ പറഞ്ഞത് .
‘ഇന്ത്യയിലെ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ മനോഹരമായ ഭരണഘടനയാണ് ഇവിടെയുള്ളത്. ബ്രിട്ടീഷുകാര്‍ പറഞ്ഞുകൊടുത്ത ഒരു ഭരണഘടന ഇന്ത്യക്കാര്‍ എഴുതിയെടുക്കുന്നു. ജനങ്ങളെ ചൂഷണം ചെയ്യാന്‍ ഭരണഘടന സഹായിക്കുന്നു’. മന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ. കോടതികളേയും നീതിന്യായ വ്യവസ്ഥയേയും പ്രസംഗത്തില്‍ മന്ത്രി രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്.
ഭരണഘടനയില്‍ തൊട്ട് സത്യം ചെയ്ത് അധികാരത്തിലേറിയ മന്ത്രി ഭരണഘടനയെ പരസ്യമായി അധിക്ഷേപിക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്നാണ് പ്രതിപക്ഷത്തിന്റെ വിമര്‍ശനം. ഇന്നലെ സിപിഐഎം മല്ലപ്പള്ളി ഏരിയ കമ്മിറ്റിയുടെ പേജിലുള്‍പ്പെടെ സജി ചെറിയാന്റെ വിവാദപ്രസംഗം പങ്കുവച്ചിരുന്നു. എന്നാല്‍ പരാമര്‍ശങ്ങള്‍ വിവാദമായതോടെ ഈ വിഡിയോ നീക്കം ചെയ്യുകയായിരുന്നു.
സജി ചെറിയാനെ പുറത്താക്കണം; കെ സുധാകരൻ
മന്ത്രി സജി ചെറിയാൻ്റെ വിവാദ പ്രസ്താവനയിൽ സിപിഐഎം കേന്ദ്ര നേതൃത്വം പ്രതികരിക്കണമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എംപി. രാജ്യത്തിൻ്റെ അസ്ഥിത്വത്തെ ചോദ്യം ചെയ്യുകയാണ് സജി ചെറിയാൻ. ഭരണഘടനയിൽ വിശ്വാസമില്ലെങ്കിൽ എന്തിന് സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിയായി. ഭരണഘടനാവിരുദ്ധ പരാമർശത്തിൽ സീതാറാം യെച്ചൂരി മറുപടി പറയണമെന്നും സുധാകരൻ ആവശ്യപ്പെട്ടു
സജി ചെറിയാനെ മുഖ്യമന്ത്രി മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണം: കെ സുരേന്ദ്രന്‍
ഭരണഘടനയ്‌ക്കെതിരായ മന്ത്രി സജി ചെറിയാന്റെ പ്രസംഗം ഗുരുതരമായ സത്യപ്രതിഞ്ജാ ലംഘനമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സജി ചെറിയാനെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്ന് ബിജെപി ആവശ്യപ്പെടുന്നു. ഇന്ത്യന്‍ ഭരണഘടന ചൂഷണത്തിനുള്ള അവസരമൊരുക്കുന്നതാണെന്ന് പറഞ്ഞയാള്‍ക്ക് ഒരു നിമിഷം പോലും മന്ത്രി സ്ഥാനത്ത് തുടരാന്‍ അവകാശമില്ലെന്ന് സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഭരണഘടനയില്‍ തൊട്ട് സത്യപ്രതിഞ്ജ ചെയ്ത വ്യക്തിയാണ് സജി ചെറിയാന്‍. ഭരണഘടനയെ സംരക്ഷിക്കേണ്ട ചുമതലയുള്ളയാളാണ് മുഖ്യമന്ത്രി. കമ്മ്യൂണിസ്റ്റുകാരുടെ ഇന്ത്യന്‍ ഭരണഘടനയോടുള്ള അനാദരവാണ് സജി ചെറിയാന്റെ വാക്കുകളിലൂടെ പുറത്തു വന്നിരിക്കുന്നത്. കമ്മ്യൂണിസ്റ്റുകാരന്‍ മാത്രമല്ല കേരളത്തിന്റെ മുഖ്യമന്ത്രി കൂടിയാണ് താനെന്ന് പിണറായി വിജയന്‍ മനസിലാക്കണം.
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
ഭരണഘടനക്കെതിരെ പ്രസംഗിച്ച മന്ത്രി സജി ചെറിയാൻ രാജി വയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രാജി വച്ചില്ലെങ്കിൽ അദ്ദേഹത്തെ പുറത്താക്കണം. അതിന് സർക്കാർ തയാറായില്ലെങ്കിൽ മന്ത്രിക്കെതിരെ പ്രതിപക്ഷം നിയമ നടപടി സ്വീകരിക്കുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.
സത്യപ്രതിജ്ഞാ ലംഘനം ആണ് മന്ത്രി നടത്തിയത്. സത്യപ്രതിജ്ഞയോടെ കൂറ് കാണിക്കേണ്ട മന്ത്രി അത് ലംഘിച്ചു. അടിസ്ഥാനം ഇല്ലാത്തകാര്യങ്ങൾ ആണ് മന്ത്രി പറഞ്ഞത്. ഭരണഘടനാ ശിൽപികളെ അപമാനിക്കുന്നതാണ് മന്ത്രി നടത്തിയ പ്രസംഗം.ജനാധിപത്യം,മതേതരത്വം എന്നീ വാക്കുകളെ പോലും മന്ത്രി അപമാനിച്ചു. അത്രയും മോശമായാണ് മന്ത്രി പറഞ്ഞതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.