Input your search keywords and press Enter.

കൊല്ലം ജില്ലാ അറിയിപ്പുകള്‍

ഉപന്യാസരചനാ മത്സര വിജയികള്‍
വായന പക്ഷാചരണത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, പി. എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍, ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കോളേജ്തല ഉപന്യാസരചനാ മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. ഒന്നാം സ്ഥാനം അഹല്യ മനോജ് (എസ്.എന്‍ കോളേജ്, കൊല്ലം ), രണ്ടാം സ്ഥാനം അഞ്ജലി അനില്‍കുമാര്‍  (സെന്റ് സ്റ്റീഫന്‍സ് കോളേജ് ഉഴവൂര്‍),  മൂന്നാം സ്ഥാനം ആമിന ഷിഹാബും (ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല, പ•ന), ദര്‍ശന മധുവും (ചേര്‍ത്തല നൈപുണ്യ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ്) പങ്കിട്ടു. നിരൂപകനും എഴുത്തുകാരനുമായ ഡോ. ടി. കെ. സന്തോഷ് കുമാര്‍, കവിയും തിരക്കഥാകൃത്തുമായ ഗണേഷ് ഓലിക്കര എന്നിവരാണ് വിധി നിര്‍ണയം നടത്തിയത്. പുതുതലമുറ വായനയുടെ മൂല്യം തിരിച്ചറിയുന്നതിന്റെ അടയാളപ്പെടുത്തലാണ് ഉപന്യാസത്തിലൂടെ കാണാനായതെന്ന് വിധികര്‍ത്താക്കള്‍ വിലയിരുത്തി.

വ്യത്യസ്ത മേഖലകളിലേക്ക് തൊഴിലുറപ്പ് ദിനങ്ങള്‍
തൊഴിലുറപ്പ് പദ്ധതി : പ്രവര്‍ത്തന പുരോഗതി തൃപ്തികരം –  ജില്ലാ കലക്ടര്‍
ജലസംരക്ഷണം, അംഗന്‍വാടി നവീകരണം, ചെറുകിട വ്യവസായിക യൂണിറ്റ് കെട്ടിടം, ചിറപുനരുദ്ധാരണം, വനവത്കരണം തുടങ്ങിയ പ്രവര്‍ത്തികളും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമാകുമെന്ന് ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍.
വിവിധ പ്രവര്‍ത്തങ്ങളുടെ പുരോഗതി സ്ഥലസന്ദര്‍ശനം നടത്തി വിലയിരുത്തിയാണ് പദ്ധതി വിപുലീകരണത്തിന്റെ പുതുസാധ്യകള്‍ ഉറപ്പാക്കുന്നതിനുള്ള തീരുമാനം. മുഖത്തല ബ്ലോക്ക്-മയ്യനാട് ഗ്രാമപഞ്ചായത്തുകളിലായി നടന്നുവരുന്ന പ്രവര്‍ത്തനങ്ങളാണ് പരിശോധിച്ചത്.
പ്രവര്‍ത്തന പുരോഗതിയില്‍ സംതൃപ്തി അറിയിച്ചതിനൊപ്പം വ്യത്യസ്ത മേഖലകളിലേക്കുള്ള വിപുലീകരണ പ്രവര്‍ത്തനങ്ങളും വിശദീകരിച്ചു. ഉമയനല്ലൂര്‍ ചിറ അമൃത് സരോവര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച്  ജലസേചനത്തിനും, മത്സ്യ കൃഷിക്കുമായി ഉപയോഗിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനവുമായി ചേര്‍ന്ന് സംയുക്ത പദ്ധതി രൂപീകരിച്ചാകും പ്രവര്‍ത്തനം.
കൊട്ടിയം കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ഫാക്ടറിയുടെ പുരയിടത്തില്‍ വൃക്ഷത്തൈ നഴ്‌സറി ഒരുക്കും. റമ്പൂട്ടാന്‍, മാങ്ങ, കശുവണ്ടി തുടങ്ങി എട്ടുതരം വിളകളാണ് നഴ്‌സറിയില്‍ വികസിപ്പിച്ചെടുക്കുക. മയ്യനാട് പഞ്ചായത്തിലെ ചെറുകിട വ്യവസായ യൂണിറ്റിന് പുതിയ കെട്ടിടം നിര്‍മിക്കുന്നതും പദ്ധതിയില്‍ ഉള്‍പ്പെടുത്തും.
പദ്ധതികള്‍ സമയബന്ധിതമായി നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കണം. തൊഴിലുറപ്പ് തൊഴിലാളികള്‍ ചെയ്തുവരുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളും വിലയിരുത്തിയ ജില്ലാ കലക്ടര്‍ കൂടുതല്‍ വൈവിദ്ധ്യമാര്‍ന്ന ഇതര പ്രവര്‍ത്തനങ്ങളുടെ സാധ്യത പരിശോധിക്കുമെന്നും വ്യക്തമാക്കി.
മുഖത്തല ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ബി. യശോദ, മയ്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ജെ. ഷാഹിദ, വൈസ് പ്രസിഡന്റ് ജവാബ് റഹ്മാന്‍, എം.ജി.എന്‍.ആര്‍.ഇ.ജി.എസ് ജോയിന്റ് പ്രോഗ്രാം കോഡിനേറ്റര്‍ ജി. അനില്‍, നോഡല്‍ ഓഫീസര്‍ എച്ച്. സഫീര്‍, ജില്ലാ എന്‍ജിനീയര്‍ ഗീത സുദര്‍ശനന്‍, മുഖത്തല ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജോര്‍ജ് അലോഷ്യസ്, ജോയിന്റ് ബി.ഡി.ഒ രതികുമാരി, വി.ഇ.ഒ സുജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

ഇത്തിരി നേരം ഒത്തിരി കാര്യം; കുട്ടികളോടൊപ്പം ജില്ലാ കലക്ടര്‍
തൊഴിലുറപ്പ് പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തലിനിടെ കുട്ടികളോടൊപ്പം ചേര്‍ന്ന് ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍. മയ്യനാട് കിഴക്കേപടനിലം അങ്കണവാടിയിലെ കുരുന്നുകളോടൊപ്പമാണ് പുതിയ കെട്ടിടം വരുന്നതിന്റെ കൂടി സന്തോഷം പങ്കിട്ടത്.  പാട്ടുപാടിയും ചങ്ങാത്തം കൂടിയ ശേഷമാണ് ഇവിടുത്തെ സൗകര്യങ്ങള്‍ വിലയിരുത്തിയത്.
അങ്കണവാടിക്കായി പണികഴിപ്പിക്കുന്ന കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ എത്തിയതായിരുന്നു കലക്ടര്‍. നിലവില്‍ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലാണ് അങ്കണവാടി. എം.ജി.എന്‍.ആര്‍.ഇ.ജി.എസിന്റെയും സാമൂഹ്യ  നീതി  വകുപ്പിന്റെയും ജില്ലാ-ഗ്രാമപഞ്ചായത്തുകളുടെയും ആഭിമുഖ്യത്തില്‍ 13 ലക്ഷം രൂപ ചെലവഴിച്ചാണ് ശിശുസൗഹൃദ-ആധുനിക സൗകര്യങ്ങളോടുകൂടിയുള്ള കെട്ടിടം നിര്‍മിക്കുക. രണ്ടുമാസത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ശ്രമിക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു.

മിയവാക്കി മാതൃകയില്‍  പച്ചപ്പൊരുക്കി കരുനാഗപ്പള്ളി നഗരസഭ
പച്ചതുരുത്ത് പദ്ധതിയുടെ ഭാഗമായി മിയാവാക്കി വനമൊരുക്കി കരുനാഗപള്ളി നഗരസഭയിലെ തീരമേഖല. കരുനാഗപ്പള്ളി ഫിഷറീസ് സ്‌കൂളിലാണ് മരങ്ങള്‍ നട്ടുള്ള തുടക്കം. വംശനാശം സംഭവിച്ച കൊളവെട്ടി മരം ഉള്‍പ്പെടെ 300 മരങ്ങളാണ് നട്ടത്. തൊഴിലുറപ്പ് തൊഴിലാളികളാണ് മരങ്ങള്‍ നടാനുള്ള നിലം ഒരുക്കിയത്. നഗരസഭയുടെയും  വിദ്യാര്‍ഥികളുടെയും തൊഴിലുറപ്പ് തൊഴിലാളികളുടെയും മേല്‍നോട്ടത്തിലാണ് പരിചരണം.
അനവധി വര്‍ഷങ്ങളെടുത്ത് രൂപപ്പെടുന്ന സ്വാഭാവിക വനങ്ങളെ പരമാവധി 30 വര്‍ഷം കൊണ്ടു സൃഷ്ടിച്ചെടുക്കാമെന്ന ആശയമാണു മിയാവാക്കി വനങ്ങളിലൂടെ സാധ്യമാകുക. നഗരങ്ങള്‍ വനവത്കരിക്കുന്നതിനായി പ്രാദേശിക ആവാസ വ്യവസ്ഥയില്‍ വളരുന്ന വലുതും ചെറുതുമായ വൃക്ഷങ്ങളാണ് നട്ടുപിടിപ്പിക്കുന്നത്.
നഗരസഭയിലെ  തീരമേഖലയടക്കമുള്ള പ്രദേശങ്ങള്‍ പച്ചപ്പണിയിക്കാനുള്ള കൂട്ടായ പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കി വരുന്നതെന്ന് ചെയര്‍മാന്‍ കോട്ടയില്‍ രാജു പറഞ്ഞു.

സൗജന്യ തൊഴിലധിഷ്ഠിത പരിശീലനം
ഐ. എച്ച്. ആര്‍. ഡിയുടെ കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക്കിന്റെ ആഭിമുഖ്യത്തില്‍ എന്‍.യു.എല്‍.എം പ്രോജക്ടിന്റെ ഭാഗമായി  മൂന്നുമാസം ദൈര്‍ഘ്യമുള്ള അക്കൗണ്ടന്റ് എക്‌സിക്യൂട്ടീവ് (എന്‍.എസ്.ക്യു.എഫ് ലെവല്‍ നാല്) കോഴ്‌സിന് സൗജന്യ തൊഴിലധിഷ്ഠിത പരിശീലനം. 35 വയസ്സിന് താഴെയുള്ള മുന്‍സിപ്പാലിറ്റി/കോര്‍പ്പറേഷന്‍ പരിധിയില്‍ സ്ഥിരതാമസക്കാരായ പ്ലസ് ടു (കൊമേഴ്‌സ്)/കൊമേഴ്‌സ് ബിരുദം പാസായവര്‍ക്കും, ഒരു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്കും കോഴ്‌സിന് അപേക്ഷിക്കാം. അവസാന തീയതി  ജൂലൈ 13. ഫോണ്‍ – 9446684647,  9447488348.

അപേക്ഷ ക്ഷണിച്ചു
ഐ.എച്ച്.ആര്‍.ഡിയുടെ കരുനാഗപ്പള്ളി, അടൂര്‍, ചേര്‍ത്തല, എറണാകുളം, കല്ലൂപ്പാറ, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 6 എഞ്ചിനീയറിംഗ് കോളേജുകളിലേക്ക്  2022-23 അദ്ധ്യായന വര്‍ഷത്തില്‍  എന്‍.ആര്‍.ഐ  സീറ്റുകളിലേക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍  https://www.ihrdonline.org/ihrdnri    വെബ്‌സൈറ്റിലും കോളേജുകളുടെ വെബ്‌സൈറ്റ് വഴിയും (പ്രോസ്‌പെക്ട്‌സ് പ്രകാരം) ഓണ്‍ലൈനായി ജൂലൈ 25 വൈകിട്ട്  അഞ്ച് മണി വരെ സമര്‍പ്പിക്കാം.
ഓരോ കോളേജിലേയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷകള്‍ സമര്‍പ്പിക്കണം. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ്ഔട്ട്, നിര്‍ദിഷ്ട അനുബന്ധ രേഖകള്‍, 1000 രൂപയുടെ രജിസ്‌ട്രേഷന്‍ ഫീസ് ഓണ്‍ലൈനായോ/ പ്രിന്‍സിപ്പലിന്റെ പേരില്‍ മാറാവുന്ന ഡിമാന്റ് ഡ്രാഫ്റ്റ് എന്നിവ സഹിതം ജൂലൈ 29 വൈകിട്ട് അഞ്ച് മണിക്ക് മുന്‍പ്  അതാത് കോളേജില്‍ സമര്‍പ്പിക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് : കരുനാഗപ്പള്ളി (8547005036, 0476 2665935), അടൂര്‍ (8547005100), ചേര്‍ത്തല (8547005038, 0478 2553416), എറണാകുളം (8547005097, 0484 257370), ചെങ്ങന്നൂര്‍ (8547005032,0479 2454125), കല്ലൂപ്പാറ (8547005034, 0469 2677890) വെബ്‌സൈറ്റ്: www.ihrd.ac.in ഇ-മെയില്‍ : [email protected].

അപേക്ഷ ക്ഷണിച്ചു
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തില്‍ എസ്.ആര്‍.സി. കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ അംഗീകാരമുള്ള പ്രോഗ്രാമിന് ബിരുദമോ തത്തുല്യ യോഗ്യതയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഒരു വര്‍ഷമാണ് കാലാവധി.
അപേക്ഷയും വിശദവിവരങ്ങളും അടങ്ങിയ പ്രോസ്‌പെക്ടസ് എസ്.ആര്‍.സി ഓഫീസില്‍ നിന്നും അംഗീകൃത പഠന കേന്ദ്രത്തില്‍ നിന്നും ലഭിക്കും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 31. കൂടുതല്‍ വിവരങ്ങള്‍ക്ക് www.srccc.in  , ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍, നന്ദാവനം, വികാസ്ഭവന്‍ പി. ഒ, തിരുവനന്തപുരം 695033 ഫോണ്‍: 0471 2325101, 9846033001. ഇ-മെയില്‍  [email protected]

ദര്‍ഘാസ് ക്ഷണിച്ചു
കേരള മാരിടൈം ബോര്‍ഡ് കാര്യാലയം, എം.ടി മലബാര്‍, എം.ടി ധ്വനി ടഗ്ഗുകളിലേക്ക്  പെയിന്റുകളും അനുബന്ധ സാധനങ്ങളും വിതരണം ചെയ്യുന്നതിന് സീല്‍ ചെയ്ത  ദര്‍ഘാസ് ക്ഷണിച്ചു.  ജൂലൈ 26 ഉച്ചയ്ക്ക് ഒരു മണിക്കകം  നല്‍കണം. ഫോണ്‍ : 0474 2749789, 2743825, 9847017168.

കൊറ്റില്ലങ്ങളുടെ വാര്‍ഷിക കണക്കെടുപ്പ്
ജില്ലാ സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍, ഫാത്തിമ മാതാ നാഷനല്‍ കോളേജ്,  ബോര്‍ഡിങ് ബറ്റാലിയന്‍  എന്നിവയുടെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ കൊറ്റില്ലങ്ങളുടെ  വാര്‍ഷിക കണക്കെടുപ്പ്  നടത്തുന്നു. കൊക്ക്, കൊറ്റി എന്നീ ഇനങ്ങളിലെ നീര്‍ക്കാക്ക, എരണ്ട, തിരമുണ്ടി, ചിന്നമുണ്ടി, കാലിമുണ്ടി, പാതിരാക്കൊക്ക് മുതലായ പക്ഷികള്‍ മരങ്ങളില്‍ കൂടുക്കൂട്ടുന്നത് ശ്രദ്ധയില്‍ പെട്ടാല്‍  9961155459, 9544390602, 8547603705 എന്നീ നമ്പരുകളില്‍  അറിയിക്കണമെന്ന് റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു.

സമ്പൂര്‍ണ ഭരണഘടന സാക്ഷരത: പഞ്ചായത്ത്തല ഉദ്ഘാടനം
സമ്പൂര്‍ണ ഭരണഘടന സാക്ഷരതയുടെ പോരുവഴി പഞ്ചായത്ത് തല ഉദ്ഘാടനം കൊടിക്കുന്നില്‍ സുരേഷ് എം.പി നിര്‍വഹിച്ചു. പോരുവഴി സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു മംഗലത്ത് അധ്യക്ഷനായി. ഭരണഘടന ആമുഖം ബ്ലോക്ക് പ്രസിഡന്റ് അന്‍സര്‍ഷാഫി അനാച്ഛാദനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം പി.ശ്യാമളയമ്മ ആമുഖ പാരായണവും കരീപ്ര രാജേന്ദ്രന്‍ പദ്ധതി വിശദീകരണവും  നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് നസീറ ബീവി, സ്ഥിരംസമിതി അദ്ധ്യക്ഷരായ എസ്.ഷീജ, തുളസീധരന്‍ പിള്ള, രാജേഷ് വരവിള, ലതാ രവി, വിനു.ഐ.നായര്‍, പഞ്ചായത്ത് സെക്രട്ടറി പി.ജയപ്രകാശ് തുടങ്ങിയവര്‍ സംസാരിച്ചു.

അപേക്ഷ ക്ഷണിച്ചു
കെല്‍ട്രോണിന്റെ അടൂരിലെ നോളജ് സെന്ററില്‍ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഡി. സി.എ – ആറു  മാസം), വേഡ് പ്രോസസിംഗ് ആന്‍ഡ് ഡാറ്റാ എന്‍ട്രി (മൂന്ന്  മാസം), കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് (മൂന്ന് മാസം), ഇന്ത്യന്‍ ആന്‍ഡ് ഫോറിന്‍ അക്കൗണ്ടിംഗ്, ഫയര്‍ ആന്‍ഡ് സേഫ്റ്റി ലോജിസ്റ്റിക് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് എന്നീ കോഴ്‌സുകളിലേക്ക്  അപേക്ഷിക്കാം.
ഫോണ്‍- 8547632016. വിലാസം – ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ടവര്‍ ഇ- പാസ് ബില്‍ഡിംഗ്, ഗവ. ഹോസ്പിറ്റലിന് പുറകുവശം, അടൂര്‍.

ശുചിത്വ- സുന്ദരമാകാന്‍  ‘അഴകോടെ അലയമണ്‍’ ക്യാമ്പയിന്‍
അലയമണ്‍  ഗ്രാമപഞ്ചായത്തിനെ ശുചിത്വ-സുന്ദരമാക്കുന്നതിനായി ‘അഴകോടെ അലയമണ്‍’ ക്യാമ്പയിന്‍. പഞ്ചായത്തിനെ പൂര്‍ണമായും ഖരമാലിന്യമുക്തമാക്കുകയാണ് ലക്ഷ്യം. ഹരിതകര്‍മ്മ സേനാംഗങ്ങള്‍ മുഖേന വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള ഖരമാലിന്യങ്ങള്‍ യൂസര്‍ ഫീ ഈടാക്കി ശേഖരിക്കും. ശേഖരിക്കുന്ന പ്ലാസ്റ്റിക്- ഖരരമാലിന്യങ്ങള്‍ അതാത് വാര്‍ഡുകളില്‍ സ്ഥാപിച്ചിട്ടുള്ള മിനി എം.സി.എഫുകളില്‍ എത്തിക്കും. വേര്‍തിരിച്ചെടുക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ക്ലീന്‍ കേരള കമ്പനിക്ക് കൈമാറും. പ്ലാസ്റ്റിക് ശേഖരണത്തിലും യൂസര്‍ ഫീ കളക്ഷനിലും നൂറ് ശതമാനം പൂര്‍ത്തീകരിച്ച ജില്ലയിലെ ആദ്യ വാര്‍ഡ് അലയമണ്‍  പഞ്ചായത്തിലെ കടവറം നാലാം വാര്‍ഡാണ്. പഞ്ചായത്തിലെ മറ്റ് 13 വാര്‍ഡുകളെയും 75 ശതമാനത്തോളം പ്ലാസ്റ്റിക് മുക്തമാക്കിയിട്ടുണ്ട്. പഞ്ചായത്തിന്റെ മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി സെന്റര്‍ ഉടന്‍ തന്നെ പ്രവര്‍ത്തനം ആരംഭിക്കുമെന്നും പ്രസിഡന്റ് അസീന മനാഫ് പറഞ്ഞു.

അപ്രന്റീസ് മേള
ജില്ലയിലെ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലേക്ക് വിവിധ ട്രേഡുകളിലെ അപ്രന്റീസ് ട്രെയിനികളെ ആവശ്യമുള്ള പക്ഷം ജില്ലയിലെ  ആര്‍.ഐ.സെന്ററിന്റെ നേതൃത്വത്തില്‍ ജൂലൈ 11ന് ചന്ദനത്തോപ്പ് ഐ.ടി.ഐ ഓഡിറ്റോറിയത്തില്‍ നടത്തുന്ന  അപ്രന്റീസ് മേളയില്‍ സ്ഥാപനങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക്    [email protected][email protected]     ഫോണ്‍- 9495082488.

താല്‍ക്കാലിക നിയമനം
കുളത്തൂപ്പുഴ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം. ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ യോഗ്യതയുള്ള പട്ടികവര്‍ഗ്ഗ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ഡാറ്റാ എന്‍ട്രി, വിവിധ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സമര്‍പ്പിക്കല്‍, മലയാളം, ഇംഗ്ലീഷ് ടൈപ്പ് റൈറ്റിംഗ് (കെ.ജി.ടി.ഇ ടൈപ്പ് റൈറ്റിംഗ്) എന്നിവയില്‍ പരിജ്ഞാനം ഉള്ളവരായിരിക്കണം. പ്രതിമാസം 15,000 രൂപ നിരക്കില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം.
അപേക്ഷകള്‍ ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍, ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസ്, മിനി സിവില്‍ സ്റ്റേഷന്‍, രണ്ടാം നില, പുനലൂര്‍ 691305 വിലാസത്തില്‍ സമര്‍പ്പിക്കണം. അവസാന തീയതി ജൂലൈ 12. ഫോണ്‍ – 0475 222353.

ചുമതലയേറ്റു
കേരള കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോര്‍ഡിന്റെ പുതിയ ചെയര്‍മാനായി കെ. സുഭഗന്‍ ചുമതലയേറ്റു.

ക്വട്ടേഷന്‍ ക്ഷണിച്ചു
അരിപ്പയില്‍ പ്രവര്‍ത്തിക്കുന്ന കുളത്തൂപ്പുഴ എം.ആര്‍.എസിലെ വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ യൂണിഫോം, ബെഡ്ഷീറ്റ് എന്നിവ അലക്കി നല്‍കുന്നതിന് സ്ഥാപനങ്ങള്‍ /വ്യക്തികള്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ജൂലൈ 14 ന് ഉച്ചയ്ക്ക് രണ്ട് മണിക്കകം സമര്‍പ്പിക്കണം. ഫോണ്‍: 04752312020.

ക്വട്ടേഷന്‍ ക്ഷണിച്ചു
അരിപ്പയില്‍ പ്രവര്‍ത്തിക്കുന്ന കുളത്തൂപ്പുഴ എം.ആര്‍.എസിലെ വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ വ്യത്യസ്ത അളവിലുള്ള 300 രൂപയില്‍ അധികരിക്കാത്ത ചെരുപ്പുകള്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഓരോ അളവിലുള്ള ചെരുപ്പുകളുടെ വിലയും സ്ഥാപനത്തിന്റെ പേരും ക്വട്ടേഷനില്‍ രേഖപ്പെടുത്തണം. ജൂലൈ 14 ഉച്ചയ്ക്ക് 12 മണിക്കകം സമര്‍പ്പിക്കണം. ഫോണ്‍ : 04752312020.

ഭരണഘടനാ സാക്ഷരതാ ക്യാമ്പയിന്‍ സെക്യുലര്‍ ഫോറം ജില്ലാ തല യോഗം ചേര്‍ന്നു
ഭരണഘടനാ സാക്ഷരതാ ക്യാമ്പയിന്‍  സെക്കുലര്‍ ഫോറം ജില്ലാതല യോഗം ജില്ലാ ആസൂത്രണ സമിതി ചെയര്‍പേഴ്‌സണ്‍  സാം കെ. ഡാനിയലിന്റെ അദ്ധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു.
ജില്ലാ ആസൂത്രണ സമിതി അംഗങ്ങളും ജില്ലാ  പഞ്ചായത്ത്  അംഗങ്ങളും ചേര്‍ന്ന് ഭരണഘടന സാക്ഷരതാ പ്രവര്‍ത്തനം ത്വരിതപ്പെടുത്തണമെന്നാണ് യോഗതീരുമാനം. ഫീല്‍ഡുതല അവലോകന യോഗം അതാത് തദ്ദേശഭരണ സ്ഥാപന അദ്ധ്യക്ഷന്‍മാര്‍ നടത്തണം. പുരുഷപ്രാതിനിധ്യം ഉറപ്പാക്കണം. ജില്ലാ ആസൂത്രണ സമിതി അംഗങ്ങള്‍ക്ക് തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ചുമതല നല്‍കി.
വെള്ളിയാഴ്ചകളില്‍ ജില്ലാ ആസൂത്രണ സമിതി അംഗങ്ങളുടെ അദ്ധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെയും ബ്ലോക്ക്-ഗ്രാമപഞ്ചായത്തുകളുടെ അദ്ധ്യക്ഷ•ാരുടെയും, ഉദ്യോഗസ്ഥ•ാരുടെയും സാന്നിദ്ധ്യത്തില്‍ ബ്ലോക്ക്തലത്തില്‍ സഹോദര്യഫോറം അവലോകനം നടത്തും.  പഠനപ്രക്രിയ പൂര്‍ത്തിയാകുന്ന ഗ്രാമപഞ്ചായത്തുകളെ സമ്പൂര്‍ണ്ണ ഭരണഘടനാസാക്ഷരതയുള്ള പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികള്‍ ആസൂത്രണ സമിതിക്ക് സമര്‍പ്പിക്കണം എന്നും നിര്‍ദ്ദേശിച്ചു.
തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍,  കോര്‍പ്പറേഷന്‍ തല ഫോറങ്ങളുടെ കണ്‍വീനര്‍മാര്‍, സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!