Input your search keywords and press Enter.

കൃഷി പ്രോത്സാഹനത്തിന് വിവിധ പദ്ധതികള്‍ ഒരുക്കി നാരങ്ങാനം പഞ്ചായത്ത്

കൃഷി പ്രോത്സാഹനത്തിന് വിവിധ പദ്ധതികള്‍ ഒരുക്കി നാരങ്ങാനം പഞ്ചായത്ത്
(മിനി സോമരാജ് : നാരങ്ങാനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി സോമരാജ്)

കൃഷി പ്രോത്സാഹിപ്പിച്ച് കാര്‍ഷികോത്പാദനം വര്‍ധിപ്പിക്കുകയാണ് നാരങ്ങാനം ഗ്രാമപഞ്ചായത്തിന്റെ ലക്ഷ്യം. കൃഷിക്ക് മുന്‍തൂക്കം നല്‍കുന്ന പഞ്ചായത്തില്‍ പ്രധാനമായും തെങ്ങ്, പച്ചക്കറി, നെല്‍കൃഷികളാണ് ഉള്ളത്. കൃഷിക്കായി പ്രത്യേകം ഫണ്ടും നീക്കിവച്ചിട്ടുണ്ട്. നാളികേര കൃഷി വ്യാപകമാക്കുന്നതിനായി കേരഗ്രാമം പദ്ധതി പഞ്ചായത്തില്‍ നടപ്പാക്കി. ആവശ്യക്കാര്‍ക്ക് ഗ്രോ ബാഗില്‍ പച്ചക്കറി നിറച്ചു നല്‍കുന്നതിന് ഒരു യൂണിറ്റും പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കോവിഡ് കാലത്ത് ധാതുലവണ മിശ്രിതങ്ങളും കാലിത്തീറ്റയും സൗജന്യമായി വീടുകളില്‍ എത്തിച്ചിരുന്നു. പഞ്ചായത്തിലെ വികസന, ക്ഷേമ പ്രവര്‍ത്തനങ്ങളെക്കുറിച്ചു പ്രസിഡന്റ് മിനി സോമരാജ് സംസാരിക്കുന്നു.

കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് പദ്ധതി
കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് തോന്ന്യാമലയിലും അന്ത്യാളന്‍ കാവിലും ഓരോ കുടിവെള്ള പദ്ധതി 2024ലോടെ കൂടി നടപ്പാക്കും.

ആരോഗ്യം
സര്‍ക്കാര്‍ മാതൃകാ ഹോമിയോ ഡിസ്പെന്‍സറി പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു. മറ്റ് ആശ്രയം ഇല്ലാതെ വീടുകളില്‍ കഴിയുന്ന പ്രായമായവര്‍ക്കും കിടപ്പിലായ രോഗികള്‍ക്കും മരുന്ന് എത്തിക്കുന്നതിന് വാതില്‍പടി സേവനം പഞ്ചായത്ത് മുഖേന നടക്കുന്നുണ്ട്.

മറ്റ് പ്രവര്‍ത്തനങ്ങള്‍
അടിസ്ഥാന സൗകര്യ വികസനം പഞ്ചായത്ത് ലക്ഷ്യം വയ്ക്കുന്നു. ഭിന്നശേഷിക്കാര്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നുണ്ട്. ലൈഫ് പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കാന്‍ പഞ്ചായത്തിന് കഴിഞ്ഞു. പഞ്ചായത്തിലെ കുട്ടികള്‍ക്ക് പഠനോപകരണങ്ങളും സ്‌പോര്‍ട്‌സ് കിറ്റും വിതരണം ചെയ്തു. മാലിന്യശേഖരണത്തിനായി എല്ലാ വാര്‍ഡുകളിലും ഹരിതകര്‍മ സേന പ്രവര്‍ത്തിക്കുന്നുണ്ട്. വീടുകളില്‍ നിന്ന് ശേഖരിക്കുന്ന മാലിന്യങ്ങള്‍ മിനി എം സിഎഫില്‍ എത്തിക്കും.

ഭാവി പദ്ധതികള്‍
മലയും പാറയും നിറഞ്ഞ മടുക്കക്കുന്ന്, കക്കണ്ണി പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ടൂറിസം പദ്ധതികള്‍ വികസിപ്പിക്കുന്നത് പരിഗണനയിലുണ്ട്. ആധുനിക ശ്മാശാനവും, കുട്ടികള്‍ക്ക് കളിക്കാന്‍ ഉചിതമായ കളിസ്ഥലവും നിര്‍മിക്കാന്‍ പദ്ധതിയുണ്ട്.

error: Content is protected !!