വന്ധ്യതാ ചികിത്സാ രംഗത്തെ മികവുമായി പത്തനംതിട്ട സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറി
വന്ധ്യതാ ചികിത്സാ രംഗത്തെ മികവുമായി ഭാരതീയ ചികിത്സാ വകുപ്പിന്റെ പത്തനംതിട്ട സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറി മുന്നേറുന്നു. നാഷണല്‍ ആയുഷ് മിഷന്റെ സഹായത്തോടെ നടപ്പാക്കിയ വന്ധ്യതാ ചികിത്സാ കേന്ദ്രത്തിന് ഈ രംഗത്ത് ഫലപ്രദമായ ഇടപെടല്‍ നടത്താന്‍ സാധിച്ചതായി ഡിഎംഒ(ഐഎസ്എം) ഡോ. പി.എസ് ശ്രീകുമാര്‍ പറഞ്ഞു. 47 ദമ്പതികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു.
ജില്ലയിലെ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് ഭാരതീയ ചികിത്സാ വകുപ്പ് പകര്‍ച്ചവ്യാധി പ്രതിരോധ ക്യാമ്പുകള്‍ നടത്തി വരുകയാണ്. മഴക്കാല പൂര്‍വ രോഗങ്ങള്‍ക്ക് ഫലപ്രദമായ ആയുര്‍വേദ ചികിത്സ ലഭ്യമാക്കുന്നതിനൊപ്പം, പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും മുന്‍ഗണന നല്‍കി വരുന്നു.
ജില്ലയിലെ ബ്ലോക്കുകള്‍ കേന്ദ്രീകരിച്ച് നടപ്പാക്കിയ ആരോഗ്യമേളയില്‍ ഭാരതീയ ചികിത്സാ വകുപ്പിന്റെ മെഡിക്കല്‍ ക്യാമ്പ് ധാരാളം പേര്‍ക്ക് പ്രയോജനപ്പെട്ടു. അന്താരാഷ്ട്ര യോഗാദിനം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. നാഷണല്‍ ആയുഷ് മിഷന്റെ സഹകരണത്തോടെ എല്ലാ സര്‍ക്കാര്‍ ആയുര്‍വേദ സ്ഥാപനങ്ങളിലും സ്‌കൂളുകള്‍, കോളജുകള്‍, വായനശാലകള്‍, അംഗന്‍വാടികള്‍ എന്നിങ്ങനെ വിവിധ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചും യോഗാ പ്രദര്‍ശനം, യോഗയുടെ പ്രസക്തി ജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള ബോധവല്‍ക്കരണ പരിപാടികള്‍, ”മനുഷ്യത്വത്തിന് യോഗ” എന്ന യോഗാദിന സന്ദേശം മുന്‍നിര്‍ത്തിയുള്ള മികവാര്‍ന്ന പ്രവര്‍ത്തനം എന്നിവ നടത്താന്‍ കഴിഞ്ഞു.
മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍ ഒഴിവ്
വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ കോഴഞ്ചേരി കീഴുകരയില്‍ പ്രവര്‍ത്തിക്കുന്ന പത്തനംതിട്ട ഗവ. മഹിളാ മന്ദിരത്തില്‍ മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍ തസ്തികയില്‍ കരാര്‍ വ്യവസ്ഥയില്‍ പരമാവധി ഒരു വര്‍ഷത്തേക്ക് നിയമിക്കപ്പെടുന്നതിന് യോഗ്യരായവരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകര്‍ സേവന തത്പരരും ശാരീരികക്ഷമതയും സ്ഥാപനത്തില്‍ താമസിച്ചു ജോലി ചെയ്യുവാന്‍ സന്നദ്ധതുളളവരുമാവണം. പ്രവൃത്തി പരിചയം ഉളളവര്‍ക്ക് മുന്‍ഗണന. താത്പര്യമുളളവര്‍ വിദ്യാഭ്യാസ യോഗ്യതയും ജനന തീയതിയും തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം ജൂലൈ 19ന് രാവിലെ 11 ന് കോഴഞ്ചേരി കീഴുകരയിലെ ഗവ. മഹിളാ മന്ദിരത്തില്‍ നടക്കുന്ന കൂടികാഴ്ചയില്‍ പങ്കെടുക്കണം. പ്രായം 45 വയസ് കവിയാന്‍ പാടില്ല. വിദ്യാഭ്യാസ യോഗ്യത : ഏഴാം ക്ലാസ് വിജയം. ഫോണ്‍ : 0468 2310057, 0468 2960996
സൗജന്യ മത്സര പരീക്ഷാ പരിശീലനം
വിവിധ മത്സര പരീക്ഷകള്‍ക്ക് അപേക്ഷിച്ചിട്ടുള്ള പത്തനംതിട്ട ജില്ലയിലെ ഉദ്യോഗാര്‍ഥികള്‍ക്ക് പത്തനംതിട്ട ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നടത്തിവരുന്ന ഒരു മാസത്തെ സൗജന്യ മത്സര പരീക്ഷാ പരിശീലനം നല്‍കുന്നതിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ ജൂലൈ 22നകം രജിസ്റ്റര്‍ ചെയ്ത എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ അപേക്ഷ നല്‍കണം. ഫോണ്‍: 0468 2222745.
പുനര്‍ലേലം
പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ ഓഫീസ് പാര്‍ക്കിംഗ് ഏരിയ നിര്‍മ്മാണ സ്ഥലത്ത് നിന്നിരുന്ന തേക്ക് മരത്തിന്റെ ഏഴ് കഷണങ്ങളും വിറകും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ജൂലൈ 15ന് രാവിലെ 11ന് പരസ്യമായി ലേലം/ക്വട്ടേഷന്‍ നടത്തും. താത്പര്യമുള്ളവര്‍ അന്നേ ദിവസം രാവിലെ 11ന് മുമ്പായി നിരതദ്രവ്യമായ 1500 രൂപ ജില്ലാ പഞ്ചായത്ത് ഓഫീസില്‍ അടക്കണം. സീല്‍ ചെയ്ത ക്വട്ടേഷനുകള്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 15ന് രാവിലെ 11 വരെ. ഫോണ്‍ : 0468 2222198.
ക്വട്ടേഷന്‍
റാന്നി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസിന്റെ പരിധിയില്‍ വടശ്ശേരിക്കരയില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ അന്തേവാസികള്‍ക്ക് ഗുണനിലവാരമുള്ള 150 പുതപ്പുകള്‍, 150 തലയണ കവറോയോട് കൂടി ബെഡ്ഷീറ്റ്, 300 തോര്‍ത്തുകള്‍ എന്നിവ വിതരണം ചെയ്യുന്നതിനായി താല്‍പ്പര്യമുള്ള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 18ന് വൈകുന്നേരം മൂന്ന് വരെ. ക്വട്ടേഷനൊപ്പം സാമ്പിള്‍ ഹാജരാക്കണം. ഫോണ്‍ : 04735 227703.
ക്വട്ടേഷന്‍ വിജ്ഞാപനം
റാന്നി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസിന്റെ പരിധിയില്‍ ചിറ്റാര്‍, കടുമീന്‍ചിറ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രീമെട്രിക് ഹോസ്റ്റലുകളിലെ അന്തേവാസികള്‍ക്ക് ആവശ്യമുള്ള ഗുണനിലവാരമുള്ള 60 പുതപ്പുകള്‍, 60 തലയണ കവറോയോട് കൂടി ബെഡ്ഷീറ്റ്, 120 തോര്‍ത്തുകള്‍ എന്നിവ വിതരണം ചെയ്യുന്നതിനായി താല്‍പ്പര്യമുള്ള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 18ന് വൈകുന്നേരം നാലു വരെ. ക്വട്ടേഷനൊപ്പം സാമ്പിള്‍ ഹാജരാക്കണം. ഫോണ്‍ : 04735 227703.
ജെന്‍ഡര്‍ സെന്‍സിറ്റൈസേഷന്‍ പരിശീലനം സംഘടിപ്പിച്ചു
കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്സണ്‍മാര്‍ക്കായി ജില്ലാമിഷന്റെ നേതൃത്വത്തില്‍ ജെന്‍ഡര്‍ സെന്‍സിറ്റൈസേഷന്‍ പരിശീലനം സംഘടിപ്പിച്ചു. മലയാലപ്പുഴ സെന്ററില്‍ നടന്ന പരിശീലനത്തില്‍ വിവിധ ബ്ലോക്കുകളില്‍ നിന്ന് 58 സിഡിഎസ് ചെയര്‍പേഴ്സണ്‍മാരും പങ്കെടുത്തു. സ്റ്റേറ്റ് റിസോഴ്സ് പൂള്‍ അംഗങ്ങളായ എന്‍.വി അനിത, ബ്രിജിന, ശാലിനി ജോയി എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. ലിംഗപദവിയും ലിംഗവ്യത്യാസവും, ലിംഗപദവി സാമൂഹ്യവല്‍ക്കരണം, പിതൃമേധാവിത്വം, കുടുംബത്തില്‍ ആര് എന്തു ചെയ്യുന്നു, പ്രാപ്യതയും നിയന്ത്രണവും, ലിംഗപദവി ആവശ്യങ്ങള്‍, സ്ത്രീ വികസന സമീപനങ്ങള്‍, സ്ത്രീ ശാക്തീകരണത്തിന്റെ തലങ്ങള്‍, സമൂഹവും അതിക്രമങ്ങളും, ആസൂത്രണവും ലിംഗപദവി കാഴ്ചപ്പാടും, ജോലിസ്ഥലത്തെ ലൈംഗിക പീഡനം, സ്ത്രീവാദം എന്നീ വിഷയങ്ങള്‍ അടക്കമുള്ളവ ചര്‍ച്ച ചെയ്തു. ഡി.പി.എം ഉണ്ണികൃഷണന്‍ നായരുടെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ ജെന്‍ഡര്‍ ഡി.പി.എം പി.ആര്‍ അനുപ, ഡി.പി.എം ബി.എന്‍ ഷീബ, സ്നേഹിത സ്റ്റാഫുകളായ ആര്‍.രേഷ്മ, കെ.എം റസിയ, ഷീമോള്‍ ആന്റണി, ബി.സി മാരായ അശ്വതി വി. നായര്‍, റിഷി സുരേഷ് എന്നിവര്‍ പങ്കെടുത്തു.
പിജിഡിപ്ലോമ ഇന്‍ സൈബര്‍ ഫോറെന്‍സിക്സ് ആന്‍ഡ് സെക്യൂരിറ്റി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു
ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കല്ലൂപ്പാറ എഞ്ചിനീയറിംഗ് കോളേജില്‍ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത പിജിഡിപ്ലോമ ഇന്‍ സൈബര്‍ ഫോറെന്‍സിക്സ് ആന്‍ഡ് സെക്യൂരിറ്റി (ആറ് മാസം) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി ടെക്/എം ടെക് ഡിഗ്രി/എം.സി.എ/ബിഎസ്‌സി/എംഎസ് സി കമ്പ്യൂട്ടര്‍ സയന്‍സ് /ബിസിഎ യോഗ്യതയുള്ളവര്‍ക്കും അവസാനവര്‍ഷ പരീക്ഷയെഴുതിയവര്‍ക്കും അപേക്ഷിക്കാം. അവസാനസെമസ്റ്റര്‍/ വര്‍ഷം വരെയുള്ള പരീക്ഷയുടെ ഒറിജിനല്‍ മാര്‍ക്ക് ലിസ്റ്റുകള്‍ കൗണ്‍സിലിംഗ് /പ്രവേശന തീയതിയില്‍ അപേക്ഷകര്‍ ഹാജരാക്കണം.
അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായപരിധി 50 വയസ്. ജനറല്‍ വിഭാഗത്തിന് 150 രൂപയും സംവരണ വിഭാഗക്കാര്‍ക്ക് 100 രൂപയുമാണ് അപേക്ഷ ഫീസ്. അപേക്ഷഫീസ് ഡിഡി ആയോ ഓണ്‍ ലൈന്‍ പേയ്മെന്റ് മുഖേനയോ നല്‍കാം. അപേക്ഷ ഫോറം ഐഎച്ച്ആര്‍ഡി വെബ്സൈറ്റ് www.ihrd.ac.in ല്‍ നിന്നോ കോളജ് വെബ്സൈറ്റ് www.cek.ac.in.ല്‍ നിന്നോ ഡൗണ്‍ലോഡ് ചെയ്യാം. താല്പര്യമുള്ളവര്‍ ജൂലൈ 15ന് മുന്‍പായി പ്രിന്‍സിപ്പല്‍, കോളജ് ഓഫ് എഞ്ചിനീയറിംഗ് കല്ലൂപ്പാറ, കടമാന്‍കുളം പി.ഒ, കല്ലൂപ്പാറ, തിരുവല്ല 689 583 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. ഫോണ്‍: 9447402630, 0469 2677890, 2678983, 8547005034.
ജനസംഖ്യാ പക്ഷാചരണത്തിന് ജില്ലയില്‍ തുടക്കമായി
ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് രണ്ടാഴ്ച നീണ്ടു നില്‍ക്കുന്ന ബോധവത്ക്കരണ പരിപാടികള്‍ക്ക് ജില്ലയില്‍ തുടക്കമായി. ജനസംഖ്യാ പക്ഷാചരണ പരിപാടിക്ക് തുടക്കം കുറിച്ചു കൊണ്ടുളള ബോധവത്ക്കരണ പോസ്റ്ററിന്റെ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിച്ചു. പക്ഷാചരണത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ ആരോഗ്യകേന്ദ്രങ്ങളില്‍ ബോധവത്ക്കരണ ക്ലാസുകള്‍, സെമിനാറുകള്‍ എന്നിവ സംഘടിപ്പിക്കും. കുടുംബാസൂത്രണത്തിന്റെ പ്രാധാന്യം ജനങ്ങളില്‍ എത്തിക്കുന്നതിനും ബോധവത്ക്കരിക്കുന്നതിനുമാണ് രണ്ടാഴ്ച നീണ്ടു നില്‍ക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എസ്.ശ്രീകുമാര്‍, ആര്‍സിഎച്ച് ഓഫീസര്‍ ഡോ.ആര്‍ സന്തോഷ്‌കുമാര്‍, ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ.അംജിത്ത് രാജീവന്‍, ഡെപ്യൂട്ടി മാസ്സ് മീഡിയ ഓഫീസര്‍ ആര്‍.ദീപ എന്നിവര്‍ പങ്കെടുത്തു.
വെറ്ററിനറി സയന്‍സ് ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം
2022-23 സാമ്പത്തിക വര്‍ഷത്തില്‍ പത്തനംതിട്ട ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ രാത്രികാല മൃഗചികിത്സ സേവനം നല്‍കുന്നതിനായി കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍ രഹിതരായിട്ടുള്ള വെറ്ററിനറി സയന്‍സില്‍ ബിരുദധാരികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഇവരുടെ അഭാവത്തില്‍ സര്‍വീസില്‍ നിന്നും വിരമിച്ച വെറ്ററിനറി ഡോക്ടര്‍മാരെയും പരിഗണിക്കും. പത്തനംതിട്ട വെറ്ററിനറി കോംപ്ലക്സിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ജൂലൈ 13ന് രാവിലെ 11ന് നടത്തുന്ന ഇന്റര്‍വ്യൂവില്‍ ഹാജരാകുന്ന ഉദ്യോഗാര്‍ഥികളില്‍ നിന്നും തെരഞ്ഞെടുക്കുന്നവരെ 90 ദിവസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിബന്ധനകള്‍ക്ക് വിധേയമായി നിയമിക്കും. വൈകുന്നേരം ആറ് മുതല്‍ രാവിലെ ആറു വരെയാണ് രാത്രികാല മൃഗചികിത്സാ സേവനം നല്‍കേണ്ടത്. താല്‍പര്യമുള്ളവര്‍ ബയോഡേറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്‍പ്പും സഹിതം അന്നേ ദിവസം ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0468 2322762.
ഏഴ് ഗവ സ്‌കൂളുകളിലും രണ്ട് ബ്ലോക്ക് പഞ്ചായത്തുകളിലും സൗരോര്‍ജ പദ്ധതി സ്ഥാപിച്ചു
ജില്ലയിലെ ഏഴ് സര്‍ക്കാര്‍ സ്‌കൂളുകളിലും രണ്ട് ബ്ലോക്ക് പഞ്ചായത്തുകളിലും സൗരോര്‍ജ വൈദ്യുത നിലയങ്ങള്‍ സ്ഥാപിച്ചതായി അനര്‍ട്ട് ജില്ലാ പ്രോജക്ട് എന്‍ജിനിയര്‍ ചുമതലയുള്ള ബി. അഖില്‍ അറിയിച്ചു. കീഴ് വായ്പൂര്‍ ജിവിഎച്ച്എസ്എസ്, തിരുവല്ല ജിഎംജിഎച്ച്എസ്, പന്തളം ജിയുപിഎസ്, പൂഴിക്കാട് ജിയുപിഎസ്, അടൂര്‍ ജിയുപിഎസ് എന്നിവിടങ്ങളില്‍ അഞ്ച് കിലോവാട്ട് ഓണ്‍ ഗ്രിഡ് സൗര വൈദ്യുതി നിലയം സ്ഥാപിച്ചു. വെട്ടിപ്പുറം ജിഎല്‍പിഎസിലും ഏഴംകുളം ജിഎല്‍പിഎസിലും മൂന്ന് കിലോ വാട്ട് ഓണ്‍ഗ്രിഡ് സൗര വൈദ്യുതി നിലയം സ്ഥാപിച്ചു.
പദ്ധതി ചെലവിന്റെ 10 ശതമാനം തുക സൗര വൈദ്യുതിയിലേക്കു മാറിയതിനുള്ള പ്രോത്സാഹനമായി ഈ രണ്ടു സ്‌കൂളിനും അനുവദിച്ചു.
ജില്ലയിലെ പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തില്‍ അഞ്ച് കിലോവാട്ടിന്റെയും കോയിപ്രം ബ്ലോക്ക് പഞ്ചായത്തില്‍ മൂന്നു കിലോവാട്ടിന്റെയും ഓഫ് ഗ്രിഡ് സൗരനിലയങ്ങള്‍ സ്ഥാപിച്ചു. കേന്ദ്ര നവ പുനരുപയോഗ ഊര്‍ജ വകുപ്പിന്റെ 30 ശതമാനം സബ്സിഡിയോടെയാണ് ഈ പദ്ധതി നടപ്പാക്കിയത്. കുന്നന്താനം ഗ്രാമപഞ്ചായത്തിലെയും ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തിലെയും പട്ടികജാതി കോളനികളില്‍ സൗര തെരുവു വിളക്കുകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രാഥമിക പഠനം പൂര്‍ത്തീകരിച്ചു. തുമ്പമണ്‍ ഗ്രാമപഞ്ചായത്ത് സാംസ്‌കാരിക നിലയത്തില്‍ ഓണ്‍ഗ്രിഡ് സൗര വൈദ്യുതി നിലയം സ്ഥാപിക്കുന്നതിനുള്ള പ്രാഥമിക പഠനം പൂര്‍ത്തിയാക്കി.
പദ്ധതി ചെലവിന്റെ 10 ശതമാനം തുക സൗര വൈദ്യുതിയിലേക്ക് മാറിയതിനുള്ള പ്രോത്സാഹനമായി പഞ്ചായത്തിന് അനുവദിച്ചു. മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ സൗകര്യമുള്ള സൗര റാന്തലും റേഡിയോയും ഉള്‍പ്പെടുന്ന 111 സൗര സുവിധാ കിറ്റുകളുടെ വിതരണം കോന്നി ഫോറസ്റ്റ് ഡിവിഷനില്‍ പൂര്‍ത്തിയായി. റാന്നിയിലെ പട്ടികജാതി കുടികളില്‍ 109 സൗര സുവിധാ കിറ്റുകള്‍ വിതരണം ചെയ്തു.
സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതു വൈദ്യുതി വാഹന ചാര്‍ജിംഗ് സ്റ്റേഷന്റെ 50 കിലോവാട്ട് സൗര വൈദ്യുതി നിലയത്തിനുള്ള 50 ശതമാനം സബ്സിഡിയായ 10 ലക്ഷം രൂപ പത്തനംതിട്ട ഉതിമൂട് ഫില്‍സ് ഹബിലെ ബോബി ഫിലിപ്പിന് അനുവദിച്ചു. നിരണം കണ്ണശ സ്മാരക ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മൂന്നു കിലോവാട്ട് ഹൈബ്രിഡ് സൗര നിലയം സ്ഥാപിക്കുന്നതിനുള്ള നടപടി തുടങ്ങി. 36 ബയോ ഗ്യാസ് പ്ലാന്റുകള്‍ക്കുള്ള ടേണ്‍ കീ ഫീസ് അനുവദിച്ചു. സൗരതേജസ് പദ്ധതി സംബന്ധിച്ച് മല്ലപ്പള്ളിയിലും ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തിലും നാറാണംമൂഴി ഗ്രാമപഞ്ചായത്തിലും ബോധവത്കരണ ക്ലാസ് നടത്തി. ഗ്രിഡ് ബന്ധിത സൗരോര്‍ജ പ്ലാന്റ്, സൗര തേജസ് ബോധവത്കരണ ക്ലാസും സ്പോട്ട് രജിസ്ട്രേഷനും പത്തനംതിട്ട അനര്‍ട്ട് ജില്ലാ ഓഫീസില്‍ നടത്തി.