Input your search keywords and press Enter.

കോന്നിയില്‍ പുതിയ കെഎസ്ഇബി സബ് സ്റ്റേഷന്‍: ജില്ലയില്‍ പുതിയ ആറ് സബ് സ്റ്റേഷനുകളുടെ ഡിപിആറിന് അനുമതി

 

പത്തനംതിട്ട ജില്ലയില്‍ പുതിയ ആറ് സബ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനുള്ള ഡിപിആറിന്(വിശദ പദ്ധതി രേഖ) അനുമതി ലഭിച്ച് പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായി കെഎസ്ഇബി ഡെപ്യുട്ടി ചീഫ് എന്‍ജിനിയര്‍ വി.എന്‍. പ്രസാദ് അറിയിച്ചു.

110 കെവിയുടെ നാലും 33 കെവിയുടെ രണ്ടും സബ് സ്റ്റേഷനുകളാണ് സ്ഥാപിക്കുക. തെങ്ങമം പള്ളിക്കല്‍, തീയാടിക്കല്‍, മണ്ണാറക്കുളഞ്ഞി, കോന്നി , കുന്നന്താനം, മേപ്രാല്‍ എന്നിവിടങ്ങളിലാണ് പുതിയ സബ് സ്റ്റേഷനുകള്‍ വരുക.

ജില്ലയില്‍ കഴിഞ്ഞ ഒരുവര്‍ഷക്കാലയളവില്‍ 9945 എല്‍ടി, എട്ട് എച്ച്ടി വൈദ്യുത കണക്ഷനുകള്‍ ലഭ്യമാക്കി. 92.213 കി.മി. എച്ച്ടി, 1.8 കി.മി. യുജി, 35.284 കി.മി. എല്‍ടി വൈദ്യുത ലൈന്‍ നിര്‍മാണം പൂര്‍ത്തിയാക്കി. 30 വിതരണ ട്രാന്‍സ്ഫോര്‍മറുകളും 8.69 കി.മി. എച്ച്ടി എബിസിയും 20.857 എല്‍ടി എബിസിയും സ്ഥാപിച്ചു.
66 കെവി അടൂര്‍, ഏനാത്ത് സബ് സ്റ്റേഷനുകള്‍ 110 കെവി നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ 85 ശതമാനം പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഇതിനോട് അനുബന്ധമായി 11.44 കി.മി 66 കെവി അടൂര്‍- ഏനാത്ത് സിംഗിള്‍ സര്‍ക്യൂട്ട് ലൈന്‍ 110 കെവി നിലവാരത്തില്‍ ഡബിള്‍ സര്‍ക്യൂട്ടാക്കി മാറ്റി. 66 കെവി ത്രിവേണി സബ് സ്റ്റേഷന്റെ സ്ഥാപിത ശേഷി 66/11 കെവി ശേഷിയുള്ള രണ്ട് 10 എംവിഎ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിച്ച് എട്ട് എംവിഎയില്‍ നിന്ന് 20 എംവിഎയായി ഉയര്‍ത്തി. 110 കെവി കോഴഞ്ചേരി സബ് സ്റ്റേഷന്റെ സ്ഥാപിതശേഷി പുതിയ 110/11 കെവി, 12.5 എംവിഎ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിച്ച് 20 എംവിഎയില്‍ നിന്ന് 32.5 എംവിഎയായി ഉയര്‍ത്തി. 15.56 കി.മി. ഇടപ്പോണ്‍ – കോഴഞ്ചേരി 66 കെവി ലൈന്‍ 110 കെവി നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള പ്രവര്‍ത്തി ടെന്‍ഡര്‍ നടപടി പൂര്‍ത്തീകരിച്ച് വര്‍ക്ക് നല്‍കി.
110 കെവി കോഴഞ്ചേരി സബ് സ്റ്റേഷനില്‍ നിന്നും 33 കെവി കുമ്പനാട് സബ് സ്റ്റേഷനിലേക്ക് 13 കി.മി. പുതിയ 33 കെവി ലൈന്‍ നിര്‍മിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഇതിനോട് അനുബന്ധമായി കോഴഞ്ചേരി സബ് സ്റ്റേഷനിലും കുമ്പനാട് സബ് സ്റ്റേഷനിലും ഉള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്.

error: Content is protected !!