Input your search keywords and press Enter.

പാലക്കാട് ജില്ലാ അറിയിപ്പുകള്‍

തൊഴില്‍രഹിതരെ ഇല്ലാതാക്കുക ലക്ഷ്യമിട്ട് എന്റെ തൊഴില്‍ എന്റെ അഭിമാനം പദ്ധതി

എന്റെ തൊഴില്‍ എന്റെ അഭിമാനം പദ്ധതിയിലൂടെ സംസ്ഥാനത്തെ തൊഴിലില്ലായ്മ ഇല്ലാതാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് കേരള നോളേജ് ഇക്കോണമി മിഷന്‍ ഡയറക്ടര്‍ ഡോ. പി.എസ് ശ്രീകല. കേരള നോളേജ് ഇക്കോണമി മിഷന്‍, തദ്ദേശസ്ഥാപനങ്ങള്‍, കുടുംബശ്രീ, കില എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടപ്പാക്കുന്ന എന്റെ തൊഴില്‍ എന്റെ അഭിമാനം പദ്ധതിയുടെ രണ്ടാം ഘട്ടപരിശീലന പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍. അറിവിനെ മൂലധനമാക്കിയാണ് സമ്പദ്ഘടന മുന്നോട്ട് പോകുന്നത്. അറിവ് ജനകീയമാക്കി വികേന്ദ്രീകരണത്തിലൂടെ തൊഴില്‍ സാധ്യത വര്‍ദ്ധിപ്പിക്കും. വിജ്ഞാനത്തോടൊപ്പം നൈപുണ്യതയ്ക്ക് പ്രാധാന്യം നല്‍കി അഭ്യസ്ഥവിദ്യരായ തൊഴില്‍ അന്വേഷരെ സര്‍ക്കാര്‍ തന്നെ കണ്ടെത്തുകയാണെന്നും മിഷന്‍ ഡയറക്ടര്‍ പറഞ്ഞു. എല്ലാവര്‍ക്കും ഡിജിറ്റല്‍ സാങ്കേതികവിദ്യ ലഭ്യമാക്കാനുള്ള അവസരം വിപുലമാക്കും. തൊഴില്‍ അന്വേഷകര്‍ക്ക് ആവശ്യമായ സ്‌കില്‍ കണ്ടെത്തി സര്‍ക്കാര്‍ തന്നെ പരിശീലനം നല്‍കുമെന്നും മിഷന്‍ ഡയറക്ടര്‍ പറഞ്ഞു.

പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ തൊഴില്‍ അന്വേഷകരില്‍ 21 നും 40 നും ഇടയില്‍ പ്രായമുള്ള ഐ.ടി.ഐ, ബിരുദം, ഡിപ്ലോമ തുടങ്ങിയ അടിസ്ഥാന യോഗ്യതയുള്ളവരെ ഡി.ഡബ്ല്യൂ.എം.എസ്(ഡിജിറ്റല്‍ വര്‍ക്‌ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റം) ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ രജിസ്റ്റര്‍ ചെയ്യും. 2026 നകം സംസ്ഥാനത്തെ അഭ്യസ്ഥവിദ്യരായ 20 ലക്ഷം പേര്‍ക്ക് വിജ്ഞാന മേഖലയില്‍ തൊഴില്‍ നല്‍കുകയാണ് പദ്ധതി ലക്ഷ്യം. പരിപാടിയില്‍ കെ.കെ.ഇ.എം സംസ്ഥാന പ്രോഗ്രാം മാനേജര്‍ ഡോ. കെ മധുസൂദനന്‍ എന്റെ തൊഴില്‍ എന്റെ അഭിമാനം ഉദ്ദേശലക്ഷ്യങ്ങളും തുടര്‍ പ്രവര്‍ത്തനങ്ങളും വിശദീകരിച്ചു. കെ.കെ.ഇ.എം പ്രോഗ്രാം മാനേജര്‍മാരായ സിബി അക്ബര്‍ അലി, പി.അനീഷ് എന്നിവര്‍ ‘എന്റെ തൊഴില്‍ എന്റെ അഭിമാനം പ്രവര്‍ത്തനങ്ങള്‍ ഇതുവരെ’, ‘സി.ഡബ്ല്യൂ.എം.എസ് കണക്ട് മൊബൈല്‍ അപ്ലിക്കേഷന്‍ മുഖേന എങ്ങനെ രജിസ്റ്റര്‍ ചെയ്യാം’ എന്നീ വിഷയങ്ങളില്‍ ക്ലാസ്സെടുത്തു.

ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ കുടുംബശ്രീ പ്രവര്‍ത്തകരില്‍ നിന്ന് തെരഞ്ഞെടുത്ത ബ്ലോക്ക് കമ്യൂണിറ്റി കൗണ്‍സിലേഴ്‌സ്, ബ്ലോക്ക് റിസോഴ്‌സ് പേഴ്‌സണ്‍മാര്‍, എം.ഇ.സിമാര്‍, പഞ്ചായത്ത് കമ്യൂണിറ്റി റിസോഴ്‌സ് പേഴ്‌സണ്‍മാര്‍മാരായ 140 അംഗങ്ങള്‍ക്കാണ് പരിശീലനം നല്‍കിയത്. പരിപാടിയില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോ – ഓര്‍ഡിനേറ്റര്‍ പി. സെയ്തലവി, ഡി.ഡി.യു.ജി.കെ.വൈ ജില്ലാ പ്രോഗ്രാം മാനേജര്‍ പ്രിയങ്ക എന്നിവര്‍ സംസാരിച്ചു.


ജില്ലയിലെ സ്വാതന്ത്രസമര സേനാനികളുടെ കുടുംബാംഗങ്ങളെ ആദരിച്ചു

ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ജില്ലയിലെ സ്വാതന്ത്ര്യ സമരസേനാനികളായ ചേറ്റൂര്‍ ശങ്കരന്‍ നായര്‍, ക്യാപ്റ്റന്‍ ലക്ഷ്മി സെഹ്ഗാള്‍ എന്നിവരുടെ കുടുംബാംഗങ്ങളെ ആദരിച്ചു. പരിപാടിയുടെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി നിര്‍വഹിച്ചു. പരിപാടിയില്‍ ചേറ്റൂര്‍ ശങ്കരന്‍ നായരുടെ കുടുംബാംഗമായ ചേറ്റൂര്‍ ശിവദാസന്‍, പ്രൊഫ. രാജശേഖരന്‍ നായര്‍ എന്നിവര്‍ ശങ്കരന്‍ നായരുടെ ആത്മകഥ, സാമൂഹ്യ-സാമ്പത്തിക പ്രശ്നങ്ങള്‍ സംബന്ധിച്ച് സംസാരിച്ചു. ഭരണഘടനാ നിര്‍മ്മാണത്തില്‍ പ്രധാന പങ്ക് വഹിക്കുകയും ജീവിതത്തിലുടനീളം സ്വാതന്ത്ര്യ സമര സേനാനിയായി പ്രവര്‍ത്തിക്കുകയും ചെയ്ത വ്യക്തിയാണ് ചേറ്റൂര്‍ ശങ്കരന്‍ നായര്‍. ക്യാപ്റ്റന്‍ ലക്ഷ്മി സെഹ്ഗാളിന്റെ കുടുംബാംഗമായ സുഭാഷിണി അലി ക്യാപ്റ്റന്‍ ലക്ഷ്മി സെഹ്ഗാളിന്റെ ജീവിത പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ഓണ്‍ലൈനായി സംസാരിച്ചു. തുടര്‍ന്ന് ജില്ലയിലെ വിവിധ പദ്ധതികളുടെ നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം നടന്നു.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് കെ. മണികണ്ഠന്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ കെ. മധു, ചേറ്റൂര്‍ ശിവദാസന്‍, പ്രൊഫ. രാജശേഖരന്‍ നായര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക് വസ്തുക്കളുടെ നിരോധനം: ജില്ലാതല ശില്‍പശാല സംഘടിപ്പിച്ചു

ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക് വസ്തുക്കളുടെ നിരോധനം തദ്ദേശസ്വയംഭരണ സ്ഥാപനതലത്തില്‍ ഫലപ്രദമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്ക് ശില്‍പശാല സംഘടിപ്പിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക് വസ്തുക്കളുടെ നിരോധനം സംബന്ധിച്ച് മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്‍വിയോണ്‍മെന്റല്‍ എന്‍ജിനീയര്‍ കെ.കൃഷ്ണന്‍, ഹരിതനിയമങ്ങള്‍ സംബന്ധിച്ച് ഹരിതകേരളം മിഷന്‍ റിസോഴ്‌സ്‌പേഴ്‌സണ്‍ സി.നാരായണന്‍കുട്ടി എന്നിവര്‍ ക്ലാസ്സെടുത്തു. ജില്ലാ ശുചിത്വമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ടി.ജി അഭിജിത്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഗോപിനാഥ്, ശുചിത്വമിഷന്‍ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ സി.ദീപ എന്നിവര്‍ സംസാരിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍, ശുചിത്വമിഷന്‍ ജീവനക്കാര്‍ പങ്കെടുത്തു.


 
അന്താരാഷ്ട്ര നീതിദിനം: പുരസ്‌കാര വിതരണം ഇന്ന്

അന്താരാഷ്ട്ര നീതിദിനത്തോടനുബന്ധിച്ച് ഇന്ന്(ജൂലൈ 16) വൈകിട്ട് നാലിന് വിശ്വാസ് ഓഫീസില്‍ നടക്കുന്ന പരിപാടിയില്‍ റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ ഡി. അമൃതവല്ലി പാരാലീഗല്‍ വളണ്ടിയര്‍മാരായ പി. പ്രമീള, ജെ. സുനില എന്നിവര്‍ക്ക് നീതിദിന പുരസ്‌കാരം വിതരണം ചെയ്യും. നാല്‍പ്പത് വര്‍ഷമായി വിവിധ സേവനമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പാലക്കാട് കൊട്ടേക്കാടിലെ പി. പ്രമീള ജില്ലാ നിയമസഹായ അതോറിറ്റി പാരാലീഗല്‍ വളണ്ടിയറും പോലീസ് ജാഗ്രതാ സമിതി അംഗം, കൊട്ടേക്കാട് മുതിര്‍ന്ന പൗരന്മാരുടെ യൂണിറ്റ് സെക്രട്ടറി, ജില്ലാ ഭാരവാഹി എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നുണ്ട്. ലൈബ്രറി പ്രവര്‍ത്തനങ്ങളിലും കോവിഡ് കാലങ്ങളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പാലക്കാട് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് രാഗം വീട്ടിലെ ജെ. സുനില ജില്ലാ നിയമസഹായ അതോറിറ്റി പാരാലീഗല്‍ വളണ്ടിയറും മുതിര്‍ന്ന പൗരന്മാര്‍, പ്രളയബാധിതര്‍, അതിഥി തൊഴിലാളികള്‍, കോവിഡ് ബാധിതര്‍ തുടങ്ങിയവര്‍ക്കുള്ള ക്ഷേമപ്രവര്‍ത്തനങ്ങളിലും സന്നദ്ധ പ്രവര്‍ത്തനങ്ങളിലും പങ്കെടുത്തിട്ടുണ്ട്. നിരവധി നിയമ ബോധവത്കരണ പരിപാടികള്‍ നടത്തിയ ഇരുവരും സാധാരണക്കാരുടെ പരാതികള്‍ തീര്‍പ്പാക്കുന്നതിന് ഉദ്യോഗസ്ഥരെ സഹായിച്ചിട്ടുണ്ട്.

 
സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനം: അപേക്ഷ ക്ഷണിച്ചു

സ്‌പോര്‍ട്‌സില്‍ മികവുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ് വണ്‍ സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ സ്വന്തം ഇ-മെയില്‍ ഐ.ഡിയില്‍ നിന്ന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍, ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം sportsadmission2022@gmail.com ല്‍ നല്‍കണം. സ്‌കൂള്‍തല മത്സരങ്ങള്‍ക്ക് പുറമേ സംസ്ഥാന, ജില്ലാ അസോസിയേഷന്‍ നടത്തുന്ന മത്സരങ്ങളില്‍ ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഒബ്‌സര്‍വര്‍മാര്‍ ഒപ്പ് രേഖപ്പെടുത്തിയത് മാത്രമേ അംഗീകരിക്കൂ. 2020 ഏപ്രില്‍ ഒന്ന് മുതല്‍ 2022 മാര്‍ച്ച് 31 വരെയുള്ള സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമേ പരിഗണിക്കൂ. സീരിയല്‍ നമ്പര്‍ ഇല്ലാത്ത സര്‍ട്ടിഫിക്കറ്റുകളുടെ പൂര്‍ണ ഉത്തരവാദിത്വം അതാത് അസോസിയേഷനോ അപേക്ഷ നല്‍കുന്ന വിദ്യാര്‍ത്ഥികള്‍ക്കോ ആയിരിക്കുമെന്നുള്ള സത്യവാങ്മൂലം നല്‍കണം. മുഖ്യഘട്ട രജിസ്‌ട്രേഷന്‍ ജൂലൈ 23 നും സപ്ലിമെന്ററി ഘട്ടം ഓഗസ്റ്റ് 17 നും അവസാനിക്കും. ഫോണ്‍: 9447361788, 9497145438, 8891115334, 7560994236

 
നവകേരളം കര്‍മ്മ പദ്ധതിയില്‍ ഇന്റണ്‍ഷിപ്പിന് അപേക്ഷിക്കാം

ഹരിതകേരള മിഷന്‍ നവകേരളം കര്‍മ്മ പദ്ധതിയില്‍ ഇന്റണ്‍ഷിപ്പിന് അപേക്ഷിക്കാം. എന്‍വിയോണ്‍മെന്റല്‍ സയന്‍സ്, ജിയോളജി, എര്‍ത്ത് സയന്‍സ്, സോഷ്യോളജി, സോഷ്യല്‍ വര്‍ക്ക്, ബോട്ടണി വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദക്കാര്‍ക്കും സിവില്‍ എന്‍ജിനീയറിംഗ്, കൃഷി വിഷയങ്ങളില്‍ ബിരുദധാരികള്‍ക്കും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ പിജി. ഡിപ്ലോമ വിജയിച്ചവര്‍ക്കും അപേക്ഷിക്കാം. പ്രായപരിധി 27 വയസ്സ്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ 14 ജില്ലാ മിഷന്‍ ഓഫീസുമായും നവകേരളം കര്‍മപദ്ധതി സംസ്ഥാന ഓഫീസുമായും ബന്ധപ്പെട്ട് പ്രവര്‍ത്തിക്കണം. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും പ്രതിമാസം സ്‌റ്റൈപ്പന്‍ഡും നല്‍കും. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. www.careers.haritham.kerala.gov.in മുഖേന ജൂലൈ 23 വരെ അപേക്ഷ നല്‍കാം.

സ്വാമി വിവേകാനന്ദന്‍ യുവ പ്രതിഭ – മികച്ച യുവജന ക്ലബ്ബുകള്‍ക്കുള്ള പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് 2021 ലെ സ്വാമി വിവേകാനന്ദന്‍ യുവ പ്രതിഭാ പുരസ്‌കാരത്തിന് നോമിനേഷന്‍ ക്ഷണിച്ചു. പുരസ്‌കാരത്തിന് സ്വയം അപേക്ഷ നല്‍കാന്‍ കഴിയില്ല. വ്യക്തിഗത പുരസ്‌കാരത്തിന് അതത് മേഖലകളിലെ 18 നും 40 നും മധ്യേ പ്രായമുള്ള യുവജനങ്ങളെ നോമിനേറ്റ് ചെയ്യാം. സാമൂഹ്യ പ്രവര്‍ത്തനം, മാധ്യമ പ്രവര്‍ത്തനം(പ്രിന്റ് മീഡിയ, ദൃശ്യമാധ്യമം) കല, സാഹിത്യം, കായികം, സംരംഭകത്വം, കൃഷി, ഫോട്ടോഗ്രഫി എന്നീ മേഖലകളിലെ മികച്ച 10 പേര്‍ക്കാണ് പുരസ്‌കാരങ്ങള്‍ നല്‍കുന്നത്. അതത് മേഖലകളുമായി ബന്ധപ്പെട്ട ആര്‍ക്കും മറ്റൊരാളെ നോമിനേറ്റ് ചെയ്യാം. പുരസ്‌കാരത്തിന് അര്‍ഹരാകുന്നവര്‍ക്ക് 50,000 രൂപയും പ്രശസ്തി പത്രവും നല്‍കും.

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്ത യൂത്ത്, യുവ, അവളിടം ക്ലബ്ബുകളില്‍ നിന്ന് പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു.  ജില്ലാ തലത്തില്‍ തെരഞ്ഞെടുക്കുന്ന മികച്ച ക്ലബ്ബിന് 30,000 രൂപയും പ്രശസ്തി പത്രവും പുരസ്‌കാരവും നല്‍കും. ജില്ലാതലത്തില്‍ അവാര്‍ഡിന് അര്‍ഹത നേടിയ ക്ലബ്ബുകളെ സംസ്ഥാനതല അവാര്‍ഡിന് പരിഗണിക്കും. സംസ്ഥാന അവാര്‍ഡ് നേടുന്ന ക്ലബ്ബിന് 50,000 രൂപയും പ്രശസ്തി പത്രവും പുരസ്‌കാരവും നല്‍കും.  അപേക്ഷകള്‍ ഓഗസ്റ്റ് 16 വരെ സ്വീകരിക്കും. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും അപേക്ഷാ ഫോറവും അതത് ജില്ലാ യുവജന കേന്ദ്രങ്ങളിലും www.ksywb.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍: 0491 2505190, 9446100081

കോഴി കുഞ്ഞുങ്ങള്‍ വില്‍പനയ്ക്ക്

പല്ലശ്ശന ഗ്രാമപഞ്ചായത്ത് എഗ്ഗര്‍ നഴ്‌സറിയില്‍ 60 ദിവസം പ്രായമായ മുട്ടക്കോഴി കുഞ്ഞുങ്ങള്‍ വില്‍പ്പനയ്ക്ക്. ഒരു കോഴിക്ക് 120 രൂപയാണ് വില. ആവശ്യമുള്ളവര്‍ ഗവ. അംഗീകൃത എഗ്ഗര്‍ നഴ്‌സറി, പാറക്കുളം, പല്ലശ്ശന, പാലക്കാട് വിലാസത്തില്‍ ബന്ധപ്പെടണമെന്ന് വെറ്റിനറി സര്‍ജന്‍ അറിയിച്ചു. ഫോണ്‍: 9388573037

ഹിന്ദി അധ്യാപക കോഴ്‌സ് പ്രവേശനം: 20 വരെ രജിസ്റ്റര്‍ ചെയ്യാം

ഗവ. ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ അധ്യാപക കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. രണ്ടാം ഭാഷയായി ഹിന്ദി പഠിച്ച് പ്ലസ് ടുവിന് 50 ശതമാനം മാര്‍ക്കുള്ളവര്‍ക്ക് അപേക്ഷിക്കാം. ഹിന്ദി ബി.എ, എം.എ എന്നിവയും പരിഗണിക്കും. പ്രായപരിധി 17-35 ഇടയില്‍. ഉയര്‍ന്ന പ്രായപരിധിയില്‍ പട്ടികജാതി-പട്ടികവിഭാഗക്കാര്‍ക്ക് അഞ്ച് വര്‍ഷവും മറ്റു പിന്നാക്കകാര്‍ക്ക് മൂന്ന് വര്‍ഷവും ഇളവ് ലഭിക്കും. പട്ടികജാതി, മറ്റര്‍ഹ വിഭാഗത്തിന് ഫീസ് ഇളവ് ലഭിക്കും. ജൂലൈ 20 നകം രജിസ്‌ട്രേഷന്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ പ്രിന്‍സിപ്പാള്‍, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂര്‍, പത്തനംതിട്ട വിലാസത്തില്‍ ലഭിക്കും. ഫോണ്‍: 0473 4296496, 8547126028

സൗജന്യ സംരംഭകത്വ പരിശീലനം

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍ട്രപ്രണര്‍ഷിപ്പ് ഡവലപ്മെന്റ് നാഷണല്‍ ഫിഷറീസ് ഡവലപ്മെന്റ് ബോര്‍ഡ്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈക്രോ സ്മോള്‍ മീഡിയം എന്റര്‍പ്രൈസ് എന്നിവയുടെ ആഭിമുഖ്യത്തില്‍ ഫിഷറീസ് ആന്‍ഡ് അക്വാകള്‍ച്ചര്‍ വിഷയത്തില്‍ സൗജന്യ സംരംഭകത്വ പരിശീലനം നല്‍കുന്നു. ഫിഷറീസ് ആന്‍ഡ് അക്വാകള്‍ച്ചര്‍ വിഷയത്തില്‍ സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്ന എസ്.സി വിഭാഗത്തില്‍പ്പെട്ട തൊഴില്‍ രഹിതരായ 40 വയസ്സില്‍ താഴെയുള്ളവര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം. പരിശീലനം ജൂലൈ 20 മുതല്‍ ഓഗസ്റ്റ് ആറ് വരെ കളമശ്ശേരി കീഡ് ക്യാംപസില്‍ നടക്കും. ഫിഷറീസ്, അക്വാകള്‍ച്ചര്‍ എന്നിവയിലെ സംരംഭകത്വ അവസരങ്ങള്‍, മത്സ്യത്തിന്റെ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍, അലങ്കാര മത്സ്യ ബന്ധനം, മാര്‍ക്കറ്റ് സര്‍വ്വെ, പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കല്‍, സ്റ്റേറ്റ് ഫിഷറീസ് വകുപ്പ് പദ്ധതികള്‍,  വ്യവസായ വാണിജ്യ വകുപ്പിന്റെ പദ്ധതികള്‍,  നാഷണല്‍ ഫിഷറീസ് ഡെവലപ്മെന്റ് ബോര്‍ഡിന്റെ വിവിധ പദ്ധതികള്‍, ഫിഷറീസ്, അക്വാകള്‍ച്ചര്‍ മേഖലയില്‍ ഹൈബ്രിഡ്, സോളാര്‍, വിന്‍ഡ് എനര്‍ജി ആപ്ലിക്കേഷനുകള്‍, മേഖലയിലെ സംരംഭകരുടെ അനുഭവം പങ്കിടല്‍ എന്നിവയും ക്ലാസ്സില്‍ ഉള്‍പ്പെടുത്തും. താത്പര്യമുള്ളവര്‍ www.kied.info ല്‍ ഇന്ന് (ജൂലൈ 16) ഓണ്‍ലൈനായി അപേക്ഷ നല്‍കണം. ഫോണ്‍: 0484 2532890, 2550322, 9605542061

പോസ്റ്റ്‌മെട്രിക് ഹോസ്റ്റല്‍ പ്രവേശനം: അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കണ്ണാടി(പെണ്‍), പാലക്കാട്(ആണ്‍) ഗവ. പോസ്റ്റ്‌മെട്രിക് ഹോസ്റ്റലുകളില്‍ പ്രവേശനം നടത്തുന്നു. സര്‍ക്കാര്‍, എയ്ഡഡ്, പോസ്റ്റ് മെട്രിക് സ്ഥാപനങ്ങളില്‍ പഠിക്കുന്ന പട്ടികജാതി, പട്ടികവര്‍ഗ്ഗ, ഒ.ബി.സി, മറ്റ് സമുദായങ്ങളിലുള്ളവര്‍ക്ക് അപേക്ഷിക്കാം. നിശ്ചിത ഫോറത്തില്‍ തയ്യാറാക്കിയ അപേക്ഷ, ജാതി, വരുമാനം, നേറ്റിവിറ്റി, വിദ്യാഭ്യാസ യോഗ്യത, അവസാന പരീക്ഷയില്‍ ലഭിച്ച മാര്‍ക്ക് ലിസ്റ്റ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം നേടിയതിന് ശേഷം 15 ദിവസത്തിനകം ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ക്ക് നല്‍കണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. അപേക്ഷാഫോറം, കൂടുതല്‍ വിവരങ്ങള്‍ പോസ്റ്റ് മെട്രിക് ഹോസ്റ്റലുകള്‍, ബ്ലോക്ക്, മുനിസിപ്പല്‍ പട്ടികജാതി വികസന ഓഫീസ്, ജില്ലാ പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളില്‍ ലഭിക്കും. ഫോണ്‍: 0491-2505005.

അക്രഡിറ്റഡ് എന്‍ജിനീയര്‍ – ഓവര്‍സിയര്‍ നിയമനം

ജില്ലാ പട്ടികവര്‍ഗ്ഗ വികസന ഓഫീസിന് കീഴില്‍ അക്രഡിറ്റഡ് എന്‍ജിനീയര്‍, ഓവര്‍സിയര്‍ നിയമനം നടത്തുന്നു. കരാറടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. സിവില്‍ എന്‍ജിനീയറിംഗ് ബിരുദം, ഡിപ്ലോമ, ഐ.ടി.ഐ യോഗ്യതയുള്ള പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷയും ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുകളും ജില്ലാ പട്ടികവര്‍ഗ്ഗ വികസന ഓഫീസില്‍ ജൂലൈ 23 ന് വൈകിട്ട് അഞ്ചിനകം നല്‍കണം. അപേക്ഷാഫോറം www.stdd.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍: 0491 2505383, 0492 3291155

അനിമേറ്റര്‍ നിയമനം

കുടുംബശ്രീ, അട്ടപ്പാടി സമഗ്ര ആദിവാസി വികസന പദ്ധതി, അഗളി ഗ്രാമപഞ്ചായത്ത് സമിതിക്ക് കീഴില്‍ ഒഴിവുള്ള ആനിമേറ്റര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. 35 വയസ്സില്‍ താഴെയുള്ള പത്താം ക്ലാസ് യോഗ്യരായ ഗോത്ര വിഭാഗക്കാരായ വനിതാ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ഓന്തമല, ധോണിഗുണ്ട്, ദുണ്ടൂര്‍, കൊല്ലംകടവ്, ചിറ്റൂര്‍, ചിണ്ടക്കി ഫസ്റ്റ് സൈറ്റ്, കരുവാര ഫാം/ഊര്, വെള്ളമാരി, കൂക്കംപാളയം, കൊട്ടമേട്, ആലംകണ്ടി/പ്ലാമരം  ഊരുകളിലാണ് ഒഴിവ്. അപേക്ഷകര്‍ ഊരില്‍ സ്ഥിരതാമസക്കാരായിരിക്കണം. അപേക്ഷ അസിസ്റ്റന്റ് പ്രോജക്ട് ഓഫീസര്‍, അട്ടപ്പാടി സമഗ്ര ആദിവാസി വികസന പദ്ധതി, കുടുംബശ്രീ മിഷന്‍, കില, അഗളി, പാലക്കാട് വിലാസത്തില്‍ ജൂലൈ 20 നകം അനുബന്ധ രേഖകള്‍ സഹിതം നല്‍കണമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04924 254335

 
അട്ടപ്പാടി ബ്ലോക്ക് പരിധിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ധനസഹായത്തിന് അപേക്ഷിക്കാം

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 2022 -23 അധ്യായന വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹന ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ ആദ്യതവണ വിജയിച്ച അട്ടപ്പാടി ബ്ലോക്ക് പരിധിയിലെ അഗളി, പുതൂര്‍, ഷോളയൂര്‍ ഗ്രാമപഞ്ചായത്തുകളിലെ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. എസ്.എസ്.എല്‍.സി പരീക്ഷയില്‍ നാല് ബി ഗ്രേഡും അതില്‍ കൂടുതല്‍ ലഭിച്ചവര്‍ക്കും പ്ലസ് ടു പരീക്ഷയില്‍ രണ്ട് ബി ഗ്രേഡും അതില്‍ കൂടുതല്‍ മാര്‍ക്ക് ലഭിച്ച വിദ്യാര്‍ഥികള്‍ക്കാണ് ധനസഹായത്തിന് അര്‍ഹത. അപേക്ഷ, മാര്‍ക്ക് ലിസ്റ്റ്, ജാതി സര്‍ട്ടിഫിക്കറ്റ്, ബാങ്ക് പാസ്ബുക്ക്, ആധാര്‍ എന്നിവയുടെ പകര്‍പ്പുകള്‍, ഫോണ്‍ നമ്പര്‍ സഹിതം അട്ടപ്പാടി ഐ.റ്റി.ഡി.പി ഓഫീസിലോ അഗളി, പുതൂര്‍, ഷോളയൂര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലോ ജൂലൈ 30 നകം അപേക്ഷ നല്‍കണമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0492 4254382, 7907956296

error: Content is protected !!