25 കോടി റെക്കോഡ് ഒന്നാം സമ്മാനത്തുകയുമായി തിരുവോണം ബമ്പർ
രണ്ടാം സമ്മാനം അഞ്ചു കോടി; മൂന്നാം സമ്മാനം 10 പേർക്ക് ഒരു കോടി വീതം
സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ തിരുവോണം ബമ്പർ ഭാഗ്യക്കുറി ധനമന്ത്രി കെ.എൻ ബാലഗോപാൽ പ്രകാശനം ചെയ്തു. ചരിത്രത്തിലെ ഏറ്റവും വലിയ ഒന്നാം സമ്മാനത്തുകയായ 25 കോടി രൂപയാണ് ഇത്തവണത്തെ ഓണം ബമ്പറിന്റെ പ്രത്യേകത. അഞ്ചു കോടിയാണ് രണ്ടാം സമ്മാനം. 10 പേർക്ക് ഒരു കോടി രൂപ വീതം ലഭിക്കുന്ന മൂന്നാം സമ്മാനമാണ് മറ്റൊരു ആകർഷണീയതയെന്നും ലോട്ടറി പ്രകാശനം നിർവഹിച്ചു ധനമന്ത്രി പറഞ്ഞു.
ജൂലൈ 18 മുതൽ ടിക്കറ്റ് വിൽപ്പന തുടങ്ങും. സെപ്റ്റംബർ 18 നാണു നറുക്കെടുപ്പ്. ഒരു രൂപയ്ക്ക് 50,000 രൂപ സമ്മാനത്തുകയുമായി ആരംഭിച്ച സംസ്ഥാന ലോട്ടറി ഇപ്പോൾ 500 രൂപയ്ക്ക് ഇന്ത്യയിലെതന്നെ ഏറ്റവും വലിയ സമ്മാനത്തുകയായ 25 കോടിയുമായി ചരിത്രത്തിന്റെ ഭാഗമാകുകയാണ്. 10 സീരീസുകളിലാണു ടിക്കറ്റുകൾ പുറത്തിറക്കുന്നത്. നാലാം സമ്മാനം ഒരു ലക്ഷം വീതം 90 പേർക്കും അഞ്ചാം സമ്മാനം 5000 രൂപ വീതം 72,000 പേർക്കും നൽകും. 3,000 രൂപയുടെ 48,600 സമ്മാനങ്ങളും 2,000 രൂപയുടെ 66,600 സമ്മാനങ്ങളും 1,000 രൂപയുടെ 21,0600 സമ്മാനങ്ങളും ഓണം ബമ്പറിലുണ്ട്.
പരമാവധി 90 ലക്ഷം ടിക്കറ്റുകളാണ് അച്ചടിക്കുന്നത്. ടിക്കറ്റ് വില ഉയർന്നതിനാൽ സാധാരണക്കാരായ തൊഴിലാളികൾക്കും വാങ്ങാനുള്ള സൗകര്യം കൂടി കണക്കിലെടുത്ത് അഞ്ച് ലീഫുകൾ അടങ്ങിയ ബുക്ക്ലെറ്റാണ് ഇത്തവണ പുറത്തിറക്കുന്നത്. ടിക്കറ്റ് വിൽപ്പനയിലൂടെ 97 രൂപ വരെ തൊഴിലാളികൾക്ക് കമ്മിഷൻ ഇനത്തിൽ കിട്ടും. ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ വിവാദമാകുന്ന കാലത്ത് വിശ്വാസ്യതയും സുരക്ഷതിതത്വവും സർക്കാർ ലോട്ടറിയുടെ മികവാണ്. അത്യാധുനിക പ്രിന്റിംഗ് സാങ്കേതിക വിദ്യയും തിരുവോണം ബമ്പറിന്റെ പ്രത്യേകതയാണ്. സുരക്ഷ പരിഗണിച്ച് വേരിയബിൾ ഡാറ്റ ടിക്കറ്റിൽ ഒന്നിലേറെ ഭാഗങ്ങളിൽ അച്ചടിച്ചിട്ടുണ്ട്. ഫ്ളൂറസെന്റ് മഷിയിൽ പുറത്തിറക്കുന്ന ആദ്യ ലോട്ടറി ടിക്കറ്റുകൂടിയാണു തിരുവോണം ബമ്പർ. കൃത്രിമം നടക്കുന്നുവെന്ന പരാതികൾ ഒഴിവാക്കാനാണ് ആധുനിക സംവിധാനങ്ങൾ ലോട്ടറി വകുപ്പ് ക്രമീകരിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ അസംഘടിത മേഖലയിൽ ഏറ്റവും കുടുതൽ ആളുകൾക്ക് തൊഴിൽ നൽകുന്ന മേഖല കൂടിയായി ലോട്ടറി മാറിയിരിക്കുന്നു. 100 ശതമാനം സുരക്ഷിതത്വവും ഗ്യാരണ്ടിയുമുള്ള ലോട്ടറിയാണു കേരളത്തിൽ വിൽപ്പന നടത്തുന്നതെന്നും അതുതന്നെയാണ് 50-50 അടക്കമുള്ള ലോട്ടറികളൊക്കെ ജനപ്രിയമായതിനു കാരണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ടിക്കറ്റെടുക്കുന്നവരിൽ അഞ്ച് ശതമാനം പേർക്ക് സമ്മാനം എന്ന നിലയിൽ ആകെ നാല് ലക്ഷത്തോളം പേർക്ക് സമ്മാനം കിട്ടുന്ന രീതിയിലാണ് ഇത്തവണ വകുപ്പ് ഓണം ബമ്പർ ക്രമീകരിച്ചിരിക്കുന്നതെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ലോട്ടറി വകുപ്പ് മേധാവി എബ്രഹാം റെൻ, ലോട്ടറി ക്ഷേമനിധി ബോർഡ് ചെയർമാൻ പി.ആർ. ജയപ്രകാശ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ, നടനും സാംസ്‌കാരിക പ്രവർത്തകനുമായ സുധീർ കരമന, വകുപ്പ് പി.ആർ.ഒ. ബി.ടി. അനിൽകുമാർ, വകുപ്പ് ഉദ്യോഗസ്ഥർ, ലോട്ടറി ഏജന്റുമാരുടെ പ്രതിനിധികൾ, തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു. കഴിഞ്ഞ വർഷം 12 കോടി രൂപയായിരുന്നു തിരുവോണം ബമ്പറിന്റെ ഒന്നാം സമ്മാനം. അന്ന് അച്ചടിച്ച 54 ലക്ഷം ടിക്കറ്റുകൾ മുഴുവൻ വിൽപ്പന നടത്തിയിരുന്നു.