മലേറിയ മാസാചരണം: ജില്ലാതല സെമിനാര്‍ നടത്തി
മലേറിയ മാസാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കുളക്കട സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് കെ.ഹര്‍ഷകുമാര്‍ നിര്‍വ്വഹിച്ചു. കുളക്കട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി റ്റി ഇന്ദു കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ബോധവത്ക്കരണ റാലി ജില്ലാ പഞ്ചായത്ത് മെമ്പര്‍ രശ്മി ആര്‍ ഫ്‌ളാഗ് ചെയ്തു.
വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസകാര്യ സമിതി ചെയര്‍മാര്‍ എ. അജി, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സമിതി അധ്യക്ഷന്‍ രഞ്ജിത്ത് കുമാര്‍ എസ്, കുളക്കട ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസകാര്യ സമിതി ചെയര്‍മാന്‍ സജി കടുക്കാല, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് അംഗം എന്‍.മോഹനന്‍, കുളക്കട ഗ്രാമ പഞ്ചായത്ത് അംഗം ഷീല ഒ, മാസ് മീഡിയ ഓഫീസര്‍മാരായ ദിലീപ് ഖാന്‍, ശ്രീകുമാര്‍ എസ്, ഡോ. ഭവില, കുളക്കട സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.ശോഭ കെ, ഡോ.അനില മേരി, ടെക്‌നിക്കല്‍ അസിസ്റ്റന്റ് വിജയകുമാര്‍ കെ, ജില്ലാ പൊതുജനാരോഗ്യ നഴ്‌സിംഗ് ഓഫീസര്‍ ബിന്ദു, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എന്‍.മുരളീധരന്‍ പിള്ള എന്നിവര്‍ സംസാരിച്ചു.
ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് പ്രാണിജന്യ രോഗങ്ങളും പരിഹാരമാര്‍ഗങ്ങളും എന്ന വിഷയത്തില്‍ ബോധവത്ക്കരണ സെമിനാറും റാപിഡ് ക്വിസ് മത്സരവും സംഘടിപ്പിച്ചു. ജില്ലാ മലേറിയ ഓഫീസര്‍ വിജയകുമാര്‍, പി എച് എന്‍ എസ് സാലി, ഡിവിസി കണ്‍സള്‍റ്റന്റ് ദീപ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ തങ്കമണി, ദിനേശ്, വിജയശ്രീ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ആശാ പ്രവര്‍ത്തകര്‍, അംഗന്‍വാടി പ്രവര്‍ത്തകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
അപേക്ഷാ തീയതി നീട്ടി
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കൊല്ലം ജില്ലാ ഓഫീസില്‍ കൊമേഴ്സ്യല്‍ അപ്രന്റീസിന്റെ ഒഴിവിലേക്ക് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഈ മാസം 31 വരെയാക്കി ദീര്‍ഘിപ്പിച്ചു. അംഗീകൃത സര്‍വ്വകലാശാല ബിരുദവും ഗവണ്‍മെന്റ് അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള ഡി.സി.എ. അഥവാ തത്തുല്യ യോഗ്യതയും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 2022 ജനുവരി ഒന്നിന് 26 വയസ്സ് . നിശ്ചിത അപേക്ഷഫോറം ഇല്ല. പ്രതിമാസം 9000/ രൂപ സ്റ്റെപന്റായി ലഭിക്കും. സര്‍ട്ടിഫിക്കറ്റുകളുടെ സ്‌കാന്‍ ചെയ്ത പകര്‍പ്പുകളും ഉദ്യോഗാര്‍ത്ഥിയുടെ ഫോട്ടോയും ബയോഡേറ്റയും ബോര്‍ഡിന്റെ [email protected] എന്ന മെയില്‍ വഴി സമര്‍പ്പിക്കണം. യോഗ്യരായ അപേക്ഷകര്‍ക്ക് ഇന്റര്‍വ്യൂ നടത്തും. വിശദ വിവരങ്ങള്‍ക്ക് 0474-2762117.
യുവജന കമ്മീഷന്‍ ജില്ലാതല അദാലത്ത് 18 ന്
യുവജന കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ചിന്താ ജെറോമിന്റെ അദ്ധ്യക്ഷതയില്‍ ജൂലൈ 18 ന് രാവിലെ 11 മണി മുതല്‍ കൊല്ലം ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ അദാലത്ത് നടത്തും. 18 നും 40 നും മദ്ധ്യേയുള്ള യുവജനങ്ങള്‍ക്ക് കമ്മീഷന് പരാതികള്‍ സമര്‍പ്പിക്കാം.
എല്‍ഡി ടൈപ്പിസ്റ്റ്/ക്ലര്‍ക്ക് ടൈപ്പിസ്റ്റ്
താല്‍ക്കാലിക ഒഴിവ്
കൊല്ലം ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ്റ്/ക്ലര്‍ക്ക് ടൈപ്പിസ്റ്റ് തസ്തികയില്‍ ഭിന്നശേഷി വിഭാഗത്തില്‍ കാഴ്ചവൈകല്യമുളളവര്‍ക്കായി (വിമുക്തഭടന്‍മാര്‍ മാത്രം) താല്‍ക്കാലിക ഒഴിവുണ്ട്.
എസ്.എസ്.എല്‍.സി , കെ.ജി.ടി.ഇ.ടൈപ്പ്റൈറ്റിംഗ് ഇംഗ്ലീഷ് & മലയാളം ലോവര്‍, കമ്പ്യൂട്ടര്‍ വേഡ്പ്രോസസിംഗ് ലോവര്‍ എന്നിവയാണ് യോഗ്യത.
പ്രായപരിധി 2022 ജനുവരി ഒന്നിന് 18 നും 50 നും മധ്യേ.ഭിന്നശേഷി വിഭാഗത്തില്‍ കാഴ്ചവൈകല്യമുള്ള ഉദ്യോഗാര്‍ത്ഥികളുടെ അഭാവത്തില്‍ ശ്രവണവൈകല്യം/അസ്ഥിസംബന്ധമായ വൈകല്യമുള്ള (വിമുക്തഭടന്‍മാര്‍ മാത്രം) ഉദ്യോഗാര്‍ത്ഥികളെയും പരിഗണിക്കും.യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ ആഗസ്റ്റ് 01 ന് മുമ്പ് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം.
മാതാപിതാക്കള്‍ സ്വത്തുക്കള്‍ ഭാഗിക്കുമ്പോള്‍
ജാഗ്രത പാലിക്കണം : വനിതാ കമ്മീഷന്‍
സ്വത്ത് ഭാഗം ചെയ്യുമ്പോള്‍ തങ്ങളുടെ ക്ഷേമത്തിനായി ഒരു ഭാഗം മാറ്റി വയ്ക്കാന്‍ മാതാപിതാക്കള്‍ മനസു വയ്ക്കണമെന്ന് വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാല്‍. ആശ്രാമം സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ നടത്തിയ സിറ്റിംഗില്‍ കേസുകള്‍ പരിഗണിക്കുകയായിരുന്നു കമ്മീഷന്‍ അംഗം.
സ്വത്ത് ഭാഗം വയ്ക്കലിന് ശേഷം വൃദ്ധരായ മാതാപിതാക്കളെ മക്കള്‍ ഉപേക്ഷിക്കുന്നുവെന്ന പരാതികള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് കമ്മീഷന്റെ പരാമര്‍ശം. മാതാപിതാക്കള്‍ക്ക് സംരക്ഷണം, ഭക്ഷണം, കരുതല്‍ ,ചികിത്സ എന്നിവ നല്‍കാന്‍ മക്കള്‍ ബാധ്യസ്ഥരാണെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി. ദമ്പതികള്‍ക്കിടയിലെ വിട്ടുവീഴ്ചയില്ലായ്മ കുടുംബ പ്രശ്‌നങ്ങളും രൂക്ഷമാക്കുന്നുവെന്നും ഷാഹിദാ കമാല്‍ പറഞ്ഞു.
155 കേസുകളാണ് കമ്മീഷന്‍ പരിഗണിച്ചത്. ഇതില്‍ 70 പരാതികള്‍ തീര്‍പ്പാക്കി. മൂന്ന് പരാതികളില്‍ റിപ്പോര്‍ട്ട് തേടാനും 82 എണ്ണം അടുത്ത സിറ്റിംഗിലേക്കും മാറ്റിവച്ചു. ഓഗസ്റ്റ് ഒന്‍പത്,പത്ത് തീയതികളില്‍ ആശ്രാമം സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ കമ്മീഷന്റെ അടുത്ത സിറ്റിംഗ് നടക്കും. വനിതാ കമ്മീഷന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജോസ് കുര്യന്‍, അഭിഭാഷകരായ ഹേമ, സരിത, ജയ കമലാസനന്‍, വിജയകുമാര്‍, കൗണ്‍സിലര്‍ സിസ്റ്റര്‍ സംഗീത തുടങ്ങിയവര്‍ പങ്കെടുത്തു.
ലിറ്റില്‍ കൈറ്റ്‌സ് ജില്ലാ ക്യാമ്പ്
സമാപനം ഇന്ന് (ജൂലൈ 17)
റോബോട്ടിക്‌സ്, ഹോം ഓട്ടോമേഷന്‍,3-ഡി ക്യാരക്ടര്‍ മോഡലിങ് തുടങ്ങിയവ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തുന്ന ദ്വിദിന ലിറ്റില്‍ കൈറ്റ്‌സ് ജില്ലാ സഹവാസ ക്യാമ്പ് ഇന്ന് (ജൂലൈ 17) സമാപിക്കും. കഴിഞ്ഞ ഏപ്രില്‍-മെയ് മാസങ്ങളിലായി നടത്തിയ സബ്ജില്ലാ ക്യാമ്പുകളില്‍ പങ്കെടുത്ത 1196 പേരില്‍ നിന്നും തിരഞ്ഞെടുത്ത 100 പേരാണ് കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്റെ (കൈറ്റ്) കൊല്ലത്തിന്റെ നേതൃത്വത്തില്‍ നടന്ന ജില്ലാ ക്യാമ്പില്‍ പങ്കെടുത്തത്.
സമാപന ദിവസമായ ഇന്ന് വൈകുന്നേരം മൂന്നരയ്ക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി ക്യാമ്പ് അംഗങ്ങളുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംവദിക്കും. രണ്ടുദിവസത്തെ പരിശീലനത്തിലൂടെ കുട്ടികള്‍ തയ്യാറാക്കിയ ഉപകരണങ്ങളുടേയും പ്രോഗ്രാമുകളുടേയും പ്രദര്‍ശനവും ഇന്ന് മൂന്നുമണി മുതല്‍ നടക്കും.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക്‌സ് തുടങ്ങിയ നൂതന സാങ്കേതിക വിദ്യകള്‍ പൊതുവിദ്യാലയങ്ങളില്‍ എത്തിക്കുന്നതിന് ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റുകളെ സജ്ജമാക്കുമെന്ന് ആമുഖ പ്രഭാഷണത്തില്‍ കൈറ്റ് സി.ഇ.ഒ കെ.അന്‍വര്‍ സാദത്ത് പറഞ്ഞു. ഈ വര്‍ഷം തന്നെ ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റുകളുള്ള എല്ലാ സ്‌കൂളുകളിലും റോബോട്ടിക് ലാബ് സംവിധാനവും നിലവില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികള്‍ തന്നെ ക്യാരക്ടര്‍ ഡിസൈന്‍ ചെയ്ത് അനിമേഷന്‍ തയ്യാറാക്കുന്ന വിധത്തില്‍ അനിമേഷന്‍ മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്കും പ്രോഗ്രാമിംഗ് മേഖലയിലെ കുട്ടികള്‍ക്കും വിവിധ സോഫ്റ്റ്വെയര്‍, പ്രോഗ്രാമിങ്ങ് മോഡ്യൂളുകള്‍ ഉപയോഗിച്ചാണ് പരിശീലനം നല്‍കിയത്.
ഐ.എച്ച്.ആര്‍.ഡി കോഴ്‌സ്
അപേക്ഷാ തീയതി നീട്ടി
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് ഡവലപ്‌മെന്റിന്റെ (ഐ. എച്ച്. ആര്‍. ഡി) ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന കോഴ്‌സുകളിലേക്ക് അപേക്ഷിക്കാനുള്ള തീയതി ജൂലൈ 30 വരെ നീട്ടി. രണ്ട് സെമസ്റ്ററുകളുള്ള പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ (പി. ജി. ഡി. സി. എ), ഡേറ്റാ എന്‍ട്രി ടെക്‌നിക്‌സ് ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍(ഡി.ഡി.ടി.ഒ.എ ),പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ഓഡിയോ എഞ്ചിനീയറിങ്(പി.ജി.ഡി.എ.ഇ ),ഏക സെമസ്റ്റര്‍ കോഴ്‌സുകളായ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡി.സി.എ), സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (സി.സി.എല്‍.ഐ.എസ് ), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്(ഡി.സി.എഫ്.എ ), അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ബയോ മെഡിക്കല്‍ എഞ്ചിനീയറിങ്(എ.ഡി.ബി.എം.ഇ), ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈചെയിന്‍ മാനേജ്‌മെന്റ് (ഡി.എല്‍.എസ്.എം), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ എംബഡഡ് സിസ്റ്റം ഡിസൈന്‍ (പി.ജി.ഡി.ഇ.ഡി),സര്‍ട്ടിഫിക്
ഡെയറി പ്രൊമോട്ടര്‍:
അപേക്ഷ ക്ഷണിച്ചു
അഞ്ചല്‍ ക്ഷീരവികസന യൂണിറ്റിന്റെ പ്രവര്‍ത്തനപരിധിയില്‍ ഡെയറി പ്രൊമോട്ടറായി പ്രവര്‍ത്തിക്കുന്നതിന് 18 നും 45 നും ഇടയില്‍ പ്രായമുള്ള എസ്.എസ്.എല്‍.സി അടിസ്ഥാനയോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
അപേക്ഷ ജൂലൈ 25 ന് വൈകിട്ട് അഞ്ചുമണിക്ക് മുമ്പ് അഞ്ചല്‍ ക്ഷീരവികസനയൂണിറ്റില്‍ സമര്‍പ്പിക്കാം. അപേക്ഷകരുടെ അഭിമുഖം ജൂലൈ 27 രാവിലെ 11 ന് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ നടക്കും. വിശദ വിവരങ്ങള്‍ 0474 2748098 എന്ന ഫോണ്‍ നമ്പരില്‍ ലഭിക്കും.
വുമണ്‍ കാറ്റില്‍ കെയര്‍ വര്‍ക്കര്‍
ചെറുമൂട്, ചടയമംഗലം ക്ഷീരവികസന യൂണിറ്റുകളുടെ പരിധിയില്‍ വുമണ്‍ കാറ്റില്‍ കെയര്‍ വര്‍ക്കറായി പ്രവര്‍ത്തിക്കുന്നതിന് 18 നും 45 നും ഇടയില്‍ പ്രായമുള്ള എസ്.എസ്.എല്‍.സി. അടിസ്ഥാനയോഗ്യതയുള്ള ക്ഷീരസംഘാംഗങ്ങളായ വനിതകളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു.
അപേക്ഷ ജൂലൈ 25 വൈകിട്ട് അഞ്ചിന് മുമ്പ് ക്ഷീരവികസനയൂണിറ്റ് ഓഫീസുകളില്‍ സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ ചെറുമൂട്, ചടയമംഗലം ക്ഷീരവികസന യൂണിറ്റ് ഓഫീസുകളില്‍ നിന്നും ലഭിക്കും. അപേക്ഷകരുടെ അഭിമുഖം ജൂലൈ 27 ഉച്ചയ്ക്ക് 2 മണിക്ക് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ നടക്കും.
വായനയുടെ വസന്തം തീര്‍ക്കാന്‍
പുനലൂര്‍ നഗരസഭയില്‍ ഇനി പുസ്തകക്കൂടും
പുനലൂര്‍ നഗരസഭയിലെത്തുന്നവര്‍ക്ക് വായനയുടെ ജാലകങ്ങള്‍ തുറക്കാന്‍ ഇനി പുസ്തകക്കൂടും. സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ സഹകരണത്തോടെ കേരള ഫോക്കസ് പബ്ലിക് ലൈബ്രറിയാണ് നഗരസഭാ കവാടത്തില്‍ പുസ്തകക്കൂട് സ്ഥാപിച്ചിട്ടുള്ളത്. വായനയെ ജനകീയവല്‍ക്കരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പൊതുയിടങ്ങള്‍ കേന്ദ്രീകരിച്ച് ഒരു താലൂക്കില്‍ അഞ്ച് പുസ്തകക്കൂടുകളാണ് സ്ഥാപിക്കുക. 4000 രൂപയാണ് ഒരു പുസ്തകക്കൂടിനായി സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ നല്‍കുന്ന ധനസഹായം.
കൂടിന് പൂട്ടില്ലാത്തതിനാല്‍ പൊതുജനങ്ങള്‍ക്ക് ആവശ്യനുസരണം പുസ്തകങ്ങള്‍ എടുക്കുന്നതിനും നിക്ഷേപിക്കുന്നതിനും കഴിയും. രണ്ട് തട്ടുകളിലായി ദിനപത്രങ്ങള്‍, മാഗസിനുകള്‍, നോവലുകള്‍, കഥകള്‍, കവിതകള്‍, ബാലസാഹിത്യങ്ങള്‍, ചരിത്രം, പുരാണം എന്നിവയാണ് ഒരുക്കിയിട്ടുള്ളത്. എഴുത്തുകാര്‍ക്കും അവരുടെ പുസ്തകങ്ങള്‍ ഇവിടെ നിക്ഷേപിക്കാം.
പൊതുജങ്ങള്‍ക്ക് പ്രയോജനകരമാകുന്ന തരത്തിലാണ് പുസ്തകക്കൂട് ഒരുക്കിയിട്ടുള്ളത്. വായനാശീലം എല്ലാവരിലേക്കും എത്തിക്കാന്‍ ഇത്തരം ആശയങ്ങള്‍ സഹായകരമാകുമെന്നും നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്മി എബ്രഹാം പറഞ്ഞു.
പ്രവേശന തീയതി നീട്ടി
ഐ.എച്ച്. ആര്‍. ഡി.യുടെ നിയന്ത്രണത്തിലുള്ള കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക്കില്‍ ആറുമാസ കോഴ്‌സുകളിലേക്കുള്ള പ്രവേശന തീയതി 30.07.2022 വരെ നീട്ടി. എസ്‌സി/ എസ്ടി/ ഒ ഇ സി വിദ്യാര്‍ത്ഥികള്‍ക്ക് ഫീസാനുകൂല്യം ഉണ്ടായിരിക്കും. കോഴ്‌സ് സംബന്ധിച്ച വിശദവിവരങ്ങള്‍ക്ക് 04762623597, 9447488348 ല്‍ ബന്ധപ്പെടാം.
മയ്യനാട് പഞ്ചായത്തില്‍
കര്‍ഷക സഭയും ഞാറ്റുവേല ചന്തയും
തനത് കാര്‍ഷികോല്‍പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവുമൊരുക്കി മയ്യനാട് ഗ്രാമ പഞ്ചായത്തിലെ കര്‍ഷക സഭയും ഞാറ്റുവേല ചന്തയും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ.ഷാഹിദ ഉദ്ഘാടനം നിര്‍വഹിച്ചു. പരിപാടിയില്‍ പങ്കെടുത്ത എല്ലാ കര്‍ഷകര്‍ക്കും പച്ചക്കറി തൈകള്‍ വിതരണം ചെയ്തു. പഞ്ചായത്തിന്റെ വിവിധ വാര്‍ഡുകളില്‍ കര്‍ഷക സഭകള്‍ നടത്തിവരുന്നുണ്ട്. ‘ഓണത്തിന് ഒരു മുറം പച്ചക്കറി’പദ്ധതിയുടെ ഭാഗമായ പച്ചക്കറി വിത്ത് വിതരണവും സഭകള്‍ മുഖേന നല്‍കിവരുകയാണ്.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജവാബ് റഹ്‌മാന്‍, ബ്ലോക്ക് അംഗം ഷീല, സ്ഥിരം സമിതി അദ്ധ്യക്ഷരായ ഡി.ഷീല, സജീര്‍, ചിത്ര, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഹലീമ, ഷീലജ, പ്രിയ സാമുവല്‍, മയ്യനാട് സുനില്‍, ആര്‍. എസ്. അബിന്‍, കൃഷി ഓഫിസര്‍ അനൂപ് ചന്ദ്രന്‍, കൃഷി അസിസ്റ്റന്റ് അനസ്എന്നിവര്‍സംസാരിച്ചു, കാര്‍ഷിക വികസന സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു
തിരുവോണം ബമ്പര്‍ ടിക്കറ്റ് പ്രകാശനം 18 ന്
25 കോടി രൂപ ഒന്നാം സമ്മാനവും, അഞ്ചു കോടി രൂപ രണ്ടാം സമ്മാനവും, ഒരു കോടി വീതം 10 പേര്‍ക്ക് മൂന്നാം സമ്മാനവും മറ്റ് അനവധി സമ്മാനങ്ങളുമായി 500/ രൂപ മുഖവിലയുള്ള 2022 ലെ തിരുവോണം ബമ്പര്‍ ( ബിആര്‍ 87) ഭാഗ്യക്കുറി ടിക്കറ്റ് പ്രകാശനം 18 ന് രാവിലെ പത്തരയ്ക്ക് ജില്ലാ കളക്ടര്‍ അഫ്സാന പര്‍വ്വീണ്‍ കളക്ടറുടെ ചേമ്പറില്‍ വച്ച് നിര്‍വ്വഹിക്കുമെന്ന് ജില്ലാ ഭാഗ്യക്കുറി ആഫീസര്‍ അറിയിച്ചു.