ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ചിന്‍റെ തിരുവല്ലയിലെ സഭാ ആസ്ഥാനത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്‍റെ പരിശോധന നടന്നു . സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഷാജ് കിരണ്‍ നടത്തിയിട്ടുള്ള വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തില്‍ ആണ് പരിശോധന. ബിലീവേഴ്‌സ് ചര്‍ച്ച് വഴി മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും അമേരിക്കയിലേക്ക് പണം എത്തിച്ചെന്നാണ് സ്വപ്ന സുരേഷ് പുറത്ത് വിട്ട ഷാജ് കിരണിന്‍റെ ശബ്ദരേഖയിലുണ്ടായിരുന്നത്.
സ്വപ്നയുടെ ആരോപണങ്ങളും ഷാജ് കിരണിന്‍റെ ഓഡിയോ റെക്കോര്‍ഡും നിഷേധിച്ച് ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് രംഗത്തെത്തിയിരുന്നു. ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നാണ് ചര്‍ച്ച് ഔദ്യോഗികമായി അറിയിച്ചിരുന്നത്. ഷാജ് കിരണുമായി മാധ്യമ പ്രവര്‍ത്തകന്‍ എന്നതിലുപരി മറ്റൊരു ബന്ധമില്ലെന്ന് സഭ വക്തവ് സിജോ പന്തപ്പള്ളിയില്‍ വ്യക്തമാക്കിയിരുന്നു. സഭയെ അപകീര്‍ത്തിപ്പെടുത്തിയതിന് ഷാജ് കിരണിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ബിലീവേഴ്‌സ് ചര്‍ച്ച് പറഞ്ഞിരുന്നതാണ്.
എന്നാല്‍, താന്‍ ചില മാദ്ധ്യമവാര്‍ത്തകള്‍ കണ്ട് പറഞ്ഞതാണെന്നും വ്യക്തിപരമായി ഇക്കാര്യത്തെക്കുറിച്ച് അറിയില്ലെന്നുമായിരുന്നു ഷാജ് കിരണിന്റെ പ്രതികരണം. ബിലീവേഴ്സ് ചര്‍ച്ചുമായി തനിക്കൊരു ബന്ധമില്ലെന്നും ഷാജ് കിരണ്‍ പറഞ്ഞിരുന്നു.കഴിഞ്ഞ നവംബറിൽ അതീവ രഹസ്യമായി ഇ.ഡി സഭാ ആസ്ഥാനത്ത് പരിശോധന നടത്തുകയും വിവിധ ഏജൻസികൾ അന്വേഷണത്തിനായി എത്തുകയും ചെയ്തിരുന്നു. രണ്ടു കോടിയുടെ നിരോധിത നോട്ടുകളടക്കം 13 കോടിയുടെ അനധികൃത പണം അന്ന് കണ്ടെടുത്തിരുന്നു.