Input your search keywords and press Enter.

കൊല്ലം ജില്ലാ വാര്‍ത്തകള്‍ /അറിയിപ്പുകള്‍

കോളേജ് വിദ്യാഭ്യാസ വകുപ്പ് ഫയല്‍ അദാലത്ത് നടന്നു
കോളേജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റിന്റെ ആഭിമുഖ്യത്തില്‍ ഫയല്‍ അദാലത്ത് സംഘടിപ്പിച്ചു. കൊല്ലം എസ്.എന്‍.കോളേജില്‍ നടന്ന അദാലത്ത് ഡയറക്ടര്‍ വി.വിഘ്‌നേശ്വരി ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.ജി.സുവര്‍ണകുമാര്‍ അദ്ധ്യക്ഷനായി.
എയ്ഡഡ് കോളേജ് അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാരുടെ സര്‍വീസ് സംബന്ധമായ നിരവധി ഫയലുകള്‍ തീര്‍പ്പാക്കി. ഉന്നത വിദ്യാഭ്യാസ രംഗത്തെ പൊതുപരാതികളും അദാലത്തില്‍  പരിഗണിച്ചു.  ആകെ 258 ഫയലുകള്‍ അദാലത്തില്‍ തീര്‍പ്പാക്കി.ഡയക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.ഡി.ഉണ്ണികൃഷ്ണന്‍ നായര്‍, സീനിയര്‍ എ.എ. അജിത്.എ,  അക്കൗണ്ട്സ് ഓഫീസര്‍മാരായ ഗായത്രിദേവി ഐ.പി, ഗീതാമണി വി.എസ്, നോഡല്‍ ഓഫിസര്‍ സുമേഷ്.എസ് എന്നിവര്‍ അദാലത്തിന് നേതൃത്വം നല്‍കി.

ഭിന്നശേഷി കുട്ടികളുടെ മെഡിക്കല്‍ ക്യാമ്പ്
സമഗ്ര ശിക്ഷാ കേരളം-ബി.ആര്‍.സി. കൊല്ലം എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക പരിഗണനയര്‍ഹിക്കുന്ന കുട്ടികള്‍ക്കായുള്ള മെഡിക്കല്‍ ക്യാമ്പ് ജൂലൈ 21, 22, 27  തീയതികളില്‍ മുളങ്കാടകം ബി.ആര്‍.സി. ഓഫീസില്‍ നടക്കും.  ക്യാമ്പിന്റെ ജില്ലാതല ഉത്ഘാടനം 21 രാവിലെ 10.30 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയേല്‍ നിര്‍വ്വഹിക്കും.
വാര്‍ഡ് കൗണ്‍സിലര്‍ ശ്രീലത അദ്ധ്യക്ഷയായിരിക്കും. കൊല്ലം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.ഐ.ലാല്‍ മുഖ്യാഥിതിയാകും. തദ്ദേശ സ്വയംഭരണ പ്രതിനിധികള്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ചാലില്‍ തോടിന് പുതുജീവനായി കയര്‍ ഭൂവസ്ത്രം
 വര്‍ഷങ്ങളായി മലിനമായി കിടന്ന ചാലില്‍ തോടിന് പുതുജ•ം. മഴക്കാലത്ത് തോടിന്റെ കരകള്‍ ഇടിഞ്ഞ് സമീപത്തെ കൃഷിയിടങ്ങളില്‍ വെള്ളം കയറുക പതിവായിരുന്നു. ഓരോ വര്‍ഷവും തോട് വൃത്തിയാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവെങ്കിലും ഇതിന് ശാശ്വത പരിഹാരം കണ്ടെത്താനായിരുന്നില്ല. എന്നാല്‍ പൂതക്കുളം ഗ്രാമപഞ്ചായത്തിലെ മുക്കട വാര്‍ഡില്‍ ഉള്‍പ്പെട്ട വയല്‍ക്കര ചാലില്‍ തോടിന് ഇരുവശവും കയര്‍ ഭൂവസ്ത്രം അണിയിച്ചതോടെ കാലങ്ങളായി തോട് നേരിട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവുകയായിരുന്നു.
തൊഴില്‍ ഉറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2,38,939 രൂപ ചിലവഴിച്ചാണ് തോടിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് ഏകദേശം 350 മീറ്ററോളം നീളത്തില്‍ കയര്‍ഭൂവസ്ത്രം മുഖേന സംരക്ഷണഭിത്തി തീര്‍ത്തു.457 ദിവസങ്ങള്‍ കൊണ്ടാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നത്. കയര്‍ ഭൂവസ്ത്രത്തിന് മുകളില്‍ പുല്ല് വെച്ച് പിടിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.

കാര്യറ- മൈലാടുംപാറയിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കും
വിളക്കുടി ഗ്രാമപഞ്ചായത്തിലെ കാര്യറ -മൈലാടുംപാറ കുടിവെള്ള  പ്രശ്‌നത്തിന് ഉടന്‍  പരിഹാരം. കുടിവെള്ള പദ്ധതിയുടെ  നവീകരണത്തിന് ജില്ലാ പഞ്ചായത്ത് 9,01,000 ലക്ഷം രൂപ അനുവദിച്ചു. കാലപ്പഴക്കം വന്ന പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുന്നത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കാര്യറ മയിലാടുംപാറ കോളനിയിലെ ഇരുപതോളം വരുന്ന കുടുംബങ്ങളുടെ കുടിവെള്ളപ്രശ്‌നം ഇതോടെ  പരിഹാരമാകുമെന്ന് ജില്ലാ പഞ്ചായത്ത് തലവൂര്‍ ഡിവിഷന്‍  അംഗം പി.അനന്തു പറഞ്ഞു.

ചെറുമീന്‍ പിടിത്തത്തിനെതിരെ കര്‍ശന നടപടിയുമായി ഫിഷറീസ് വകുപ്പ്

മത്സ്യസമ്പത്തിന്റെ കുറവിനുള്ള പ്രധാന കാരണങ്ങളിലൊന്നായ ചെറുമീന്‍ പിടിത്തത്തിനെതിരേ (ജുവനൈല്‍ ഫിഷിംഗ്) കര്‍ശന നടപടിയുമായി ജില്ലാ ഫിഷറീസ് വകുപ്പ്. ഈ സാമ്പത്തിക വര്‍ഷത്തില്‍ മാത്രം ഇത്തരത്തില്‍ ചെറുമീന്‍ പിടിച്ച 23 മത്സ്യബന്ധനയാനങ്ങള്‍ക്കെതിരെ ഫിഷറീസ് വകുപ്പ് കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമം 1980 (ഭേദഗതി 2018) അനുസരിച്ച് നിയമനടപടി സ്വീകരിച്ചിച്ചു.  ഇവരില്‍ നിന്നും പിഴ ഈടാക്കുകയും വള്ളങ്ങളിലുണ്ടായിരുന്ന ഭക്ഷ്യയോഗ്യമായ മത്സ്യം ലേലം ചെയത് 2.54 ലക്ഷം രൂപ ഉള്‍പ്പെടെ 12.34 ലക്ഷം രൂപ സര്‍ക്കാരിലേക്ക് അടയ്ക്കുകയും ചെയ്തു.
മത്സ്യങ്ങളുടെ പ്രജനന കാലമായ മണ്‍സൂണ്‍ കാലയളവില്‍ സംസ്ഥാന സര്‍ക്കാര്‍ യന്ത്രവല്‍കൃത യാനങ്ങള്‍ ഉപയോഗിച്ചുള്ള ബോട്ടം ട്രോളിംഗ് നിരോധിച്ചിരിക്കുന്നതിനിടെയാണ് കണ്ണിവലിപ്പം കുറഞ്ഞ വലകള്‍ ഉപയോഗിച്ചുകൊണ്ടുള്ള ചെറുമീന്‍പിടിത്തം വ്യാപകമാകുന്നതായി ഫിഷറീസ് വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഫിഷറീസ് വകുപ്പിന്റെ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ സഹായത്തോടെ പട്രേ0ളിംഗ് ശക്തമാക്കിക്കൊണ്ടാണ് നിയമ ലംഘനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചത്.
ജില്ലയിലെ തങ്കശ്ശേരി, നീണ്ടകര, അഴീക്കല്‍ എന്നീ ഹാര്‍ബറുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വള്ളങ്ങള്‍ക്കെതിരെയാണ് ഫിഷറീസ് വകുപ്പ് നിയമലംഘനത്തിന് പിഴ ഈടാക്കിയിട്ടുള്ളത്.  മത്സ്യസമ്പത്തിന്റെ സുസ്ഥിര ഉത്പാദനത്തിനും സംരക്ഷണത്തിനുമായി വാണിജ്യവ്യാവസായിക പ്രാധാന്യമുളളതും ഉത്പാദനം കുറഞ്ഞുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളതുമായ 58 ഇനം മത്സ്യ/ചെമ്മീന്‍/കണവ/കക്ക ഇനങ്ങളുടെ മത്സ്യബന്ധനത്തിന് അനുവദനീയമായ കുറഞ്ഞനീളം നിജപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്.  അതിലും കുറഞ്ഞ വലിപ്പത്തിലുള്ള മത്സ്യകുഞ്ഞുങ്ങളെ പിടിക്കുന്നത് അത്തരം മത്സ്യങ്ങളുടെ നാശത്തിനുതന്നെ കാരണമാകുന്നതിനാലാണ് ഇത്തരത്തിലുള്ള അശാസ്ത്രീയമായ മത്സ്യബന്ധന രീതികള്‍ നിയമം മൂലം നിരോധിച്ചിട്ടുള്ളത്.
നിയമലംഘനങ്ങള്‍ ആവര്‍ത്തിക്കുന്ന പക്ഷം അത്തരം യാനങ്ങളുടെ ലൈസന്‍സും രജിസ്‌ട്രേഷനും റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന്  ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.  നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ വിവരം ഫിഷറീസ് വകുപ്പിന്റെ 04762680036 / 9496007036 ല്‍ അറിയിക്കാം.

അഭിമുഖം ജൂലൈ 25 ന്
കൊല്ലം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യസ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്കായി ജൂലൈ 25 തിങ്കളാഴ്ച അഭിമുഖം നടത്തും.
പ്ലസ്ടൂ മിനിമം യോഗ്യതയുള്ള 18 നും 35 നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജൂലൈ 25 രാവിലെ 10 മണിക്ക് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്ത് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04742740615, 8714835683

ലാബ് ടെക്‌നീഷ്യന്‍
നിലമേല്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലികമായി ഒരു ലാബ് ടെക്‌നീഷ്യനെ നിയമിക്കുന്നു.  യോഗ്യരായിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ജൂലൈ 27 ന് രാവിലെ  11 മണിക്ക് നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ നേരിട്ട് ഹാജരാകണം.  വിവരങ്ങള്‍ക്ക്: 04742433990, ഇ-മെയില്‍:   [email protected]

താല്‍ക്കാലിക നിയമനം
കരുനാഗപ്പള്ളി ഡോ. വേലുക്കുട്ടി അരയന്‍ മെമ്മോറിയല്‍ ഗവ.റീജിയണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളില്‍ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, മ്യൂസിക്, ചിത്രകല, ചെണ്ട, യോഗ, മൈക്രോ ടീച്ചിംഗ് (മലയാളം, ഹിന്ദി, സോഷ്യല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, മാത്‌സ്) തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നതിനായി യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളുടെ അഭിമുഖം ജൂലൈ 25 രാവിലെ 11 മണിക്ക് സ്‌കൂളില്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ രേഖകളുമായി എത്തണം.

അപേക്ഷ ക്ഷണിച്ചു
സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍ ആഗസ്റ്റില്‍ ആരംഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ ഇംഗ്ലീഷ് ഫോര്‍ നഴ്സസ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറ് മാസം ദൈര്‍ഘ്യമുള്ള കോഴ്‌സിലേക്ക് നഴ്‌സിങ് രജിസ്‌ട്രേഷനുള്ള 18 വയസ് കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. വിദേശ നഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷന് ആവശ്യമായ ഒക്യുപേഷണല്‍ ഇംഗ്ലീഷ് ടെസ്റ്റ് (ഒ.ഇ.റ്റി) പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിശദ വിവരങ്ങള്‍ക്ക് www.srccc.in  എന്ന വെബ്‌സൈറ്റിലോ തങ്കശ്ശേരി ഐ.ഇ.പി.സി പഠനകേന്ദ്രമായോ ബന്ധപ്പെടാം. ഫോണ്‍ 9746704010.

ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല ലൈബ്രറിയിലേക്ക് മുന്നൂറ്റി അന്‍പതോളം അമൂല്യ ഗ്രന്ഥങ്ങള്‍ കൂടി

ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല ലൈബ്രറിക്കു വേണ്ടി പുസ്തക സമാഹരണ യജ്ഞത്തിലൂടെ 350ഓളം അമൂല്യ ഗ്രന്ഥങ്ങള്‍ കൂടി സംഭാവനയായി ലഭിച്ചു. ഓപ്പണ്‍ സര്‍വകലാശാലയുടെ പുസ്തക സമാഹരണ യജ്ഞത്തെ കുറിച്ചറിഞ്ഞാണ് കൊല്ലം ജില്ലയിലെ തേവള്ളി  ടിആര്‍എ52 ല്‍ താമസിക്കുന്ന റിട്ടയേര്‍ഡ് പോസ്റ്റ് മാസ്റ്ററായ എന്‍.കൃഷ്ണ കമ്മത് തന്റെ പ്രിയപ്പെട്ട പുസ്തകങ്ങള്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിക്ക് നല്കാന്‍ തീരുമാനിച്ചത്.
പ്രായത്തിന്റെ അവശതകള്‍ വക വകവയ്ക്കാതെ കുരീപ്പുഴയിലെ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ നേരിട്ടെത്തിയാണ് 90 വയസു പിന്നിട്ട കൃഷ്ണ കമ്മത് പുസ്തകങ്ങള്‍ വൈസ് ചാന്‍സലര്‍  പി. എം.മുബാറക് പാഷ യുടെ സാന്നിധ്യത്തില്‍ രജിസ്ട്രാര്‍  ഡോ. എം ജയമോഹന് കൈമാറിയത്.
ഓപ്പണ്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ആയ ഡോ. എ പസ്ലിതില്‍, ഡോ.കെ. ശ്രീവത്സന്‍, അക്കാദമിക് കോഓര്‍ഡിനേറ്റര്‍ ഡോ. ഐ. ജി ഷിബി തുടങ്ങിയവരും സന്നിഹിതരായിരുന്നു.
ഏറ്റവും മികച്ച  ലൈബ്രറി സജ്ജമാക്കുന്നതിന്റെ ഭാഗമായി പൊതുജന പങ്കാളിത്തത്തോടെ നടന്നുവരുന്ന പുസ്തകസമാഹരണ യജ്ഞം വഴി ആയിരക്കണക്കിന് പുസ്തകങ്ങളാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്.
പ്രമുഖ ഭാഷാ പണ്ഡിതനും എഴുത്തുകാരനും എസ് എന്‍ കോളേജ് മലയാള വിഭാഗം അധ്യാപകനുമായിരുന്ന പ്രൊഫ. ആദിനാട് ഗോപിയുടെ അമൂല്യ പുസ്തകശേഖരം  ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍.  ബിന്ദുവിന്  കൈമാറിയാണ് പുസ്തകസമാഹരണ യജ്ഞത്തിന്  തുടക്കം കുറിച്ചത്.  തിരുവനന്തപുരം യൂണിവേഴ്‌സിറ്റികോളേജ് റിട്ടയേര്‍ഡ് പ്രൊഫസര്‍  ഡോ.. എന്‍. പ്രഭാകരന്‍ തന്റെ ശേഖരത്തിലെ നാനൂറോളം പുസ്തകങ്ങള്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി ലൈബ്രറിക്ക് സമ്മാനിച്ചു. സമൂഹത്തിലെ വിവിധ മേഖലയിലുള്ള പ്രമുഖര്‍ തങ്ങളുടെ പുസ്തക ശേഖരം ഓപ്പണ്‍ സര്‍വകലാശാലയുടെ ലൈബ്രറിയിലേക്ക് സംഭാവന നല്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

error: Content is protected !!