Input your search keywords and press Enter.

ആറന്മുള വള്ളംകളി: കടവുകളില്‍ സംയുക്ത സംഘം അടിയന്തിര പരിശോധന നടത്തണം

 

 

പള്ളിയോടങ്ങള്‍ അടുക്കുന്നതിന് തടസമായുള്ള ചെളി നീക്കുന്നതിന്റെ ഭാഗമായി കടവുകളില്‍ ഇറിഗേഷന്‍, പഞ്ചായത്ത്, പള്ളിയോട സേവാ സംഘം എന്നിവയുടെ പ്രതിനിധികള്‍ അടങ്ങുന്ന സംഘം അടിയന്തിരമായി സംയുക്ത പരിശോധന നടത്തണമെന്ന് ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശിച്ചു.

ആറന്മുള വള്ളസദ്യ, അഷ്ടമിരോഹിണി വള്ളസദ്യ, ഉത്തൃട്ടാതി ജലോത്സവം എന്നിവയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍തലത്തില്‍ ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍ നിശ്ചയിക്കുന്നതിന് ഓണ്‍ലൈനായി ചേര്‍ന്ന അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വിപുലമായ രീതിയില്‍ ഇത്തവണ വള്ളം കളിയും വള്ളസദ്യയും നടത്തും. നദിയില്‍ ശേഷിക്കുന്ന മണല്‍ പുറ്റുകള്‍ ഉടന്‍ നീക്കം ചെയ്യും. കോഴഞ്ചേരി പാലം പണി നടക്കുന്ന സ്ഥലത്ത് പള്ളിയോടങ്ങള്‍ സുഗമമായി കടന്നു പോകുന്നതിനുള്ള സൗകര്യമൊരുക്കും. പള്ളിയോടങ്ങള്‍ പോകുന്നതിന് തടസമായുള്ള താല്‍ക്കാലിക തടയണകള്‍ ജലസേചന വകുപ്പ് നീക്കം ചെയ്യണം.

അടുത്ത ഘട്ട അവലോകന യോഗം ജലവിഭവ വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തില്‍ ചേരും. വകുപ്പുകള്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ സാധാരണ നിലയില്‍ വള്ളംകളി നടത്താവുന്ന സാഹചര്യമാണുള്ളത്. ആരോഗ്യവകുപ്പിന്റെ മെഡിക്കല്‍ ടീമിനെ നിയോഗിക്കും. ആറന്മുള വള്ളംകളിക്ക് ടൂറിസം വകുപ്പ് മുഖേന പ്രചാരണം നല്‍കുമെന്നും മന്ത്രി പറഞ്ഞു.

കോവിഡ് കാലത്തിനു ശേഷം ഉത്സാഹത്തോടെയാണ് ജനങ്ങള്‍ വള്ളംകളിയെ കാണുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. വന്‍ ജനപങ്കാളിത്തമാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. ഏവരും കോവിഡ് ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

വിപുലമായ രീതിയില്‍ ജലമേള നടത്തുവാന്‍ സാധിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ ശുചിത്വമിഷന്‍ നിരീക്ഷിക്കണം. എല്ലാ വകുപ്പുകളും പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
വാട്ടര്‍ സ്റ്റേഡിയത്തിലേയും അനുബന്ധ കടവുകളിലേയും മണ്‍പുറ്റുകള്‍ ജലസേചന വകുപ്പ് നീക്കം ചെയ്യും. ജലനിരപ്പ് ക്രമീകരിക്കുന്നതിനാവശ്യമായ നടപടികളും സ്വീകരിക്കും. ഗ്യാലറികളുടെ അറ്റകുറ്റപ്പണികളും പൂര്‍ത്തിയാക്കും.

പൊതുമരാമത്ത് കെട്ടിട വിഭാഗം റസ്റ്റ്ഹൗസില്‍ ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്തും. ഇലക്ട്രിക്കല്‍ വിഭാഗം സത്രം പവലിയനിലെയും റസ്റ്റ്ഹൗസിലെയും വൈദ്യുതീകരണ സംവിധാനങ്ങള്‍ പരിശോധിച്ച് അവശ്യമായ അറ്റകുറ്റപ്പണികളും സുരക്ഷയും ഏര്‍പ്പെടുത്തും. ആറന്മുളയിലും പരിസര പ്രദേശങ്ങളിലും മുടക്കം കൂടാതെ വൈദ്യുത വിതരണം നടത്തുന്നതിനുള്ള നടപടി കെ എസ് ഇ ബി സ്വീകരിക്കും. സത്രം പവലിയനില്‍ താല്‍ക്കാലിക വൈദ്യുത കണക്ഷന്‍ നല്‍കും. വഴിവിളക്കുകള്‍ പ്രകാശിപ്പിക്കുന്നതിനുള്ള നടപടി ഗ്രാമപഞ്ചായത്തുമായി സഹകരിച്ച് കെഎസ്ഇബി നിര്‍വഹിക്കും.

ജലോത്സവത്തിനാവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ പോലീസ് ഒരുക്കും. രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ മുന്‍കരുതല്‍ അഗ്നിശമന സേന ഒരുക്കും. കോഴഞ്ചേരി ജില്ലാ ആശുപത്രി, നാല് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് ആവശ്യമായ സേവനങ്ങള്‍ ഒരുക്കും. സാനിറ്റേഷന്‍ സൂപ്പര്‍വൈസിംഗിനൊപ്പം ആംബുലന്‍സ് സേവനവും ഒരുക്കും. റോഡുകളുടെ അറ്റകുറ്റപ്പണി പൊതുമരാമത്ത് വകുപ്പ് നടത്തും. വിനോദസഞ്ചാരികളെ ആറന്മുളയിലേക്ക് ആകര്‍ഷിക്കുന്നതിന് ഡിടിപിസി പ്രത്യേക കാമ്പയിന്‍ നടത്തും.

ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍, ജില്ലാ പഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ആര്‍. അജയകുമാര്‍, തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എസ്. ബിനോയ്, മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രദീപ് കുമാര്‍, ജില്ലാമെഡിക്കല്‍ഓഫീസര്‍ ഡോ. എല്‍. അനിതകുമാരി, പള്ളിയോട സേവാ സംഘം പ്രസിഡന്റ് കെ.എസ്. രാജന്‍, സെക്രട്ടറി പാര്‍ത്ഥസാരഥി ആര്‍ പിള്ള, ട്രഷറര്‍ സഞ്ജീവ് കുമാര്‍, വൈസ് പ്രസിഡന്റ് സുരേഷ് ജി വെണ്‍പാല, ദുരന്തനിവാരണ വിഭാഗം ഡെപ്യുട്ടി കളക്ടര്‍ ടി.ജി. ഗോപകുമാര്‍, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!