Input your search keywords and press Enter.

കൊല്ലം ജില്ലാ വാര്‍ത്തകള്‍

പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് തൊഴില്‍ കാര്‍ഡ് വിതരണം ഇന്ന്
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴില്‍ കാര്‍ഡ് ലഭിക്കാന്‍ അര്‍ഹതയുള്ള പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് തൊഴില്‍ കാര്‍ഡുകള്‍ ലഭ്യമാക്കുന്ന യജ്ഞത്തിന്റെ ഭാഗമായി കുളത്തുപ്പുഴ ഗ്രാമപഞ്ചായത്തിലെ അര്‍ഹതപ്പെട്ട  കുടുംബങ്ങള്‍ക്ക് ഇന്ന് (ജൂലൈ 21) തൊഴില്‍ കാര്‍ഡ് നല്‍കും.  ചെറുകര പട്ടികവര്‍ഗ്ഗ കോളനിയില്‍ രാവിലെ 9.30 ന് ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ കാര്‍ഡ് വിതരണം നിര്‍വ്വഹിക്കും.

മൈനാഗപള്ളി കുടിവെള്ള പദ്ധതി യാഥാര്‍ഥ്യത്തിലേക്ക്
മൈനാഗപള്ളി കുടിവെള്ള പദ്ധതി അവസാന ഘട്ടത്തിത്തിലേക്കായതോടെ മൈനാഗപള്ളി ഗ്രാമപഞ്ചായത്തിലെ ശുദ്ധജലക്ഷാമത്തിന് പരിഹാരമാകുന്നു.
സംസ്ഥാന പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി 5.1 കോടി രൂപ ചെലവില്‍ മൈനാഗപള്ളി പൊതു മാര്‍ക്കറ്റിലാണ് ഉപരിതല ജലസംഭരണി നിര്‍മ്മിക്കുന്നത്.  ശാസ്താംകോട്ട ജലശുദ്ധീകരണശാലയില്‍ നിന്നും 350 എം.എം ഡി.ഐ പൈപ്പ് സ്ഥാപിച്ചാണ് ഇവിടെ ജലം എത്തിക്കുന്നത്. പൈപ്പ് ലൈന്‍ മുമ്പ് തന്നെ പൂര്‍ത്തിയാക്കിയിരുന്നു. എം.എല്‍.എ ഫണ്ടില്‍ നിന്നും ഗ്രാമപഞ്ചായത്ത് ഫണ്ടില്‍ നിന്നും 50 ലക്ഷം വീതം ഉള്‍പ്പെടുത്തിയാണ് പൈപ്പ് ലൈനുകള്‍ സ്ഥാപിച്ചത്. പദ്ധതിയുടെ ഭാഗമായി ശാസ്താംകോട്ട ഫില്‍റ്റര്‍ ഹൗസില്‍ സോളാര്‍ പാനലുകള്‍ക്കൊപ്പം 40 എച്ച്.പി ശേഷിയുള്ള പമ്പ് സെറ്റുകളും സ്ഥാപിക്കുന്നുണ്ട്.
പദ്ധതി പൂര്‍ത്തിയാകുന്നതോടെ മൈനാഗപ്പള്ളി പഞ്ചായത്തിലെ 22 വാര്‍ഡുകളിലും കുടിവെള്ളം മുടക്കമില്ലാതെ ലഭിക്കുമെന്ന് എം.എല്‍.എ കോവൂര്‍ കുഞ്ഞുമോന്‍ പറഞ്ഞു.

തലവൂരില്‍ കര്‍ഷകസഭയും ഞാറ്റുവേലയും
കാര്‍ഷിക മേഖലയിലെ സമഗ്ര വികസനം  ലക്ഷ്യമാക്കി പരമ്പരാഗത കൃഷിരീതികള്‍  സമന്വയിപ്പിച്ച്  തലവൂരില്‍ കര്‍ഷകസഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു.
വിഷാംശമില്ലാത്തതും സുരക്ഷിതവുമായ കാര്‍ഷിക ഉല്പന്നങ്ങള്‍ ലഭ്യമാക്കുന്നതിനായി  വിവിധയിനം പച്ചക്കറി വിത്തുകളും തൈകളും കര്‍ഷകര്‍ക്ക് വിതരണം ചെയ്തു. പച്ചക്കറി കൃഷി വികസന പദ്ധതിയുടെ ഭാഗമായി ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിക്കും ഗ്രാമപഞ്ചായത്തില്‍  തുടക്കമായി. തലവൂര്‍ ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി സംഘടിപ്പിച്ച കര്‍ഷകസഭയുടേയും ഞാറ്റുവേല ചന്തയുടെയും ഉദ്ഘാടനം ഹോര്‍ട്ടികോര്‍പ്പ് ചെയര്‍മാന്‍ എസ്. വേണുഗോപാലും ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ  ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.ആനന്ദവല്ലിയും ഗ്രാമപഞ്ചായത്ത് കാര്യാലയത്തില്‍  നിര്‍വഹിച്ചു.
തലവൂര്‍  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  വി.എസ് കലാദേവി അദ്ധ്യക്ഷയായിരുന്നു.  ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ ആര്‍.എല്‍. വിഷ്ണുകുമാര്‍, സുധ ജെ.അനില്‍, നിഷാമോള്‍, കൃഷി ഓഫീസര്‍ ജയന്‍,കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ജോജി മറിയം ജോര്‍ജ്, ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, വിവിധ വാര്‍ഡുകളില്‍ നിന്നുള്ള കര്‍ഷകര്‍ കുടുംബശ്രീ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ആനവണ്ടിയില്‍ ഉല്ലാസ യാത്ര
കെ.എസ്.ആര്‍.ടി.സി ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തില്‍ കൊല്ലം ഡിപ്പോയില്‍ നിന്ന് വാഗമണ്‍- ചെറുതോണി -മൂന്നാര്‍ ഉല്ലാസയാത്ര ജൂലൈ 23ന് ശനിയാഴ്ച പുലര്‍ച്ചെ അഞ്ച് പത്തിന് പുറപ്പെടും. സെമി സ്ലീപ്പര്‍ സൂപ്പര്‍ എയര്‍ ബസ്സിലാണ് യാത്ര. യാത്രയും താമസവും ഉള്‍പ്പെടെ ഒരാള്‍ക്ക് 1400 രൂപയാണ് ചിലവ്.
ആദ്യദിനം വളഞ്ഞങ്ങാനം വെള്ളച്ചാട്ടം, വാഗമണ്‍, ചെറുതോണി ഡാം, ഇടുക്കി ഡാം സന്ദര്‍ശിച്ച് മൂന്നാര്‍ ഡിപ്പോയില്‍ എത്തിച്ചേരും. അടുത്തദിവസം മൂന്നാര്‍ ടോപ്പ് സ്റ്റേഷനില്‍ നിന്ന് തുടങ്ങി കുണ്ടള ഡാം, മാട്ടുപ്പെട്ടി ഡാം, ഇക്കോ പോയിന്റ്, കണ്ണന്‍ദേവന്‍ ടീ ഫാക്ടറി, ഫ്‌ളവര്‍ ഗാര്‍ഡന്‍, മൂന്നാര്‍ ടൗണ്‍ വഴി കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ എത്തി ജൂലൈ 24ന് ഞായറാഴ്ച രാത്രി ഏഴ് മണിയോടെ കൊല്ലത്തേക്ക് മടങ്ങും. ബുക്കിങ്ങ് വിവരങ്ങള്‍ 8921950903,9496675635  നമ്പരുകളില്‍ ലഭിക്കും.

ടെണ്ടര്‍ ക്ഷണിച്ചു
വനിതാ ശിശുവികസന വകുപ്പിന്റെ ചവറ ഐ. സി. ഡി. എസ് ഓഫീസിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം നല്‍കുന്നതിന് ഉടമകളില്‍ നിന്ന് ടെണ്ടര്‍ ക്ഷണിച്ചു. ജൂലൈ 22ന് ഉച്ചയ്ക്ക് ഒന്ന് വരെ സ്വീകരിക്കും. ഫോണ്‍ – 04762680719.

അപേക്ഷ സമര്‍പ്പിക്കാം
ജില്ലയിലെ ചെറുകിട-ഇടത്തരം വ്യവസായികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍  എം.എസ്.എം.ഇ ക്ലിനിക് പദ്ധതി സംഘടിപ്പിക്കുന്നു.  ചെറുകിട ഇടത്തരം വ്യവസായികള്‍ ബാങ്കിംഗ്, പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കല്‍, മാര്‍ക്കറ്റിംഗ്, കയറ്റുമതി, വിവിധ അനുമതികളും ലൈസന്‍സുകളും, ജി.എസ്.ടി, ടെക്നോളജി, ഫുഡ് പ്രോസസിംഗ് തുടങ്ങിയ മേഖലകളില്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷകള്‍ ജൂലൈ 27 ന് മുമ്പ് താലൂക്ക് വ്യവസായ ഓഫീസുകളിലോ ജില്ലാ വ്യവസായ കേന്ദ്രത്തിലോ നല്‍കണം.   വിശദവിവരങ്ങള്‍ക്ക് ജില്ലാ വ്യവസായ കേന്ദ്രം ഫോണ്‍ : 9809016005.

ദര്‍ഘാസ് ക്ഷണിച്ചു
പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ കെ.എ.എസ്.പി/ആര്‍.ബി.എസ്.കെ പദ്ധതികള്‍ പ്രകാരം മുട്ടുമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. അവസാന തീയതി ജൂലൈ 26 വൈകിട്ട് മൂന്ന് മണി.

ഗസ്റ്റ് അസിസ്റ്റന്റ് ഇന്‍സ്ട്രക്ടര്‍
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പുനലൂര്‍ നെല്ലിപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റ് കൊമേഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ദിവസവേതന അടിസ്ഥാനത്തില്‍ ഗസ്റ്റ് അസിസ്റ്റന്റ് ഇന്‍സ്ട്രക്ടറെ ആവശ്യമുണ്ട്.  യോഗ്യത അംഗീകൃത സര്‍വ്വകലാശാലയുടെ ബി.കോം ബിരുദവും കേരള സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളില്‍ നിന്നും വിജയിച്ച ഡിപ്ലോമ ഇന്‍ സെക്രട്ടേറിയല്‍ പ്രാക്ടീസ് / ഡിപ്ലോമ ഇന്‍ ഷോര്‍ട്ട്ഹാന്റ് & ടൈപ്പ്‌റൈറ്റിംഗ്.  ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂലൈ 27 രാവിലെ 11 മണിക്ക് നേരിട്ട് ഹാജരാകണം.  വിശദവിവരങ്ങള്‍ക്ക് 04752229670, 04752964717

താല്‍ക്കാലിക ഗതാഗത നിയന്ത്രണം
മൈലക്കാട്-കണ്ണനല്ലൂര്‍ റോഡിന്റെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ ആരംഭിക്കുന്നതിനു മുന്നോടിയായി വാട്ടര്‍ അതോറിറ്റി പൈപ്പിട്ട ഭാഗങ്ങളുടെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ ആരംഭിച്ചു. റോഡിന് വീതി കുറവായതിനാല്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കി സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് വാഹന ഗതാഗതത്തിന് താല്‍ക്കാലികമായി നിയന്ത്രണം ഏര്‍പ്പെടുത്തി. മൈലക്കാടിനും കണ്ണനല്ലൂരിനും പോകേണ്ട വാഹനങ്ങള്‍ കൊട്ടിയം വഴി പോകണമെന്ന് പി.ഡബ്ല്യു.ഡി റോഡ് സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

ജനറല്‍ നഴ്‌സിംഗ് കോഴ്‌സ്
ജനറല്‍ നഴ്‌സിംഗ് കോഴ്‌സിലേക്ക് വിമുക്ത ഭട•ാരുടെ ആശ്രിതരായ മക്കള്‍ / ഭാര്യമാര്‍ തുടങ്ങിയവര്‍ക്ക് അപേക്ഷിക്കാം. ആരോഗ്യവകുപ്പിന് കീഴിലെ 15 സര്‍ക്കാര്‍ സ്‌കൂളുകളില്‍ 2022 ഒക്ടോബര്‍, നവംബര്‍ മാസത്തില്‍ ആരംഭിക്കുന്ന ജനറല്‍ നഴ്‌സിംഗ് കോഴ്‌സിലേക്കാണ് പ്രവേശനം. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി ഐശ്ചിക വിഷയമായി എടുത്ത് 40 ശതമാനം മാര്‍ക്കോടെ പ്ലസ്ടു / തത്തുല്യ പരീക്ഷ പാസായവര്‍ക്കാണ് അവസരം. യോഗ്യരായവര്‍ അപേക്ഷകള്‍ സൈനിക ക്ഷേമ ഡയറക്ടറുടെ കാര്യാലയത്തിലേക്ക് 2022 ഓഗസ്റ്റ് രണ്ടിനു മുന്‍പ് അയക്കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. അപേക്ഷ ഫോമും പ്രോസ്‌പെക്ടസും ആരോഗ്യ വകുപ്പ് ഡയറക്ടറുടെ വെബ്‌സൈറ്റില്‍  ( www.dhskerala.gov.in)    ലഭ്യമാണ്. വിവരങ്ങള്‍ക്ക് ഫോണ്‍: 0471-2302490

error: Content is protected !!