Input your search keywords and press Enter.

പാലക്കാട് ജില്ലാ വാര്‍ത്തകള്‍

ഉപതിരഞ്ഞെടുപ്പ് 2022

വോട്ടിംഗ് ശതമാനം (വൈകീട്ട് നാല് വരെ)

തൃത്താല ബ്ലോക്ക് പഞ്ചായത്ത് – കുമ്പിടി ഡിവിഷന്‍ – 58.35

കൈത്തറി മുദ്രലോണ്‍ വിതരണമേള നടന്നു.


മേളയില്‍ 34 വായ്പകള്‍ വിതരണം ചെയ്തു

കൈത്തറി മേഖലയുടെ പരിപോഷണം ലക്ഷ്യമിട്ട് കൈത്തറി മുദ്രലോണ്‍ വിതരണമേള നടന്നു.
കൈത്തറി ഡയറക്ടറേറ്റ്,ജില്ലാ വ്യവസായ കേന്ദ്രം പാലക്കാടിന്റെ ആഭിമുഖ്യത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന കൈത്തറി മുദ്രലോണ്‍ വിതരണമേള അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് കെ. മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു.മേളയുടെ ഭാഗമായി 34 പേര്‍ക്ക് വായ്പകള്‍ വിതരണം ചെയ്തു. കൈത്തറി മേഖലയിലെ തൊഴിലാളികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പദ്ധതിയണിതെന്നും, ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും ജില്ലാ അഡീഷണല്‍ മജിസ്‌ട്രേറ്റ് പറഞ്ഞു.

കൈത്തറി മേഖലയെ പരിപോഷിപ്പിക്കുന്നതിനായി നെയ്ത്തുകാര്‍ക്കും സംഘങ്ങള്‍ക്കും കുറഞ്ഞ ചെലവില്‍ പ്രവര്‍ത്തന മൂലധനം ലഭ്യമാക്കുക എന്നത് ലക്ഷ്യമിട്ടാണ് കേന്ദ്രസര്‍ക്കാര്‍ കൈത്തറി മുദ്രാ ലോണ്‍ പദ്ധതി നടപ്പാക്കുന്നത്. വിവേഴ്സ് സര്‍വ്വീസ് സെന്റര്‍ മുഖേന നടത്തുന്ന പദ്ധതിയില്‍ നെയ്ത്തുകാര്‍ക്കും സംഘങ്ങള്‍ക്കും വര്‍ക്ക് ഷെഡ് നവീകരണം, തറികളും അനുബന്ധ ഉപകരണങ്ങളും വാങ്ങിക്കല്‍, അറ്റകുറ്റപ്പണികള്‍ , നെയ്ത്തുമായി ബന്ധപ്പെട്ട മറ്റു പ്രവര്‍ത്തികള്‍ എന്നിവക്കായി അതാത് ബാങ്കുകള്‍ മുഖേനേ വായ്പകള്‍ അനുവദിക്കുന്നു.

നെയ്ത്തുകാര്‍ക്ക് വ്യക്തിഗത വായ്പയായി 50000 രൂപ മുതല്‍ 5 ലക്ഷം വരെയും സംഘങ്ങള്‍ക്ക് 20 ലക്ഷം രൂപ വരെയും പരമാവധി വായ്പലഭിക്കും.നെയ്ത്തുകാര്‍ക്കുള്ള വായ്പ തുകയുടെ 20 ശതമാനം വരെയും ( പരമാവധി 25000) സംഘങ്ങള്‍ക്കുള്ള വായ്പ്പാതുകയുടെ 20 ശതമാനം വരെ( പരമാവധി 2 ലക്ഷം) മാര്‍ജിന്‍ മണി ഗ്രാന്റായി ലഭിക്കും. കൂടാതെ ആദ്യത്തെ മൂന്നു വര്‍ഷത്തേക്ക് 13 ശതമാനം വരെയുള്ള പലിശയില്‍ ആറ് ശതമാനം പലിശയിളവും പദ്ധതി വഴി ലഭിക്കും. അര്‍ഹരായ നെയ്ത്തുകാരില്‍ നിന്നും സംഘങ്ങളില്‍ നിന്നും അപേക്ഷകള്‍ സ്വീകരിച്ച് ജില്ല വ്യവസായ കേന്ദ്രം മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. 38 അപേക്ഷകളാണ് ജില്ലയില്‍ ലഭിച്ചത്. അതില്‍ 34 പേര്‍ക്ക് വായ്പകള്‍ വിതരണം ചെയ്യുകയും നാല് വായ്പകള്‍ പാസാക്കുകയും രണ്ട് ദിവസത്തിനുള്ളില്‍ വിതരണം ചെയ്യുകയും ചെയ്യും.

പരിപാടിയില്‍ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ഇന്‍ചാര്‍ജ് കെ.പ്രശാന്ത് അധ്യക്ഷനായി.
ലീഡ് ഡിസ്ട്രിക്ട് ഡിവിഷണല്‍ മാനേജര്‍ ആര്‍ .പി . ശ്രീനാഥ് മുഖ്യ പ്രഭാഷണം നടത്തി. കനറാ ബാങ്ക് പാലക്കാട് ജില്ല റീജിയണല്‍ ഹെഡ് ഗേവിന്ദ് ഹരിനാരായണന്‍ പദ്ധതി കൈപ്പുസ്തക പ്രകാശനം നടത്തി. വീവേഴ്സ് സര്‍വീസ് സെന്റര്‍ കണ്ണൂര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. ടി. സുബ്രഹ്മണ്യന്‍, ജില്ലാ വ്യവസായ കേന്ദ്രം ഡെപ്യൂട്ടി രജിസ്ട്രാര്‍ കെ. എന്‍. വെങ്കിടേശ്വരന്‍, എലപ്പുള്ളി കൈത്തറി വീവേഴ്സ് സഹകരണസംഘം പ്രസിഡന്റ് എ. ചന്ദ്രന്‍ , കൈത്തറി സീനിയര്‍ സഹകരണ ഇന്‍സ്പെക്ടര്‍ എം. രാജഗോപാല്‍ എന്നിവര്‍ പങ്കെടുത്തു.

തൊഴിലധിഷ്ഠിത ഡിപ്ലോമ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം

ടൂറിസം വകുപ്പിന് കീഴില്‍ കോഴിക്കോട് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റില്‍ ഒന്നര വര്‍ഷത്തെ തൊഴിലധിഷ്ഠിത ഹോട്ടല്‍ മാനേജ്മെന്റ് ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്മെന്റ് ആന്‍ഡ് കാറ്ററിംഗ് ടെക്നോളജിയുടെ ഫുഡ് പ്രൊഡക്ഷന്‍, ഫുഡ് ആന്‍ഡ് ബീവറേജ് സര്‍വീസ് കോഴ്സുകളിലേക്ക് പ്ലസ്ടു മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. 25 വയസ്സാണ് പ്രായപരിധി. എസ്.സി,എസ്.ടി വിഭാഗങ്ങള്‍ക്ക് സീറ്റ് സംവരണവും വയസ്സ് ഇളവും ലഭിക്കും. അപേക്ഷാഫോറം  www.sihmkerala.com ലും കോഴിക്കോട് വരക്കല്‍ ബീച്ചിനടുത്തുള്ള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് ഓഫീസിലും ലഭിക്കും. 400 രൂപയാണ് അപേക്ഷാ ഫീസ്. എസ്.സി, എസ്. ടി വിഭാഗങ്ങള്‍ക്ക് 200 രൂപ. അപേക്ഷകള്‍ ഓഗസ്റ്റ് 12നകം നല്‍കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍ : 8943446791, 0495 2385861

 
ബജറ്റ് ടൂറിസം സെല്‍: കര്‍ക്കിടകവാവിന് തിരുനെല്ലി ക്ഷേത്രത്തിലേക്ക് പ്രത്യേക യാത്ര ഒരുക്കി കെ.എസ്.ആര്‍.ടി.സി

പാലക്കാട് കെ.എസ്.ആര്‍.ടി.സിയുടെ ബജറ്റ് ടൂറിസം സെല്ലിന്റ ആഭിമുഖ്യത്തില്‍ വയനാട് ജില്ലയിലെ തിരുനെല്ലി ക്ഷേത്രത്തിലേക്ക്  കര്‍ക്കടക വാവിനോടനുബന്ധിച്ച് പ്രത്യേക യാത്ര ഒരുക്കുന്നു. ജൂലൈ 27 ന് ഉച്ചക്ക് പുറപ്പെട്ട് ബലിതര്‍പ്പണവും, ക്ഷേത്ര ദര്‍ശനവും കഴിഞ്ഞ് ജൂലൈ 28 ന് ഉച്ചക്ക് പാലക്കാട് തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര. ഒരാള്‍ക്ക് ഡീലക്സ് ബസ്സിലുള്ള യാത്രയ്ക്ക് 1190 രൂപയാണ് ചാര്‍ജ്. ഭക്ഷണം, മറ്റ് ചാര്‍ജുകള്‍ ഉള്‍പ്പെടുന്നില്ല. താത്പര്യമുള്ളവര്‍ 9947086128 വാട്സ്ആപ്പ് നമ്പറില്‍ ബന്ധപ്പെട്ട സീറ്റുകള്‍ ബുക്ക് ചെയ്യണം.

error: Content is protected !!