Input your search keywords and press Enter.

കൊല്ലം : ജില്ലാ വാര്‍ത്തകള്‍ /അറിയിപ്പുകള്‍

വായനശാലകള്‍ക്ക ആധുനീക സൗകര്യമുറപ്പാക്കാന്‍ പിന്തുണ നല്‍കും: മന്ത്രി കെ.എന്‍ ബാലഗോപാല്‍

പുതുതലമുറയില്‍ വായനശീലം വര്‍ധിപ്പിക്കുന്നതിനായി  അത്യാധുനിക സൗകര്യങ്ങളോടു കൂടിയ  കൂടുതല്‍ വായനശാലകള്‍ സജ്ജമാക്കാന്‍ പിന്തുണ  നല്‍കുമെന്ന് ധനമന്ത്രി മന്ത്രി കെ.എന്‍ ബാലഗോപാല്‍. പി.എന്‍.പണിക്കര്‍ പബ്ലിക്ക് ലൈബ്രറി കെട്ടിടത്തിന്റെ ശിലാസ്ഥാപനം  ഉമ്മന്നൂര്‍ മണ്ണത്താമര ലൈബ്രറി ജംഗ്ഷനില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
മികച്ച വിജ്ഞാന സമൂഹം വളര്‍ത്തിയെടുക്കുന്നതിനായി വിവര സാങ്കേതിക വിദ്യ പരമാവധി പ്രയോജനപ്പെടുത്തി നൂതന സംവിധാനങ്ങള്‍ സജ്ജമാക്കും. പുസ്തകങ്ങള്‍ ക്രോഡീകരിച്ച് അതാത് വിഭാഗങ്ങളില്‍ സജ്ജീകരിക്കുന്നതിന് ഡിജിറ്റല്‍ സംവിധാനങ്ങള്‍ സാധ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.മണ്ണത്താമരയില്‍  പുതിയ ലൈബ്രറി കെട്ടിടത്തിനായി 17.5 ലക്ഷം രൂപയാണ്  സര്‍ക്കാര്‍ അനുവദിച്ചത്.
ചടങ്ങില്‍  ഒ. എന്‍.വി യുവ സാഹിത്യ പുരസ്‌കാര ജേതാവ് അരുണ്‍ കുമാര്‍ അന്നൂരിനെയും കേരള സംഗീത നാടക അക്കാദമി എന്‍ഡോവ്‌മെന്റ് ജേതാവ് അനഘയെയും മന്ത്രി ആദരിച്ചു.
പി.എന്‍.പണിക്കര്‍ പബ്ലിക്ക് ലൈബ്രറി പ്രസിഡന്റ് എം.രവിനാഥന്‍ പിള്ള അദ്ധ്യക്ഷനായിരുന്നു. ലൈബ്രറി സെക്രട്ടറി അനീഷ് ജേക്കബ്, കൊട്ടാരക്കര താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ ജോണ്‍സണ്‍,    ഉമ്മാന്നൂര്‍ ഗ്രാമപഞ്ചായത്ത്  വൈസ് പ്രസിഡന്റ് പി.വി അലക്‌സാണ്ടര്‍, ഗ്രാമപഞ്ചായത്ത് അംഗം ബിന്ദു പ്രകാശ്,  ലൈബ്രറി വികസന സമിതി ചെയര്‍മാന്‍ ബിജു ജോണ്‍, ലൈബ്രറി ജോയിന്റ്  സെക്രട്ടറി പി. വൈ.  ഡാനിയേല്‍, ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, വിവിധ രാഷ്ട്രീയ കക്ഷി  പ്രതിനിധികള്‍   തുടങ്ങിയവര്‍ പങ്കെടുത്തു


പവര്‍ @ 2047 വൈദ്യുതി മഹോത്സവം 26 ന്

ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി കായംകുളം എന്‍.റ്റി.പി.സിയും കെ.എസ്.ഇ.ബിയും സംയുക്തമായി നടത്തുന്ന ‘ഉജ്ജ്വല ഭാരതം ഉജ്ജ്വല ഭാവി’ പവര്‍ @ 2047 വൈദ്യുതി മഹോത്സവം  ടി.കെ.എം കോളേജ് ഓഫ് എന്‍ജിനീയറിങ്ങില്‍ നടക്കും.  26ന് രാവിലെ 10 ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. എം.നൗഷാദ് എം.എല്‍.എ അധ്യക്ഷനാകും.
ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍,എം.എല്‍.എമാരായ എം. മുകേഷ്, സുജിത് വിജയന്‍ പിള്ള, കോവൂര്‍ കുഞ്ഞുമോന്‍, പി. എസ്. സുപാല്‍, മേയര്‍ പ്രസന്ന ഏണസ്റ്റ്, കായംകുളം എന്‍. റ്റി.പി.സി ജനറല്‍ മാനേജര്‍ എസ്. കെ റാം, ടി.കെ.എം കോളേജ് ഓഫ് എന്‍ജിനീയറിങ്ങ് പ്രിന്‍സിപ്പല്‍ റ്റി.എ ഷാഹുല്‍ ഹമീദ് തുടങ്ങിയവര്‍ പങ്കെടുക്കും.
ജില്ലാ നോഡല്‍ ഓഫീസര്‍ എസ്. മനു വിഷയാവതരണം നടത്തും. ചടങ്ങിനോടനുബന്ധിച്ച് വൈദ്യുതി ഉപയോഗവും, വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട ഹ്രസ്വ ചിത്രങ്ങളുടെ പ്രദര്‍ശനവും കലാപരിപാടികളും നടത്തും.

തീയതി നീട്ടി

ഐ.എച്ച്.ആര്‍.ഡി ടെക്‌നിക്കല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 2022-23 അധ്യയന വര്‍ഷത്തെ പതിനൊന്നാം ക്ലാസ് പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട തീയതി ജൂലൈ 30 വരെ നീട്ടി.  അപേക്ഷയും അനുബന്ധ രേഖകളും ഓഗസ്റ്റ് രണ്ടിന് വൈകുന്നേരം മൂന്നിന് മുന്‍പ് ബന്ധപ്പെട്ട സ്ഥാപന മേധാവിക്ക് സമര്‍പ്പിക്കണം.  വിവരങ്ങള്‍ www.ihrd.ac.in  വെബ്‌സൈറ്റില്‍ ലഭിക്കും.

പ്ലസ് വണ്‍ പ്രവേശനം

കേന്ദ്രീയ വിദ്യാലയത്തില്‍ 2022-23 അധ്യയന വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാം. നാളെ (ജൂലൈ 25) ഉച്ചയ്ക്ക് 12 മുതല്‍ മൂന്ന് വരെയാണ് രജിസ്‌ട്രേഷന്‍. താല്‍ക്കാലിക പട്ടിക ഓഗസ്റ്റ് ഒന്നിന് അഞ്ച് മണിക്ക് ശേഷം പ്രസിദ്ധീകരിക്കും. കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളുടെ ഒഴിവുകള്‍ പരിഗണിച്ചതിനു ശേഷമുള്ള സീറ്റുകളിലേക്കാണ് അഡ്മിഷന്‍.
പ്രവൃത്തി ദിവസങ്ങളില്‍ ഒന്‍പത്  മുതല്‍ മൂന്നു വരെ അപേക്ഷ ഫോം കേന്ദ്രീയ വിദ്യാലയത്തില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളുമായി ജൂലൈ 29ന് വൈകുന്നേരം മൂന്ന് വരെ സമര്‍പ്പിക്കാം.


അംഗത്വത്തിന് അപേക്ഷിക്കാം

ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡ് സ്‌കാറ്റേര്‍ഡ് വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനായി എ.എല്‍.ഒ കാര്‍ഡ് ലഭിച്ചവരും നിലവില്‍ ബോര്‍ഡിന്റെ അണ്‍അറ്റാച്ചഡ്/അറ്റാച്ചഡ് ക്ഷേമപദ്ധതികളില്‍ ഉള്‍പ്പെടാത്തതുമായ എല്ലാ ചുമട്ടുതൊഴിലാളികളും അംഗത്വം സ്വീകരിക്കുന്നതിന് ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡ് ഓഫീസുമായി ബന്ധപ്പെടണം. ഇ-ശ്രം പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കി പകര്‍പ്പ് ഹാജരാക്കണം.  വിവരങ്ങള്‍ക്ക്: 0474 2749048, 8075333190


അപേക്ഷ ക്ഷണിച്ചു

കുളത്തൂപ്പുഴ മോഡല്‍ റസിഡന്‍ഷ്യല്‍  സ്‌കൂളില്‍ 2022-23 അദ്ധ്യയനവര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ തസ്തികയിലെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്‌കൂളില്‍ താമസിച്ചു പഠിപ്പിക്കുന്നതിന് താല്‍പര്യമുള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതി. പി.എസ്.സി നിയമനത്തിനായുള്ള യോഗ്യതകളും പ്രായപരിധിയുമാണ് ബാധകം. വെള്ളപേപ്പറില്‍ തയാറാക്കിയ അപേക്ഷയും സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപെടുത്തിയ പകര്‍പ്പും സഹിതം ജൂലൈ 30ന് മുന്‍പ് പുനലൂര്‍ ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസില്‍ ലഭ്യമാക്കണം. വിവരങ്ങള്‍ക്ക് 0475 2222353.


മത-സാമുദായിക സൗഹാര്‍ദ്ദം:
അവലോകന യോഗം ചേര്‍ന്നു


ജില്ലയിലെ മത-സാമുദായിക സൗഹാര്‍ദ സ്ഥിതി കലക്ടര്‍ അഫ്‌സാന പര്‍വീണിന്റെ അധ്യക്ഷതയില്‍ അവലോകനം ചെയ്തു. ഓണ്‍ലൈനായി നടത്തിയ യോഗത്തില്‍ ജില്ലയിലെ സാമുദായിക സൗഹാര്‍ദം തൃപ്തികരമാണെന്ന്  വിലയിരുത്തി.
തീരദേശ മേഖലകളിലെ ക്രമസമാധാന വിഷയങ്ങളില്‍ പോലീസ് കൂടുതല്‍ ജാഗ്രത പാലിക്കണം.  ഗുരുതര ക്രമസമാധാന പ്രശ്‌നങ്ങളും സാമുദായിക പ്രശ്‌നങ്ങളും അടിയന്തരമായി ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയില്‍പെടുത്തണം.   സമൂഹ മാധ്യമങ്ങളിലൂടെയും മറ്റു തരത്തിലും മതവിദ്വേഷ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ നിരീക്ഷിക്കണം. ആരാധനാലയങ്ങളുമായി ബന്ധപ്പെട്ടുള്ള ഘോഷയാത്രകള്‍ക്കും പൊതു ചടങ്ങുകള്‍ക്കും ആവശ്യമായ പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തണം. ആരാധനാലയങ്ങളില്‍ നിന്നുള്ള ശബ്ദ മലിനീകരണം സംബന്ധിച്ചുള്ള പരാതികള്‍ അടിയന്തര പ്രാധാന്യത്തോടെ പരിഹരിക്കാന്‍ ശ്രദ്ധ പുലര്‍ത്തണമെന്നും കലക്ടര്‍ പറഞ്ഞു.
സാമുദായിക വിഷയങ്ങളുമായി ബന്ധപ്പെട്ട  അടിയന്തിര പ്രശ്‌നങ്ങള്‍ നേരിടാന്‍ സജ്ജമാണെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് എ.സി.പി യോഗത്തില്‍ അറിയിച്ചു.  സബ് കലക്ടര്‍ ചേതന്‍ കുമാര്‍ മീണ, എ.ഡി.എം ആര്‍.ബീന റാണി, പുനലൂര്‍ ആര്‍.ഡി.ഒ, കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി പ്രതിനിധി, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മത്സ്യ വിത്തുല്പാദന യൂണിറ്റിന് അപേക്ഷിക്കാം

ഫിഷറീസ് വകുപ്പിന്റെ കരിമീന്‍ മത്സ്യവിത്ത് ഉല്‍പാദന യൂണിറ്റ്, വരാല്‍ മത്സ്യവിത്ത് ഉല്‍പാദന യൂണിറ്റ് പദ്ധതികള്‍ക്ക് താല്പര്യമുള്ള മത്സ്യകര്‍ഷകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഫിഷറീസ് വകുപ്പിന്റെ ജില്ലാ ഓഫീസ്, മത്സ്യകര്‍ഷക വികസന ഏജന്‍സി, ഫിഷറീസ് വകുപ്പിന്റെ മത്സ്യ ഭവന്‍ ഓഫീസുകള്‍ എന്നിവിടങ്ങളില്‍  അപേക്ഷിക്കാം.  അവസാന തീയതി ജൂലൈ 29. ഫോണ്‍-0474-2795545, 2792850


വികസന സമിതി യോഗം 30ന്

ജില്ലാ വികസന സമിതി യോഗം ജൂലൈ 30ന്  രാവിലെ 11ന് കലക്ടറേറ്റ് വീഡിയോ കോണ്‍ഫറന്‍സ് ഹാളില്‍ ഓണ്‍ലൈനായി ചേരും.


ലോക ജനസംഖ്യാ പക്ഷാചരണം:

 സമാപന സമ്മേളനം നടന്നു

ലോക ജനസംഖ്യാ പക്ഷാചരണം സമാപന സമ്മേളനം കുളത്തൂപ്പുഴയില്‍ നടന്നു. അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാ രാജേന്ദ്രന്‍  ഉദ്ഘാടനം ചെയ്തു. അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യകാര്യ-സ്ഥിരം സമിതി അദ്ധ്യക്ഷന്‍ എ. കോമള കുമാര്‍ അധ്യക്ഷനായി.
ബോധവത്ക്കരണ റാലി, പ്രദര്‍ശനം എന്നിവയും നടന്നു. ആശ പ്രവര്‍ത്തകര്‍ക്ക് സംഘടിപ്പിച്ച ക്വിസ് മത്സരത്തില്‍ ഷീജ ഷാജി, (എഫ്.ഡബ്ലിയു.സി നമ്പരുവികാല, കരുനാഗപ്പള്ളി ഒന്നാം സ്ഥാനവും (3000/ രൂപ)  എസ്.മഞ്ജു, (എഫ്.ഡബ്ലിയു.സി വേളമാനൂര്‍, പാരിപ്പള്ളി) രണ്ടാം സ്ഥാനവും (2000/ രൂപ) സുനു  (എഫ്.ഡബ്ലിയു.സി പൊഴിക്കര) മൂന്നാം സ്ഥാനവും (1000/ രൂപ)നേടി. ലോക പുകയില വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് സംസ്ഥാനതലത്തില്‍ സംഘടിപ്പിച്ച ഡിജിറ്റില്‍ പോസ്റ്റര്‍ മത്സരത്തില്‍ വിജയിയായ പുനലൂര്‍ സ്വദേശി എസ്.ശ്രീഹരിക്ക് പ്രശസ്തി പത്രവും 7500 രൂപയുടെ കാഷ് പ്രൈസും ചടങ്ങില്‍ നല്‍കി.
ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ആരോഗ്യ കേരളം, കുളത്തുപ്പുഴ സാമൂഹികാരോഗ്യകേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

താല്‍ക്കാലിക നിയമനം

സര്‍ക്കാര്‍ ആഫ്റ്റര്‍ കെയര്‍ ഹോം ഫോര്‍ അഡോളസെന്റ് ഗേള്‍സില്‍ ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തില്‍ യോഗാദ്ധ്യാപികയെ നിയമിക്കുന്നു. അപേക്ഷകര്‍ വനിതകളും സര്‍ക്കാര്‍ അംഗീകൃത യോഗ സര്‍ട്ടിഫിക്കറ്റ് നേടിയവരും പ്രവൃത്തി പരിചയം ഉള്ളവരും ആയിരിക്കണം. പ്രായപരിധി : 18നും  50 നും മദ്ധ്യേ. യോഗ്യത, പ്രായം, പ്രവര്‍ത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലുകള്‍ സഹിതം ജൂലൈ 30ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ഇന്റര്‍വ്യൂവിന് ഹാജരാകണം. വിലാസം: ഗവണ്‍മെന്റ് ആഫ്റ്റര്‍ കെയര്‍ ഹോം ഫോര്‍ അഡോള്‍സെന്റ് ഗേള്‍സ്, ഇഞ്ചവിള (പി.ഒ), കൊല്ലം -691601. വിവരങ്ങള്‍ക്ക് : 0474 2705546.

സാങ്കേതിക സര്‍വകലാശാല ആധുനിക
ഗവേഷണപദ്ധതികളുടെ ഉദ്ഘാടനം  26 ന്

എ.പി.ജെ. അബ്ദുല്‍ കലാം  സാങ്കേതിക ശാസ്ത്ര സര്‍വകലാശാലയുടെ അധീനതയിലുള്ള 145 എഞ്ചിനീയറിംഗ് കോളേജുകളില്‍ അഞ്ചു കോടിയോളം രൂപവിനിയോഗിച്ച് ആധുനികഗവേഷണസംവിധാനങ്ങള്‍ ഒരുക്കുന്നു. പദ്ധതികളുടെഉദ്ഘാടനം ജൂലൈ 26 ന് കൊല്ലംടി. കെ. എം. എന്‍ജിനീയറിംഗ് കോളേജില്‍ ധന മന്ത്രി കെ.എന്‍.ബാലഗോപാല്‍ നിര്‍വഹിക്കും.  ഈ സംവിധാനങ്ങള്‍ വഴി ഉന്നതനിലവാരത്തിലുള്ള ശാസ്ത്രഗവേഷണപ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കുന്ന എല്‍സെവിയറിന്റെ സാങ്കേതികസേവനങ്ങള്‍ അഫിലിയേറ്റഡ് കോളേജുകള്‍ക്ക് സൗജന്യമായി ലഭ്യമാകും. നിംബസ്എം-ലൈബ്രറി എന്നസോഫ്റ്റ് വെയറിലൂടെ കോളേജുകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ജേര്‍ണലുകളും പ്രബന്ധങ്ങളും സൗജന്യമായി ഉപയോഗിക്കുവാന്‍ കഴിയും.
വൈസ്ചാന്‍സിലര്‍ ഡോ. രാജശ്രീ എം. എസ്. അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍  എം. നൗഷാദ് എംഎല്‍എ മുഖ്യാഥിതി ആയിരിക്കും. പ്രൊ ചാന്‍സിലര്‍ ഡോ. എസ്അയൂബ്, ഡീന്‍ (ഗവേഷണം )ഡോ.ഷാലിജ് പി.ആര്‍, സിന്‍ഡിക്കേറ്റ് അംഗങ്ങള്‍  എന്നിവര്‍ പങ്കെടുക്കും.

error: Content is protected !!