ചരിത്രത്തിന്റെയും പൈതൃകത്തിന്റെയും തിരുശേഷിപ്പുകളായ താളിയോലകൾ ശേഖരിക്കാനും സംരക്ഷിക്കാനും പ്രദർശിപ്പിക്കാനുമായി സംസ്ഥാന പുരാരേഖ വകുപ്പിന്റെ ആഭിമുഖ്യത്തിൽ രാജ്യത്ത് ആദ്യമായി താളിയോല മ്യൂസിയം ഒരുങ്ങുന്നു.
പതിനാലാം നൂറ്റാണ്ട് മുതലുള്ള ഒരു കോടിയിലധികം വരുന്ന താളിയോലകളുടെ ശേഖരമാണ് മ്യൂസിയത്തിൽ പ്രദർശിപ്പിക്കുക. വേണാട് കാലഘട്ടം മുതലുള്ള ഭരണരേഖകൾ, തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നിവിടങ്ങളിലെ രാഷ്ട്രീയ-സാമൂഹിക വിവരങ്ങൾ അടങ്ങിയ പുരാരേഖാ വകുപ്പിന്റെ കൈവശമുള്ള താളിയോലകളുടെ അപൂർവശേഖരമാണ് മ്യൂസിയത്തിൽ സജ്ജീകരിക്കുന്നത്. സെപ്റ്റംബർ അവസാനത്തോടെ മ്യൂസിയം ഉദ്ഘാടനം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.
തിരുവനന്തപുരം കോട്ടയ്ക്കകത്തെ സെൻട്രൽ ആർക്കൈവ്സിലാണ് മ്യൂസിയം സജ്ജീകരിക്കുന്നത്. അപൂർവ താളിയോലകൾ ഉൾപ്പെടെ നേരിട്ട് കാണാനും വായിക്കാനും ഗവേഷണം നടത്താനുമുള്ള സൗകര്യം മ്യൂസിയത്തിൽ ഉണ്ടാകും. മ്യൂസിയത്തിന്റെ സജ്ജീകരണ ചുമതല കേരള സർക്കാരിന്റെ മ്യൂസിയം നോഡൽ ഏജൻസിയായ കേരള ചരിത്ര പൈതൃക മ്യൂസിയത്തിനാണ്.
വട്ടെഴുത്ത്, കോലെഴുത്ത്, മലയാൺമ തുടങ്ങിയ പ്രാചീന ലിപികളിലുള്ള താളിയോലകളുടെ ലിപ്യന്തരണം പ്രദർശിപ്പിക്കും. ഇതിലൂടെ പ്രാചീന ലിപിയിലുള്ള എഴുത്ത് പരിഭാഷപ്പെടുത്താതെ തന്നെ മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ വായിക്കാം. ഇതിനായി ഒരു ഗവേഷണ സംഘംപുരാരേഖ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്നുണ്ട്.
താളിയോലകളിൽ അധികവും ഭരണപരമായ രേഖകളാണ്. ഉത്തരവുകൾ, ഭൂമി ക്രയവിക്രയം, കോടതി രേഖകൾ, മതിലകം രേഖകൾ തുടങ്ങിവയും ഉൾപ്പെടുന്നു. പാരമ്പര്യ എഴുത്തുവിദ്യയുടെ പരിണാമവും മ്യൂസിയത്തിൽ കാണാം. പാരമ്പര്യ എഴുത്തുവ്യവസ്ഥയിൽ ഉപയോഗിച്ചിരുന്ന എഴുത്തുവസ്തുക്കളും സാധാരണ മനുഷ്യർ അവന്റെ ക്രയവിക്രയങ്ങളിൽ എങ്ങനെയാണ് രേഖ ചമച്ചിരുന്നതെന്നും വ്യക്തമാക്കുന്ന രേഖകളുടെ വിഭാഗവും മ്യൂസിയത്തിൽ ഉണ്ടാകും. പത്മനാഭപുരം കൊട്ടാരത്തിലേതുപോലെയുളള വിവിധ ഇടങ്ങളിലെ താളിയോലകളുടെ മാതൃകകളും പ്രദർശിപ്പിക്കും. പുരാരേഖ വകുപ്പിന്റെ കൈവശമുള്ള രേഖകൾ ഡിജിറ്റലൈസ് ചെയ്ത് സൂക്ഷിക്കുന്ന ജോലികളും പുരോഗമിക്കുകയാണ്.
മറ്റ് മ്യൂസിയങ്ങളിൽ നിന്ന് വ്യത്യസ്തമായി താളിയോലകളിലൂടെ പറയുന്ന കേരളത്തിന്റെ ചരിത്രമാണ് മ്യൂസിയത്തിൽ കാണാനാവുക. പഴയ തറവാടുകളിൽ ഉൾപ്പെടെ കേരളത്തിൽ പലയിടങ്ങളിലും സംരക്ഷിക്കപ്പെടാതെ നശിക്കുന്ന താളിയോലകളെ വീണ്ടെടുക്കാനും സൂക്ഷിക്കാനും കമ്മ്യൂണിറ്റി ആർക്കൈവ്സ് എന്ന പേരിൽ പുരാരേഖ വകുപ്പിന്റെ നേതൃത്വത്തിൽ പദ്ധതിയുണ്ട്.
ആവശ്യമെങ്കിൽ താളിയോലകളെ അതത് വീടുകളിൽ സൂക്ഷിക്കുന്നതിനും വകുപ്പ് സൗകര്യം ഒരുക്കും.കേരളത്തിന്റെ പൈതൃകത്തെ അതിസമ്പന്നമാക്കുന്ന താളിയോലകളുടെ മൂല്യം മനസ്സിലാക്കി അവ ജനകീയവത്ക്കരിക്കുന്നതിനുള്ള വലിയ ശ്രമമാണ് പുരാരേഖ വകുപ്പ് നടത്തുന്നത്. പുരാരേഖകൾ നഷ്ടപ്പെടുത്താതെ കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് പൊതുജനങ്ങളെ ബോധവത്ക്കരിക്കുന്നതും പരിഗണനയിലുണ്ട്.