Input your search keywords and press Enter.

വിദേശത്ത് തൊഴില്‍ വാഗ്ദാനം ചെയ്ത് തട്ടിപ്പ് :അന്വേഷണത്തിന് നിര്‍ദേശം

 

വിദേശത്ത് തൊഴില്‍ വാഗ്ദാനം ചെയ്ത് സാമ്പത്തികതട്ടിപ്പ് നടത്തിയ സംഭവത്തില്‍ സംസ്ഥാന യുവജന കമ്മിഷന്റെ ഇടപെടല്‍. പത്തനംതിട്ട സ്വദേശിയായ യുവാവില്‍ നിന്ന് ഭീമമായ തുക തട്ടിയെടുത്ത കേസില്‍ പഴുതടച്ചുള്ള അന്വേഷണത്തിന് സംസ്ഥാന യുവജന കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ ഡോ.ചിന്താ ജെറോം പത്തനംതിട്ട പൊതുമരാമത്ത് റസ്റ്റ്ഹൗസില്‍ സംഘടിപ്പിച്ച അദാലത്തില്‍ കോഴിക്കോട് ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി.

കോഴിക്കോട് സ്വദേശിയാണ് സാമ്പത്തിക തട്ടിപ്പ് നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് കോഴിക്കോട് എസിപി കമ്മിഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കേസ് രജിസ്റ്റര്‍ ചെയ്ത് പഴുതടച്ച് അന്വേഷണം നടത്തി യുവാവിന് നീതി ലഭ്യമാക്കണമെന്ന നിര്‍ദേശം കമ്മിഷന്‍ നല്‍കി.

ടിക്കറ്റിന്റെ ബാക്കി തുക ചോദിച്ച യുവതിയോട് കെ.എസ്.ആര്‍.ടി.സി ബസ് കണ്ടക്ടര്‍ മോശമായി പെരുമാറിയ സംഭവത്തില്‍ കമ്മിഷന്റെ നിര്‍ദേശം അനുസരിച്ച് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അടുത്ത സിറ്റിംഗില്‍ കണ്ടക്ടറെ നേരിട്ട് ഹാജരാക്കണമെന്നും കമ്മിഷന്‍ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി.

സംസ്ഥാന യുവജന കമ്മിഷന്റെ അദാലത്തില്‍ പതിനാറ് കേസുകളാണ് പരിഗണിച്ചത്. പത്ത് കേസുകള്‍ തീര്‍പ്പാക്കി. ആറ് എണ്ണം അടുത്ത സിറ്റിംഗിലേക്ക് മാറ്റിവച്ചു. പുതുതായി എട്ട് പരാതികളാണ് ലഭിച്ചത്. കോളജുകളും ക്ലബ്ബുകളും കേന്ദ്രീകരിച്ച് ലഹരിക്കെതിരെയുള്ള ശക്തമായ കാമ്പയിന്‍ ഉടന്‍ തന്നെ യുവജനകമ്മിഷന്‍ നടത്തുമെന്ന് ചെയര്‍പേഴ്‌സണ്‍ ഡോ. ചിന്താ ജെറോം പറഞ്ഞു.

യുവജനങ്ങള്‍ കമ്മീഷന്റെ അദാലത്തില്‍ മികച്ച സഹകരണമാണ് ലഭ്യമാക്കുന്നത്. നീറ്റ് പരീക്ഷയിലുള്‍പ്പെടെ ദുരനുഭവം നേരിട്ട കുട്ടികള്‍ക്ക് പിന്തുണയും നിയമപരിരക്ഷയും കമ്മിഷന്‍ ഉറപ്പാക്കിയെന്നും ചെയര്‍പേഴ്സണ്‍ പറഞ്ഞു. കമ്മീഷന്‍ അംഗങ്ങളായ കെ.പി. പ്രമോഷ്, പി.എ. സമദ്, കമ്മീഷന്‍ സെക്രട്ടറി ഡാര്‍ളി ജോസഫ്, അസിസ്റ്റന്റ് പി. അഭിഷേക് എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!