കൃഷിവിജ്ഞാന കേന്ദ്രം പിന്തുണച്ചു
കൂണില്‍ നിന്ന് ഇനി കോഫിയും
സദാനന്ദപുരം കൃഷിവിജ്ഞാന കേന്ദ്രവും തലവൂര്‍ കൃഷിഭവനും പകര്‍ന്ന അറിവുകള്‍ വഴിതുറന്നത് പുതുമയുള്ള ഉത്പന്നത്തിലേക്ക്. കൂണില്‍ നിന്നും കാപ്പിയെന്ന അപൂര്‍വതയ്ക്കാണ് ഇവിടെ തുടക്കമായത്. മില്‍ക്കി, ഓയിസ്റ്റര്‍, ലയണ്‍സ് മാനേ, ചാഗ, ടര്‍ക്കി കൂണ്‍, അറബിക്ക കോഫി എന്നിവ ഒന്നു ചേരുന്ന കാപ്പിപ്പൊടിയാണ് സംരംഭകനായ തലവൂര്‍ സ്വദേശി ലാലു തോമസ് നിര്‍മിച്ചിട്ടുള്ളത്. ചെറുകിട വ്യവസായ സംരംഭം എന്ന നിലയ്ക്കാണ് നിര്‍മാണം.
നാരടങ്ങിയ ഭക്ഷണം ആരോഗ്യകരമായതിനാലാണ് കൂണ്‍വിഭവങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതെന്ന് കൃഷിവിജ്ഞാന കേന്ദ്രത്തിലെ വിദഗ്ധര്‍ സാക്ഷ്യം. പച്ചക്കറികളിലും പഴവര്‍ഗങ്ങളിലും അടങ്ങിയിരിക്കുന്നതിനേക്കാള്‍ കൂടുതല്‍ അളവില്‍ ധാതുലവണങ്ങളും ധാരാളം നാരിന്റെ അംശവും കൂണില്‍ അടങ്ങിയിട്ടുണ്ടെന്നും വ്യക്തമാക്കി. കൂടുതല്‍ കര്‍ഷകരെ കൂണ്‍കൃഷിയിലേക്ക് ആകര്‍ഷിച്ച് സ്വയംപര്യാപ്തത ഉറപ്പാക്കാനാണ് കൃഷി വിജ്ഞാനകേന്ദ്രം ലക്ഷ്യമിടുന്നതെന്ന് മേധാവി ഡോ. ബിനി സാം പറഞ്ഞു.
മില്‍ക്കി, ഓയിസ്റ്റര്‍ എന്നീ കൂണുകള്‍ കൃഷിഭവന്റെ പരിധിയില്‍ ക്ലസ്റ്ററുകള്‍ തിരിച്ചാണ് കര്‍ഷകര്‍ ഉദ്പാദിപ്പിക്കുന്നത്. അറബിക്ക കോഫീ വയനാട്ടില്‍ നിന്നാണ് ലഭിക്കുന്നത്. മഹാരാഷ്ട്രയില്‍ നിന്നുമാണ് ലയണ്‍സ് മാനേ, ചാഗ, ടര്‍ക്കി എന്നീ കൂണുകള്‍. ഇവയെല്ലാം ചേര്‍ത്താണ് കാപ്പിയുടെ ഉദ്പാദനം.
കൂണ്‍ കര്‍ഷകര്‍ക്ക് മികച്ച വരുമാനം നേടുന്നതിന് സഹായകമാണ് ‘ലാബേ മഷ്റൂം കോഫി’. കൂണിന്റെ മൂല്യവര്‍ധിത ഉത്പന്നമെന്ന നിലയ്ക്കും സ്റ്റാര്‍ട്ട്അപ്പ് വിജയം എന്ന നിലയ്ക്കും പുതു കാപ്പിരുചി സ്വീകരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് സംരംഭകനായ ലാലു തോമസ്. കേരളത്തില്‍ ആദ്യമായാണ് ഇത്തരം ഉത്പന്നത്തിന് തുടക്കമാകുന്നതെന്നും അവകാശപ്പെട്ടു.
കൊല്ലം സി.ഇ.പി.സി.ഐ (കാഷ്യു എക്‌സ്‌പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍), കോന്നി സി.എഫ്.ആര്‍.ഡി (കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡെവവലപ്‌മെന്റ്) ലബോറട്ടറികളില്‍ നിന്നും, കൃഷിവിജ്ഞാന കേന്ദ്രത്തില്‍ നിന്നുമാണ് കൂണ്‍കാപ്പിയുടെ ശാസ്ത്രീയമായ പോഷകമൂല്യം, സൂക്ഷിപ്പ് കാലാവധി, മൂല്യനിര്‍ണയ വിവരം എന്നിവ വിലയിരുത്തിയത്.
‘പ്രിയാ ഹോം’ ഉദ്ഘാടനം ഇന്ന് (ജൂലൈ 26)
ബൗദ്ധിക/മാനസിക വെല്ലുവിളികള്‍ നേരിടുന്ന 18 വയസ്സിന് മുകളില്‍ പ്രായമുള്ള സ്ത്രീകളെ സംരക്ഷിക്കുന്നതിനായി സാമൂഹ്യനീതി വകുപ്പ് വെളിയം കായിലയില്‍ ആരംഭിക്കുന്ന ‘പ്രിയാ ഹോം’ ഇന്ന് (ജൂലൈ 26) രാവിലെ 11 മണിക്ക് സാമൂഹ്യനീതി-ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്യും.
ധനകാര്യവകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍ അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയേല്‍, സാമൂഹ്യനീതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്, ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണ്‍, സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ എം.അഞ്ജന തുടങ്ങിയവര്‍ പങ്കെടുക്കും.
കട്ടില്‍ വിതരണം ഇന്ന് (ജൂലൈ 26)
കൊല്ലം കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന ‘ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ട വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണം’ പദ്ധതിയുടെ ഭാഗമായി ശക്തികുളങ്ങര സോണില്‍ ഉള്‍പ്പെട്ട ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്, 54, 55 ഡിവിഷനുകളിലെ ഗുണക്താക്കള്‍ക്കുള്ള കട്ടില്‍ വിതരണം ഇന്ന് (ജൂലൈ 26) രാവിലെ 10 മണി മുതല്‍ ശക്തികുളങ്ങര കമ്മ്യൂണിറ്റി ഹാളില്‍ നടക്കും. ഡിവിഷനിലെ കൗണ്‍സിലര്‍മാര്‍ ഗുണഭോക്താക്കളുമായെത്തി കട്ടില്‍ കൈപ്പറ്റണമെന്ന് മേയര്‍ പ്രസന്ന ഏണസ്റ്റ് അറിയിച്ചു. ഗുണഭോക്താക്കള്‍ ആധാര്‍, റേഷന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകള്‍ കൊണ്ട് വരണം.
ശൂരനാട് സ്വാശ്രയ കാര്‍ഷിക വിപണിയില്‍ മൂന്ന് കോടി രൂപയുടെ വില്‍പന
വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട്‌സ് പ്രൊമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലുള്ള ശൂരനാട് സ്വാശ്രയ കാര്‍ഷിക വിപണി കര്‍ഷകര്‍ക്ക് പിന്തുണായാകുന്നു. വര്‍ഷത്തില്‍ മൂന്ന് കോടി രൂപയുടെ കാര്‍ഷിക ഉത്പന്നങ്ങളാണ് ഇവിടെ വിറ്റഴിക്കുന്നത്.
ശൂരനാട് തെക്ക് പഞ്ചായത്തില്‍ വായനശാല ജംഗ്ഷനില്‍ സ്വന്തമായി സ്ഥലം വാങ്ങി വി.എഫ്.പി.സി.കെ യുടെ സഹായത്തോടുകൂടി നിര്‍മിച്ച കെട്ടിടത്തിലാണ് പ്രവര്‍ത്തനം. ജില്ലാ പഞ്ചായത്ത്, ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ ധനസഹായവും ലഭിക്കുന്നുണ്ട്.
കുന്നത്തൂര്‍, കരുനാഗപ്പള്ളി താലൂക്കുകളില്‍നിന്ന് 12 കര്‍ഷകഗ്രൂപ്പിലുള്ള ആയിരത്തിന് മുകളില്‍ കര്‍ഷകര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ നിന്ന് തെരഞ്ഞെടുക്കുന്ന ഭരണസമിതിയാണ് പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്. ശൂരനാട് വടക്ക് പാറക്കടവില്‍ ഒരു സബ് സെന്ററുമുണ്ട്. വര്‍ഷത്തില്‍ 50 ലക്ഷത്തോളം രൂപയുടെ കച്ചവടം ഇവിടെയും നടക്കുന്നു.
ബുധന്‍, ശനി ദിവസങ്ങളില്‍ ശൂരനാട് തെക്കും, ചൊവ്വ, വെള്ളി ദിവസങ്ങളില്‍ ശൂരനാട് വടക്കും വിപണി ഉണ്ടാകും. ഓണക്കാലത്ത് കൂടുതല്‍ ദിവസങ്ങളില്‍ പ്രവര്‍ത്തിക്കും.
കര്‍ഷകര്‍ക്ക് ഉല്‍പന്നങ്ങള്‍ നേരിട്ട് വില്‍ക്കുന്നതിനുള്ള അവസരമാണ് വിപണി സാധ്യമാക്കുന്നത്. ന്യായമായ വിലയും ലഭിക്കും. യുവജനങ്ങളെ കൃഷിയിലേക്ക് ആകര്‍ഷിക്കാനുള്ള പദ്ധതികളും അനുബന്ധമായി നടപ്പിലാക്കും.
കര്‍ഷകര്‍ക്കായി ബോധവല്‍ക്കരണം, പദ്ധതികളെ സംബന്ധിച്ച അവബോധം, ശാസ്ത്രീയ കൃഷിപരിശീലനം എന്നിവയും വിപണയുടെ ഭാഗമായുണ്ട് എന്ന് മേല്‍നോട്ട ചുമതല വഹിക്കുന്ന വി.എഫ്.പി.സി.കെ ഡെപ്യൂട്ടി മാനേജര്‍ ആര്‍. അരുണ്‍കുമാര്‍ അറിയിച്ചു.
എച്ച്.ഐ.വി/ എയ്ഡ്സ് പ്രതിരോധ സന്ദേശവുമായി ടാലന്റ് ഷോ
ആരോഗ്യവകുപ്പിന്റെയും സംസ്ഥാന എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെയും ആഭിമുഖ്യത്തില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി എച്ച്. ഐ. വി/എയ്ഡ്സ് ബോധവല്‍ക്കരണ ടാലന്റ് ഷോ മത്സരം ഓഗസ്റ്റ് ഒമ്പതിന്. നടത്തുന്നു. ജില്ലാ ടി. ബി. സെന്ററിന് മുകളിലുള്ള എന്‍. എച്ച്. എം ട്രയിനിങ് ഹാളാണ് വേദി.
2025നകം സംസ്ഥാനത്ത് പുതിയ എച്ച്.ഐ.വി അണുബാധിതര്‍ ഇല്ലാതാക്കുകയാണ് ലക്ഷ്യം. കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. കൊല്ലം ജില്ലയിലെ ഐ.ടി.ഐ, പോളിടെക്‌നിക്, ആര്‍ട്ട് ആന്റ് സയന്‍സ്, പ്രൊഫഷണല്‍ കോളേജുകള്‍, നഴ്‌സിങ് കോളേജുകള്‍ തുടങ്ങി എല്ലാ കോളേജുകള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. ഒരു കോളേജില്‍ നിന്നും ഒന്നില്‍ കൂടുതല്‍ പേര്‍ക്ക് പങ്കെടുക്കാം. *വ്യക്തിഗത ഇനങ്ങള്‍* ആയിട്ടാണ് മത്സരങ്ങള്‍ നടത്തുന്നത്.
ജില്ലാതലത്തില്‍ ഒന്നാം സമ്മാനം 4000 രൂപ. രണ്ടാം സമ്മാനം 3000 രൂപയും, മൂന്നാം സമ്മാനം 1500 രൂപയുമാണ്. ആദ്യ മൂന്ന് സ്ഥാനം നേടിയവര്‍ക്ക് സംസ്ഥാനതലത്തില്‍ പങ്കെടുക്കാം.
വ്യക്തിഗത ഇനങ്ങളായ മോണോആക്ട്, മൈം, സ്റ്റാന്‍ഡപ്പ് കോമഡി, നൃത്തം തുടങ്ങിയവ അവതരിപ്പിക്കാം. സംഗീത ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിന് സഹായികളെ അനുവദിക്കും. പരിപാടിയുടെ പരമാവധി ദൈര്‍ഘ്യം ഏഴു മിനുട്ട്.
എച്ച്. ഐ. വി./ /എയ്ഡ്സ് രോഗലക്ഷണങ്ങള്‍, പകരുന്ന വിധങ്ങള്‍, പ്രതിരോധ മാര്‍ഗ്ഗങ്ങള്‍, പരിശോധന, കൗണ്‍സലിംഗ്, ചികിത്സ, ജ്യോതിസ്/പുലരി കേന്ദ്രങ്ങളുടെ സേവനം തുടങ്ങിയവ ഷോയില്‍ ഉണ്ടായിരിക്കണം. വിനോദവും വിജ്ഞാനവും വസ്തുതയും ഉള്‍ക്കൊള്ളിച്ചുള്ള കലാരൂപങ്ങളാകണം. ഓഗസ്റ്റ് നാല് അഞ്ചു മണിക്ക് മുമ്പ് 9745275657 ഫോണില്‍ രജിസ്റ്റര്‍ ചെയ്യാം.
സര്‍ക്കാര്‍ മഹിളാമന്ദിരത്തില്‍ യോഗാധ്യാപികയാകാം. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 29ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് കരിക്കോട് മഹിളാമന്ദിരം ഓഫീസിലെത്തി അഭിമുഖത്തില്‍ പങ്കെടുക്കാം. 18നും 50നും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്കാണ് അവസരം. യോഗ്യത- സര്‍ക്കാര്‍ അംഗീകൃത യോഗാ ട്രെയിനര്‍ സര്‍ട്ടിഫിക്കറ്റ്, മുന്‍പ് പരിശീലനം നല്‍കിയിട്ടുള്ള സ്ഥാപനങ്ങളില്‍ നിന്നുള്ള എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ്. വിശദവിവരങ്ങള്‍ക്ക് ഫോണ്‍ – 0474 2714890.
ഉത്സവമേഖല
ജൂലൈ 27, 28 തീയതികളില്‍ കൊല്ലം തിരുമുല്ലവാരം കടപ്പുറം, മുണ്ടയ്ക്കല്‍ പാപനാശം കടപ്പുറം, പരവൂര്‍ കോങ്ങാല്‍ പനമൂട് കുടുംബ മഹാദേവക്ഷേത്രം എന്നീ ബലിതര്‍പ്പണ കേന്ദ്രങ്ങളുടെ രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ ഉത്സവമേഖലയായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. ഹരിതചട്ടം കര്‍ശനമായി പാലിക്കണം. ഭക്ഷ്യസുരക്ഷ, ശബ്ദമലിനീകരണം, മാലിന്യനിര്‍മ്മാര്‍ജ്ജനം തുടങ്ങിയവയ്ക്ക് ബന്ധപ്പെട്ട വകുപ്പുകള്‍ കര്‍ശന നടപടിയും സ്വീകരിക്കണം. ക്രമസമാധാനപാലനത്തിനും ഗതാഗത നിയന്ത്രണത്തിനും ആവശ്യമായ പോലീസ് സേനയെ നിയോഗിക്കാന്‍ സിറ്റി പോലീസ് കമ്മീഷണറെ ചുമതലപ്പെടുത്തി. അനധികൃത മദ്യവില്‍പ്പന, നിരോധിത ലഹരി വസ്തുക്കളുടെ വില്‍പ്പന എന്നിവ എക്‌സൈസ് പരിശോധിക്കണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.
നാഷണല്‍ ലോക് അദാലത്ത് ഓഗസ്റ്റ് 13ന്
ജില്ലാ നിയമസേവന അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ താലൂക്കുകളിലെ കോടതി ആസ്ഥാനങ്ങളില്‍ ഓഗസ്റ്റ് 13ന് ലോക് അദാലത്ത് നടക്കും. പിഴയൊടുക്കി തീര്‍പ്പാക്കാവുന്ന കേസുകള്‍ക്ക് മജിസ്‌ട്രേറ്റ് കോടതികളില്‍ പ്രത്യേക സിറ്റിംഗ് ക്രമീകരിച്ചിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് കോടതികളുമായി ബന്ധപ്പെടണം. താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റി ഓഫീസില്‍ വിവരങ്ങള്‍ ലഭിക്കുമെന്ന് ജില്ലാ നിയമ സേവന അതോറിറ്റി സെക്രട്ടറി അറിയിച്ചു. ഫോണ്‍:കൊല്ലം-8848244029, കൊട്ടാരക്കര-8075670019, കരുനാഗപ്പള്ളി-9446557589, പത്തനാപുരം- 8547735958, കുന്നത്തൂര്‍- 9447303220.
കെ.എസ്.ആര്‍.ടി.സിയുടെ നാലമ്പലദര്‍ശന യാത്ര
കെ. എസ.് ആര്‍. ടി. സിയുടെ ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തില്‍ കൊല്ലത്തു നിന്നും നാലമ്പല ദര്‍ശന യാത്ര. ജൂലൈ 30ന് രാത്രി 09.00 മണിയ്ക്ക് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചകഴിഞ്ഞ് തിരികെ കൊല്ലത്ത് എത്തും.
തൃപ്രയാര്‍ ശ്രീരാമക്ഷേത്രം, ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രം, തിരുമൂഴിക്കുളം ശ്രീലക്ഷ്മണപ്പെരുമാള്‍ ക്ഷേത്രം, പായമ്മല്‍ ശത്രുഘ്‌ന ക്ഷേത്രം എന്നിടങ്ങളിലേക്കാണ് യാത്ര.
സൂപ്പര്‍ ഡീലക്‌സ് എയര്‍ ബസില്‍ ഒരാള്‍ക്ക് 1360 രൂപയാണ് യാത്രാനിരക്ക്.
യാത്രയുടെ ഭാഗമാകുന്നവര്‍ക്ക് ക്ഷേത്രങ്ങളില്‍ മുന്‍കൂട്ടി വഴിപാടുകള്‍ ബുക്ക് ചെയ്യുന്നതിനും, ദര്‍ശനത്തിനും പ്രത്യേക സൗകര്യവും ലഭിക്കും. ഫോണ്‍-8921950903, 9447721659, 9496675635.
ധനസഹായവിതരണം
മത്സ്യബന്ധനത്തിനിടയില്‍ ഹൃദ്രോഗം, മസ്തിഷ്‌ക ആഘാതം തുടങ്ങിയവ കാരണം മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് മത്സ്യഫെഡ് നല്‍കുന്ന മത്സ്യത്തൊഴിലാളി ക്ഷേമനിധി ധനസഹായം വിതരണം ചെയ്തു. ഉദ്ഘാടനം മത്സ്യഫെഡ് ചെയര്‍മാന്‍ റ്റി. മനോഹരന്‍ ജില്ലാ ഓഫീസ് ഹാളില്‍ നിര്‍വഹിച്ചു. ധനസഹായമായി ഒരു ലക്ഷം രൂപ വീതം എട്ട് പേര്‍ക്കാണ് വിതരണം ചെയ്തത്.
മത്സ്യഫെഡ് ഭരണ സമിതി അംഗങ്ങളായ ജി. രാജദാസ്, സബീന സ്റ്റാന്‍ലി, ജില്ലാ മാനേജര്‍ ഡോ.എം. നൗഷാദ്, വിവിധ മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘങ്ങളിലെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
തേവലക്കര സര്‍ക്കാര്‍ ഐ.ടി.ഐയില്‍ 2022 അധ്യയനവര്‍ഷത്തെ പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. സര്‍വ്വയര്‍, വെല്‍ഡര്‍, പ്ലംബര്‍ ട്രേഡുകളിലേക്കാണ് പ്രവേശനം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 30. അപേക്ഷാഫീസ് 100 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍-0476 2835221 വെബ്‌സൈറ്റ് www.itiadmissions.
മാര്‍ജിന്‍ മണി ഗ്രാന്‍ഡ് പദ്ധതി
സ്ത്രീസംരംഭകര്‍ക്ക് പ്രചോദനം നല്‍കാനും സൂക്ഷ്മ വ്യവസായങ്ങളെ പരിപോഷിപ്പിക്കുന്നതിനുമായി വ്യവസായ വാണിജ്യ വകുപ്പ് നടപ്പിലാക്കുന്ന മാര്‍ജിന്‍ മണി ഗ്രാന്‍ഡ് പദ്ധതിയെ കുറിച്ച് കൂടുതല്‍ അറിയാന്‍ താലൂക്ക് വ്യവസായ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ – 9495608943.
സംസ്ഥാന പട്ടികജാതിവികസന വകുപ്പിന്റെ കമ്മ്യൂണിറ്റി സോഷ്യല്‍ വര്‍ക്കര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതി യുവാക്കള്‍ക്ക് അപേക്ഷിക്കാം. യോഗ്യത: എം.എസ്.ഡബ്ല്യു (മാസ്റ്റര്‍ ഓഫ് സോഷ്യല്‍ വര്‍ക്ക്). പ്രായപരിധി: 21 നും 35 നും മധ്യേ. പ്രതിമാസം 20,000 രൂപ ഓണറേറിയം. നിലവില്‍ പഠിച്ചുകൊണ്ടിരിക്കുന്നവര്‍ അപേക്ഷിക്കേണ്ട.
ജില്ലാതലത്തില്‍ നടക്കുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പട്ടികജാതി വികസന ഓഫീസ്, കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളില്‍ അഞ്ച് പേരെയാണ് നിയമിക്കുക. ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പു സഹിതം ഓഗസ്റ്റ് അഞ്ചിന് വൈകിട്ട് അഞ്ചുമണിക്കകം കൊല്ലം സിവില്‍ സ്റ്റേഷനില്‍ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ : 0474 2794996.
പട്ടികജാതിവികസന വകുപ്പിന്റെ കൊല്ലം, ആലപ്പുഴ ജില്ലകളിലുള്ള അഞ്ച് പ്രീമെട്രിക് ഹോസ്റ്റലുകളിലെ ആണ്‍-പെണ്‍ അന്തേവാസികള്‍ക്ക് 2022-23 അദ്ധ്യയനവര്‍ഷം നൈറ്റ് ഡ്രസ്സ്, സിംഗിള്‍ കോട്ട് ബെഡ്ഷീറ്റ് എന്നിവ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. വ്യക്തികള്‍/സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഓഗസ്റ്റ് മൂന്ന് വൈകിട്ട് മൂന്ന് മണിക്ക് മുമ്പ് പുനലൂര്‍ ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ക്ക് സമര്‍പ്പിക്കാം. ഫോണ്‍ – 0475 2222353.
പത്തനാപുരം കുര്യോട്ടുമല അയ്യങ്കാളി മെമ്മോറിയല്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഒന്നാം വര്‍ഷ ബിരുദ പ്രോഗ്രാമുകള്‍ക്ക് മാനേജ്‌മെന്റ് ക്വാട്ടയില്‍ പ്രവേശനം ലഭിക്കുന്നതിനുള്ള അപേക്ഷകള്‍ ഓഗസ്റ്റ് 27 മുതല്‍ വിതരണം ചെയ്യും. എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും രാവിലെ 10 മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ ഫീസ് അടച്ച് കോളേജ് ഓഫീസില്‍ നിന്നും വാങ്ങാം.
പൂരിപ്പിച്ച അപേക്ഷകള്‍ യൂണിവേഴ്‌സിറ്റി നിര്‍ദ്ദേശിക്കുന്ന സമയപരിധിക്കുള്ളില്‍ ഓഫീസില്‍ സമര്‍പ്പിക്കണം. ബി.എ ഇംഗ്ലീഷ് ലിറ്ററേച്ചര്‍, ബി.എ ഇക്കണോമിക്‌സ്, ബി. എസ്.സി മാത്തമാറ്റിക്‌സ്, ബികോം.കോ-ഓപ്പറേഷന്‍, ബികോം. അക്കൗണ്ട്‌സ് ആന്‍ഡ് ഡാറ്റാ സയന്‍സ് എന്നീ വിഷയങ്ങളിലാണ് പ്രവേശനം. ഫോണ്‍ : 8113055987, 8089710564.
കര്‍ഷകസഭയും ഞാറ്റുവേലയും
കാര്‍ഷിക മേഖലയിലെ സമഗ്ര വികസനം ലക്ഷ്യമാക്കി പരമ്പരാഗത കൃഷിരീതികള്‍ സമന്വയിപ്പിച്ച് പൂതക്കുളത്ത് കര്‍ഷക സംഗമവും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു. വിഷരഹിതമായ കാര്‍ഷിക ഉല്പന്നങ്ങള്‍ ലഭ്യമാക്കുന്നതിനായി വിവിധയിനം പച്ചക്കറി വിത്തുകളും തൈകളും വിതരണം ചെയ്തു.
പൂതക്കുളം ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി സംഘടിപ്പിച്ച കര്‍ഷകസഭയുടേയും ഞാറ്റുവേല ചന്തയുടെയും ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്മിണി അമ്മ നിര്‍വഹിച്ചു. വൈസ്പ്രസിഡന്റ് വി. ജി. ജയ അദ്ധ്യക്ഷയായി. ഇത്തിക്കര ബ്ലോക്ക് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീകുമാര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പ്രകാശ്, പ്രസന്നകുമാരി അമ്മ, സീന, സജീഷ്, സുനില്‍കുമാര്‍, മനീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
ലോക ജനസംഖ്യ ദിനാചാരണം നടത്തി
ചവറ ബ്ലോക്ക് പഞ്ചായത്ത്, സാമൂഹിക ആരോഗ്യകേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തില്‍ ലോക ജനസംഖ്യ ദിനചാരണവും ശില്പശാലയും ചവറ സാമൂഹിക ആരോഗ്യ കേന്ദ്രം ഓഡിറ്റോറിയത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി ഉദ്ഘാടനം ചെയ്തു. ആരോഗ്യവിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ജോസ് വിമല്‍രാജ് അധ്യക്ഷനായി. കൗമാരക്കാര്‍ക്കുള്ള പ്രത്യേക ക്ലിനിക്, ജീവിത ശൈലി രോഗനിര്‍ണ്ണയ ക്യാമ്പ്, സെമിനാര്‍ എന്നിവയും നടന്നു. ക്ലാസുകള്‍ക്ക് ഡോ. ബ്രൈറ്റ് നേതൃത്വം നല്‍കി. വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ എം. പ്രസന്നന്‍ ഉണ്ണിത്താന്‍, ഡോ. രശ്മി, ജോയ്, ജയകുമാരി, മരിയ, അംബിക, രഞ്ജിത് തുടങ്ങിയവര്‍ പങ്കെടുത്തു.
തീയതി നീട്ടി
ഐ.എച്ച്.ആര്‍.ഡിയുടെ നിയന്ത്രണത്തിലുള്ള എഞ്ചിനീയറിംഗ് കോളേജുകളിലെ 2021-23 അധ്യയനവര്‍ഷത്തെ എന്‍.ആര്‍.ഐ സീറ്റിലേക്ക് പ്രവേശനത്തിനായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട കാലാവധി ജൂലൈ 30 വരെ നീട്ടി. അപേക്ഷയും അനുബന്ധ രേഖകളും ഓഗസ്റ്റ് രണ്ടിന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് ബന്ധപ്പെട്ട സ്ഥാപന മേധാവിക്ക് സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ www.ihrd.ac.in , ഫോണ്‍ 0471 2322501.
തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതികള്‍ക്ക് അംഗീകാരം
ജില്ലാ ആസൂത്രണസമിതി യോഗത്തില്‍ ജില്ലയിലെ 35 തദ്ദേശസ്ഥാപനങ്ങളുടെ 2022-23 വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയലിന്റെ അധ്യക്ഷതയില്‍ ആസൂത്രണസമിതി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ദി സിറ്റിസണ്‍ ക്യാമ്പയിനുമായി ബന്ധപ്പെട്ട പരിപാടികള്‍ തദ്ദേശസ്ഥാപനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ നിര്‍ദ്ദേശിച്ചു. ഡയാലിസിസ് രോഗികള്‍ക്ക് ചികിത്സാസഹായം നല്‍കുന്ന ജീവനം പദ്ധതിക്ക് മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളും മതിയായ ഫണ്ട് വകയിരുത്തണമെന്നും അറിയിച്ചു.
ജില്ലാ പഞ്ചായത്തിന്റെയും 32 ഗ്രാമപഞ്ചായത്തുകളുടെയും ഒരു ബ്ലോക്കിന്റെയും ഒരു മുന്‍സിപ്പാലിറ്റിയുടെയും പദ്ധതികള്‍ക്കാണ് അംഗീകാരം ലഭിച്ചത്. യോഗത്തില്‍ സര്‍ക്കാര്‍ നോമിനി എം. വിശ്വനാഥന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി. ജെ. ആമിന, ഡി. പി. സി അംഗങ്ങള്‍, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സ്വയംതൊഴില്‍ വായ്പ
വികലാംഗക്ഷേമ കോര്‍പ്പറേഷന്‍ ഭിന്നശേഷിക്കാരില്‍ നിന്നും സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് വായ്പയ്ക്കുള്ള അപേക്ഷ ക്ഷണിച്ചു. അഞ്ച് ശതമാനം മുതല്‍ പലിശ നിരക്കില്‍ ഏഴു വര്‍ഷം വരെ തിരിച്ചടവ് കാലാവധിയില്‍ 50 ലക്ഷം രൂപ വരെ വായ്പ അനുവദിക്കും. നിബന്ധനകള്‍ക്ക് വിധേയമായി ഒരു ലക്ഷം രൂപ വരെ സബ്‌സിഡിയും നല്‍കും. വെബ്‌സൈറ്റ് – ംംം.വുംര.സലൃമഹമ.ഴീ്.ശി ഫോണ്‍: 0471 2347768, 2347152, 2347153, 2347156.