Input your search keywords and press Enter.

പാലക്കാട് ജില്ലാ അറിയിപ്പുകള്‍ /വാര്‍ത്തകള്‍

അട്ടപ്പാടിയിലെ മുരുഗള ഊരില്‍ ഭാരതീയ ചികിത്സാ വകുപ്പിന്റെ മെഡിക്കല്‍ ക്യാമ്പ്

10 ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 22 പേരടങ്ങുന്ന സംഘം ക്യാമ്പിന് നേതൃത്വം നല്‍കി

അട്ടപ്പാടിയിലെ മുരുഗള ഊരില്‍ ഭാരതീയ ചികിത്സ വകുപ്പിന്റെയും നാഷണല്‍ ആയുഷ്മിഷന്റെയും നേതൃത്വത്തില്‍ ‘നമത് ആരോഗ്യ നമത് ആയുര്‍വേദ’ എന്ന പേരില്‍’ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. വിദഗ്ധരായ 10 ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 22 പേരടങ്ങുന്ന സംഘം ഊരില്‍ നേരിട്ടെത്തിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. മെഡിക്കല്‍ സംഘവും മുക്കാലി ഫോറസ്റ്റ് ഓഫീസ് ജിവനക്കാരും രാവിലെ എട്ട് മണിയോടെ മുക്കാലിയില്‍ നിന്ന് പുറപ്പെട്ട് തടിക്കുന്ന് ഊരിലെത്തി രണ്ട് കിലോമീറ്ററോളം ഔഷധങ്ങള്‍ ചുമലിലേറ്റി കാല്‍നടയായാണ് മുരുഗള ഊരിലെത്തിയത്. ക്യാമ്പ് കണ്‍വീനര്‍ ഡോ. ശ്രീരാഗ് ബോധവത്കരണ ക്ലാസ്സ് നടത്തി. ക്യാമ്പില്‍ 72 ഊരു നിവാസികളെ പരിശോധിക്കുകയും ആവശ്യമായ മരുന്നുകള്‍ വിതരണം ചെയ്യുകയും ചെയ്തു. കഴിഞ്ഞ മാസം ശിശുമരണം സംഭവിച്ച അയ്യപ്പന്‍ സരസ്വതി ദമ്പതികളെ മെഡിക്കല്‍ സംഘം സന്ദര്‍ശനം നടത്തി. മുരുഗള ഊരില്‍ അനീമിയ, സന്ധിവാത രോഗങ്ങള്‍, ത്വക്ക് രോഗം, ചുമ എന്നിവ കണ്ടെത്തിയവര്‍ക്ക് വേണ്ടി തുടര്‍ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ്. ഷിബു അറിയിച്ചു. ക്യാമ്പിന് ഡോ.ജെ. ശ്രീജ, ഡോ. മീര ഗുപ്ത, ഡോ അജീഷ് കുരീത്തറ, ഡോ. ഷംനദ്ഖാന്‍, ഡോ. സൗമ്യ, ഡോ. കാര്‍ത്തിക, ഡോ. സലീഖ, വകുപ്പിലെ മറ്റ് ജീവനക്കാര്‍, മുക്കാലി ഫോറസ്റ്റ് സ്റ്റേഷന്‍ ജിവനക്കാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഫോട്ടോ – വനത്തിലൂടെ മുരുഗള ഊരില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നതിനായി പോവുന്ന ഭാരതീയ ചികിത്സ വകുപ്പിലെ മെഡിക്കല്‍ സംഘം

ഐ.എച്ച്.ആര്‍.ഡി എന്‍.ആര്‍.ഐ പ്രവേശനം; ജൂലൈ 30 വരെ ദീര്‍ഘിപ്പിച്ചു

ഐ.എച്ച്.ആര്‍.ഡിയുടെ കീഴിലെ എഞ്ചിനീയറിങ് കോളേജുകളിലെ എന്‍.ആര്‍.ഐ സീറ്റുകളിലേക്ക് പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 30 വരെ ദീര്‍ഘിപ്പിച്ചതായി ഡയറക്ടര്‍ അറിയിച്ചു. അപേക്ഷയും അനുബന്ധ രേഖകളും ഓഗസ്റ്റ് രണ്ടിന് വൈകിട്ട് അഞ്ചിനകം ബന്ധപ്പെട്ട സ്ഥാപനമേഥാവിക്ക് നല്‍കണം. വിശദവിവരങ്ങള്‍ www.ihrd.ac.in ല്‍ ലഭിക്കും. ഫോണ്‍: 0471 2322985, 0471 2322501

ഓണ്‍ലൈന്‍ അഡ്മിഷന്‍: അപേക്ഷ ക്ഷണിച്ചു

വാണിയംകുളം ഗവ. ഐ.ടി.ഐയില്‍ ഓണ്‍ലൈന്‍ അഡ്മിഷന്‍ അപേക്ഷ ക്ഷണിച്ചു. ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, ഫാഷന്‍ ഡിസൈന്‍ ആന്‍ഡ് ടെക്നോളജി എന്നിവയാണ് ട്രേഡുകള്‍. താത്പര്യമുള്ളവര്‍ ജൂലൈ 30 നകം https://itiadmissions.kerala.gov.in ല്‍ അപേക്ഷിക്കാം. 100 രൂപയാണ് ഫീസ്. ഫോണ്‍: 0466 2227744

ഭിന്നശേഷിക്കാര്‍ക്കാര്‍ക്കായി സ്വയംതൊഴില്‍ സംരംഭ വായ്പ

ദേശീയ വികലാംഗ ധനകാര്യ വികസന കോര്‍പ്പറേഷന്റെ സ്വയംതൊഴില്‍ വായ്പാ പദ്ധതി പ്രകാരം ഭിന്നശേഷിക്കാര്‍ക്കാര്‍ക്ക് സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് വായ്പക്ക് അപേക്ഷിക്കാം. വികലാംഗ കോര്‍പ്പറേഷനാണ് വായ്പക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അഞ്ച് ശതമാനം മുതല്‍ പലിശനിരക്കില്‍ ഏഴ് വര്‍ഷം വരെ തിരിച്ചടവ് കാലാവധിയില്‍ 50 ലക്ഷം രൂപ വരെ വായ്പ അനുവദിക്കും. നിബന്ധനകള്‍ക്ക് വിധേയമായി ഒരു ലക്ഷം രൂപ വരെ സബ്സിഡി ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ www.hpwc.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍: 0471 2347768, 7152 7153 7156.

സാക്ഷരതാ മിഷന്‍ തുല്യതാ പഠിതാക്കളുടെ വിജയ ഗാഥകള്‍ പുസ്തകമാക്കുന്നു

താത്പര്യമുള്ളവര്‍ക്ക് വിജയഗാഥകള്‍ അയക്കാം

ജില്ലയില്‍ സാക്ഷരതാ മിഷന്‍ നടത്തിവരുന്ന നാല്, ഏഴ്, എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി സര്‍ട്ടിഫിക്കറ്റ് കോഴ്സുകളില്‍ പഠനം നടത്തി മികവ് പുലര്‍ത്തിയവരുടെ വിജയഗാഥകള്‍ പുസ്തകരൂപേണ പ്രസിദ്ധീകരിക്കുന്നു. ഉന്നതതലങ്ങളിലെത്തുകയോ തുല്യതാ പഠനത്തിലൂടെ ജീവിത നിലവാരം മെച്ചപ്പെടുകയോ ചെയ്തവര്‍ക്ക് അവരുടെ വിജയഗാഥകള്‍ അയക്കാം. മുന്‍ പഠിതാക്കള്‍ക്കും നിലവില്‍ പഠനം നടത്തുന്നവര്‍ക്കും രണ്ടു പേജില്‍ കവിയാതെ വിജയഗാഥകള്‍ തയ്യാറാക്കി ഫോട്ടോ, വിലാസം, ഫോണ്‍ നമ്പര്‍ സഹിതം ജൂലൈ 30 നകം [email protected] ലോ 9539509374, 8129646255 ല്‍ വാട്സാപ്പ് മുഖേനയോ അയക്കാമെന്ന് സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍: 0491 2505179

ഗതാഗത നിയന്ത്രണം

കുനിശ്ശേരി ബൈപാസ് റോഡില്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ ഇന്ന്(ജൂലൈ 26) മുതല്‍ ഒരു മാസത്തേക്ക് ഇതുവഴി ഭാരമുള്ള വാഹനങ്ങള്‍ പൂര്‍ണ്ണമായും മറ്റ് വാഹനങ്ങള്‍ ഭാഗികമായും നിയന്ത്രിച്ചതായി അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. ഇതുവഴിയുള്ള വാഹനങ്ങള്‍ കൊടുവായൂര്‍ – തൃപ്പാളൂര്‍(കുനിശ്ശേരി ജംഗ്ഷന്‍ വഴി) പോകണമെന്നും അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

 

ജില്ലാ പഞ്ചായത്ത് സ്പെഷ്യല്‍ ക്യാമ്പെയ്ന്‍

ലഹരി വിരുദ്ധ ബോധവത്കരണം ശ്രദ്ധ മറ്റുമേഖലകളിലേക്ക് തിരിച്ചുകൊണ്ടാകണം

ജില്ലാ പഞ്ചായത്ത് കളിക്കളങ്ങള്‍ ഒരുക്കും; ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

ലഹരിവിരുദ്ധ ബോധവത്കരണം കുട്ടികളുടെ ശ്രദ്ധ മറ്റുമേഖലകളിലേക്ക് തിരിച്ചുകൊണ്ടാകണമെന്നും അതിനായി ജില്ലാ പഞ്ചായത്ത് കളിക്കളങ്ങള്‍ ഒരുക്കുന്നുണ്ടെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ പറഞ്ഞു. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചാകും കളിക്കളങ്ങള്‍ ഒരുക്കുക. അതോടൊപ്പം ലഹരി ഉപഭോഗത്തിലൂടെയുള്ള പ്രശ്നങ്ങള്‍ കുടുംബത്തെയും സമൂഹത്തെയും എങ്ങനെ ബാധിക്കുന്നു എന്നത് കണക്കുകളുടെ സഹായത്തോടെ ബോധ്യപ്പെടുത്തുന്ന രീതിയില്‍ വിമുക്തി പോലുള്ള സംവിധാനങ്ങളെ ഉപയോഗപ്പെടുത്തും. ലഹരിക്കെതിരെ യുവാക്കളെ കൊണ്ടുതന്നെ ഷോര്‍ട്ട് ഫിലിമുകള്‍ നിര്‍മിക്കുന്നതിന് അവര്‍ക്ക് പ്രോത്സാഹനം നല്‍കിയും ബോധത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

ഫോട്ടോ: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍

പിന്നാക്ക സമുദായ ക്ഷേമസമിതി യോഗം 29 ന്

നിയമസഭ പിന്നാക്ക സമുദായ ക്ഷേമസമിതിയുടെ യോഗം ജൂലൈ 29 ന് രാവിലെ 10.30 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. സര്‍ക്കാര്‍ സര്‍വീസ്, പൊതുമേഖല സ്ഥാപനങ്ങള്‍, സര്‍വ്വകലാശാലകള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മറ്റു സ്ഥാപനങ്ങള്‍ എന്നിവയിലെ നിയമനങ്ങളില്‍ പിന്നാക്ക സമുദായത്തില്‍പ്പെട്ടവര്‍ക്ക് ലഭിക്കേണ്ട സാമുദായിക പ്രാധാന്യം സംബന്ധിച്ചും പിന്നാക്ക സമുദായക്കാര്‍ അഭിമുഖീകരിക്കുന്ന സാമുദായവും സാമൂഹ്യപരവുമായ വിവിധ പ്രശ്നങ്ങളെ സംബന്ധിച്ചും വ്യക്തികളില്‍ നിന്നും സംഘടനകളില്‍ നിന്നും ഹര്‍ജികള്‍/നിവേദനങ്ങള്‍ എന്നിവ സ്വീകരിക്കും. ഇത് സംബന്ധിച്ച് പിന്നാക്ക വിഭാഗ വികസനം, പട്ടികവര്‍ഗ്ഗ വികസനം, ആഭ്യന്തരം, പൊതുവിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, തദ്ദേശ സ്വയംഭരണം, റവന്യൂ, റവന്യൂ(ദേവസ്വം) വ്യവസായം, തൊഴില്‍, നൈപുണ്യം, ആരോഗ്യം, കുടുംബക്ഷേമം, ഉദ്യോഗസ്ഥ ഭരണപരിഷ്‌കാരം, സാമൂഹിക നീതി, സാംസ്‌ക്കാരികകാര്യം, ജലവിഭവം എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായും സമിതി ചര്‍ച്ച നടത്തും.

സങ്കല്‍പ് – ‘യൂത്ത് ഇന്നൊവേഷന്‍ അവാര്‍ഡിന്’ ഓഗസ്റ്റ് 20 വരെ അപേക്ഷിക്കാം

സങ്കല്‍പ് പദ്ധതിയുടെ ഭാഗമായി കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സ്(കെ.എ.എസ്.ഇ) നടപ്പാക്കുന്ന സങ്കല്‍പ് – ‘യൂത്ത് ഇന്നൊവേഷന്‍ അവാര്‍ഡിന്’ ഓഗസ്റ്റ് 20 വരെ പ്രൊപോസലുകള്‍ ഉള്‍പ്പെട്ട അപേക്ഷ സമര്‍പ്പിക്കാം. സംസ്ഥാനത്ത് ഹ്രസ്വകാല നൈപുണ്യ വികസന കോഴ്‌സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ യുവാക്കള്‍ക്കാണ് അപേക്ഷിക്കാന്‍ അര്‍ഹത. കെ.എ.എസ്.ഇ, കുടുംബശ്രീ, അസാപ്, ജെ.എസ്.എസ്, മറ്റു നൈപുപുണ്യ വികസന ഏജന്‍സികള്‍ നടത്തിയ ഹ്രസ്വകാല നൈപുണ്യ വികസന കോഴ്സുകള്‍ വിജയിച്ച യുവജനങ്ങള്‍ക്കും അപേക്ഷിക്കാം. കൃഷി, ബാങ്കിങ്, കണ്‍സ്ട്രക്ഷന്‍, ഇലക്ടോണിക്സ്, ഫുഡ് പ്രോസസിങ്, ഹെല്‍ത്ത് കെയര്‍, ഐ.ടി, മീഡിയ, പ്ലമ്പിങ്, ടൂറിസം എന്നിവ ഉള്‍പ്പടെ 22 സ്‌കില്‍ വിഭാഗങ്ങളിലായാണ് ഇന്നവേഷന്‍ അവാര്‍ഡ് പ്രൊപ്പോസലുകള്‍ ക്ഷണിക്കുന്നത്. യുവാക്കള്‍ക്ക് വ്യക്തിഗത വിവരങ്ങള്‍, തങ്ങളുടെ നൂതന ആശങ്ങളുടെ പ്രൊപോസല്‍ ഡോക്യുമെന്റ് എന്നിവ www.kase.in ല്‍ പ്രവേശിച്ച് https://docs.google.com/forms/d/e/1FAIpQLSdM2Z-OxH5ig1T3vuMftsl19RwZm1CDNIOvCBuK-b-SatEWSg/viewform?vc=0&c=0&w=1&flr=0&gxid=8203364 ല്‍ നല്‍കാം.

ഓരോ സെക്ടറുകളില്‍ നിന്നും തിരഞ്ഞെടുക്കുന്ന അഞ്ച് പ്രൊപ്പോസലുകളാണ് സംസ്ഥാന തല മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുക. ഓരോ സെക്ടറിലെയും ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് സര്‍ട്ടിഫിക്കറ്റ്, 20,000, 10,000 രൂപ എന്നിങ്ങനെ ക്യാഷ് അവാര്‍ഡ് നല്‍കും. കൂടാതെ എല്ലാ സെക്ടറുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും മികച്ച പ്രൊപ്പോസലിന് 25,000 രൂപയുടെ ക്യാഷ് പ്രൈസും സംസ്ഥാന സ്‌കില്‍ യൂത്ത് ഐക്കണ്‍ അവാര്‍ഡും നല്‍കും. വിശദവിവരങ്ങള്‍ www.kase.in ല്‍ ലഭിക്കും.

ഗസ്റ്റ് ലക്ച്ചര്‍ നിയമനം

ചെമ്പൈ സ്മാരക ഗവ. സംഗീത കോളേജില്‍ വയലിന്‍ വിഭാഗത്തില്‍ ഗസ്റ്റ് ലക്ച്ചര്‍ നിയമനം നടത്തുന്നു. 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദമാണ് യോഗ്യത. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഓഗസ്റ്റ് അഞ്ചിന് രാവിലെ 10.30 ന് കൂടിക്കാഴ്ചക്ക് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0491 2527437

കമ്മ്യൂണിറ്റി സോഷ്യല്‍ വര്‍ക്കര്‍ നിയമനം

സംസ്ഥാന പട്ടികജാതി – പട്ടികവര്‍ഗ്ഗ വികസന വകുപ്പിനു കീഴിലെ കമ്മ്യൂണിറ്റി സോഷ്യല്‍ വര്‍ക്കര്‍ ഒഴിവിലേക്ക് ജില്ലയിലെ പട്ടികജാതി ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 21 നും 35 നും മധ്യേ. യോഗ്യത എം.എസ്.ഡബ്ല്യു. പ്രതിമാസ ഓണറേറിയം 20000 രൂപ. നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഓഗസ്റ്റ് അഞ്ചിന് വൈകിട്ട് അഞ്ചിനകം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ലഭ്യമാകണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505005

താത്പര്യപത്രം ക്ഷണിച്ചു

ജില്ലാ ദുരന്തനിവാരണ ദുരന്ത ലഘൂകരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്ത് നിലവിലുള്ള ഐ.എ.ജി(ഇന്റര്‍ ഏജന്‍സി ഗ്രൂപ്പ്) പുനഃസംഘടിപ്പിക്കുന്നതിന് ദുരന്തനിവാരണ രംഗത്ത് പ്രവര്‍ത്തന പരിചയമുള്ള വിവിധ സന്നദ്ധ സംഘടനകളില്‍ നിന്നും താത്പര്യപത്രം ക്ഷണിച്ചു. ഐ.എ.ജിയുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ള സംഘടനകള്‍ തങ്ങളുടെ പ്രവര്‍ത്തന മേഖലകള്‍ വിശദീകരിക്കുന്ന താത്പര്യപത്രം സംഘടനയുടെ പേര്, പ്രവര്‍ത്തിക്കുന്ന മേഖല, അംഗങ്ങളുടെ എണ്ണം, മൊബൈല്‍ നമ്പര്‍ സഹിതം ഓഗസ്റ്റ് അഞ്ചിനകം [email protected], [email protected] ലേക്ക് അയക്കണം. ഫോണ്‍: 0491 2505309

ദര്‍ഘാസ് ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന പാലക്കാട് അഡീഷണല്‍ ശിശുവികസന പദ്ധതി ഓഫീസറുടെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി വാഹനം ലഭ്യമാക്കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകള്‍ ഓഗസ്റ്റ് അഞ്ചിന് ഉച്ചക്ക് ഒന്ന് വരെ സ്വീകരിക്കും. അന്നേ ദിവസം വൈകിട്ട് മൂന്നിന് തുറക്കും.

ഒറ്റത്തവണ പ്ലാസ്റ്റിക് നിരോധനം: കുറ്റക്കാര്‍ക്കെതിരെ നടപടി

മരുതറോഡ് ഗ്രാമപഞ്ചായത്തില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ ഉത്പാദിപ്പിക്കുന്നവര്‍ക്കും ഇറക്കുമതി, സംഭരണം, വിതരണം, വില്‍പ്പന നടത്തുന്നവര്‍ക്കുമെതിരെ പിഴയീടാക്കല്‍ ഉള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് മരുതറോഡ് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

കാട വളര്‍ത്തല്‍ പരിശീലനം

മലമ്പുഴ ഗവ. മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കാട വളര്‍ത്തല്‍ വിഷയത്തില്‍ ജൂലൈ 27 ന് മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ പരിശീലനം നടത്തും. രാവിലെ 10 മുതല്‍ വൈകിട്ട് നാല് വരെയാണ് പരിശീലനം. പങ്കെടുക്കുന്നവര്‍ ആധാര്‍ കാര്‍ഡിന്റെ കൊണ്ടുവരണം. താത്പര്യമുള്ളവര്‍ 0491 2815454, 9188522713 നമ്പറില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.

error: Content is protected !!