പാട്ടക്കുടിശിക കൃത്യമായി ഒടുക്കുവരുത്താന്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. വിവിധ തരം പാട്ട കരാറുമായി ബന്ധപ്പെട്ട് ജില്ലയിലെ താലൂക്ക് ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. ഏതെങ്കിലും തരത്തിലുള്ള മാനദണ്ഡ ലംഘനം പാട്ട കരാറുമായി ബന്ധപ്പെട്ട് നടന്നിട്ടുണ്ടെന്ന് ബോധ്യമായാല്‍ അത്തരത്തിലുള്ളവ റദ് ചെയ്യാന്‍ നടപടി സ്വീകരിക്കും. പാട്ട ഭൂമിയിലെ മാനദണ്ഡ ലംഘനം അനുവദിക്കാന്‍ സാധിക്കില്ലെന്നും കളക്ടര്‍ പറഞ്ഞു. യോഗത്തില്‍ വ്യക്തിഗത പാട്ടം, സ്ഥാപന സംബന്ധമായ പാട്ടം, കേസില്‍ കുരുങ്ങിക്കിടക്കുന്ന പാട്ടം എന്നിങ്ങനെ തരം തിരിച്ച് വിലയിരുത്തി.
നിര്‍മാണ പ്രവര്‍ത്തി നടക്കാത്തതും ഉപയോഗശൂന്യവുമായ ഭൂമി ഉപയോഗപ്രദമായ പദ്ധതികള്‍ക്ക് പ്രയോജനപ്പെടുത്തുവാന്‍ വേണ്ട നടപടി സ്വീകരിക്കും. സന്നിധാനത്ത് റവന്യൂ ക്വാര്‍ട്ടേഴ്സ് നിര്‍മിക്കാനും അടിയന്തര നടപടി സ്വീകരിക്കണമെന്ന് റാന്നി തഹസില്‍ദാര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി. റാന്നി, തിരുവല്ല എന്നീ പ്രദേശങ്ങളില്‍ സര്‍വേയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പ്രത്യേക ടീമിനെ അയക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു.
വില്ലേജ് തല ജനകീയ സമിതികളില്‍ പ്രാദേശികമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹാരമാകണമെന്നും ആശയവിനിമയങ്ങള്‍ ആവശ്യ വിനിമയമാകണമെന്നും കളക്ടര്‍ പറഞ്ഞു. ഡെപ്യുട്ടി കളക്ടര്‍ (എല്‍ആര്‍) ബി. ജ്യോതി, തഹസീല്‍ദാര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.