പത്തനംതിട്ട : സാമൂഹിക വിരുദ്ധപ്രവർത്തനങ്ങളിൽ നിരന്തരം ഏർപ്പെട്ട് നാട്ടിൽ അസ്വസ്ഥതകൾ സൃഷ്ടിക്കുകയും, ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉയർത്തുകയും ചെയ്തുവന്ന രണ്ട്;അറിയപ്പെടുന്ന റൗഡികളെ കരുതൽ തടങ്കലിലാക്കി. പെരുമ്പെട്ടി, തിരുവല്ല പോലീസ് സ്റ്റേഷനുകളിൽ നിന്നാണ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ രണ്ടുപേരെ തിരുവനന്തപുരം സെൻട്രൽ ജയിലിൽക്കയച്ചത്.
പെരുമ്പെട്ടി ഏഴുമറ്റൂർ ചാലാപ്പള്ളി പുള്ളോലിത്തടത്തിൽ സുന്ദരന്റെ മകൻ സുബിൻ എസ് (26),
തിരുവല്ല കുറ്റപ്പുഴ കിഴക്കൻ മുത്തൂർ പ്ലാംപറമ്പിൽ കരുണാലയം വീട്ടിൽ നിന്നും കോട്ടയം ജില്ലയിൽ പായിപ്പാട് നാലുകോടി കൊച്ചുപള്ളി തുരുത്തിക്കടവ് സ്മിതാഭവൻ വീട്ടിൽ വാടകയ്ക്ക് താമസിച്ചുവരുന്നയാളുമായ മധുവിന്റെ മകൻ ദീപുമോൻ (26) എന്നിവരെയാണ് അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കിയത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ ഇരുവർക്കുമേതിരെ കേരള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമ( കാപ്പ )പ്രകാരമാണ് നടപടി എടുത്തത്. ഇരുവരെയും തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക്
അയച്ചതായും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ, ജില്ലാ കളക്ടറുടെ ഉത്തരവിനെതുടർന്നാണ് നടപടി. റാന്നി, കീഴ്‌വായ്പുർ പെരുമ്പെട്ടി റാന്നി എക്സൈസ്
എന്നിവടങ്ങളിലെടുത്ത 6 കേസുകളിൽ പ്രതിയാണ് സുബിൻ. 2017 മുതൽ ഇതുവരെയെടുത്ത ഈ കേസുകളിൽ അഞ്ചിലും കുറ്റപത്രം സമർപ്പിച്ചുകഴിഞ്ഞു. കുട്ടികൾക്കും മറ്റും
കഞ്ചാവ്, ഹാഷിഷ് ഓയിൽ, എം ഡി എം എ തുടങ്ങിയ മയക്കുമരുന്നുകളുടെ കടത്തും വിപണനവും പതിവാക്കിയ ഇയാൾ, അടിക്കടി നാട്ടിൽ സമാധാനപ്രശ്നങ്ങൾ സൃഷ്ടിക്കുകയും
പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉയർത്തുകയും ചെയ്തുവരികയാണ്.
സ്ത്രീക്കെതിരെയുള്ള അതിക്രമം, സർക്കാരുദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവഹണം
തടസ്സപ്പെടുത്തൽ, കഠിന ദേഹോപദ്രവം ഏൽപ്പിക്കൽ എന്നിങ്ങനെ നിരവധി കുറ്റകൃത്യങ്ങളിൽ പ്രതിയാണ്.
പെരുമ്പെട്ടിയിൽ എക്സൈസ് പ്രിവന്റീവ് ഓഫീസറെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലും പ്രതിയാണ് സുബിൻ. ഏറ്റവും ഒടുവിൽ റാന്നിയിൽ നിന്നും 3 കിലോയിലധികം കഞ്ചാവും, 36 ഗ്രാം ഹാഷിഷ് ഓയിലുമായാണ് ഇയാൾ പോലീസിന്റെ പിടിയിലായത്.
2015 മുതൽ ഇവരെ ആകെ 9 ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട കുറ്റവാളിയാണ് ദീപുമോൻ. തിരുവല്ല, കീഴ്‌വായ്പ്പൂ ർ പോലീസ് സ്റ്റേഷനുകൾക്ക് പുറമെ കോട്ടയം ജില്ലയിലെ തൃക്കൊടിത്താനം സ്റ്റേഷനിലെ കേസിലും പ്രതിയായിട്ടുണ്ട്. അടിപിടി, വധശ്രമം, മാരകയുധങ്ങളുമായുള്ള ആക്രമണം, വീടുകയറി ആക്രമണം, വാഹനം നശിപ്പിക്കൽ,
കവർച്ച എന്നിങ്ങനെ കേസുകളിൽ പ്രതിയായ ഇയാൾ നാട്ടിൽ നിരന്തരം ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിനെതുടർന്ന് ജില്ലാ പോലീസ് മേധാവി റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ കളക്ടറുടെ നടപടി. ജില്ലയിൽ
ഇപ്രകാരമുള്ള നിയമനടപടികൾ ഊർജ്ജിതമായി നടപ്പാക്കി വരികയാണെന്നും, അത് കർശനമായി തുടരുമെന്നും ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐ പി എസ്
പറഞ്ഞു.