Input your search keywords and press Enter.

പാലക്കാട് ജില്ലാ അറിയിപ്പുകള്‍ /വാര്‍ത്തകള്‍

 

വൈദ്യുതി മഹോല്‍ത്സവം 29 ന്
 
മന്ത്രി കെ. കൃഷ്ണന്‍ കുട്ടി ഉദ്ഘാടനം ചെയ്യും

ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാരിന്റെ ഊര്‍ജ്ജമന്ത്രാലയം ഉജ്ജ്വല്‍ ഭാരത് ഉജ്ജ്വല്‍ ഭവിഷ്യപവര്‍ @ 2047 ആഘോഷ പരിപാടികളുടെ ഭാഗമായി ജില്ലാതലത്തില്‍ സംഘടിപ്പിക്കുന്ന വൈദ്യുത മഹോത്സവം 29 ന് വൈകിട്ട് 3.30ന് കഞ്ചിക്കോട് കേന്ദ്രീയ വിദ്യാലയത്തില്‍ വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും. എ. പ്രഭാകരന്‍ എം.എല്‍.എ. അധ്യക്ഷനാവും.

സമ്പൂര്‍ണ്ണ വൈദ്യുതീകരണം, വൈദ്യുതീകരണ പദ്ധതികള്‍, ഉപഭോക്തൃ അവകാശങ്ങള്‍, പാരമ്പര്യേതര ഊര്‍ജ്ജം, വൈദ്യുത ഉത്പാദന ശേഷി വികസനം തുടങ്ങിയ സേവനങ്ങളെ ഉള്‍കൊള്ളിച്ചുള്ള ഹ്രസ്വ ചിത്രങ്ങള്‍ എന്നിവയും കലാസാംസ്‌ക്കാരിക പരിപാടികളും നടക്കും. ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി, എന്‍.ജി മാനേജ്‌മെന്റ് സെന്റര്‍ ഡയറക്ടര്‍ ഡോ. ആര്‍. ഹരികുമാര്‍, പുതുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. പ്രസീദ, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ എ. ശാരദ, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി. സുജിത്ത്, വാര്‍ഡ് മെമ്പര്‍ പാലാഴി ഉദയകുമാര്‍, കെ.എസ്.ഇ.ബി.എല്‍ ഡെപ്യൂട്ടി ചീഫ് എന്‍ഞ്ചിനീയര്‍ കെ.കെ. ബൈജു എന്നിവര്‍ പങ്കടുക്കും.

ലാബ് ടെക്‌നീഷ്യന്‍ നിയമനം

പാലക്കാട് കാലിവസന്ത നിര്‍മാര്‍ജന പദ്ധതി കാര്യാലയത്തിലേക്ക് ലാബ് ടെക്‌നീഷ്യന്‍ ഒഴിവിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. ബയോടെക്‌നോളജിയില്‍ ബിരുദാനന്തര ബിരുദം, വെറ്ററിനറി ലബോറട്ടറിയില്‍ എലിസ ടെസ്റ്റിഗില്‍ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം ഉള്ളവരായിരിക്കണം. നിയമന കാലാവധി മൂന്ന് മാസം. അല്ലെങ്കില്‍ പ്രസ്തുത തസ്തികയില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നിന്ന് ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നത് വരെ. താത്പര്യമുള്ളവര്‍ ഓഗസ്റ്റ് ഒന്നിന് രാവിലെ 11 ന് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും മറ്റനുബന്ധ രേഖകളും സഹിതം പാലക്കാട് കാലി വസന്ത നിര്‍മാര്‍ജന പദ്ധതി കാര്യാലയത്തിലെ ജോയിന്‍ ഡയറക്ടറുടെ ചേംബറില്‍ കൂടിക്കാഴ്ചക്ക് എത്തണമെന്ന് ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0491 2520626

സീറ്റൊഴിവ്

മലപ്പുറം മങ്കട ഗവ. ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് മേഖലയിലെ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ഫുഡ് പ്രൊഡക്ഷന്‍, ഫുഡ് ആന്‍ഡ് ബീവറേജ് സര്‍വ്വീസ്, ഫ്രണ്ട് ഓഫീസ് ഓപ്പറേഷന്‍, ഹോട്ടല്‍ അക്കമഡേഷന്‍ ഓപ്പറേഷന്‍ കോഴ്‌സുകളില്‍ സീറ്റൊഴിവ്. ജനറല്‍ വിഭാഗത്തിലും ഒ.ബി.സി, എസ്.സി, എസ്.ടി മറ്റു സംവരണ വിഭാഗങ്ങള്‍ക്ക് റിസര്‍വേഷന്‍ സീറ്റിലുമാണ് ഒഴിവുകള്‍. ഫോണ്‍: 0493 3295733, 9645078880

ഹിന്ദി ഗസ്റ്റ് അധ്യാപക നിയമനം
ചിറ്റൂര്‍ ഗവ.കോളേജില്‍ ഹിന്ദി വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപകന്റെ ഒരു ഒഴിവുണ്ട്. 50 ശതമാനം മാര്‍ക്കോടെയുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. നെറ്റ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഗസ്റ്റ് അഞ്ചിന് രാവിലെ 10 ന് കോളേജില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.ഫോണ്‍: 8078042347

 

പഠനമുറിക്കായി ഓഗസ്റ്റ് ഒമ്പത് വരെ അപേക്ഷിക്കാം

പാലക്കാട് മുനിസിപ്പാലിറ്റി പരിധിയിലുള്ള സ്ഥിരതാമസക്കാരായ പട്ടികജാതിവിഭാഗം വിദ്യാര്‍ത്ഥികളില്‍ നിന്ന് പഠനമുറി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. എട്ട് മുതല്‍ 12 ക്ലാസുകളിലെ കുട്ടികള്‍ക്കാണ് അവസരം. സര്‍ക്കാര്‍, എയ്ഡഡ്, ടെക്നിക്കല്‍, സ്പെഷ്യല്‍ സ്‌കൂളുകളില്‍ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. കുടുംബ വാര്‍ഷിക വരുമാന പരിധി ഒരു ലക്ഷം രൂപയും രക്ഷിതാക്കളുടെ സ്വന്തം പേരില്‍ വീടുള്ളവരുമാണ് അപേക്ഷ നല്‍കേണ്ടത്. അപേക്ഷകള്‍ അര്‍ഹത തെളിയിക്കുന്ന രേഖകളും സാക്ഷ്യപത്രങ്ങളുമായി ഓഗസ്റ്റ് ഒമ്പതിന് വൈകിട്ട് അഞ്ചിനകം പാലക്കാട് നഗരസഭ പട്ടികജാതി വികസന ഓഫീസില്‍ നല്‍കണമെന്ന് പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. അപേക്ഷ ഫോറം, മറ്റ് വിശദവിവരങ്ങള്‍ പാലക്കാട് നഗരസഭ പട്ടികജാതി വികസന ഓഫീസിലും ബന്ധപ്പെട്ട പ്രൊമോട്ടര്‍മാരില്‍ നിന്നും ലഭിക്കും.

ക്ലോത്തിങ് ആന്‍ഡ് ഫാഷന്‍ ടെക്‌നോളജി കോഴ്‌സ് പ്രവേശനം

കണ്ണൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ് ലൂം ടെക്‌നോളജിയില്‍ ആരംഭിക്കുന്ന ക്ലോത്തിങ് ആന്‍ഡ് ഫാഷന്‍ ടെക്‌നോളജി കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്‌സിന് എസ്.എസ്.എല്‍.സിയാണ് യോഗ്യത. പ്രായപരിധി 35 വയസ്സ്. 21200 രൂപയാണ് കോഴ്‌സ് ഫീസ്. അപേക്ഷകള്‍ നേരിട്ടും തപാലിലും www.iihtkannur.ac.in ലും നല്‍കാം. അപേക്ഷകള്‍ ഓഗസ്റ്റ് 12 വരെ സ്വീകരിക്കും. അപേക്ഷാ ഫോറം ഇന്‍സ്റ്റിറ്റ്യൂട്ട് വെബ്‌സൈറ്റിലും ഓഫീസിലും ലഭിക്കും. വിശദ വിവരങ്ങള്‍ക്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജി – കണ്ണൂര്‍, കഴുന്ന പി.ഒ, തോട്ടട വിലാസത്തില്‍ ബന്ധപ്പെടുക. ഫോണ്‍: 0497 2835390

വിമുക്ത ഭടന്മാരുടെ – മക്കള്‍ക്കായി ഓക്‌സിലിയറി നഴ്‌സിംഗ് ആന്‍ഡ് മിഡ് വൈഫറി കോഴ്‌സ്

ആരോഗ്യ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നാല് ജെ.പി.എച്ച്.എന്‍ ട്രെയിനിങ് സെന്ററുകളില്‍ ഓക്‌സിലിയറി നഴ്‌സിങ് ആന്‍ഡ് മിഡ് വൈഫറി കോഴ്‌സില്‍ എക്‌സ് സര്‍വീസുകാരുടെ ആശ്രിതര്‍ക്കായി സംവരണം ചെയ്ത സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓരോ സ്‌കൂളിലും ഒരു സീറ്റ് വീതമാണുള്ളത്. അപേക്ഷകള്‍ ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ ജൂലൈ 30 നകം നല്‍കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. അപേക്ഷാഫോറം, പ്രോസ്‌പെക്ടസ് എന്നിവ www.dhskerala.gov.in ല്‍ ലഭിക്കും. ഫോണ്‍: 0491 2971633

വിമുക്തഭടന്‍മാരുടെ – മക്കള്‍ക്കായി ജനറല്‍ നഴ്‌സിംഗ് കോഴ്‌സ് പ്രവേശനം

ആരോഗ്യ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന 15 ഗവ. നഴ്‌സിംഗ് സ്‌കൂളുകളിലേക്ക് ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ആരംഭിക്കുന്ന ജനറല്‍ നേഴ്‌സിംഗ് കോഴ്‌സിലേക്ക് വിമുക്തഭടന്‍മാരുടെ മക്കള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി ഐശ്ചിക വിഷയമെടുത്ത് 40 ശതമാനം മാര്‍ക്കോടെ പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യ പരീക്ഷ പാസായിരിക്കണം. എസ്.സി, എസ്.ടി വിഭാഗത്തിലുള്ള സയന്‍സ് വിഷയങ്ങള്‍ പഠിച്ച അപേക്ഷകരുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും. പ്രായപരിധി 2022 ഡിസംബര്‍ 31 ന് 17 നും 27 നും മധ്യേ. അപേക്ഷകള്‍ ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ ജൂലൈ 30 നകം നല്‍കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. അപേക്ഷാഫോമും പ്രോസ്‌പെക്ടസും www.dhskerala.gov.in ല്‍ ലഭിക്കും. ഫോണ്‍: 0491 2971633

 

 പത്രക്കുറിപ്പ്
                                                                                            ഇന്‍ഫര്‍മേഷന്‍ – പബ്ലിക് റിലേഷന്‍സ് വകുപ്പ്
                                                                                            ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പാലക്കാട് 27/07/2022
                                                                                                            0491-2505329, 9496003206
                                                                                                                                                       Website: prd.kerala.gov.in
ജില്ലാ പഞ്ചായത്ത് സ്പെഷ്യല്‍ ക്യാമ്പെയ്ന്‍
കൃഷിക്കാര്‍ക്ക് സമയബന്ധിതമായി വളം വിതരണത്തിന് മുന്‍കൈയെടുക്കും: ജില്ലാ പഞ്ചായത്ത്പ്രസിഡന്റ്

കൃഷിക്കാര്‍ക്ക് സമയബന്ധിതമായി വളം വിതരണം നടത്തുന്നതിന് ജില്ലാ പഞ്ചായത്ത് മുന്‍കൈയെടുക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ പറഞ്ഞു. നിലവില്‍ ജില്ലാ പഞ്ചായത്ത് നടപ്പാക്കിവരുന്ന സമൃദ്ധി പദ്ധതി പാടശേഖര സമിതികള്‍ക്കും കര്‍ഷകര്‍ക്കും വളരെ പ്രയോജനകരമാണ്. പ്രതിവര്‍ഷം ഒരു കോടി രൂപ സമൃദ്ധി പദ്ധതിക്കായി ജില്ലാ പഞ്ചായത്ത് മാറ്റിവക്കുന്നുണ്ട്. നിലവില്‍ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ അഞ്ച് ഫാമുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇവയെ വ്യത്യസ്ത രീതിയില്‍ വികസിപ്പിക്കുന്നതിനുള്ള നടപടികള്‍ക്ക് ജില്ലാ പഞ്ചായത്ത് നേതൃത്വം നല്‍കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

ഫോട്ടോ: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍

 
‘കനലു താണ്ടി കനവു നേടിയവര്‍’ കുടുംബശ്രീയിലൂടെ ജീവിത വിജയം നേടിയവരുടെ അനുഭവകഥ – പുസ്തകം പ്രകാശനം ചെയ്തു

കുടുംബശ്രീ രജതജൂബിലിയോടനുബന്ധിച്ച് കുടുംബശ്രീ പ്രവര്‍ത്തകരുടെ അനുഭവങ്ങള്‍ കോര്‍ത്തിണക്കി കുടുംബശ്രീ ജില്ലാ മിഷന്‍ തയ്യാറാക്കിയ ‘കനലു താണ്ടി കനവു നേടിയവര്‍’ പുസ്തകം പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനു മോള്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ കെ. ഉണ്ണികൃഷ്ണന് കൈമാറിയാണ് പുസ്തകം പ്രകാശനം ചെയ്തത്. കുടുംബശ്രീ വഴി ജീവിതത്തില്‍ വിജയം കൈവരിച്ചിട്ടുള്ള സ്ത്രീകളുടെ അതിജീവന കഥകളാണ് പുസ്തകത്തില്‍ ഉള്‍കൊള്ളിച്ചിരിക്കുന്നത്.

ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷാബിറ ടീച്ചര്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സുധാകരന്‍ മാഷ്, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശാലിനി കറുപ്പേഷ്, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.സെയ്തലവി, ജില്ലാ പ്രോഗ്രാം മാനേജര്‍ നിഷിദ സൈബൂനി എന്നിവര്‍ പങ്കെടുത്തു.

ഫോട്ടോ – ‘കനലു താണ്ടി കനവു നേടിയവര്‍’ പുസ്തകം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനു മോള്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ കെ. ഉണ്ണികൃഷ്ണന് കൈമാറി പ്രകാശനം ചെയ്യുന്നു

 
വൈദ്യുതി മഹോത്സവത്തില്‍ നഞ്ചമ്മയ്ക്ക് ജില്ലാഭരണകൂടത്തിന്റെ ആദരം

ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാരിന്റെ ഊര്‍ജ്ജമന്ത്രാലയം ‘ഉജ്ജ്വല്‍ ഭാരത്, ഉജ്ജ്വല്‍ ഭവിഷ്യപവര്‍ @ 2047’ ആഘോഷ പരിപാടികളുടെ ഭാഗമായി ജില്ലാതലത്തില്‍ സംഘടിപ്പിക്കുന്ന വൈദ്യുതി മഹോത്സവത്തിന്റെ ഭാഗമായി മികച്ച പിന്നണി ഗായികയ്ക്കുള്ള 68 -ാം ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയ നഞ്ചമ്മയെ ജില്ലാഭരണകൂടം ആദരിച്ചു. ജില്ലാ ഭരണകൂടത്തിന് വേണ്ടി ജില്ലാ കലക്ടര്‍ മൃണ്‍മയീ ജോഷി നഞ്ചമ്മയെ പൊന്നാടയണിയിച്ചു. അഡ്വ. എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ മൊമെന്റോ കൈമാറി.

വൈദ്യുതി മഹോത്സവ പരിപാടിയുടെ ഉദ്ഘാടനം അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. ജില്ലാ കലക്ടര്‍ മൃണ്‍മയീ ജോഷി അധ്യക്ഷയായ പരിപാടിയില്‍ ഊര്‍ജ്ജ രംഗത്തെ നേട്ടങ്ങള്‍ കുറിക്കുന്ന വീഡിയോ പ്രദര്‍ശനവും കലാസാംസ്‌കാരിക പരിപാടികളും നടന്നു. അഗളി കില ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ അഗളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക, അഗളി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മഹേശ്വരി രവികൃഷ്ണന്‍, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പ്രീത സോമരാജ്, വാര്‍ഡ് അംഗം മിനി, എനര്‍ജി ടെക്‌നോളജിസ്റ്റ്,ഇ.എം.സി ജില്ലാ നോഡല്‍ ഓഫീസര്‍ എം.എ ഇജാസ്, കെ.എസ്.ഇ.ബി.എല്‍ ഷൊര്‍ണൂര്‍ ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ മായ തമ്പാന്‍, അട്ടപ്പാടി താലൂക്ക് തഹസില്‍ദാര്‍ ഷാനവാസ് ഖാന്‍, ഭൂരേഖാ തഹസില്‍ദാര്‍ മുഹമ്മദ് എന്നിവര്‍ പങ്കെടുത്തു.

ഫോട്ടോ: വൈദ്യുതി മഹോത്സവത്തില്‍ നഞ്ചമ്മയെ ആദരിക്കുന്നു

എസ്.വി.ഇ.പി. സംരംഭ രൂപീകരണം – ഉദ്യോഗിക പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സുധാകരന്‍ മാഷ് നിര്‍വഹിച്ചു
1830 പുതിയ സംരഭങ്ങള്‍ ആരംഭിച്ചു

ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍ കുടുംബശ്രീ മുഖാന്തിരം ജില്ലയില്‍ നെന്മാറ ബ്ലോക്കിലെ ഏഴ് പഞ്ചായത്തുകളിലായി നടപ്പാക്കി വരുന്ന ഗ്രാമീണ ഉപജീവന വികസന പദ്ധതിയായ എസ്.വി.ഇ.പിയുടെ(സ്റ്റാര്‍ട്ടപ്പ് വില്ലേജ് എന്റര്‍പ്രണര്‍ഷിപ്പ് പ്രോഗ്രാം) സംരംഭ രൂപീകരണം പൂര്‍ത്തിയായതിന്റെ പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സുധാകരന്‍ മാഷ് നിര്‍വഹിച്ചു. 1830 പുതിയ സംരഭങ്ങള്‍ ആരംഭിച്ചു. നാല് വര്‍ഷം കൊണ്ട് 1808 സംരംഭങ്ങള്‍ കാര്‍ഷികേതര മേഖലയില്‍ ആരംഭിക്കുക എന്നതായിരുന്നു പദ്ധതി ലക്ഷ്യം. ജൂലൈ 31 ന് പദ്ധതി കാലയളവ് പൂര്‍ത്തിയാകുമ്പോള്‍ 1830 സംരംഭങ്ങളാണ് ആരംഭിക്കാന്‍ സാധിച്ചത്. ജില്ലാ പഞ്ചായത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സുധാകരന്‍ മാഷിന് ബ്രോഷര്‍ നല്‍കി പദ്ധതി പൂര്‍ത്തീകരണം പ്രകാശനം ചെയ്തു.

പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷാബിറ ടീച്ചര്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സുധാകരന്‍ മാഷ്, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശാലിനി കറുപ്പേഷ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ കെ. ഉണ്ണികൃഷ്ണന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.സെയ്തലവി, ജില്ലാ പ്രോഗ്രാം മാനേജര്‍ നിഷിദ സൈബൂനി എന്നിവര്‍ പങ്കെടുത്തു.

ഫോട്ടോ – എസ്.വി.ഇ.പി. സംരംഭ രൂപീകരണം പൂര്‍ത്തിയാക്കല്‍ പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സുധാകരന്‍ മാഷിന് ബ്രോഷര്‍ നല്‍കി പ്രകാശനം ചെയ്യുന്നു

കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി. സെയ്തലവിയുടെ ഡെപ്യൂട്ടേഷന്‍ കാലാവധി പൂര്‍ത്തിയായി
കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ പദവി ഒഴിഞ്ഞു

കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ പി. സെയ്തലവിയുടെ ഡെപ്യൂട്ടേഷന്‍ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ പദവി ഒഴിഞ്ഞു. അഞ്ച് വര്‍ഷക്കാലമായി കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓഡിനേറ്ററായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആയിരിക്കെയാണ് കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓഡിനേറ്ററായി എത്തുന്നത്.
മാതൃ വകുപ്പായ തദ്ദേശസ്വയംഭരണ വകുപ്പിലേക്കാണ് മാറുന്നത്. ജില്ലയില്‍ കുടുംബശ്രീയെ അടയാളപ്പെടുത്തിയതില്‍ മുഖ്യ പങ്കു വഹിക്കുകയും ജില്ലാ പഞ്ചായത്തുമായി ചേര്‍ന്ന് പെണ്ണിടം പദ്ധതി, നാടന്‍പാട്ട് കലാകാരികളുടെ കൂട്ടായ്മ, സംരംഭ വിപണന മേഖല ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക തുടങ്ങി കുടുംബശ്രീയെ പരിപോഷിപ്പിക്കുന്നതില്‍ അദ്ദേഹം മുഖ്യപങ്ക് വഹിച്ചിരുന്നു.

ഫോട്ടോ – കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ പദവി ഒഴിഞ്ഞ പി. സെയ്തലവി

പിന്നാക്ക സമുദായ ക്ഷേമസമിതി യോഗം 29 ന്

നിയമസഭ പിന്നാക്ക സമുദായ ക്ഷേമസമിതിയുടെ യോഗം ജൂലൈ 29 ന് രാവിലെ 10.30 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. സര്‍ക്കാര്‍ സര്‍വീസ്, പൊതുമേഖല സ്ഥാപനങ്ങള്‍, സര്‍വ്വകലാശാലകള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മറ്റു സ്ഥാപനങ്ങള്‍ എന്നിവയിലെ നിയമനങ്ങളില്‍ പിന്നാക്ക സമുദായത്തില്‍പ്പെട്ടവര്‍ക്ക് ലഭിക്കേണ്ട സാമുദായിക പ്രാധാന്യം സംബന്ധിച്ചും പിന്നാക്ക സമുദായക്കാര്‍ അഭിമുഖീകരിക്കുന്ന സാമുദായവും സാമൂഹ്യപരവുമായ വിവിധ പ്രശ്‌നങ്ങളെ സംബന്ധിച്ചും വ്യക്തികളില്‍ നിന്നും സംഘടനകളില്‍ നിന്നും ഹര്‍ജികള്‍/നിവേദനങ്ങള്‍ എന്നിവ സ്വീകരിക്കും. ഇത് സംബന്ധിച്ച് പിന്നാക്ക വിഭാഗ വികസനം, പട്ടികവര്‍ഗ്ഗ വികസനം, ആഭ്യന്തരം, പൊതുവിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, തദ്ദേശ സ്വയംഭരണം, റവന്യൂ, റവന്യൂ(ദേവസ്വം) വ്യവസായം, തൊഴില്‍, നൈപുണ്യം, ആരോഗ്യം, കുടുംബക്ഷേമം, ഉദ്യോഗസ്ഥ ഭരണപരിഷ്‌കാരം, സാമൂഹിക നീതി, സാംസ്‌ക്കാരികകാര്യം, ജലവിഭവം എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായും സമിതി ചര്‍ച്ച നടത്തും.

ലേലം

ജില്ലാ പട്ടികജാതി വികസന ഓഫീസറുടെ ഉടമസ്ഥതയിലുള്ള കെ.എല്‍-01-എ.ഡബ്ല്യൂ-7175 നമ്പര്‍ വാഹനം ഓഗസ്റ്റ് 24 ന് രാവിലെ 10.30 ന് ലേലം ചെയ്യും. ലേലം ഓഗസ്റ്റ് 23 ന് വൈകിട്ട് നാല് വരെ സ്വീകരിക്കും. നിരതദ്രവ്യം 5000 രൂപ. ഫോണ്‍: 0491 2505383

 
കള്ള് വ്യവസായ തൊഴിലാളികള്‍ ഇ-ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ തൊഴിലാളികള്‍ ഇ-ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. തൊഴിലാളികള്‍ക്ക് ആധാര്‍ നമ്പര്‍ മൊബൈലുമായി ബന്ധിപ്പിച്ച് അക്ഷയകേന്ദ്രം, പോസ്റ്റ് ഓഫീസ്, ജനസേവകേന്ദ്രം മുഖാന്തിരം ജൂലൈ 31 നകം രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 0491 2515765

അഡ്മിഷന്‍ ആരംഭിച്ചു

അസാപ് കേരളയുടെ ആഭിമുഖ്യത്തില്‍ തൃത്താല കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, ഫിറ്റ്നസ് ട്രെയിനര്‍, ഫിനാന്‍സ് സര്‍വീസ് എക്സിക്യൂട്ടീവ്, ഓട്ടോമോട്ടീവ് സര്‍വീസ് ടെക്നീഷ്യന്‍ തസ്തികകളില്‍ അഡ്മിഷന്‍ ആരംഭിച്ചു. കോഴ്സ് ഫീസ് അടക്കാന്‍ സ്‌കില്‍ ലോണ്‍ ലഭിക്കും. വിശദവിവരങ്ങള്‍ www.asapkerala.gov.in ല്‍ ലഭിക്കും. ഫോണ്‍: 9495999730, 8590414656

അധ്യാപക നിയമനം

മലപ്പുറം മങ്കട ഗവ. ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഡമോണ്‍സ്ട്രേറ്റര്‍, കമ്പ്യൂട്ടര്‍ ടീച്ചര്‍, ഇംഗ്ലീഷ് ടീച്ചര്‍, ലാബ് അസിസ്റ്റന്റ് തസ്തികകളില്‍ അധ്യാപക നിയമന നടത്തുന്നു. യോഗ്യത, പ്രവൃത്തിപരിചയം സംബന്ധിച്ച വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടണം. താത്പര്യമുള്ളവര്‍ ഓഗസ്റ്റ് അഞ്ചിന് വൈകിട്ട് നാലിനകം ബയോഡാറ്റ സഹിതം [email protected] ല്‍ അയക്കണം. ഫോണ്‍: 04933 295733

മത്സ്യ വിത്തുത്പാദന യൂണിറ്റിന് അപേക്ഷ ക്ഷണിച്ചു

ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജനകീയ മത്സ്യകൃഷിയില്‍ ഉള്‍പ്പെടുത്തി കരിമീന്‍ വിത്തുത്പാദന യൂണിറ്റ്, വരാല്‍ വിത്തുത്പാദന യൂണിറ്റ് എന്നിവ നടപ്പാക്കുന്നതിന് ജില്ലയിലെ താത്പര്യമുള്ള കര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മൂന്ന് ലക്ഷം രൂപ അടങ്കല്‍ തുക കണക്കാക്കുന്ന പദ്ധതിയുടെ ഓരോ യൂണിറ്റിന്റെയും 40 ശതമാനം സബ്‌സിഡി ലഭിക്കും. അപേക്ഷാ ഫോറം, കൂടുതല്‍ വിവരങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍മാരില്‍ നിന്നും മലമ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍: 8943563300, 9446668523

സര്‍ട്ടിഫിക്കറ്റ് ഇന്‍ സേഫ്റ്റി ഓഫീസര്‍ ട്രെയിനിങ് പ്രോഗ്രാം

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന് കീഴില്‍ എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജില്‍ സര്‍ട്ടിഫിക്കറ്റ് ഇന്‍ സേഫ്റ്റി ഓഫീസര്‍ ട്രെയിനിങ് പ്രോഗ്രാമിലേക്ക് ഓഗസ്റ്റ് 31 വരെ അപേക്ഷിക്കാം. യോഗ്യത എസ്.എസ്.എല്‍.സി അല്ലെങ്കില്‍ തത്തുല്യം. കോഴ്സ് സംബന്ധിച്ച വിശദാംശങ്ങള്‍ www.srccc.in ല്‍ ലഭിക്കും. ഫോണ്‍: 8281114464, 0471 2325101, 9645920920

സീറ്റൊഴിവ്

സംസ്ഥാന ടൂറിസം വകുപ്പിന് കീഴിലെ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് കിറ്റ്‌സില്‍ എം.ബി.എ(ട്രാവല്‍ ആന്‍ഡ് ടൂറിസം) കോഴ്‌സില്‍ ജനറല്‍, സംവരണ വിഭാഗങ്ങളില്‍ സീറ്റ് ഒഴിവ്. അംഗീകൃത സര്‍വ്വകലാശാലകളില്‍ നിന്നുള്ള ബിരുദം, ക്യാറ്റ്, കെ.മാറ്റ്, സി. മാറ്റ് യോഗ്യതയുള്ളവര്‍ക്കും അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ ജൂലൈ 31 നകം www.kittsedu.org ല്‍ അപേക്ഷിക്കണം. ഫോണ്‍: 9446529467, 9447013046, 0471 2327707

error: Content is protected !!