Input your search keywords and press Enter.

കൊല്ലം ജില്ലാ വാര്‍ത്തകള്‍

പ്രതിസന്ധിയില്ലാതെ വൈദ്യുതി വിതരണം ലക്ഷ്യം – മന്ത്രി ജെ. ചിഞ്ചു റാണി

വൈദ്യുതമേഖലയുടെ വളര്‍ച്ചയ്ക്കായി ഗ്രാമങ്ങളില്‍ വൈദ്യുതി ലഭ്യമാക്കലാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി. കെ. എസ്. ഇ. ബി, ജില്ലാ ഭരണകൂടം, എന്‍.ടി.പി.സി. എന്നിവയുടെ ആഭിമുഖ്യത്തില്‍ ഫാത്തിമ മാതാ നാഷണല്‍ കോളേജില്‍ സംഘടിപ്പിച്ച ഉജ്ജ്വലഭാരതം- ഉജ്ജ്വലഭാവി വൈദ്യുതി മഹോത്സവത്തിന്റെ ഭാഗമായ പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

ഗാര്‍ഹികവും വ്യാവസായികവുമായ ആവശ്യങ്ങള്‍ക്ക് പുനരുപയോഗ ഊര്‍ജ്ജത്തിന്റെ സാധ്യതകള്‍ പരിശോധിക്കും. ഊര്‍ജ്ജസംരക്ഷണവും വിതരണവും കൂടുതല്‍ കാര്യക്ഷമാക്കുന്നതിന് പിന്തുണ നല്‍കും. വൈദ്യുത മേഖലയിലെ സമഗ്ര വികസനത്തിനായി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ വിവിധ കര്‍മ്മപദ്ധതികളാണ് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിവരുന്നതെന്നും മന്ത്രി പറഞ്ഞു.

എം. നൗഷാദ് എം.എല്‍.എ അദ്ധ്യക്ഷനായി. ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍, എ.ഡി.എം ആര്‍. ബീനറാണി, ഫാത്തിമ മാതാ നാഷണല്‍ കോളേജ് പ്രിന്‍സിപ്പല്‍ സന്ധ്യ കാതറിന്‍ മൈക്കിള്‍, കെ. എസ്. ഇ. ബി. ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ പി. ഐ. ലിന്‍, കായംകുളം എന്‍.ടി.പി.സി ജനറല്‍ മാനേജര്‍ എസ്. കെ. റാം, സീനിയര്‍ മാനേജര്‍ എസ്. മനു  തുടങ്ങിയവര്‍ പങ്കെടുത്തു. വൈദ്യുതി നേട്ടങ്ങള്‍ പ്രതിപാദിക്കുന്ന ഹ്രസ്വചിത്രങ്ങളുടെ പ്രദര്‍ശനവും കലാപരിപാടികളും അരങ്ങേറി.

പുതുസംരംഭകര്‍ക്ക് അവസരമൊരുക്കും – മന്ത്രി ജെ. ചിഞ്ചു റാണി
വ്യവസായ-മൃഗസംരക്ഷണ മേഖലകളില്‍ പുതുസംരംഭകര്‍ക്ക് അവസരമൊരുക്കുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മൃഗസംരക്ഷണ -ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി. ഇട്ടിവ വെളുന്തുറയില്‍ വ്യവസായ എസ്റ്റേറ്റിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് നൂതന സംരംഭങ്ങള്‍ തുടങ്ങും. മുഴുവന്‍ ജില്ലകളിലും സംരംഭകരെ ഉള്‍പ്പെടുത്തി ചര്‍ച്ചകള്‍ നടത്തിവരികയാണ്. ഒരു വര്‍ഷം ഒരു ലക്ഷം സംരംഭകര്‍ പുതുസംരംഭകര്‍ക്കായുള്ള മാതൃകപരമായ പദ്ധതിയാണ്. പ്രദേശത്തുള്ളവര്‍ക്ക് സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും തൊഴില്‍ലഭ്യത ഉറപ്പുവരുത്തുന്നതിനും വ്യവസായ എസ്റ്റേറ്റ് മുഖേന സാധ്യമാകുമെന്നും മന്ത്രി പറഞ്ഞു. നൂതന പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കുന്നതില്‍ ഏറ്റവും മുന്നില്‍ കൊല്ലം ജില്ലാ പഞ്ചായത്താണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വെളുന്തുറ വാര്‍ഡില്‍ ഇട്ടിവ ഗ്രാമപഞ്ചായത്തിന്റെ 82 സെന്റ് വസ്തുവിലാണ് 1.6 കോടി രൂപ ചെലവഴിച്ച് വ്യവസായഎസ്റ്റേറ്റ് നിര്‍മിക്കുന്നത്. 4520 ചതുരശ്രയടിയില്‍ എട്ട് വ്യവസായ കെട്ടിടങ്ങളാണ് ആദ്യഘട്ടത്തിലുണ്ടാകുക.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയേല്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് സുമലാല്‍, ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരന്‍, ഇട്ടിവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. അമൃത, ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ ജെ. നജീബത്ത്, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ ആര്‍. ദിനേശന്‍, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മണ്ണൂരില്‍ നിന്നും സാംസ്‌കാരിക ഘോഷയാത്രയും സംഘടിപ്പിച്ചു.

ഡെപ്യൂട്ടി സ്പീക്കര്‍ ഉദ്ഘാടനം ചെയ്യും
സിറ്റിസണ്‍ പരേഡും ഭരണഘടന കണ്‍വെന്‍ഷനും ഓഗസ്റ്റ് ഒന്നിന്
ജില്ലാ പഞ്ചായത്തും ജില്ലാ ആസൂത്രണസമിതിയും കിലയും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ദി സിറ്റിസണ്‍ ഭരണഘടന സാക്ഷരത’ പരിപാടിയോടനുബന്ധിച്ച് ഓഗസ്റ്റ് ഒന്നിന് സിറ്റിസണ്‍ പരേഡും ഭരണഘടന കണ്‍വെന്‍ഷനും നടത്തുന്നു.  ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. പി. സി. വിഷ്ണുനാഥ് എം.എല്‍.എ അധ്യക്ഷനാകും.

എന്‍. കെ. പ്രേമചന്ദ്രന്‍ എം. പി, എം.നൗഷാദ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ.ഡാനിയല്‍, ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യശോദ തുടങ്ങിയവര്‍ പങ്കെടുക്കും. ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികളും പൊതുജനങ്ങളും സ്‌കൂള്‍ കുട്ടികളും ഉള്‍പ്പെടെ 2500-ലധികം പേര്‍ പങ്കെടുക്കും.  തൃക്കോവില്‍വട്ടം അനുഗ്രഹ ഓഡിറ്റോറിയത്തിനു മുന്നില്‍ നിന്നും ചെല്ലപ്പന്‍പിള്ള മെമ്മോറിയല്‍ ഹൈസ്‌കൂള്‍ അങ്കണം വരെയുള്ള റാലി ജില്ലാ കലക്ടര്‍ ഫ്‌ളാഗ്ഓഫ് ചെയ്യും.

അഷ്ടമുടി കായലിന്റെ സംരക്ഷണം ഉറപ്പാക്കുന്നതിന് ഉന്നതതല യോഗം
അഷ്ടമുടി കായലിന്റെ സംരക്ഷണം ഉറപ്പാകുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഷര്‍മിള മേരി ജോസഫിന്റെ നേതൃത്വത്തില്‍ ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണിന്റെ സാന്നിധ്യത്തില്‍ ചേമ്പറില്‍ പ്രത്യേകയോഗം ചേര്‍ന്നു. അഷ്ടമുടിക്കായലില്‍ മാലിന്യങ്ങള്‍ അടിഞ്ഞു കൂടുന്നത് തടയാന്‍ വിവിധ വകുപ്പുകളെ ഏകോപ്പിച്ച് പ്രവര്‍ത്തങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കും. ജലത്തിന്റെ ഗുണനിലവാരം സംബന്ധിച്ച നിയമസഭാപരിസ്ഥിതി സമിതി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് യോഗം ചേര്‍ന്നത്. വീടുകള്‍, സ്ഥാപനങ്ങള്‍, ഹൗസ് ബോട്ടുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സെപ്റ്റിക്ക് മാലിന്യങ്ങളും ബോട്ട്‌യാര്‍ഡുകളില്‍ നിന്നുളള മാലിന്യങ്ങളും വഴിയുള്ള മലിനീകരണം തടയാനുള്ള നടപടികളും കര്‍ശനമാക്കും.
കക്കൂസ് മാലിന്യം ഒഴുക്കുന്നത് തടയാന്‍ ബയോടോയ്‌ലെറ്റുകള്‍ വ്യാപകമാക്കും. കായലുമായി അതിര്‍ത്തി പങ്കിടുന്ന പഞ്ചായത്തുകള്‍ മാലിന്യസംസ്‌കരണത്തിന് യുദ്ധകാലടിസ്ഥാനത്തില്‍ പദ്ധതികള്‍ തയ്യാറാക്കണം. അറവുശാല-ഹൗസ്‌ബോട്ട് മാലിന്യം, പ്ലാസ്റ്റിക് തുടങ്ങിയവ നിയന്ത്രിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കും. പ്ലാസ്റ്റിക് നിരോധനം കൂടുതല്‍ കര്‍ശനമാക്കും.
മാലിന്യനിര്‍മാര്‍ജനത്തിന് സീവേജ് പ്ലാന്റുകള്‍ നവീകരിക്കും. കായല്‍സംരക്ഷണ പദ്ധതികളുടെ പ്രവര്‍ത്തനപുരോഗതിയും വിവിധ വകുപ്പുകള്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളും വിലയിരുത്തി.
ജില്ലാ വികസന കമ്മീഷണര്‍ ആസിഫ് കെ. യൂസഫ്, ഡെപ്യൂട്ടി കലക്ടര്‍ ജയശ്രീ കോര്‍പ്പറേഷന്‍-പഞ്ചായത്ത് സെക്രട്ടറിമാര്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വൃദ്ധ മാതാപിതാക്കള്‍ക്കായി വിനോദയാത്ര
വൃദ്ധജനങ്ങള്‍ക്കായി സാമൂഹ്യനീതി വകുപ്പ് വിനോദയാത്രയും സംഘടിപ്പിക്കുന്നു. ചിറ്റുമല ബ്ലോക്ക്പഞ്ചായത്ത് പരിധിയിലുള്ള സര്‍ക്കാര്‍ വൃദ്ധസദനത്തിലെ താമസക്കാര്‍ക്കാണ് അവസരം. സെക്കന്റ് ഇന്നിംഗ്‌സ് ഹോം പ്രൊജക്റ്റിന്റെ ഭാഗമായാണ് യാത്ര. വൃദ്ധമാതാപിതാക്കളുടെ മുഖ്യധാരപ്രവേശം സാധ്യമാക്കുന്നതിനാണ്  ആരാധാനാലയങ്ങള്‍, ബീച്ച്, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങള്‍ തുടങ്ങിയ ഇടങ്ങളിലേക്കുള്ള യാത്ര.
കടവൂര്‍ക്ഷേത്രം-പള്ളി, കൊല്ലം ബീച്ച് തങ്കശ്ശേരി ലൈറ്റ്ഹൗസ്, വേലുത്തമ്പി സ്മാരകം, ചിറ്റുമലക്ഷേത്രം, മണ്‍ട്രോതുരുത്ത്, സാമ്പ്രാണിക്കോടി എന്നിവിടങ്ങളാണ് സന്ദര്‍ശിക്കുക. ജൂലൈ 30ന് രാവിലെ 10 മണിക്ക് 50 പേര്‍ അടങ്ങുന്ന സംഘത്തിന്റെ യാത്ര വൃദ്ധസദനം സൂപ്രണ്ട് ബി. മോഹനന്‍ ഫ്‌ളാഗ് ഓഫ് ചെയ്യും.

കെല്‍ട്രോണില്‍ മാധ്യമപഠനം
കെല്‍ട്രോണ്‍ നടത്തുന്ന ഒരുവര്‍ഷ മാധ്യമകോഴ്സിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ടെലിവിഷന്‍-ഡിജിറ്റല്‍ വാര്‍ത്താചാനലുകളില്‍ പഠനസമയത്ത് പരിശീലനവും പ്ലേസ്‌മെന്റ് സഹായവും ലഭിക്കും. വാര്‍ത്താ അവതരണം, പ്രോഗ്രാം ആങ്കറിങ്, മൊബൈല്‍ ജേണലിസം (മോജോ), വീഡിയോ എഡിറ്റിംഗ്, ക്യാമറ എന്നിവയിലും പരിശീലനം ലഭിക്കും. പ്രായപരിധി 30 വയസ്സ്. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്കും ഫലം കാത്തിരിക്കുന്നവര്‍ക്കും തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ കെല്‍ട്രോണ്‍ നോളേജ് സെന്ററുകളിലേക്ക് അപേക്ഷിക്കാം. അവസാന തീയതി ഓഗസ്റ്റ് 10. വിശദാംശങ്ങള്‍ക്ക് : 9544958182.

ക്വട്ടേഷന്‍ ക്ഷണിച്ചു
ജില്ലാ പ്രൊബേഷന്‍ ഓഫീസിലേക്ക് സേവനങ്ങള്‍ സംബന്ധിച്ച ബോര്‍ഡുകള്‍ നിര്‍മ്മിച്ച് സ്ഥാപിക്കുന്നതിന് മത്സരാധിഷ്ഠിത ക്വട്ടേഷനുകള്‍ ക്ഷണിച്ചു. പോലീസ് സ്റ്റേഷനുകള്‍ കോടതി പരിസരങ്ങള്‍, ജയിലുകള്‍, പൊതുസ്ഥലങ്ങള്‍ എന്നീ ഇടങ്ങളില്‍ പ്രൊബേഷന്‍ ഓഫീസ് വഴി നടപ്പിലാക്കുന്ന സേവനങ്ങള്‍ സംബന്ധിച്ച ബോര്‍ഡുകളാണ് സ്ഥാപിക്കേണ്ടത്.  ഓഗസ്റ്റ് 10 മൂന്ന് മണിക്കകം സമര്‍പിക്കണം.  ഫോണ്‍ – 0474-2794029.

സംരംഭകത്വ പരിശീലനം

ഫിഷറീസ് ആന്‍ഡ് അക്വാകള്‍ച്ചര്‍ വിഷയത്തില്‍  15 ദിവസത്തെ സൗജന്യ സംരംഭകത്വ പരിശീലനം. സംരംഭം തുടങ്ങാന്‍ താത്പര്യമുള്ള എസ്.സി വിഭാഗത്തില്‍പ്പെട്ട തൊഴില്‍രഹിതരായ 45 വയസ്സിന് താഴെയുള്ള തിരഞ്ഞെടുത്ത 25 യുവതിയുവാക്കള്‍ക്കാണ് സ്റ്റൈപെന്‍ന്റോടു കൂടി പരിശീലനം നല്‍കുക.
ഓഗസ്റ്റ് ഒമ്പത് മുതല്‍ 29 വരെ കൊച്ചി കളമശ്ശേരി കീഡ് കാമ്പസിലാണ് പരിശീലനം. അപേക്ഷകള്‍ www.kied.info വെബ്‌സൈറ്റ് വഴി ഓഗസ്റ്റ് രണ്ടിന് മുന്‍പ് സമര്‍പ്പിക്കണം. ഫോണ്‍: 0484 2532890, 2550322, 9605542061.

=

ക്വട്ടേഷന്‍ ക്ഷണിച്ചു
പട്ടികജാതിവികസന വകുപ്പിന്റെ കൊല്ലം, ആലപ്പുഴ ജില്ലകളിലുള്ള അഞ്ച് പ്രീമെട്രിക് ഹോസ്റ്റലുകളിലെ ആണ്‍-പെണ്‍ അന്തേവാസികള്‍ക്ക് 2022-23 അദ്ധ്യയനവര്‍ഷം നൈറ്റ് ഡ്രസ്സ്, സിംഗിള്‍കോട്ട് ബെഡ്ഷീറ്റ് എന്നിവ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. വ്യക്തികള്‍/സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഓഗസ്റ്റ് മൂന്ന് വൈകിട്ട് മൂന്ന് മണിക്ക് മുമ്പ് പുനലൂര്‍ ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസര്‍ക്ക് സമര്‍പ്പിക്കാം. ഫോണ്‍ – 0475 2222353.

കര്‍ഷകര്‍ക്ക് ആദരം
കര്‍ഷകദിനത്തോടനുബന്ധിച്ച് മയ്യനാട് കൃഷിഭവന്‍ പരിധിയിലുള്ള മികച്ച കര്‍ഷകരെ ആദരിക്കുന്നു. നെല്ല്-നാളികേര കര്‍ഷകര്‍, സമ്മിശ്രകൃഷി, യുവകര്‍ഷകന്‍, വനിതകര്‍ഷകര്‍, പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കര്‍ഷകന്‍, കൃഷിതൊഴിലാളി, കാര്‍ഷിക ഗ്രൂപ്പുകള്‍ എന്നീ വിഭാഗത്തില്‍പ്പെട്ടവര്‍ ഓഗസ്റ്റ് 10ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് മയ്യനാട് കൃഷിഭവനില്‍ അപേക്ഷ സമര്‍പ്പിക്കണം.

രജിസ്റ്റര്‍ ചെയ്യണം
മയ്യനാട് കൃഷിഭവന്‍ പരിധിയിലെ ഉമയനല്ലൂര്‍, കാരിക്കുഴി, കുടിയിരുത്ത് വയല്‍ ഏലാകളില്‍ ഈ വര്‍ഷം മുണ്ടകന്‍ കൃഷി ചെയ്യുന്നവര്‍ ഓഗസ്റ്റ് അഞ്ചിന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് മയ്യനാട് കൃഷിഭവനില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു.

സപ്ലൈകോ ഓണം ജില്ലാ ഫെയര്‍
പീരങ്കി മൈതാനത്ത് ഓഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ ഏഴ് വരെ സപ്ലൈകോ ഓണം ഫെയര്‍ നടത്തുന്നു. സര്‍ക്കാര്‍/പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് പുറമേ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും സ്റ്റാള്‍ തുറക്കാന്‍ അവസരമുണ്ട്.  അപേക്ഷകള്‍ ഓഗസ്റ്റ് അഞ്ചിനു മുമ്പ് സമര്‍പ്പിക്കണം.  ഫോണ്‍: 9447975225, 8075656440.

error: Content is protected !!