Input your search keywords and press Enter.

കാർട്ടൂണിസ്റ്റ് ശങ്കറിന്റെ 120-ാം ജൻമവാർഷികം: ദ്വിദിന കാർട്ടൂൺ ശിൽപ്പശാലയും പ്രദർശനവും ഇന്നു(31 ജൂലൈ) മുതൽ

വിഖ്യാത കാർട്ടൂണിസ്റ്റ് ശങ്കറിന്റെ 120-ാം ജൻമവാർഷികത്തിന്റെ ഭാഗമായി ഇൻഫർമേഷൻ – പബ്ലിക് റിലേഷൻസ് വകുപ്പും കേരള കാർട്ടൂൺ അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന ദ്വിദിന കാർട്ടൂൺ ശിൽപ്പശാലയ്ക്കും പ്രദർശനത്തിനും ഇന്നു (31 ജൂലൈ) തുടക്കമാകും. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള പ്രമുഖ കാർട്ടൂണിസ്റ്റുകൾ പങ്കെടുക്കുന്ന ശിൽപ്പശാല ഇന്നു (31 ജൂലൈ) രാവിലെ 11.00നു തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് ഉദ്ഘാടനം ചെയ്യും. മൺമറഞ്ഞ വിഖ്യാത കാർട്ടൂണിസ്റ്റുകളുടെ 75-ഓളം കാർട്ടൂണുകൾ ഉൾപ്പെടുത്തി വിപുലമായ കാർട്ടൂൺ പ്രദർശനവും ഇവിടെ സംഘടിപ്പിച്ചിട്ടുണ്ട്. കോവളം സാഗര ഹോട്ടലിലാണ് രണ്ടു ദിവസങ്ങളിലായി ശിൽപ്പശാല നടക്കുക.

ഉദ്ഘാടന ചടങ്ങിൽ റീഡേഴ്‌സ് ഡൈജസ്റ്റ് മുൻ എഡിറ്റർ മോഹൻ ശിവാനന്ദ്, പ്രശസ്ത കാർട്ടൂണിസ്റ്റുകളായ ശേഖർ ഗുരേര, മൃത്യുഞ്ജയ് ചിലവേരു, സജീവ് തുടങ്ങിയവരടക്കം 35-ഓളം കാർട്ടൂണിസ്റ്റുകൾ പങ്കെടുക്കും. മുതിർന്ന കാർട്ടൂണിസ്റ്റുകളായ സുകുമാർ, പി.വി. കൃഷ്ണൻ എന്നിവരെ ചടങ്ങിൽ ആദരിക്കും. കാർട്ടൂണുകളുടെ ചരിത്രം, ദക്ഷിണന്ത്യയിലേയും ഉത്തരേന്ത്യയിലേയും കാർട്ടൂൺ വരകളിലെ വ്യത്യാസം, ശങ്കറിന്റെ കാർട്ടൂണുകൾ, പൊളിറ്റിക്കൽ കാർട്ടൂണുകൾ തുടങ്ങിയവയിൽ വിവിധ സെഷനുകൾ ശിൽപ്പശാലയിലുണ്ടാകും. ലൈവ് കാർട്ടൂൺ വര, ഡിജിറ്റൽ കാർട്ടൂൺ വര എന്നിവയും ഒരുക്കിയിട്ടുണ്ട്.

സംസ്ഥാനത്തെ വിവിധ കോളജുകളിൽനിന്നുള്ള മാധ്യമ വിദ്യാർഥികൾ ശിൽപ്പശാലയിൽ പങ്കെടുക്കും. അയ്യങ്കാളി ഹാളിലെ പ്രദർശനം കാണാനെത്തുന്ന വിദ്യാർഥികൾക്കായി മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.

error: Content is protected !!