Input your search keywords and press Enter.

ശക്തമായ മഴ: പത്തനംതിട്ട ജില്ലാ മുന്നറിയിപ്പുകള്‍

 

അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നതിനു ജില്ല സജ്ജം: മന്ത്രി വീണാ ജോര്‍ജ്

 

ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തില്‍ അടിയന്തിര സാഹചര്യം നേരിടുന്നതിന് പത്തനംതിട്ട ജില്ല സജ്ജമാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മഴക്കെടുതിയുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ കളക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

 

ആവശ്യം വന്നാല്‍ കൂടുതല്‍ ക്യാമ്പുകള്‍ തുറക്കുന്നതിന് ജില്ലയില്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. റവന്യു വകുപ്പിനാണ് ദുരിതാശ്വാസ ക്യാമ്പുകളുടെ ചുമതല നല്‍കിയിരിക്കുന്നത്. താലൂക്ക്തലത്തിലുള്ള ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുടെ ഏകോപനചുമതല ഓരോ ഡെപ്യുട്ടി കളക്ടര്‍മാര്‍ക്ക് നല്‍കി. നിലവില്‍ ജില്ലയില്‍ 18 ക്യാമ്പുകളിലായി 310 പേരാണുള്ളത്. ആവശ്യം വന്നാല്‍ തുറക്കുന്നതിന് 484 ക്യാമ്പുകള്‍ കണ്ടെത്തിയിട്ടുണ്ട്. അടിയന്തര സാഹചര്യം വന്നാല്‍ ഉപയോഗിക്കുന്നതിനായി ആശുപത്രികളില്‍ അധികമായി കിടത്തി ചികിത്സാ സൗകര്യം ഒരുക്കും. വില്ലേജ് ഓഫീസര്‍മാര്‍ ക്യാമ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. ഓരോ ക്യാമ്പിലും ഓരോ ക്യാമ്പ് ഓഫീസര്‍മാരുമുണ്ടാകും. ക്യാമ്പുകളിലേക്കുള്ള ആഹാരം, വെള്ളം, വെളിച്ചം, ചികിത്സാ സഹായങ്ങള്‍ എന്നിവ ക്യാമ്പ് ഓഫീസര്‍മാര്‍ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ശബരിമല നിറപുത്തരി ഉത്സവം, ആറന്മുള വള്ളസദ്യ എന്നിവയുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ തടസം വരാതെ കാലാവസ്ഥ പരിഗണിച്ച് ഉചിതമായ തീരുമാനം എടുക്കാന്‍ ജില്ലാ കളക്ടര്‍ ഡോ ദിവ്യ എസ് അയ്യരെ മന്ത്രി ചുമതലപ്പെടുത്തി.

 

നിലവില്‍ ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടാണുള്ളതെന്ന് മന്ത്രി പറഞ്ഞു. പത്തനംതിട്ട ജില്ലയില്‍ സീതത്തോടാണ് കഴിഞ്ഞ 48 മണിക്കൂറില്‍ ഏറ്റവും കൂടുതല്‍ മഴ പെയ്തത്. പമ്പ, മണിമല ഡാമുകളില്‍ അപകടനിരപ്പിന് മുകളിലാണ് ജലം. എന്നാല്‍ കക്കി, പമ്പ ഡാമുകളിലെ ജലനിരപ്പ് ആശങ്കാജനകമല്ല. അച്ചന്‍കോവിലിലെ ജലനിരപ്പ് ഉയരാനുള്ള സാധ്യതയുണ്ട്. മണ്ണിടിച്ചില്‍ സാധ്യതയുള്ള സ്ഥലങ്ങളിലും നദീതീരത്തുമുള്ളവര്‍ അതീവ ജാഗ്രത പുലര്‍ത്തണം. കുട്ടികളും ഇവരുടെ മാതാപിതാക്കളും പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. വെള്ളം നിറഞ്ഞ് കിടക്കുന്ന സ്ഥലങ്ങളിലൂടെ വാഹനം ഓടിക്കരുത്. ജലാശയങ്ങള്‍ക്ക് സമീപം സെല്‍ഫി എടുക്കാന്‍ പോകുന്നത് മൂലമുള്ള അപകടങ്ങള്‍ ഒഴിവാക്കണം. ക്യാമ്പുകളില്‍ പകര്‍ച്ചവ്യാധികള്‍ പടരാതിരിക്കാന്‍ ആരോഗ്യ വകുപ്പ് പ്രത്യേക ശ്രദ്ധ നല്‍കും. ആശാ വര്‍ക്കര്‍മാരുടെ സേവനം ക്യാമ്പുകളില്‍ ഉറപ്പാക്കുമെന്നും ക്യാമ്പുകളില്‍ തിളപ്പിച്ചാറിയ വെള്ളം ഉപയോഗിക്കണമെന്നും മന്ത്രി പറഞ്ഞു.

ഡയാലിസിസ്, കാന്‍സര്‍ രോഗികള്‍ക്കുള്ള തുടര്‍ ചികിത്സാ സൗകര്യങ്ങള്‍ ജില്ലയില്‍ ഉറപ്പാക്കും. ഈ സേവനമുള്ള ആശുപത്രികളില്‍ കൂടുതല്‍ രോഗികള്‍ക്ക് ഡയാലിസിസിനുള്ള സൗകര്യം ഒരുക്കാനും മന്ത്രി നിര്‍ദേശം നല്‍കി. എല്ലാ വകുപ്പുകളുടേയും ജില്ലാതല ഓഫീസര്‍മാരും ഉദ്യോഗസ്ഥരും അവധി ഒഴിവാക്കി ജോലിക്കെത്തണമെന്നും ജില്ല വിട്ട് പോകരുതെന്ന് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശവും മന്ത്രി നല്‍കി.

ജില്ലയിലെ തദ്ദേശസ്ഥാപന തലത്തിലുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനുള്ള യോഗം ഇന്നും നാളെയുമായി ( ഓഗസ്റ്റ് 2, 3) ചേരും. എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഹെല്‍പ് ഡെസ്‌കുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. ജില്ലയിലെ 18 ആദിവാസി കോളനികളില്‍ ജില്ലാ സപ്ലൈ ഓഫീസര്‍ ഭക്ഷ്യവസ്തുക്കള്‍ ഉറപ്പാക്കിയിട്ടുണ്ട്. ഒറ്റപ്പെട്ട് പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലുള്ളവര്‍ക്ക് റേഷന്‍ വിതരണം ചെയ്യുന്നതിന് സമാന്തര സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

പോലീസിന്റെ ഹെല്‍പ് ഡെസ്‌ക്കുകള്‍ തയാറായിക്കഴിഞ്ഞു. ക്യാമ്പുകളില്‍ പൊലീസിന്റെ സഹായമുണ്ടാകും. ഫയര്‍ഫോഴ്‌സിന്റെ മുപ്പത് പേര്‍ അടങ്ങിയ എമര്‍ജന്‍സി ടീം ജില്ലയില്‍ സജ്ജമാണ്. നിയോജക മണ്ഡല അടിസ്ഥാനത്തില്‍ ഡിങ്കി ബോട്ടുകള്‍ വിന്യസിച്ചിട്ടുണ്ട്. സ്‌കൂബാ ടീമും, സ്‌പെഷ്യല്‍ റെസ്‌ക്യൂ ടീമും സജ്ജമാണ്. ദേശീയ ദുരന്തനിവാരണ സേനയുടെ ടീം തിരുവല്ല ഡിടിപിസി സത്രത്തില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. ആവശ്യം വരുന്ന മുറയ്ക്ക് കൊല്ലത്ത് നിന്നും രക്ഷാപ്രവര്‍ത്തനത്തിനുള്ള ബോട്ട് എത്തിക്കുന്നതാണ്. കെഎസ്ഇബി ക്വിക്ക് റെസ്‌പോണ്‍സ് ടീമിനെ ഉറപ്പാക്കും. എല്ലാ വകുപ്പുകളുടെയും ഏകോപനം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

ജലനിരപ്പ് ഉയര്‍ന്നതുമൂലം വാട്ടര്‍ അതോറിറ്റി പമ്പിംഗ് നിര്‍ത്തിയ സാഹചര്യത്തില്‍ കിണറില്ലാത്തവരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ കൊടുക്കണം. ക്യാമ്പുകളിലെ കുടിവെള്ള ലഭ്യതയും വാട്ടര്‍ അതോറിറ്റി ഉറപ്പാക്കണം. വരും ദിവസങ്ങളില്‍ വെള്ളം ഒഴുകി ചെല്ലുന്ന മേഖലയായ അപ്പര്‍ കുട്ടനാടില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തുകയും മുന്‍കരുതല്‍ എടുക്കുകയും വേണം. പഞ്ചായത്ത്, റവന്യു, പോലീസ്, വകുപ്പുകള്‍ ആവശ്യാനുസരണം അനൗണ്‍സ്‌മെന്റിലൂടെ സ്ഥിതിഗതികള്‍ വിശദീകരിക്കണം.

എംഎല്‍എമാരായ അഡ്വ. മാത്യു ടി തോമസ്, അഡ്വ. പ്രമോദ് നാരായണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

 

ക്യാമ്പുകളിലെ ഭക്ഷണ വിതരണം ഉറപ്പാക്കണം: അഡ്വ. മാത്യു ടി തോമസ് എംഎല്‍എ
ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ക്യാമ്പുകളുടെ എണ്ണം കൂടാന്‍ സാധ്യതയുണ്ടെന്നും ക്യാമ്പുകളിലെ ഭക്ഷണവിതരണം ഉറപ്പാക്കണമെന്നും അഡ്വ. മാത്യു ടി തോമസ് എംഎല്‍എ പറഞ്ഞു. മഴക്കെടുതി അവലോകനം ചര്‍ച്ച ചെയ്യാന്‍ ആരോഗ്യമന്ത്രി വീണാജോര്‍ജിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്യാമ്പുകളില്‍ വെളിച്ചത്തിനായി അസ്‌കാ ലൈറ്റുകള്‍ വിതരണം ചെയ്യണം. പഞ്ചായത്ത് സെക്രട്ടറിമാര്‍ ഇല്ലാത്ത പഞ്ചായത്തുകളുടെ കാര്യത്തില്‍ പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടര്‍ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ക്യാമ്പുകളില്‍ ആഹാരം പാകം ചെയ്യുന്നതിനായി വിറകിനെ ആശ്രയിക്കാന്‍ കഴിയില്ല, ഗ്യാസ് ലഭ്യമാക്കണം. രക്ഷാപ്രവര്‍ത്തനത്തിന് ടോറസിന്റേയും മറ്റ് വാഹനങ്ങളുടേയും ലഭ്യത ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. വെണ്ണിക്കുളത്ത് ഓഗസ്റ്റ് ഒന്നിന് കാര്‍ ഒഴുക്കില്‍പ്പെട്ടുണ്ടായ അപകടം മുങ്ങിമരണമായി പരിഗണിക്കണമെന്നും അദ്ദേഹം യോഗത്തില്‍ ആവശ്യപ്പെട്ടു.

 

ദുരന്തനിവാരണത്തിനായി എല്ലാ വകുപ്പുകളും ഏകോപിച്ച് പ്രവര്‍ത്തിക്കണം: അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ വിജയത്തിനായി ജില്ലയിലെ എല്ലാ വകുപ്പുകളും തമ്മില്‍ ഏകോപിച്ച് പ്രവര്‍ത്തിക്കണമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. താലൂക്കുകളുടെ ചുമതലയുള്ള ഡെപ്യുട്ടി കളക്ടര്‍മാര്‍ അടിയന്തിരമായി സ്ഥലത്തെ എംഎല്‍എമാരുമായി ആലോചിച്ച് പ്രവര്‍ത്തിക്കണം. പ്രളയം ഏറ്റവും കൂടുതലായി ബാധിക്കുന്ന പ്രദേശമാണ് റാന്നി. പഞ്ചായത്ത് തലത്തില്‍ ജനങ്ങള്‍ക്ക് കൃത്യമായ അറിയിപ്പുകള്‍ നല്‍കണം. ദേശീയ ദുരന്ത നിവാരണ സേനയുമായി ഏകോപനത്തിന് ഉദ്യോഗസ്ഥരെ നിയോഗിക്കണം. അരയാഞ്ഞിലിമണ്‍, കുരുമ്പന്‍മൂഴി പ്രദേശങ്ങളുടെ ഒറ്റപ്പെടല്‍ സാധ്യത കണക്കിലെടുത്ത് പട്ടികവര്‍ഗവകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ഇടപെടല്‍ ഉണ്ടാകണം. കുരുമ്പന്‍മൂഴിയിലേക്ക് താത്കാലികമായി പാലമോ, ബോട്ട് സൗകര്യമോ ഉറപ്പാക്കണം. രോഗികള്‍ക്കും ഗര്‍ഭിണികള്‍ക്കും ഇത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. വഴിവിളക്കുകള്‍ പ്രകാശിപ്പിക്കുന്നതിലും വൈദ്യുതി ബന്ധം പുനസ്ഥാപിക്കുന്നതിലും കെഎസ്ഇബിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നും എംഎല്‍എ പറഞ്ഞു.

കൂടുതല്‍ ഡിങ്കികള്‍ ലഭിക്കാനുള്ള സാധ്യത ആരായണം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
രക്ഷാപ്രവര്‍ത്തനത്തിന് വിനിയോഗിക്കുന്നതിന് മുന്‍കരുതലായി കൂടുതല്‍ ഡിങ്കികള്‍ ലഭിക്കാനുള്ള സാധ്യത ആരായണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. മറിഞ്ഞു വീഴുന്ന ഇലക്ട്രിക് പോസ്റ്റുകളും വൃക്ഷങ്ങളും ഉടന്‍ തന്നെ നീക്കണം. ക്യാമ്പുകളില്‍ ഭക്ഷ്യവസ്തുക്കള്‍ കൃത്യമായി എത്തിക്കുന്നതിനും പഞ്ചായത്ത് തലത്തില്‍ അവലോകന യോഗങ്ങള്‍ ചേര്‍ന്ന് സ്ഥിതി ഗതികള്‍ വിലയിരുത്തുന്നതിനും മുന്‍കൈ എടുക്കും. റോഡുകളിലെ വെള്ളക്കെട്ട് അടിയന്തിര പ്രധാന്യത്തില്‍ പരിഹരിക്കണം. ജില്ലയിലെ മുഴുവന്‍ ഉദ്യോഗസ്ഥരും അവധി ഒഴിവാക്കി അടിയന്തിര സാഹചര്യത്തില്‍ ജോലി ചെയ്യാന്‍ സന്നദ്ധരാകണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

അടുത്ത അഞ്ചു ദിവസം ഉദ്യോഗസ്ഥര്‍ ജില്ല വിട്ടു പോകരുത്: ജില്ലാ കളക്ടര്‍

മഴ ശക്തമായ സാഹചര്യത്തില്‍ ഉദ്യോഗസ്ഥര്‍ അടുത്ത അഞ്ചു ദിവസം ജില്ല വിട്ടു പോകരുതെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ശബരിമല സ്വാമി അയ്യപ്പന്‍ റോഡില്‍ കഴിഞ്ഞ ദിവസമുണ്ടായ മണ്ണിടിച്ചിലിന്റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്തു. എന്‍ഡിആര്‍എഫ് ടീം തിരുവല്ലയില്‍ ക്യാമ്പ് ചെയ്തിട്ടുണ്ട്. ജില്ലയില്‍ അപകട സാധ്യതയുള്ള സ്ഥലങ്ങളിലെ ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി പാര്‍പ്പിച്ചു. അടിയന്തിര സാഹചര്യത്തില്‍ ജില്ലയിലേക്ക് രക്ഷാ പ്രവര്‍ത്തനത്തിനായി ബോട്ട് എത്തിക്കുന്നതു സംബന്ധിച്ച് കൊല്ലം ജില്ലാ കളക്ടറുമായി സംസാരിച്ചിട്ടുണ്ട്. കനത്ത മഴയില്‍ ജില്ലയില്‍ വീടുകള്‍ക്കും കിണറുകള്‍ക്കും സംരക്ഷണ ഭിത്തികള്‍ക്കും നാശം സംഭവിച്ചിട്ടുണ്ട്. മല്ലപ്പള്ളിയില്‍ ഫയര്‍ഫോഴ്‌സ് ടീം ക്യാമ്പ് ചെയ്യണമെന്നും കളക്ടര്‍ പറഞ്ഞു.

വെള്ളം കയറാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ ഡെപ്യൂട്ടി സ്പീക്കര്‍ സന്ദര്‍ശനം നടത്തി
കനത്ത മഴയുടെ പശ്ചാത്തലത്തില്‍ വെള്ളം കയറാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ സന്ദര്‍ശനം നടത്തി. കഴിഞ്ഞ രണ്ട് ദിവസമായി പെയ്യുന്ന മഴയെ തുടര്‍ന്ന് നദികളിലും മറ്റും ക്രമാതീതമായി ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ മുന്‍കാലങ്ങളില്‍ വെള്ളപ്പൊക്കം ഉണ്ടായ പ്രദേശങ്ങളായ കടയ്ക്കാട് വടക്ക്, തുമ്പമണ്‍, കടയ്ക്കാട്, പന്തളം മഹാദേവര്‍ ക്ഷേത്രം എന്നിവിടങ്ങളാണ് ഡെപ്യൂട്ടി സ്പീക്കര്‍ സന്ദര്‍ശിച്ചത്.

ആറിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലെ ജനങ്ങള്‍ ജാഗ്രതാ നിര്‍ദേശം പാലിക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. പന്തളത്ത് മുടിയൂര്‍കോണം, കടയ്ക്കാട് എന്നിവിടങ്ങളിലെ ഗവണ്‍മെന്റ് എല്‍പി സ്‌കൂളുകളില്‍ ക്യാമ്പുകള്‍ നിലവില്‍ ആരംഭിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ മുന്‍കരുതല്‍ എടുക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ഡെപ്യുട്ടി സ്പീക്കര്‍ നിര്‍ദേശം നല്‍കി. തുമ്പമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോണി സഖറിയ, വൈസ് പ്രസിഡന്റ് അഡ്വ. രാജേഷ്, ഗ്രാമപഞ്ചായത്ത് അംഗം തോമസ് വര്‍ഗീസ്, പന്തളം ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനില്‍, പന്തളം നഗരസഭ കൗണ്‍സിലര്‍മാരായ കെ.ആര്‍. രവി, കെ.ആര്‍. വിജയകുമാര്‍, അടൂര്‍ ആര്‍ ഡി ഒ തുളസീധരന്‍ പിള്ള, അടൂര്‍ തഹസില്‍ദാര്‍ പ്രദീപ്, പന്തളം വില്ലേജ് ഓഫീസര്‍ സിജി എം തങ്കച്ചന്‍, കുരമ്പാല വില്ലേജ് ഓഫീസര്‍ ആനന്ദകുമാര്‍, തുമ്പമണ്‍ വില്ലേജ് ഓഫീസര്‍ സിന്ധു വി എന്നിവരും ഒപ്പമുണ്ടായിരുന്നു.

error: Content is protected !!