പത്തനംതിട്ട ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് തുടരുന്ന സാഹചര്യത്തില്‍ ഫ്ളഡ് ടൂറിസം അനുവദിക്കില്ലെന്നും ജനങ്ങള്‍ ജാഗ്രത കൈവെടിയരുതെന്നും റവന്യൂ മന്ത്രി കെ. രാജന്‍ പറഞ്ഞു. ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ പത്തനംതിട്ട ജില്ലയിലെ ദുരിതാശ്വാസ, മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് ഓണ്‍ലൈനായി തിരുവല്ലയില്‍ നിന്നു നടത്തിയ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലങ്ങളില്‍ നിന്നുള്ള ഫോട്ടോയെടുപ്പും, കാഴ്ചക്കാരായി നോക്കി നില്‍ക്കുന്നതും അപകടകരമായതിനാല്‍ അനുവദിക്കില്ല. മലമ്പ്രദേശത്ത് മണ്ണിടിച്ചില്‍ സാധ്യത ഉള്ളതിനാല്‍ യാത്രകള്‍ കഴിവതും ഒഴിവാക്കണം. പ്രകൃതിക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ ശബരിമല തീര്‍ഥാടകര്‍ ജാഗ്രത പുലര്‍ത്തണം.
അപകടസാഹചര്യമുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ റിക്കവറി വാഹനങ്ങള്‍, ആംബുലന്‍സ് അടക്കമുള്ള സംവിധാനങ്ങളും സേവനങ്ങളും ഉറപ്പുവരുത്തണം. രക്ഷാപ്രവര്‍ത്തനത്തിനായി ബോട്ട് ആവശ്യമുണ്ടെങ്കില്‍ കൊണ്ടുവരുന്നതിന് ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങള്‍ ചെയ്യണം. അതിവേഗം ജനങ്ങളെ മാറ്റി പാര്‍പ്പിക്കേണ്ട സാഹചര്യമുണ്ടായാല്‍ പോലീസിന്റെ സഹായം തേടണം. കുരുമ്പന്‍മൂഴി ഉള്‍പ്പെടെ ഒറ്റപ്പെടാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ കണ്ടെത്തി, പ്രതിസന്ധിയുണ്ടായാല്‍ നേരിടാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ മുന്‍കൂട്ടി ഒരുക്കണം. കുരുമ്പന്‍മൂഴിയില്‍ ഭക്ഷ്യധാന്യ വിതരണം ജില്ലാ സപ്ലൈ ഓഫീസര്‍ ഉറപ്പാക്കണം. ദുരിതാശ്വാസ ക്യാമ്പുകളില്‍ ഭക്ഷണം, വെള്ളം, വെളിച്ചം, ശൗചാലയം എന്നിവ ഉറപ്പുവരുത്തണം. ജില്ലയ്ക്ക് ഒരു എന്‍ഡിആര്‍എഫ് ടീമിനെ നല്‍കിയിട്ടുണ്ട്. ജില്ലാതലത്തിലും താലൂക്ക് തലത്തിലും വിവിധ വകുപ്പ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ദുരന്തനിവാരണ അതോറിറ്റി ഈമാസം അഞ്ചുവരെ ജാഗ്രതയോടെ പ്രവര്‍ത്തിക്കണം. വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ ഈ മാസം അഞ്ചു വരെ ജില്ല വിട്ടുപോകരുതെന്നും മന്ത്രി നിര്‍ദേശിച്ചു.
അപ്പര്‍ കുട്ടനാട്ടില്‍ കൂടുതല്‍ ക്യാമ്പുകള്‍ തുറക്കേണ്ടി വന്നേക്കുമെന്നും അവിടെ പ്രത്യേക ശ്രദ്ധ നല്‍കണമെന്നും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ക്യാമ്പുകളുടെ ചുമതല വില്ലേജ് ഓഫീസര്‍ക്കും ക്യാമ്പ് ഓഫീസര്‍ക്കും നല്‍കിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളില്‍ ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ ആരംഭിച്ചിട്ടുണ്ട്.
അപകടസാധ്യതയുള്ളതിനാല്‍ വെള്ളക്കെട്ടുള്ള സ്ഥലത്തേക്ക് പോകാതിരിക്കാന്‍ ശ്രദ്ധിക്കണം. ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണം. പ്രളയ മേഖലയിലെ കന്നുകാലികള്‍ക്ക് തീറ്റ ലഭിക്കുന്നെന്ന് ക്ഷീര വകുപ്പ് ഉറപ്പാക്കണം. മറ്റു മൃഗങ്ങളുടെ സുരക്ഷ മൃഗസംരക്ഷണ വകുപ്പ് ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.
അടൂര്‍ നിയോജക മണ്ഡലത്തിലെ ചേരിക്കല്‍ ഒറ്റപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ബോട്ടിന്റെ സേവനം ഉറപ്പാക്കണമെന്ന് ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. തുമ്പമണ്‍, പന്തളം എന്നിവിടങ്ങളിലെ മണ്ണിടിച്ചില്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്നും ആളുകളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി പാര്‍പ്പിക്കണം. എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്നും ഡെപ്യുട്ടി സ്പീക്കര്‍ പറഞ്ഞു.
ആനിക്കാട് പഞ്ചായത്തിലെ വെങ്ങളത്തുകുന്നില്‍ അപകടാവസ്ഥയിലുള്ള വീടുകളില്‍ കഴിയുന്നവരെ അടുത്തുള്ള സ്‌കൂളില്‍ സൗകര്യമൊരുക്കി അവിടേക്കു മാറ്റി താമസിപ്പിക്കണമെന്ന് അഡ്വ. മാത്യു ടി. തോമസ് പറഞ്ഞു. പുറമറ്റത്ത് ഒരു കെട്ടിടം റോഡിലേക്ക് വീഴാന്‍ സാധ്യതയുള്ളതിനാല്‍ പരിശോധിക്കണം. അതീവ ജാഗ്രത തുടരേണ്ടതുണ്ടെന്നും എംഎല്‍എ പറഞ്ഞു.
റാന്നിയില്‍ വിവിധ വകുപ്പുകള്‍ മികച്ച രീതിയില്‍ ഏകോപിച്ച് പ്രവര്‍ത്തിച്ചു വരുകയാണെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. കുരുമ്പന്‍മുഴിയില്‍ ഭക്ഷ്യകിറ്റ് ലഭ്യമാക്കണം. അരയാഞ്ഞിലിമണ്‍- ചൊവ്വാലി- മണക്കയം പാത വനം വകുപ്പ് തെളിക്കണം. ഇത് പ്രദേശവാസികള്‍ക്ക് ഏറെ സഹായകരമാകുമെന്നും എംഎല്‍എ പറഞ്ഞു.
കോന്നി മണ്ഡലത്തില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും യോജിച്ച് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍മികച്ച രീതിയില്‍ നടത്തിവരുകയാണെന്ന് അഡ്വ. കെ.യു ജനുഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. പമ്പ, മണിമല എന്നീ നദികള്‍ ഇപ്പോഴും അപകടകരമായ അവസ്ഥയിലാണ് ഉള്ളതെന്നും അച്ചന്‍കോവിലില്‍ ജലനിരപ്പ് ഉയര്‍ന്ന നിലയിലാണെന്നും നദീതീരത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്നും ആവശ്യമെങ്കില്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്നും ജില്ലാ കളക്ടര്‍ ഡോ. ദിവ്യ. എസ്. അയ്യര്‍ പറഞ്ഞു.
പമ്പയില്‍ സ്നാനം പാടില്ലെന്നുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതുവരെ 21 വീടുകള്‍ക്ക് ഭാഗികമായി നാശനഷ്ടം സംഭവിച്ചിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു. യോഗത്തില്‍ ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍, ജില്ലയിലെ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, തഹസീല്‍ദാര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.