Input your search keywords and press Enter.

തിരുവല്ലയിലെയും മല്ലപ്പള്ളിയിലെയും ദുരിതാശ്വാസ ക്യാമ്പുകള്‍ റവന്യു മന്ത്രി സന്ദര്‍ശിച്ചു

തിരുവല്ല മണ്ഡലത്തിലെ തിരുമൂലപുരം സെന്റ് തോമസ് എച്ച് എസ് എസിലെയും മല്ലപ്പള്ളി സി എം എസ് എച്ച് എസിലെയും ദുരിതാശ്വാസ ക്യാമ്പുകള്‍ റവന്യു മന്ത്രി കെ. രാജന്‍ സന്ദര്‍ശിച്ചു. സെന്റ് തോമസ് എച്ച് എസ് എസ് ക്യാമ്പില്‍ അന്തേവാസികള്‍ക്കായി രാവിലെ ഭക്ഷണം തയാറാക്കുന്ന സമയത്താണ് മന്ത്രിയെത്തിയത്. ക്യാമ്പിന്റെ പ്രവര്‍ത്തനത്തെക്കുറിച്ചും അന്തേവാസികളുടെ വിവരങ്ങളും മന്ത്രി ചോദിച്ചറിഞ്ഞു.

തിരുമൂലപുരം 18-ാം വാര്‍ഡിലെ മംഗലശേരി കോളനിയിലെ വെള്ളം കയറുന്ന റോഡ് ഉയര്‍ത്താന്‍ 10 ലക്ഷം രൂപ അനുവദിക്കുമെന്ന് മന്ത്രി പറഞ്ഞു. കോളനിയില്‍ താമസിക്കുന്ന സരസ്വതി എന്ന വയോധികയ്ക്ക് 25,000 രൂപ ധനസഹായം നല്‍കാന്‍ മന്ത്രി വില്ലേജ് ഓഫീസറെ ചുമതലപ്പെടുത്തി. തിരുമൂലപുരം 18-ാം വാര്‍ഡിലെ 28 കുടുംബങ്ങളിലെ 110 പേരാണ് ക്യാമ്പില്‍ കഴിയുന്നത്.

മല്ലപ്പള്ളി മുട്ടത്തുമണ്‍ പ്രദേശത്തെ വെള്ളപൊക്കത്തെ തുടര്‍ന്ന് നാല് കുടുംബങ്ങളിലെ 15 പേരാണ് സി എം എസ് എച്ച് എസിലെ ക്യാമ്പില്‍ താമസിക്കുന്നത്. സന്ദര്‍ശിച്ച ഇരുക്യാമ്പുകളുടെയും  തൃപ്തികരമായ പ്രവര്‍ത്തനവും ആവശ്യമായ ക്രമീകരണങ്ങളും മന്ത്രി നേരില്‍ വിലയിരുത്തി.

അഡ്വ. മാത്യു.ടി.തോമസ്  എംഎല്‍എ, ജില്ലാ കളക്ടര്‍ ഡോ. ദിവ്യാ എസ് അയ്യര്‍,
ആര്‍ഡിഒ ചന്ദ്രശേഖരന്‍ നായര്‍, തഹസില്‍ദാര്‍ പി. ജോണ്‍ വര്‍ഗീസ്, വാര്‍ഡ് കൗണ്‍സിലര്‍ ലെജു എം സക്കറിയ, സി പി ഐ ജില്ലാ സെക്രട്ടറി എ പി ജയന്‍, ജില്ലാ പഞ്ചായത്ത് അംഗം രാജി പി.രാജപ്പന്‍, പഞ്ചായത്ത് മെമ്പര്‍ രോഹിണി ജോസ്, അഡ്വ. കെ.ജി. രതീഷ് കുമാര്‍, പി.എസ്. റെജി,  ബാബു പാലക്കല്‍ തുടങ്ങിയവര്‍ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

error: Content is protected !!