എലിപ്പനിക്കും മറ്റു പകര്‍ച്ചവ്യാധികള്‍ക്കുമെതിരേ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനു ഓണ്‍ലൈനായി ചേര്‍ന്ന കോഴഞ്ചേരി താലൂക്ക്തല യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പഞ്ചായത്ത് തലത്തില്‍ അവലോകന യോഗങ്ങള്‍ ചേര്‍ന്ന് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മുന്നൊരുക്കങ്ങള്‍ വിലയിരുത്തണം. ക്യാമ്പുകളില്‍ ഭക്ഷണവും മറ്റ് സൗകര്യങ്ങളും ക്യാമ്പ് ഓഫീസര്‍മാര്‍ ഉറപ്പാക്കണം. നദികളില്‍ ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് നിര്‍ത്തിവച്ച പമ്പിംഗ് പുനരാരംഭിക്കുന്നത് വാട്ടര്‍ അതോറിറ്റി പരിശോധിക്കണം.
ആശുപത്രികളിലും ക്യാമ്പുകളിലും കുടിവെള്ളം ലഭ്യമാകുന്നുവെന്ന് വാട്ടര്‍ അതോറിറ്റി ഉറപ്പാക്കണം. താലൂക്ക്തല ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതലയുള്ള ലാന്‍ഡ് റവന്യു ഡെപ്യുട്ടി കളക്ടര്‍ ഇക്കാര്യം നിരീക്ഷിക്കണം. പത്തനംതിട്ട ജനറല്‍ ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ അധികമായി കിടക്കകള്‍ സജ്ജമാക്കണം. സിഎച്ച്സികളും പിഎച്ച്സികളും സജ്ജമായിരിക്കണം. റേഷന്‍ എല്ലാവര്‍ക്കും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. വൈദ്യുതി ബന്ധം പുനസ്ഥാപിക്കുന്നത് കെഎസ്ഇബി ഉറപ്പാക്കണം.
സംസ്ഥാനത്തും ജില്ലയിലും റെഡ് അലര്‍ട്ട് സാഹചര്യം നിലവില്‍ ഇല്ല. നിലവിലെ ഓറഞ്ച് അലര്‍ട്ട് മാറാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങളും ഉദ്യോഗസ്ഥരും ശ്രദ്ധ കൈ വിടരുത്. നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ വീണ്ടും ശക്തമായി മഴ പെയ്താല്‍ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത തുടരണമെന്നും മന്ത്രി പറഞ്ഞു.
മല്ലപ്പുഴശേരി, ആറന്മുള, തോട്ടപ്പുഴശേരി പഞ്ചായത്തുകളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. പഞ്ചായത്ത് തലത്തില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളും അപകടസാധ്യതകളും വിലയിരുത്തുന്നതിന് യോഗം ചേരണം. വാട്ടര്‍ അതോറിറ്റി പമ്പിംഗ് നിര്‍ത്തിയതു മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന സ്ഥലങ്ങളില്‍ കുടിവെള്ളം വിതരണം ചെയ്യണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
പത്തനംതിട്ട നഗരസഭ, ഗ്രാമപഞ്ചായത്തുകളായ കുളനട, ഓമല്ലൂര്‍, ആറന്മുള, തോട്ടപ്പുഴശേരി, മല്ലപ്പുഴശേരി, മെഴുവേലി, ചെന്നീര്‍ക്കര, കോഴഞ്ചേരി, നാരങ്ങാനം, ഇലന്തൂര്‍ എന്നിവിടങ്ങളിലെ മുന്നൊരുക്കങ്ങള്‍ യോഗം വിലയിരുത്തി. ലാന്‍ഡ് റവന്യൂ ഡെപ്യൂട്ടി കളക്ടര്‍ ബി. ജ്യോതി, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.