76-ാമത് സ്വാതന്ത്ര്യദിനം ജില്ലയില്‍ വിപുലമായി ആഘോഷിക്കും
ഭാരതത്തിന്റെ 76-ാംമത് സ്വാതന്ത്ര്യദിനം പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ ഓഗസ്റ്റ് 15ന് വിപുലമായി ആഘോഷിക്കുന്നതിന് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേട്ട് ബി. രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന പ്രാഥമിക യോഗം തീരുമാനിച്ചു. ഓഗസ്റ്റ് 11, 12 തീയതികളില്‍ പരേഡ് റിഹേഴ്‌സലും 13ന് ഡ്രസ് റിഹേഴ്‌സലും ജില്ലാ സ്റ്റേഡിയത്തില്‍ നടക്കും. സാംസ്‌കാരിക പരിപാടികള്‍, പിടി ഡിസ്‌പ്ലേ, ബാന്‍ഡ്‌സെറ്റ് തുടങ്ങിയവ സ്വാതന്ത്ര്യദിനാഘോഷത്തെ ആകര്‍ഷകമാക്കും.
കോവിഡ് മാനദണ്ഡങ്ങളും ഹരിതചട്ടവും പാലിച്ചായിരിക്കും സ്വാതന്ത്ര്യദിനാഘോഷം നടത്തുക. സെറിമോണിയല്‍ പരേഡിന്റെ പൂര്‍ണ ചുമതല പത്തനംതിട്ട എആര്‍ ക്യാമ്പ് അസിസ്റ്റന്‍ഡ് കമാന്‍ഡന്റിനായിരിക്കും. ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടികളുടെ ഏകോപനം കോഴഞ്ചേരി തഹസീല്‍ദാര്‍ നിര്‍വഹിക്കും. പരേഡ് റിഹേഴ്‌സലിനെത്തുന്നവര്‍ക്കുള്ള ലഘുഭക്ഷണം പത്തനംതിട്ട നഗരസഭയും ജില്ലാ പഞ്ചായത്തും ജില്ലാ സപ്ലൈ ഓഫീസും ലഭ്യമാക്കും. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ അടുത്ത യോഗം ഓഗസ്റ്റ് 10ന് ചേരും. വിവിധ വകുപ്പ് പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.
കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു
മല്ലപ്പളളി കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ പി എസ് സി നിയമന അംഗീകാരമുളള ഡിസിഎ, പിജിഡിസിഎ, ഡേറ്റാ എന്‍ട്രി, ടാലി ആന്റ് എം.എസ് ഓഫീസ് എന്നീ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ : 0469 2 785 525, 8078 140 525, ഇ-മെയില്‍ : [email protected].
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഭരണഭാഷ സേവന പുരസ്‌കാരം
ഔദ്യോഗികഭാഷ പൂര്‍ണമായും മലയാളമാക്കുന്നതിനും, ഭരണരംഗത്ത് മലയാള ഭാഷയുടെ ഉപയോഗം വര്‍ധിപ്പിക്കുന്നതിനുമുള്ള വിവിധ പദ്ധതികളുടെ ഭാഗമായി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഔദ്യോഗികഭാഷ വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ള ഭരണഭാഷ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷിക്കാം. കേരള സര്‍ക്കാരിന്റെ വിവിധ വകുപ്പകളിലും സ്ഥാപനങ്ങളിലും സേവനമനുഷ്ഠിക്കുന്ന ക്ലാസ് 1, 2, 3 വിഭാഗത്തില്‍പ്പെട്ട ജീവനക്കാര്‍ക്കും ക്ലാസ് 3 വിഭാഗത്തില്‍പ്പെട്ട ടൈപ്പിസ്റ്റ്, കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫര്‍മാര്‍ക്കും സംസ്ഥാനതല ഭരണഭാഷ പുരസ്‌കാരത്തിനും, എല്ലാ വിഭാഗത്തില്‍പ്പെട്ട ജീവനക്കാര്‍ക്കും ഗ്രന്ഥരചനാ പുരസ്‌കാരത്തിനും (സംസ്ഥാനതലം), ക്ലാസ് 3 വിഭാഗത്തില്‍പ്പെട്ട ജീവനക്കാര്‍ക്ക് ജില്ലാ ഭരണഭാഷ സേവന പുരസ്‌കാരത്തിനും അപേക്ഷിക്കാം. ഭരണ ഭാഷാ സേവന പുരസ്‌കാരം (സംസ്ഥാന തലം), ഭരണഭാഷ ഗ്രന്ഥരചന പുരസ്‌കാരം എന്നിവയ്ക്കുള്ള അപേക്ഷകള്‍ സര്‍ക്കാരിനും, ജില്ലാതല ഭരണഭാഷാസേവന പുരസ്‌കാരത്തിനുള്ള അപേക്ഷകള്‍ ജില്ലാ കളക്ടര്‍ക്കും ഓഗസ്റ്റ് 31 ന് മുമ്പായി സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കായി പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുമായോ, കളക്‌ട്രേറ്റിലെ ബി 5 സീറ്റുമായോ ബന്ധപ്പെടണം.
ടെന്‍ഡര്‍
വിദ്യാഭ്യാസ ഉപഡയറക്ടര്‍ പത്തനംതിട്ടയുടെ കാര്യാലയത്തില്‍ ഉപയോഗത്തിലിരിക്കുന്ന 60 കമ്പ്യൂട്ടറുകളുടെയും എട്ട് പ്രിന്ററുകളുടെയും അഞ്ച് യുപിഎസ്‌കളുടെയും അറ്റകുറ്റപണികള്‍ നടത്തി ഉപയോഗ്യമാക്കുന്നതിന് വാര്‍ഷിക കരാര്‍ അടിസ്ഥാനത്തില്‍ അംഗീകൃത ഏജന്‍സികളില്‍ നിന്നും രണ്ട് ലക്ഷം രൂപയില്‍ താഴെ ടെന്‍ഡര്‍ ക്ഷണിച്ചു. ആഗസ്റ്റ് 12ന് ഉച്ചക്ക് രണ്ടിന് മുന്‍പ് സീല്‍ ചെയ്ത ടെന്‍ഡറുകള്‍ തിരുവല്ല വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസില്‍ ലഭിക്കണം. ഫോണ്‍ : 9995 116 472.
വയോസേവന അവാര്‍ഡ് 2022 നോമിനേഷന്‍ ക്ഷണിച്ചു
വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവും ഉറപ്പുവരുത്തുന്നതിനായി മികച്ച രീതിയില്‍ വിവിധ പദ്ധതികളും പ്രവര്‍ത്തനങ്ങളും നടപ്പാക്കുന്ന സര്‍ക്കാര്‍/സര്‍ക്കാരിതര വിഭാഗങ്ങള്‍ക്കും, വിവിധ കലാകായിക, സാംസ്‌കാരിക മേഖലകളില്‍ മികവ് തെളിയിച്ച മുതിര്‍ന്ന പൗരന്മാര്‍ക്കും വയോ സേവന അവാര്‍ഡ് 2022ന് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 20ന് അഞ്ചു വരെ. അപേക്ഷ ഫോം പത്തനംതിട്ട ജില്ലാ സാമൂഹ്യനീതി ഓഫീസിലും ലഭിക്കും. ഫോണ്‍ : 0468 2 325 168.