Input your search keywords and press Enter.

സ്വാതന്ത്ര്യത്തിന്‍റെ വജ്ര ജൂബിലി ആഘോഷങ്ങള്‍ ജനകീയമാക്കണം: ജില്ലാ കളക്ടര്‍

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷിക ആഘോഷങ്ങള്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ പാലിച്ച് ജനകീയമായി  സംഘടിപ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായുള്ള അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടര്‍.

കോവിഡും, പ്രളയവും മൂലം  കഴിഞ്ഞ വര്‍ഷങ്ങളില്‍ ചടങ്ങുകള്‍ മാത്രമായാണ് സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ സംഘടിപ്പിച്ചത്. അതില്‍ നിന്നും വ്യത്യസ്തമായി പൂര്‍ണനിറവിലും മേന്മയോടും ഇത്തവണത്തെ ആഘോഷപരിപാടികള്‍ ഒരുക്കണം.

അതിനായി എല്ലാ വകുപ്പുകളുടെയും ഏകോപനത്തോടെയുള്ള പ്രവര്‍ത്തനം ഉണ്ടാകണം. ഓരോ വകുപ്പ് തലത്തില്‍ ചെയ്യാന്‍ കഴിയുന്ന തരത്തിലുള്ള സേവനപരിപാടികള്‍ സംഘടിപ്പിക്കണം. എല്ലാ വീടുകളിലേക്കും സ്വാതന്ത്ര്യത്തിന്റെ അന്തഃസത്ത എത്തിക്കുകയെന്നതാകണം ഈ ആഘോഷത്തിന്റെ പൊരുള്‍. ജില്ലയിലെ എല്ലാ സര്‍ക്കാരുദ്യോഗസ്ഥരും സ്വന്തം വീടുകളില്‍ 13 മുതല്‍ 15 വരെയുള്ള ദിവസങ്ങളില്‍ പതാക പാറിപ്പിക്കണം. ഇത് നാമമാത്രമായ രീതിയില്‍ ഒതുക്കാതെ സ്വാതന്ത്ര്യത്തിന്റെ ആവിഷ്‌കാരം എന്താണെന്ന് ജനങ്ങളെ ചിന്തിപ്പിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തിയാകണമെന്നും ചുറ്റുമുള്ളവരെ ഹര്‍ഘര്‍ തിരംഗിന്റെ ഭാഗമാകാന്‍ പ്രോത്സാഹിപ്പിക്കണമെന്നും കളക്ടര്‍ പറഞ്ഞു.

 

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന 1,50,040 പതാകകളാണ് കുടുംബശ്രീ യൂണിറ്റുകള്‍ വിതരണം ചെയ്യുന്നത്. ഓഗസ്റ്റ് 10, 11 തീയതികളില്‍ സ്‌കൂളുകളിലും ഓഗസ്റ്റ് 12ന് വീടുകളിലും പതാക വിതരണം പൂര്‍ത്തിയാക്കും. ഹര്‍ ഘര്‍ തിരംഗയുടെ ഭാഗമായി ഓഗസ്റ്റ് 13 മുതല്‍ 15 വരെ ദേശീയ പതാക ഉയര്‍ത്തണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.

 

സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവത്തിന്റെ ഭാഗമായി ദേശീയ പതാകയ്ക്ക് ആദരം നല്‍കുന്നതോടൊപ്പം പൗരന്മാര്‍ക്ക് ദേശീയ പതാകയോട് വൈകാരിക ബന്ധം വളര്‍ത്തുന്നതിനും ദേശീയോദ്ഗ്രഥനത്തിന് പ്രചോദനം നല്‍കുന്നതിനും ലക്ഷ്യമിട്ടാണ് ഹര്‍ ഘര്‍ തിരംഗ പ്രചാരണ പരിപാടി നടത്തുന്നത്. രാപകലില്ലാതെ ദേശീയ പതാക തയാറാക്കുന്ന പ്രവര്‍ത്തനത്തിലാണ് കുടുംബശ്രീ അംഗങ്ങള്‍.  ദേശീയ പതാക നിര്‍മിക്കുന്നതോടൊപ്പം അംഗങ്ങളുടെ വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തി ത്രിവര്‍ണതരംഗത്തില്‍ കുടുംബശ്രീ യൂണിറ്റുകളും പങ്കാളികളാകും.

 

ഓരോ വകുപ്പുകളും ചെയ്യേണ്ട പ്രവര്‍ത്തികള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എഡിഎം ബി. രാധാകൃഷ്ണന്‍, ജില്ലാ പൊലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!