അന്താരാഷ്ട്ര യുവജന ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ കോളേജ് വിദ്യാര്‍ഥികള്‍ക്കായി ജില്ലാ മെഡിക്കല്‍ ഓഫീസും ജില്ലാ എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയും ചേര്‍ന്ന് ഗീതാഞ്ജലി ഓഡിറ്റോറിയത്തില്‍ (ഒഎസ്ഒഎം 2022) ജില്ലാതല ടാലന്റ് ഷോ സംഘടിപ്പിച്ചു. ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ഭാഗമായി 2025 ഓടുകൂടി സംസ്ഥാനത്ത് പുതിയ എച്ച്ഐവി അണുബാധ ഇല്ലാതാക്കുക എന്നുളളതാണ് പരിപാടിയുടെ ലക്ഷ്യം. ‘ഒന്നായി പൂജ്യത്തിലേക്ക്’ എന്നതാണ് ക്യാമ്പയിന്റെ മുദ്രാവാക്യം.
എച്ച്ഐവി അണുബാധ പ്രതിരോധത്തിന്റെ സന്ദേശങ്ങള്‍ ഉള്‍ക്കൊളളിച്ചുകൊണ്ടുളള വ്യക്തിഗത പ്രകടനങ്ങള്‍ ജില്ലയിലെ വിവിധ കോളേജുകളില്‍ നിന്നുളള വിദ്യാര്‍ഥികള്‍ അവതരിപ്പിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍.അനിതകുമാരി പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ ടിബി എയ്ഡ്സ് കണ്‍ട്രോള്‍ ഓഫീസര്‍ ഡോ.നിതീഷ് ഐസക് സാമുവല്‍ അധ്യക്ഷത വഹിച്ചു.
വ്യക്തിഗത മത്സരങ്ങളില്‍ കോന്നി വിഎന്‍എസ് ആര്‍ട്സ് സയന്‍സ് കോളേജിലെ ഗോപികാ സുനില്‍ ഒന്നാം സ്ഥാനവും പത്തനംതിട്ട കത്തോലിക്കറ്റ് കോളേജിലെ വിദ്യാര്‍ഥി എം.അഭിജിത്ത് രണ്ടാം സ്ഥാനവും മുത്തൂറ്റ് കോളേജ് ഓഫ് നേഴ്സിംഗിലെ സോന റോയ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഒന്നാം സ്ഥാനം ലഭിച്ച ഗോപികാ സുനില്‍ ഓഗസ്റ്റ് 12 ന് അന്താരാഷ്ട്രാ യുവജന ദിനത്തില്‍ കേരള സംസ്ഥാന എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന തല ടാലന്റ് ഷോ മത്സരത്തില്‍ പങ്കെടുക്കാന്‍ യോഗ്യത നേടി. ടെക്നിക്കല്‍ അസിസ്റ്റന്റ് വി.സി കോശി യുവജന സന്ദേശം നല്‍കി. ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍മാരായ ആര്‍.ദീപ, വി.ആര്‍ ഷൈലഭായ്, ഐസിറ്റിസി കൗണ്‍സിലര്‍ വിജയ എന്നിവര്‍ പങ്കെടുത്തു.