Input your search keywords and press Enter.

ഹര്‍ ഘര്‍ തിരംഗ: ജില്ലയില്‍ പതാക വിതരണം ആരംഭിച്ചു

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കുടുംബശ്രീ തയാറാക്കിയ ദേശീയ പതാകകളുടെ വിതരണം ജില്ലയില്‍ ആരംഭിച്ചു. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ എലിസബത്ത് ജി കൊച്ചില്‍നിന്ന് പതാക ഏറ്റുവാങ്ങി ഉദ്ഘാടനം നിര്‍വഹിച്ചു.
ദേശീയപതാകയോടുള്ള ആദരസൂചകമായി ഹര്‍ ഘര്‍ തിരംഗ പ്രചാരണ പരിപാടിയുടെ ഭാഗമായാണ് കുടുംബശ്രീ പതാക നിര്‍മിച്ചു വിതരണം ചെയ്യുന്നത്. ജില്ലാ കളക്ടറുടെ ചേംബറില്‍ നടന്ന പരിപാടിയില്‍ ഹര്‍ ഘര്‍ തിരംഗ കാമ്പയിന്‍ ജില്ലാ നോഡല്‍ ഓഫീസര്‍മാരായ ആര്‍. രാരാ രാജ്, രാഹുല്‍ എ രാജ്, അരുണ്‍ മേനോന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ അക്കൗണ്ടന്റ് കെ. ഷീന്‍, ട്രൈബല്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ടി.കെ. ഷാജഹാന്‍, ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ അശ്വതി എന്നിവര്‍ പങ്കെടുത്തു.

ഹര്‍ ഘര്‍ തിരംഗ: ഓഗസ്റ്റ് 13 മുതല്‍
15 വരെ ദേശീയ പതാക ഉയര്‍ത്താം

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും ദേശീയ പതാക(ഹര്‍ ഘര്‍ തിരംഗ) ഓഗസ്റ്റ് 13 മുതല്‍
15 വരെ ഉയര്‍ത്തുന്നതിന്റെ ഭാഗമായുള്ള തയാറെടുപ്പുകള്‍ ജില്ലയില്‍ അന്തിമഘട്ടത്തില്‍. ജില്ലയില്‍ ആകെ 150040 ദേശീയ പതാകകളാണ് കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ തയാറാക്കുന്നത്.
ജില്ലയില്‍ സ്‌കൂളുകളില്‍ നിന്നും 62361 ഉം തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നും 87679 ഉം ദേശീയ പതാകകള്‍ക്കുള്ള ഓര്‍ഡര്‍ ആണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. ഹര്‍ ഘര്‍ തിരംഗയില്‍ എല്ലാവരും പങ്കാളികളാകണമെന്നും പതാക ഉയര്‍ത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍ പാലിച്ച് എല്ലാ സ്ഥാപനങ്ങളിലും വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കടകളിലും പതാക ഉയര്‍ത്തണമെന്നും ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു.

പതാക ഉയര്‍ത്തുന്നതിനുള്ള
മാര്‍ഗനിര്‍ദേശങ്ങള്‍

ഫ്ളാഗ് കോഡ് ഓഫ് ഇന്ത്യ 2002,  ദേശീയ ബഹുമതികളോടുള്ള ആദരവ് സംബന്ധിച്ച 1971ലെ നിയമം എന്നിവ
അനുസരിച്ചായിരിക്കണം ദേശീയ പതാക ഉയര്‍ത്തുന്നതും ഉപയോഗിക്കുന്നതും പ്രദര്‍ശിപ്പിക്കുന്നതും. 2002ലെ ഫ്ളാഗ് കോഡില്‍ 2021 ഡിസംബര്‍ 30നും 2022 ജൂലൈ 19നും ഭേദഗതി വരുത്തിയിരുന്നു.

-കോട്ടണ്‍/പോളിസ്റ്റര്‍/കമ്പിളി/ഖാദിസില്‍ക്ക് എന്നീ തുണികളില്‍
കൈത്തറി, നെയ്ത്ത്, മെഷീന്‍ എന്നിവ ഉപയോഗിച്ച്‌ദേശീയ പതാക നിര്‍മിക്കാം.

– ദേശീയ പതാകയുടെ അന്തസിനും ബഹുമതിക്കും യോജിക്കുന്ന നിലയില്‍ എല്ലാ ദിവസങ്ങളിലും ആഘോഷവേളകളിലും പൊതു-സ്വകാര്യ സ്ഥാപനങ്ങളിലെയോ വിദ്യാഭ്യാസ സ്ഥാപനത്തിലെയോ അംഗത്തിന് ദേശീയ പതാക ഉയര്‍ത്താം.

–  പുതിയ ഭേദഗതി അനുസരിച്ച് ഓഗസ്റ്റ് 13 മുതല്‍ 15 വരെ പൊതുസ്ഥലത്തോ വീട്ടിലോ ഉയര്‍ത്തുന്ന പതാക രാത്രിയും പകലും പാറിക്കാം.

– ദീര്‍ഘചതുരാകൃതിയിലായിരിക്കണം ദേശീയപതാക. പതാക ഏതുവലുപ്പത്തിലുമാകാം, എന്നാല്‍ നീളവും ഉയരവും തമ്മിലുള്ള അനുപാതം 3:2 ആയിരിക്കണം.

– വേറിട്ടുനില്‍ക്കുന്നനിലയില്‍ ആദരവോടെയെ ദേശീയ പതാക പ്രദര്‍ശിക്കാവു.

– കേടുവന്നതോ മുഷിഞ്ഞതോ ആയ പതാക പ്രദര്‍ശിപ്പിക്കാന്‍ പാടില്ല

– തലകീഴായി ദേശീയ പതാക പ്രദര്‍ശിപ്പിക്കാന്‍ പാടില്ല

– ഏതെങ്കിലും വ്യക്തിക്കോ, വസ്തുവിനോ മുന്നില്‍ പതാക താഴ്ത്തിപ്രദര്‍ശിപ്പിക്കരുത്.

– ദേശീയ പതാകയേക്കാള്‍ ഉയരത്തിലോ, അരികുചേര്‍ന്നോ മറ്റു പതാകയോ കൊടിയോ സ്ഥാപിക്കരുത്. പതാക പറക്കുന്ന കൊടിമരത്തിലോ അതിനു മുകളിലോ പൂക്കളോ, പുഷ്പചക്രങ്ങളോ, ചിഹ്നങ്ങളോ അടക്കമുള്ള ഒരു വസ്തുവും സ്ഥാപിക്കരുത്.

– തോരണമോ, വര്‍ണ റിബണോ, കൊടികള്‍ ആയോ, മറ്റ് അലങ്കാരത്തിനുള്ള വസ്തുക്കള്‍ ആയോ ദേശീയ പതാക ഉപയോഗിക്കാന്‍ പാടില്ല.

– ദേശീയപതാക തറയിലോ, നിലത്തോ സ്പര്‍ശിക്കാനോ, വെള്ളത്തിലഴയാനോ പാടില്ല.

– ദേശീയപതാകയ്ക്കു കേടുവരുന്ന രീതിയില്‍ പ്രദര്‍ശിപ്പിക്കാനോ കെട്ടാനോ പാടില്ല

– ദേശീയ പതാക കെട്ടുന്ന കൊടിമരത്തില്‍ മറ്റു പതാകകള്‍ കെട്ടാന്‍ പാടില്ല.

– ദേശീയ പതാകയില്‍ ഒരു തരത്തിലുമുള്ള എഴുത്തുകളും പാടില്ല.

– കെട്ടിടങ്ങളുടെ മുന്‍വശത്തോ, ബാല്‍ക്കണിയിലോ, ജനല്‍പ്പടിയിലോ തിരശ്ചീനമായി സ്ഥാപിച്ച ദണ്ഡിലോ മറ്റോ ദേശീയപതാക സ്ഥാപിക്കുമ്പോള്‍ കുങ്കുമവര്‍ണഭാഗം ദണ്ഡിന്റെ അങ്ങേയറ്റത്തു വരുന്ന രീതിയില്‍ കെട്ടണം.

error: Content is protected !!