ഖാദി മേഖലയ്ക്ക് ഉണര്‍വേകുന്നതിന് ഓണത്തിന് പുതുവസ്ത്രം ഖാദിയില്‍ നിന്നാകണമെന്ന് വ്യക്തിപരമായി തീരുമാനമെടുക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഓണം ഖാദി ജില്ലാതല മേളയുടെയും നവീകരിച്ച ഇലന്തൂര്‍ ഖാദി വില്‍പന ശാലയുടേയും ഉദ്ഘാടനം ഇലന്തൂര്‍ ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസ് അങ്കണത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
എല്ലാ മേഖലകളിലും യന്ത്രവത്ക്കരണം നടക്കുമ്പോള്‍ നെയ്ത്തിലൂടെ നിര്‍മാണം നടത്തുന്ന തൊഴിലാളികള്‍ക്കുള്ള പിന്തുണയായാണ് സര്‍ക്കാര്‍ ഖാദി വസ്ത്രം ജീവനക്കാര്‍ക്ക് ഏര്‍പ്പെടുത്തിയത്. ഖാദി പ്രസ്ഥാനത്തെ വളര്‍ത്തുന്നതിനായി ജില്ലാ പഞ്ചായത്തിന്റെ ഫണ്ടില്‍ മാത്തൂരില്‍ നിര്‍മിക്കുന്ന കെട്ടിടം മാതൃകപരമാണെന്നും മന്ത്രി പറഞ്ഞു.
വില്‍പനയിലൂടെ ഖാദി വളരുന്നതിനൊപ്പം തൊഴില്‍ സാധ്യതയും വര്‍ധിക്കണമെന്ന പ്രാധാന്യത്തോടെ ഖാദി വിപണന മേള ഏറ്റെടുക്കണമെന്ന് അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ഖാദി ബോര്‍ഡ് മെമ്പര്‍ സാജന്‍ തോമസ് ആദ്യവില്‍പന നടത്തി. ഇലന്തൂര്‍ സോപ്പ് യൂണിറ്റില്‍ പുതിയതായി നിര്‍മിച്ച 150 ഗ്രാം ഖാദിബാര്‍ സോപ്പിന്റെ വിതരണോദ്ഘാടനം ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി നിര്‍വഹിച്ചു.
ഓഗസ്റ്റ് 2 മുതല്‍ സെപ്റ്റംബര്‍ 7 വരെ കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡും അംഗീകൃത ഖാദി സ്ഥാപനങ്ങളും ചേര്‍ന്നാണ് ഓണം ഖാദി മേള സംഘടിപ്പിക്കുന്നത്. ഓണക്കാലത്ത് ഖാദി വസ്ത്രങ്ങള്‍ക്ക് 30 ശതമാനം സര്‍ക്കാര്‍ റിബേറ്റിനൊപ്പം സമ്മാന പദ്ധതികളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇലന്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി മാത്യു, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം അജി അലക്സ്, വാര്‍ഡ് മെമ്പര്‍ കെ.പി മുകുന്ദന്‍, എന്‍.ജി.ഒ യൂണിയന്‍ ജില്ലാ ജോയിന്റ് സെക്രട്ടറി ജി. അനീഷ്‌കുമാര്‍, എന്‍ ജി ഒ അസോസിയേഷന്‍ ജില്ലാ ട്രഷറര്‍ ഷിബു മണ്ണടി, എന്‍ ജി ഒ സംഘ് ജില്ലാ പ്രസിഡന്റ് എസ് ഗിരീഷ്, കേരള ഗാന്ധി സ്മാരക നിധി പ്രതിനിധി സി. വാസുദേവര്‍ പിള്ള, ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് പ്രോജക്ട് ഓഫീസര്‍ ആര്‍.എസ് അനില്‍കുമാര്‍, ക്രീഡ് ആറന്‍മുള പ്രതിനിധി പോള്‍രാജ്, ചാസ് മല്ലപ്പള്ളി പ്രതിനിധി ജയിംസ് ഡൊമനിക്, ആലപ്പുഴ സര്‍വോദയ സംഘം പ്രതിനിധി എം. നിതിന്‍ കുമാര്‍, ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് വില്ലേജ് ഇന്‍ഡ്രസ്ട്രീസ് ഓഫീസര്‍ എസ്. ഹേമകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.