Input your search keywords and press Enter.

റാന്നിയില്‍ റോഡ് അറ്റകുറ്റപ്പണികള്‍ പുരോഗമിക്കുന്നു

 

റാന്നി നിയോജകമണ്ഡലത്തിലെ വിവിധ പൊതുമരാമത്ത് വകുപ്പ് റോഡുകളില്‍ 3.10 കോടി രൂപയുടെ അറ്റകുറ്റപ്പണികള്‍ നടക്കുന്നു. റാന്നി നിയോജകമണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പ് റോഡുകളുടെ നിര്‍മാണ പുരോഗതിയും പുനരുദ്ധാരണവും വിലയിരുത്താന്‍ അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ഉദ്യോഗസ്ഥര്‍ ഇക്കാര്യം അറിയിച്ചത്.

കാലവര്‍ഷം മൂലമാണ് നിര്‍മാണ പ്രവര്‍ത്തികള്‍ ആരംഭിക്കാന്‍ വൈകിയത്. റോഡിന്റെ കുഴിയടക്കല്‍ പ്രവര്‍ത്തികള്‍ക്കൊപ്പം തകരാറിലായ കലിങ്കുകളുടെ പുനരുദ്ധാരണവും ഓടകളുടെ നിര്‍മാണവും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാകുന്നതോടെ റാന്നി നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകള്‍ എല്ലാം സഞ്ചാരയോഗ്യമാകും. റോഡുകളുടെ ഒരു വര്‍ഷം നീളുന്ന അറ്റകുറ്റപ്പണികള്‍ക്കാണ് ഈ തുക അനുവദിച്ചിരിക്കുന്നത്.

അത്തിക്കയം – കക്കുടുമണ്‍ -മന്ദമരുതി റോഡ് (12 കോടി), ബാസ്റ്റോ റോഡ് (16 കോടി) എന്നിവ ശബരിമല ഫണ്ടില്‍ ഉള്‍പ്പെടുത്തി നിര്‍മാണ അനുമതി ലഭിക്കുന്നതിനായി സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുന്നതായി എംഎല്‍എ അറിയിച്ചു.

ബിഎം ബിസി നിലവാരത്തില്‍ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന വിവിധ പൊതുമരാമത്ത് വകുപ്പ് റോഡുകളുടെ നിര്‍മാണ പുരോഗതി യോഗം വിലയിരുത്തി. ഇവ എത്രയും വേഗം തീര്‍ക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് എംഎല്‍എ നിര്‍ദേശിച്ചു. ജല വിഭവ വകുപ്പിന്റെയും വൈദ്യുത വകുപ്പിന്റെയും പ്രവര്‍ത്തികള്‍ വൈകുന്നത് മൂലം മുടങ്ങി കിടക്കുന്ന പണികള്‍ പൂര്‍ത്തീകരിക്കുന്നതിന് അതത് വകുപ്പ് എന്‍ജിനീയര്‍മാരെ ഉള്‍പ്പെടുത്തി ഒരു യോഗം അടിയന്തരമായി വിളിച്ചു ചേര്‍ക്കാനും എംഎല്‍എ നിര്‍ദേശം നല്‍കി.

പൊതുമരാമത്ത് വകുപ്പ് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ ബി. വിനു, അസി. എക്സിക്യുട്ടീവ് എന്‍ജിനീയര്‍മാരായ വി. അംബിക, പ്രമോദ്, റീന റഷീദ്, ഷാജി ജോണ്‍, ശാലിനി മാത്യു, അനുമോള്‍, മിനി എന്നിവര്‍ സംസാരിച്ചു

error: Content is protected !!