Input your search keywords and press Enter.

ജല്‍ശക്തി അഭിയാന്‍: കേന്ദ്ര സംഘത്തിന്‍റെ പത്തനംതിട്ട ജില്ലയിലെ മൂന്നു ദിവസത്തെ പര്യടനത്തിന് തുടക്കമായി

 

കേന്ദ്രസര്‍ക്കാരിന്റെ ക്യാച്ച് ദ റെയിന്‍ ക്യാമ്പയിനുമായി ബന്ധപ്പെട്ട് ജല്‍ശക്തി അഭിയാന്‍ കേന്ദ്രസംഘം ജില്ലയില്‍. ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ രൂപവത്ക്കരിച്ച ജല്‍ശക്തി അഭിയാന്‍ പദ്ധതിയുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനാണ് സന്ദര്‍ശനം. ജില്ലയിലെ മൂന്നു ദിവസത്തെ പര്യടനത്തില്‍ ജലസംരക്ഷണ പദ്ധതികള്‍ നേരിട്ടുകണ്ട് വിലയിരുത്തും.

ഗ്രാമീണ മേഖലയിലെ ജലശേഖരണവും മഴവെള്ള സംഭരണവും ലക്ഷ്യമാക്കി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയാണ് ജല്‍ശക്തി അഭിയാന്‍. ജലസംരക്ഷണം, മഴവെള്ള സംഭരണം, പരമ്പരാഗത ജലസ്രോതസുകളുടെ നവീകരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്നത്.

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ക്യാച്ച് ദ റെയിന്‍ ക്യാമ്പയിനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വിശദീകരിച്ചു. ജില്ലയില്‍ ശാസ്ത്രീയമായ ജലസംരക്ഷണ പദ്ധതികള്‍ തയാറാക്കും. യോഗത്തില്‍ ജില്ലയുടെ ഭൂപ്രകൃതിയെ കുറിച്ചും സവിശേഷതകളെ കുറിച്ചും ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ കേന്ദ്രസംഘത്തിന് വിശദീകരിച്ചു നല്‍കി.

പദ്ധതികളെ കുറിച്ചുള്ള വിശദവിവരങ്ങള്‍, ഈ പദ്ധതിയിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ ഇവയെല്ലാം പരിശോധിച്ചു. ഫിനാന്‍ഷ്യല്‍ സര്‍വീസ് ഡയറക്ടര്‍ ഡോ. സഞ്ജയ് കുമാര്‍, ടെക്‌നിക്കല്‍ ഓഫീസര്‍ രാജീവ് കുമാര്‍ ടാക്ക് തുടങ്ങിയവരാണ് സംഘത്തിലുള്ളത്. ഭൂജല വകുപ്പ് ജില്ലാ ഓഫീസര്‍ ജിജി തമ്പി, കെഎഎസ് ഓഫീസറായ രാരാ രാജ്, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ സന്ദര്‍ശനത്തിനായി ഇവരെ അനുഗമിച്ചു. ഗവ എച്ച്എസ്എസ് ഓമല്ലൂര്‍, ചെന്തിട്ടപ്പടി പച്ചത്തുരുത്ത്, ചെന്നീര്‍ക്കരയിലെ കുളം, കുളനട മുള്ളോറ്റു ഡാം, എഴുമറ്റൂര്‍ കാരമല കുളം എന്നീ സ്ഥലങ്ങള്‍ തിങ്കളാഴ്ച സന്ദര്‍ശിച്ചു.

error: Content is protected !!