Input your search keywords and press Enter.

കോന്നിയിലെ കൊലപാതകക്കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ്

 

പത്തനംതിട്ട : എഴുപത്തിമൂന്നുകാരനെകുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും 25000 രൂപ പിഴയും ശിക്ഷ. പിഴയടച്ചില്ലെങ്കിൽ 6 മാസത്തെ കഠിനതടവ് കൂടി അനുഭവിക്കണം. കോന്നി പോലീസ് സ്റ്റേഷനിൽ 2013 ൽ രജിസ്റ്റർ ചെയ്ത കൊലപാതക കേസിലാണ് അഡിഷണൽ സെഷൻസ് കോടതി നാല് കോടതിയുടെ വിധി. കോന്നി പയ്യനാമൺ ചാങ്കൂർ മുക്ക് പൂത്തിനേത്ത് വീട്ടിൽ വർഗീസിന്റെ മകൻ അലക്സാണ്ടർ വർഗീ(82)സിനെയാണ് ജഡ്ജി പി പി പൂജ ശിക്ഷിച്ചത്.

കൊന്നപ്പാറ വടക്കേക്കര വീട്ടിൽ ചാക്കോ വി എസ്സിന്റെ പിതാവ് ചാക്കോ ശാമുവൽ (73) ആണ് കൊല്ലപ്പെട്ടത്. പ്രതിയുടെ പുരയിടത്തിൽ കയറിയതിലുള്ള വിരോധത്താൽ 2013 ആഗസ്റ്റ് 31 ഉച്ചയ്ക്ക് പ്രതി, ഐരവൺ താഴം കുപ്പക്കരയിലുള്ള കുമാരപിള്ളയുടെ കടയിൽ നിന്നും കത്തിയെടുത്ത് ചാക്കോ ശാമുവലിന്റെ നെഞ്ചിൽ ആഴത്തിൽ കുത്തിമുറിവേൽപ്പിക്കുകയായിരുന്നു.

കൊല്ലപ്പെട്ട ചാക്കോ ശാമുവലിന്റെ മകന്റെ മൊഴിപ്രകാരം കോന്നി പോലീസ് സബ് ഇൻസ്‌പെക്ടറായിരുന്ന യു ബിജു കേസ് രജിസ്റ്റർ ചെയ്ത് തുടർ നടപടി സ്വീകരിച്ചു. തുടർന്ന് കോന്നി പോലീസ് ഇൻസ്‌പെക്ടർ ആയിരുന്ന ബി എസ് സജിമോൻ അന്വേഷണം നടത്തുകയും 2014 ജനുവരി 31 ന് കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. എസ് ഐ അജിത് പ്രസാദ്, എ എസ് ഐ മുജീബ് റഹ്മാൻ എന്നിവരും അന്വേഷണത്തിൽ പങ്കെടുത്തു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. രേഖ ആർ നായർ ഹാജരായി.

error: Content is protected !!