Input your search keywords and press Enter.

പത്തനംതിട്ട: ഇന്നത്തെ പ്രധാനപ്പെട്ട അറിയിപ്പുകള്‍ ( 26/08/2022)

കുടുംബശ്രീ ഓണം ഫെസ്റ്റ് ഉദ്ഘാടനം 28ന്

കുന്നന്താനം ഗ്രാമ പഞ്ചായത്തിന്റെയും കുടുംബശ്രീ സിഡിഎസിന്റെയും നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഓണം ഫെസ്റ്റ് ഈ മാസം 28ന് രാവിലെ 10ന് അഡ്വ. മാത്യു ടി തോമസ് എംഎല്‍എ മാന്താനം ചന്തയില്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ആദ്യ വില്‍പ്പന നിര്‍വഹിക്കും. വിപണന കേന്ദ്ര ഉദ്ഘാടനം കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അഭിലാഷ് ദിവാകര്‍ നിര്‍വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി സതീഷ് ബാബു അധ്യക്ഷത വഹിക്കും.

29ന് രാവിലെ 10ന് വനിത സംരംഭകരെ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ആദരിക്കും. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രൊഫ.എം.കെ. മധുസൂദനന്‍ നായര്‍ അധ്യക്ഷത വഹിക്കും. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹന്‍ മുഖ്യപ്രഭാഷണം നടത്തും.

18 സ്റ്റാളുകളിലായി 160 കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളുടെ ഉത്പന്നങ്ങള്‍, പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍, ഭക്ഷണ സാധനങ്ങള്‍, രുചി വിഭവങ്ങള്‍, ഗൃഹോപകരണങ്ങള്‍ തുടങ്ങിയവ ലഭ്യമാകും. വിവിധ കലപരിപാടികളും സംഘടിപ്പിക്കും.

ഭവനപുനരുദ്ധാരണ പദ്ധതിക്ക് അപേക്ഷിക്കാം

മുസ്ലീം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്സി, ജൈന്‍ എന്നീ ന്യൂനപക്ഷ മത വിഭാഗത്തില്‍പ്പെടുന്ന വിധവകള്‍/വിവാഹബന്ധം വേര്‍പെടുത്തിയ/ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ക്കുള്ള ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയില്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ധനസഹായം നല്‍കുന്നു.

 

ധനസഹായമായി നല്‍കുന്ന 50,000 രൂപ തിരിച്ചടയ്ക്കേണ്ടതില്ല. അപേക്ഷകയുടെ സ്വന്തം/പങ്കാളിയുടെ പേരിലുള്ള വീടിന്റെ പരമാവധി വിസ്തീര്‍ണ്ണം1200 സ്‌ക്വ.ഫീറ്റ് കവിയരുത്. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകരായിരിക്കണം. ബി.പി.എല്‍ കുടുംബത്തിന് മുന്‍ഗണന, അപേക്ഷകയ്ക്കോ, അവരുടെ മക്കള്‍ക്കോ, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍, പെണ്‍കുട്ടികള്‍ മാത്രമുള്ള അപേക്ഷക തുടങ്ങിയവര്‍ക്ക് മുന്‍ഗണന നല്‍കും.

 

സര്‍ക്കാര്‍ /അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്ഥിര വരുമാനം ലഭിക്കുന്ന മക്കളുള്ള വിധവകള്‍, സര്‍ക്കാരില്‍ നിന്നോ സമാന ഏജന്‍സികളില്‍ നിന്നോ ഇതിന് മുമ്പ് 10 വര്‍ഷത്തിനുള്ളില്‍ ഭവന നിര്‍മ്മാണത്തിന് സഹായം ലഭിച്ചവര്‍ എന്നിവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. വകുപ്പ് പ്രത്യേകം തയ്യാറാക്കിയ അപേക്ഷാ ഫോറം മുഖേനയാണ് അപേക്ഷിക്കേണ്ടത്. 2022-23 സാമ്പത്തിക വര്‍ഷത്തെ ഭൂമിയുടെ കരം ഒടുക്കിയ രസീതിന്റെയും റേഷന്‍കാര്‍ഡിന്റെയും പകര്‍പ്പ് സഹിതം വീട് റിപ്പയര്‍ ചെയ്യേണ്ടതിനും, വീടിന്റെ വിസ്തീര്‍ണ്ണം 1200സ്‌ക്വ.ഫീറ്റില്‍ കുറവാണ് എന്ന് സാക്ഷ്യപ്പെടുത്തുന്നതിനും, വില്ലേജ് ആഫീസര്‍/തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അസിസ്റ്റന്റ് എഞ്ചിനീയര്‍/ബന്ധപ്പെട്ട അധികാരികള്‍ എന്നിവരില്‍ ആരുടെയെങ്കിലും സാക്ഷ്യപത്രം മതിയാകും.

 

മറ്റു വകുപ്പുകളില്‍ നിന്നോ, സമാന ഏജന്‍സികളില്‍ നിന്നോ അപേക്ഷകയ്ക്ക് ഭവന പുനരുദ്ധാരണത്തിനും 10 വര്‍ഷത്തിനുള്ളില്‍ ഭവന നിര്‍മ്മാണത്തിനും ആനുകൂല്യം ലഭിച്ചിട്ടില്ലെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ബന്ധപ്പെട്ട വില്ലേജ് ഏക്സറ്റന്‍ഷന്‍ ഓഫീസര്‍/പഞ്ചായത്ത് സെക്രട്ടറി/എന്നിവരില്‍ ആരുടെയെങ്കിലും പക്കല്‍ നിന്നുള്ളത് മതിയാകും. പൂരിപ്പിച്ച അപേക്ഷ, അനുബന്ധരേഖകള്‍ സഹിതം അതാത് ജില്ലാ കളക്ടറേറ്റിലെ ന്യൂനപക്ഷ ക്ഷേമ സെക്ഷനില്‍ നേരിട്ടോ, ഡെപ്യൂട്ടി കളക്ടര്‍(ജനറല്‍), ജില്ലാ ന്യൂനപക്ഷക്ഷേമ സെക്ഷന്‍, ജില്ലാ കളക്ടറേറ്റ് എന്ന വിലാസത്തില്‍ അതാത് ജില്ലാ കളക്ടറേറ്റില്‍  അപേക്ഷിക്കാം. അപേക്ഷാ ഫോറം www.minoritywelfare.kerala.gov.in എന്ന വകുപ്പിന്റെ വെബ് സൈറ്റില്‍ നിന്നും ലഭിക്കും. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 30.

അപേക്ഷാ ഫോറങ്ങള്‍ ലഭിക്കും

വളളിക്കോട് ഗ്രാമപഞ്ചായത്തിലെ 2022-23 വാര്‍ഷിക പദ്ധതി ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുളള  അപേക്ഷാ ഫോറങ്ങള്‍ പഞ്ചായത്ത് ഓഫീസ്, വളളിക്കോട് കൃഷി ഭവന്‍, അംഗന്‍വാടികള്‍ എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച ഫോറങ്ങള്‍ ഈ മാസം 31 നുളളില്‍ ഫോറങ്ങള്‍ വാങ്ങുന്ന സ്ഥലങ്ങളില്‍ തിരികെ നല്‍കണമെന്ന് വളളിക്കോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 0468 2 350 229.

വജ്രജൂബിലി ഫെലോഷിപ്പ്  – സൗജന്യ കലാപരിശീലനം

ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കി വരുന്ന വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ ഭാഗമായി സൗജന്യ കലാപരിശീലനം ഇന്ന് (ആഗസ്റ്റ്  27) ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ജെ ഇന്ദിരാ ദേവി നിര്‍വഹിക്കും. നാരങ്ങാനം ഗ്രാമ പഞ്ചായത്തിലെ ഉദ്ഘാടനം  രാവിലെ 10.30 ന് കടമ്മനിട്ട ഗവ.എച്ച്.എസിലും ചെറുകോല്‍ ഗ്രാമ പഞ്ചായത്തിന്റെ ഉച്ചക്ക് 12 ന് വാഴക്കുന്നം അംഗനവാടിയിലും  ചെന്നീര്‍ക്കര ഗ്രാമ പഞ്ചായത്തിന്റെ ഉച്ചയ്ക്ക് ശേഷം മൂന്നിന് ചെന്നീര്‍ക്കര കമ്മ്യൂണിറ്റി ഹാളിലും നടക്കും. വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതി ചിത്രരചന, പടയണി, വഞ്ചിപ്പാട്ട് എന്നീ ഇനങ്ങളില്‍ പ്രായഭേദമന്യേ സൗജന്യമായി കലാപരിശീലനം നല്‍കുന്നു. താല്‍പര്യമുള്ളവര്‍ക്ക്  ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിക്കാം.

മെഴുവേലി 2025 വിദ്യാഭ്യാസ ശില്‍പ്പശാല ഓഗസ്റ്റ് 27ന്

മെഴുവേലി 2025 വിദ്യാഭ്യാസ ശില്‍പ്പശാല ഈ മാസം 27ന് രാവിലെ 9.30ന് ഇലവുംതിട്ട ചന്ദനക്കുന്ന് സരസകവി മൂലൂര്‍ സ്മാരക ഗവ യുപി സ്‌കൂളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധര്‍ ഉദ്ഘാടനം ചെയ്യും. പ്രൊഫ ഡി. പ്രസാദ് അധ്യക്ഷത വഹിക്കും. ഡിജിറ്റല്‍ തലമുറയിലെ പഠിതാക്കള്‍ക്കായി അധ്യാപകരെ ഒരുക്കുക എന്ന വിഷയത്തില്‍ ഡോ.പി. അരുണ്‍ കുമാര്‍ ക്ലാസ് നയിക്കും. മുന്‍ എംഎല്‍എ കെ.സി. രാജഗോപാലന്‍, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ രജനി അശോകന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

അപേക്ഷ ക്ഷണിച്ചു

അന്താരാഷ്ട്ര വനിതാദിനത്തോട് അനുബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ സാമൂഹികവും സാമ്പത്തികവുമായ ശാക്തീകരണ മേഖലകളിലെ അസാധാരണമായ സാഹചര്യങ്ങളിലുള്ള മികച്ച പ്രവര്‍ത്തനത്തിന് വനിതകളില്‍ നിന്നും നാരീ ശക്തി പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ www.awards.gov.in എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മുഖേന നോമിനേഷനുകള്‍ സമര്‍പ്പിക്കണം. അവസാന തീയതി ഒക്ടോബര്‍ 31.

ഫൈനല്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

പത്തനംതിട്ട ജില്ലയില്‍ 18 ലൊക്കേഷനുകളില്‍ പുതുതായി അക്ഷയ സംരംഭകരെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് ലഭിച്ച അപേക്ഷ, ഓണ്‍ലൈന്‍പരീക്ഷ, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ പയ്യനാമണ്‍,ചിറ്റൂര്‍മുക്ക്,മൂക്കന്നൂര്‍ എന്നീ ലൊക്കേഷനുകളിലെ ഫൈനല്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ജില്ലാ വെബ്സൈറ്റ് (https://pathanamthitta.nic.in) അക്ഷയ വെബ്സൈറ്റ് (www.akshaya.kerala.gov.in)  എന്നിവിടങ്ങളില്‍ പരിശോധിക്കാം.

സ്പോട്ട് അഡ്മിഷന്‍

പത്തനംതിട്ട സ്‌കൂള്‍ ഓഫ് ടെക്നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സസ് (സ്റ്റാസ്) കോളജില്‍ ബിഎസ്‌സി സൈബര്‍ ഫോറെന്‍സിക്സ്, ബിഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ്, ബിസിഎ, എംഎസ്‌സി സൈബര്‍ ഫോറെന്‍സിക്സ്, എംഎസ്‌സി ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സ് എന്നീ കോഴ്സുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. അര്‍ഹിക്കുന്ന വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന ഫീസ് ആനുകൂല്യം  ലഭിക്കും. ഫോണ്‍:   9446302066/ 0468 2 224 785.

ഈ-ശ്രം രജിസ്ട്രേഷന്‍

കേരള കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കുടിയേറ്റ തൊഴിലാളികള്‍ ഉള്‍പ്പടെയുള്ള മുഴുവന്‍ തൊഴിലാളികളും ഈ-ശ്രം പോര്‍ട്ടലില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഈ  മാസം 29,30,31 തീയതികളില്‍ ഡിജിറ്റല്‍ സേവാ കോമണ്‍ സര്‍വീസ് സെന്ററുകള്‍ (സിഎസ്‌സി) വഴി  രജിസ്ട്രേഷന്‍ നടത്താം.  ഈ-ശ്രം പോര്‍ട്ടലില്‍ മുന്‍പ് രജിസ്ട്രേഷന്‍ നടത്തിയിട്ടില്ലാത്ത കുടിയേറ്റ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള എല്ലാ തൊഴിലാളികളും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന്  ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

error: Content is protected !!