Input your search keywords and press Enter.

കുരമ്പാല- മണികണ്ഠനാല്‍ത്തറ റോഡ് നിര്‍മാണ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കര്‍ നിര്‍വഹിച്ചു

 

കുരമ്പാല- മണികണ്ഠനാല്‍ത്തറ റോഡ് നിര്‍മാണ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു. ഈ റോഡിന്റെ നിര്‍മാണത്തിന് ബജറ്റില്‍ അഞ്ച് കോടി രൂപ അനുവദിച്ചിരുന്നു. എന്നാല്‍, രണ്ട് തവണ ടെന്‍ഡര്‍ ചെയ്തിട്ടും ആരും നിര്‍മാണം ഏറ്റെടുക്കാത്ത സ്ഥിതിയായിരുന്നു. മൂന്നാമത് വീണ്ടും ടെന്‍ഡര്‍ ചെയ്തപ്പോള്‍ പത്ത് ശതമാനം അധികമായാണ് കരാറുകാര്‍ ടെന്‍ഡര്‍ പിടിച്ചത്. അതിന് സര്‍ക്കാരിന്റെ അനുമതി ആവശ്യമായിരുന്നു. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഇടപെട്ടതിന്റെ അടിസ്ഥാനത്തില്‍ ആണ് നിര്‍മാണം ആരംഭിക്കാന്‍ ധാരണയായത്. എത്രയും വേഗം പണി പൂര്‍ത്തീകരിക്കുന്നതിന് കരാറുകാരന് നിര്‍ദേശം നല്‍കിയതായി ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.

ബിഎം ആന്‍ഡ് ബിസി നിലവാരത്തില്‍ അഞ്ച് മീറ്റര്‍ വീതിയിലാണ് ടാറിംഗ് വിഭാവനം ചെയ്തിട്ടുളളത്. റോഡില്‍ വെള്ളക്കെട്ട് ഉള്ള ഭാഗങ്ങളില്‍ ഇന്റര്‍ലോക്ക് കട്ടകള്‍ പാകുന്നതും കലുങ്കുകള്‍, ചപ്പാത്തുകള്‍, ഐറിഷ് ഡ്രെയിന്‍, ട്രാഫിക് സുരക്ഷാമുന്നറിയിപ്പുകള്‍ എന്നിവയും പദ്ധതിയില്‍ ഉണ്ട്. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അഭ്യര്‍ഥിച്ചത് പ്രകാരമാണ് അഞ്ചു കോടി രൂപ റോഡ് നിര്‍മാണത്തിനായി അനുവദിച്ചത്.

ചടങ്ങില്‍ പന്തളം നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ അച്ചന്‍കുഞ്ഞ് ജോണ്‍ അധ്യക്ഷനായിരുന്നു. കൗണ്‍സിലര്‍ ശോഭനാകുമാരി, പിഡബ്ല്യുഡി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ എസ്. റസിയ, സിപിഐഎം ഏരിയ സെക്രട്ടറി ആര്‍. ജ്യോതികുമാര്‍, എല്‍ഡിഎഫ് മുന്‍സിപ്പല്‍ കണ്‍വീനര്‍ കെ.സി. സരസന്‍, സിപിഐഎം ലോക്കല്‍ സെക്രട്ടറി ബി. പ്രദീപ്, സിപിഐ ജില്ലാകമ്മറ്റി അംഗം കെ. രാജേന്ദ്രന്‍, സിപി ഐ ലോക്കല്‍ സെക്രട്ടറിമാരായ എസ്. രാജേന്ദ്രന്‍, എസ്. അജയകുമാര്‍, പിഡബ്ല്യുഡി അസിസ്റ്റന്‍ഡ് എഞ്ചിനീയര്‍ ഷാജഹാന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.

error: Content is protected !!