ഓണക്കാലത്തോടനുബന്ധിച്ച് ലീഗല്‍ മെട്രോളജി വകുപ്പ് ജില്ലയിലെ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ 22 വ്യാപാരികള്‍ക്കെതിരെ കേസെടുത്ത് 64000 രൂപ പിഴ ഈടാക്കി .
ലീഗല്‍ മെട്രോളജി നിയമപ്രകാരം ആവശ്യമായ രേഖപ്പെടുത്തലുകള്‍ ഇല്ലാത്ത പായ്ക്കറ്റുകള്‍ വില്‍പ്പനയ്ക്ക് പ്രദര്‍ശിപ്പിച്ചതിന് ബേക്കറി, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഇലക്ട്രോണിക് ഉപകരണ സ്ഥാപനങ്ങള്‍ തുടങ്ങി ഒന്‍പത് സ്ഥാപനങ്ങള്‍ക്ക് 35000 രൂപയും പായ്ക്കറ്റില്‍ രേഖപ്പെടുത്തിയിരുന്ന വില തിരുത്തല്‍ നടത്തിയതിന് 5000 രൂപയും യഥാസമയം മുദ്ര പതിക്കാതെ അളവുതൂക്ക ഉപകരണങ്ങള്‍ ഉപയോഗിച്ചതിന് 12 വ്യാപാരികളില്‍ നിന്ന് 24000 രൂപയുമാണ് പിഴ ഈടാക്കിയത്. പിഴ ഒടുക്ക് വരുത്താത്ത സ്ഥാപനങ്ങള്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കും.
മുദ്രപതിക്കാത്ത അളവ് തൂക്ക ഉപകരണങ്ങള്‍ ഉപയോഗിക്കുക, അളവിലും തൂക്കത്തിലും കുറച്ച് വില്പന നടത്തുക, നിര്‍മ്മാതാവിന്റെ വിലാസം, ഉത്പന്നം പായ്ക്ക് ചെയ്ത തീയതി, അളവ്, തൂക്കം, പരമാവധി വില്പന വില, തുടങ്ങിയവ ഇല്ലാത്ത പാക്കറ്റുകള്‍ വില്പന നടത്തുക, എം ആര്‍ പി യെക്കാള്‍ അധിക തുക ഈടാക്കുക, വില തിരുത്തുക തുടങ്ങിയ നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി ഈ മാസം ഒന്നിന് ആരംഭിച്ച പരിശോധനകള്‍ ഏഴാം തീയതി വരെ തുടരും. രാവിലെ ഒന്‍പത് മുതല്‍ രാത്രി എട്ടു വരെ രണ്ട് സ്‌ക്വാഡുകളാണ് ജില്ലയൊട്ടാകെ പരിശോധനകള്‍ നടത്തുന്നത്.
അസിസ്റ്റന്റ് കണ്‍ട്രോളര്‍ കെ. ജി സുജിത് ഇന്‍സ്‌പെക്ടര്‍മാരായ എസ്.ആര്‍ അതുല്‍, കെ.അഭിലാഷ്, എ.അബ്ദുള്‍ ഖാദര്‍, എസ്.എസ് വിനീത്, യു.അല്ലി , ആര്‍.വി രമ്യ ചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ താലൂക്കുകളില്‍ നടന്ന പരിശോധനയില്‍ ഇന്‍സ്‌പെക്റ്റിംഗ് അസ്സിസ്റ്റന്റുമാരായ രാജീവ് കുമാര്‍, സജികുമാര്‍, സുനില്‍കുമാര്‍, സന്തോഷ്‌കുമാര്‍, ബിജി ദേവസ്യ, ഹരികുമാര്‍, നൗഷാദ് എന്നിവര്‍ പങ്കെടുത്തു.