Input your search keywords and press Enter.

ഭാര്യാപിതാവിനെ മർദ്ദിച്ചകേസിൽ മരുമകൻ അറസ്റ്റിൽ

 

പത്തനംതിട്ട : മകളെ ഉപദ്രവിച്ചത് വിലക്കിയ പിതാവിനെ ഹെൽമറ്റ് കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ച മരുമകനെ പോലീസ് അറസ്റ്റ് ചെയ്തു.

എറണാകുളം കുന്നത്തൂർ ഐരാപുരം വളയം ചിറ നെല്ലാട് കൃഷ്ണൻ എന്നയാളുടെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന തമ്പിയുടെ മകൻ ജിഷ്ണു തമ്പി (25) ആണ് റാന്നി പോലീസിന്റെ പിടിയിലായത്.

പഴവങ്ങാടി അടിച്ചിപ്പുഴ തെമ്പാവുമ്മൂട്ടിൽ വീട്ടിൽ നിന്നും അത്തിക്കയം നാറാണം മൂഴി
കടുമീൻ ചിറ തേക്കെത്തോടി ചെള്ളെത്ത് എബ്രഹാമിന്റെ വീട്ടിൽ താമസിച്ചുവരുന്ന രാഘവന്റെ മകൻ അശോകനാണ് മകളുടെ ഭർത്താവായ ജിഷ്ണുവിന്റെ മർദ്ദനമേറ്റത്. ആഗസ്റ്റ് 30 ന് വൈകിട്ട് നാലരയ്ക്ക് റാന്നി ഗവണ്മെന്റ് ആശുപത്രിയിലെ ഡോക്ടർമാരുടെ കൺസൽറ്റിംഗ് മുറിയ്ക്കടുത്തുവച്ചാണ് സംഭവം.

കുഞ്ഞിന് സുഖമില്ലാതെ ഡോക്ടറെ കാണിക്കാൻ ഭാര്യയും, ഭാര്യാപിതാവും എത്തിയസമയം , മുറിക്കു പുറത്ത് നിന്ന ഭാര്യാപിതാവിനെ ചീത്ത വിളിച്ചുകൊണ്ട് ജിഷ്ണു മർദ്ദിക്കുകയാണുണ്ടായത്.

നേരത്തെ മകളെ ഇയാൾ ഉപദ്രവിച്ചപ്പോൾ തടഞ്ഞതിന്റെ വിരോധത്തിലായിരുന്നു
മർദ്ദനം. കയ്യിലിരുന്ന ഹെൽമറ്റ് കൊണ്ട് പുറത്തും നടുവിലും അടിക്കുകയും, ഇരുകൈകൾ കൊണ്ടും അടിതടഞ്ഞ അശോകന്റെ നടുവിരലുകളിലെ അസ്ഥികൾക്ക് പൊട്ടൽ
ഏൽപ്പിക്കുകയുമായിരുന്നു. ഇന്നലെ അശോകന്റെ മൊഴി രേഖപ്പെടുത്തി കേസ് എടുത്ത പോലീസ് പ്രതിക്കായുള്ള അന്വേഷണം ആരംഭിച്ചു. പ്രതി തൊടുപുഴക്ക് സമീപം
കൊതകുത്തിയിൽ ഉണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അവിടെയെത്തിയ പോലീസ് സംഘം, ഇയാളെ സാഹസികമായി കീഴടക്കുകയായിരുന്നു. ഭാര്യയുമായുള്ള
കുടുംബപ്രശ്നം പത്തനംതിട്ട കുടുംബ കോടതിയിൽ എത്തുകയും, അത് തീർക്കാൻ ഭാര്യാപിതാവ് തടസ്സം നിൽക്കുകയും ചെയ്യുന്നതായി ചോദ്യം ചെയ്യലിൽ ഇയാൾ വെളിപ്പെടുത്തി.

സംഭവശേഷം ഒളിവിൽ പോയ പ്രതി, ഫോണിൽ വിളിച്ച പോലീസിനോട്‌, കഴിവുണ്ടെങ്കിൽ പിടിച്ചോളാൻ വെല്ലുവിളിച്ചിരുന്നു, ഫോൺ ലൊക്കേഷൻ പോലീസ് കണ്ടുപിടിക്കാതിരിക്കാൻ പിന്നീട്, സുഹൃത്തിന്റെ മൊബൈൽ കടയിൽ ഫോൺ ഏൽപ്പിക്കുകയും, ആരെങ്കിലും വിളിച്ചാൽ എടുത്തിട്ട് താനല്ല എന്ന് പറയാൻ ഏർപ്പാട് ചെയ്യുകയും ചെയ്തു. രഹസ്യവിവരം കിട്ടിയപ്രകാരം ജില്ലാ പോലീസ് മേധാവിയുടെ നിർദേശാനുസരണം ഉച്ചയ്ക്ക് ശേഷം തിരിച്ച
പോലീസ് സംഘം, രാത്രി രണ്ടുമണിയ്ക്ക് കൊതകുത്തിയിൽ നിന്നും ജിഷ്ണുവിനെ തന്ത്രപരമായി പിടികൂടി. ഹെൽമറ്റ് ഒന്നാം പാറ എന്ന സ്ഥലത്തുള്ള സുഹൃത്തിന്റെ വീട്ടിൽ നിന്നും
പോലീസ് കണ്ടെടുത്തു. റാന്നി പോലീസ് ഇൻസ്‌പെക്ടർ എം ആർ സുരേഷിന്റെ നേതൃത്വത്തിലാണ് പോലീസിനെ വെല്ലുവിളിച്ച് മുങ്ങിയ പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടിയത്. എസ് ഐ ശ്രീജിത്ത്‌ ജനാർദ്ദനൻ, സി പി ഒമാരായ ലിജു എൽ ടി, അജാസ്
മോൻ, രെഞ്ചു എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

error: Content is protected !!