Input your search keywords and press Enter.

ആദിപമ്പ- വരട്ടാര്‍ ജലോത്സവം: കിഴക്കനോതറ-കുന്നേകാടും കോടിയാട്ടുകരയും ജേതാക്കള്‍

 

 

മൂന്നാം ആദിപമ്പ-വരട്ടാര്‍ ജലോത്സവത്തില്‍ എ ബാച്ചില്‍ കിഴക്കനോതറ-കുന്നേകാടും ബി ബാച്ചില്‍ കോടിയാട്ടുകര പള്ളിയോടവും ജേതാക്കളായി. ഓതറ, മംഗലം പള്ളിയോടങ്ങള്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി. മികച്ച പ്രകടനം കാഴ്ചവച്ചതിന് എ ബാച്ചില്‍ നിന്ന് കീഴ്വന്മഴിയും ബി ബാച്ചില്‍ നിന്ന് പുതുക്കുളങ്ങരയും വിജയികളായി. ജേതാക്കള്‍ക്കുള്ള സമ്മാനദാനം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപന്‍ നിര്‍വഹിച്ചു.
കായികബലത്തിന്റെ സമര്‍പ്പണവും പരീക്ഷണവുമാണ് തുഴക്കാര്‍ നടത്തുന്നതെന്ന് കിഴക്കനോതറ പുതുക്കുളങ്ങരയില്‍ ആദിപമ്പ-വരട്ടാര്‍ ജലോത്സവം ഉദ്ഘാടനം ചെയ്ത തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപന്‍ പറഞ്ഞു. കായികശേഷിയോടെയും വൈദഗ്ധ്യത്തോടും കൂടി വള്ളം തുഴയുന്നവരാണ് ജലോത്സവം മഹത്തരമാക്കുന്നത്. ജനകീയമായി നടത്തിയ വരട്ടാര്‍ പുനരുജീവന പ്രവര്‍ത്തിന്റെ ഓര്‍മ്മ പുതുക്കലാണ് ഈ ജലോത്സവത്തിലൂടെ നടത്തുന്നതെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.

 

പള്ളിയോടങ്ങള്‍ക്കുള്ള ഗ്രാന്റ് വിതരണവും വഞ്ചിപ്പാട്ട് മത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് നിര്‍വഹിച്ചു. രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം നടന്ന ജലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ഇരവിപേരൂര്‍ പഞ്ചായത്ത് പ്രസിഡന്റും സ്വാഗത സംഘം ചെയര്‍മാനുമായ കെ.ബി. ശശിധരന്‍ പിള്ള അധ്യക്ഷത വഹിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപനും പള്ളിയോട സേവാ സംഘം പ്രസിഡന്റ് കെ.എസ്. രാജനും ചേര്‍ന്ന് ജലഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു.
ജലോത്സവത്തില്‍ പങ്കെടുക്കുന്ന പള്ളിയോടങ്ങളെ പ്രതിനിധീകരിച്ച് സംഘടിപ്പിച്ച വഞ്ചിപ്പാട്ട് മത്സരത്തില്‍ കോടിയാട്ടുകര ഒന്നാം സ്ഥാനവും കിഴക്കനോതറ-കുന്നേകാട് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ആദി പമ്പയില്‍ ചേന്നാത്ത് കടവ് മുതല്‍ പുതുക്കുളങ്ങ പടനിലം വരെയാണ് ജലോത്സവം നടന്നത്.
ആദിപമ്പ-വരട്ടാര്‍ ജലോത്സവത്തില്‍ ഓതറ, കിഴക്കനോതറ-കുന്നേകാട്, ഇടനാട്, കീഴ്വന്മഴി എന്നീ എ ബാച്ചില്‍പ്പെട്ട നാല് പള്ളിയോടങ്ങളും, പുതുക്കുളങ്ങര, മേപ്രം -തൈമറവുംകര, കോടിയാട്ടുകര, മംഗലം എന്നീ ബി ബാച്ചില്‍പെട്ട പള്ളിയോടങ്ങളും പങ്കെടുത്തു.
കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ ജോസഫ്, ഇരവിപേരൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലി ജേക്കബ്, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എല്‍സ തോമസ്, ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജിന്‍സന്‍ വര്‍ഗീസ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അമിതാ രാജേഷ്, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജിജി ജോണ്‍ മാത്യു, എന്‍.എസ്. രാജീവ്, ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തംഗങ്ങളായ വിനീഷ് കുമാര്‍, അമ്മിണി ചാക്കോ, ത്രേസ്യാമ്മ കുരുവിള, പ്രിയ വര്‍ഗീസ്, സതീഷ് വാളോത്തില്‍, ബിജി ബെന്നി, കെ.കെ. വിജയമ്മ, സുസ്മിത ബൈജു, ഷേര്‍ലി ജയിംസ്, ആര്‍. ജയശ്രീ, ബിജെപി ജില്ലാ പ്രസിഡന്റ് വി.എ. സൂരജ്, സംഘാടക സമിതി അംഗങ്ങളായ സാലി ജേക്കബ്, ചന്ദ്രന്‍പിള്ള ഓതറ, രാഹുല്‍ രാജ്, ജി. സുരേഷ്‌കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!