Input your search keywords and press Enter.

ജില്ലാതല ഓണാഘോഷത്തിന് തുടക്കമായി ഗൃഹാതുരത്വമുണര്‍ത്തുന്ന ഓണക്കാലത്തെ പുനരുജ്ജീവിപ്പിക്കണം: ഡെപ്യൂട്ടി സ്പീക്കര്‍

ഗൃഹാതുരത്വമുണര്‍ത്തുന്ന ഓണക്കാലത്തെ പുനരുജ്ജീവിപ്പിക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.  ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സംഘടിപ്പിക്കുന്ന ഓണാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട ശ്രീ ചിത്തിര തിരുനാള്‍ ടൗണ്‍ ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തുണിക്കടകളിലും ടെലിവിഷന്റെ മുന്നിലും ഒതുങ്ങി പോകാതെ ഓണം സമത്വത്തിന്റേയും സാഹോദര്യത്തിന്റെയും കൂട്ടായ്മയുടേയും ഉത്സവമാക്കണം.  ബന്ധങ്ങളുടെ കരുത്തും കൂടിച്ചേരലുകളുടെ ഊഷ്മളതയുമാണ് ഓണത്തെ വ്യത്യസ്ഥമാക്കുന്നത്. കോവിഡും പ്രളയവും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നമ്മുടെ ഓണാഘോഷങ്ങളെ വീട്ടിനുള്ളില്‍ അടച്ചിട്ടിരിക്കുകയായിരുന്നു. ഇത്തവണ എല്ലാം മറന്ന് ഒത്തുചേര്‍ന്ന് ഓണാഘോഷം നടത്തണമെന്നും ഞാനെന്ന ഭാവം വിട്ട് എല്ലാവരോടും സമഭാവനയോടെ പെരുമാറണമെന്നും അദ്ദേഹം പറഞ്ഞു.
ഈ ഓണക്കാലത്ത് ആരും പട്ടിണികിടക്കേണ്ടി വരില്ലെന്നും ഓരോ വീടുകളിലും സര്‍ക്കാര്‍ ഭക്ഷ്യകിറ്റ് എത്തിച്ചുകഴിഞ്ഞുവെന്നും  അധ്യക്ഷത വഹിച്ച് സംസാരിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. മലയാളത്തനിമ വളര്‍ത്താനുള്ള സാംസ്‌കാരിക ചടങ്ങാണ് ഓണം. സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഒരാഴ്ചത്തെ ഓണം വാരാഘോഷം സംഘടിപ്പിക്കുന്നത് പോലും ഓണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ആളുകള്‍ക്ക് മനസിലാക്കുന്നതിന് വേണ്ടിയാണ്. കോവിഡും പ്രളയവും സൃഷ്ടിച്ച സ്തംഭനാവസ്ഥ പൂര്‍ണമായി വിട്ട് പോയില്ലെങ്കിലും ഏകദേശം അത് മാറി നില്‍ക്കുകയാണെന്നും അതുകൊണ്ട് തന്നെ ഓണം ആഘോഷിക്കാതിരിക്കാന്‍ മലയാളികള്‍ക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍, പത്തനംതിട്ട നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍, സിപിഐ ജില്ലാ സെക്രട്ടറി എ.പി ജയന്‍, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.അനില്‍കുമാര്‍, നഗരസഭാ കൗണ്‍സിലര്‍മാരായ പി.കെ. അനീഷ്, ശോഭ കെ. മാത്യു, കേരള കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ചെറിയാന്‍ പോളച്ചിറയ്ക്കല്‍, കേരള കോണ്‍ഗ്രസ് (ജെ) ജില്ലാ പ്രസിഡന്റ് വിക്ടര്‍ ടി. തോമസ്, കേരള കോണ്‍ഗ്രസ്(എം) സംസ്ഥാന കമ്മറ്റിയംഗം മാത്യു മരോട്ടിമൂട്ടില്‍, കോണ്‍ഗ്രസ് എസ് ജില്ലാ ജനറല്‍ സെക്രട്ടറി ബി. ഷാഹുല്‍ ഹമീദ്, ഐഎന്‍എല്‍ ജില്ലാ പ്രസിഡന്റ് നിസാര്‍ നൂര്‍മഹല്‍, ടൂറിസം ഡെപ്യുട്ടി ഡയറക്ടര്‍ റൂബി ജേക്കബ്, ഡിറ്റിപിസി സെക്രട്ടറി സതീഷ് മിരാന്‍ഡ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് സെബീന റാഫി ഫോക് ലോര്‍ സെന്റര്‍ ഗോതുരുത്ത് സംഘം കാറല്‍സ്മാന്‍ ചവിട്ടുനാടകം അവതരിപ്പിച്ചു.

വര്‍ണാഭമായ വിളംബര ഘോഷയാത്ര
ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജില്ലാതല
ഓണാഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങിനു മുന്നോടിയായി നടത്തിയ വിളംബരഘോഷയാത്ര വര്‍ണാഭമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ ഫ്ളാഗ് ഓഫ് ചെയ്ത ഘോഷയാത്ര സെന്റ് പീറ്റേഴ്സ് ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച് ശ്രീ ചിത്തിര തിരുനാള്‍ ടൗണ്‍ഹാളില്‍ സമാപിച്ചു. ശിങ്കാരിമേളം, മാവേലി, പുലികളി, അമ്മന്‍കുടം, വിവിധ കലാരൂപങ്ങളായ തെയ്യം, കോലം, കരടി, കോല്‍കളി, മുത്തുക്കുട എന്നിവയുടെ അകമ്പടിയോടുകൂടി നടത്തിയ വിളംബര ഘോഷയാത്ര നഗരത്തിന് ഉത്സവപ്രതീതിയേകി.

error: Content is protected !!